

കുമരകത്തെ താറാവുകൾക്ക് അറിയുമോയെന്നറിഞ്ഞുകൂടാ, അവരേക്കുറിച്ച് ഒരു കരക്കമ്പിയുണ്ട്. ദേശാടനപ്പക്ഷികൾ ശീതകാലം വിട്ട് ഈ വേനൽക്കാലവസതിയി ലെത്തി കുറേക്കാലം ചെലവഴിച്ച് മടങ്ങിപ്പോകു മ്പോൾ അവിടുത്തെ താറാവുകൾ ഒന്നാഞ്ഞു പറക്കാൻ ശ്രമിക്കുമെന്ന്. വിജയിക്കുന്നൊന്നുമില്ല. എന്നാലും, എന്നെങ്കിലും പറന്നേക്കുമെന്നൊരു സങ്കല്പത്തിന്റെ തൂവൽ പൊഴിച്ചിട്ടാണ് അയനപ്പക്ഷികളുടെ മടക്കയാത്ര. അപ്പോൾ, ബെഞ്ച്മാർക്ക് അതാണ്. ആ പദം പലയിടത്തും ഉപയോഗിക്കപ്പെടുന്നുണ്ട്. ചുറ്റുപാടുമല്ല നോക്കേണ്ടത്, താഴോട്ടുമല്ല. മുകളിലേക്ക് നോക്കി ചില ലക്ഷ്യങ്ങളെ റീസെറ്റ് ചെയ്യുക യാണ് പ്രധാനം. മക് ഡൊണാൾഡ്‌സിന്റെ ബെഞ്ച്മാർക്ക് മറ്റൊരു റെസ്റ്ററന്റല്ല, ഓപ്പറേഷൻ തിയറ്ററാണ് - ജേം ഫ്രീ ആവുകയാണ് സ്വപ്നം.
എങ്ങനെയാണ് ജിറാഫുകളുടെ കഴുത്ത് നീണ്ടതെന്ന് പരിണാമത്തിന്റെ ചരിത്രത്തിൽ ഗൗരവമായ അഭ്യൂഹങ്ങളുണ്ട്- ഷോൺ ബാപ്റ്റിസ്റ്റെ ലമാർക്കിന്റെ യൂസ് ആൻഡ് ഡിസ്‌യൂസ് നിയമം - വൻമരത്തിന്റെ ചില്ലകളിലേക്ക് എത്തിപ്പിടിക്കാനുള്ള ശ്രമങ്ങളിൽ നിന്നായിരുന്നു അത്.
ചില മനുഷ്യരുമായുള്ള നമ്മുടെ സഹവാസം ഭേദപ്പെട്ട ജീവിതത്തിലേക്കുള്ള ക്ഷണം തന്നെയായി മാറുന്നുണ്ട്; നെരൂദയ്ക്ക് കത്തുമായി പോയിരുന്ന മുക്കുവനെന്ന പോലെ. സിസിലിയ ദ്വീപിൽ രാഷ്ട്രീയാഭയം ലഭിച്ചെത്തിയതാണ് നെരൂദ. കവിക്ക് കത്തുകൾ കൊടുക്കാനായി പോസ്റ്റ് ഓഫീസുകാർ കണ്ടെത്തിയ താൽക്കാലിക ജീവനക്കാരനായിരുന്നു അയാൾ. കവി അയാളിൽ വല്ലാത്ത സ്വാധീനം സൃഷ്ടിക്കുന്നു, എഴുതിയതൊക്കെ തപ്പിയെടുത്ത് വായിക്കാൻ പ്രേരണയാവുന്നു. മെറ്റഫർ എന്ന വാക്കിനേക്കുറിച്ചാണ് ഒരു ദിവസം പോസ്റ്റ്മാന്റെ സംശയം. ‘ഒരു പദത്തെ വിശദീകരിക്കാൻ കണ്ടെത്തുന്ന രൂപകം’ എന്നു മറുപടി. മറ്റൊരു ദിവസം താനെഴുതിയ കവിത വായിച്ചുകേൾക്കാൻ അയാളെ കവി കടപ്പുറത്തേക്കു വിളിച്ചു. കണ്ണും പൂട്ടി അയാളതു കേട്ടു.
“നിനക്കെന്തു തോന്നുന്നു?”
“എന്തു തോന്നുന്നുവെന്നോ? കുറേയധികം കൂറ്റൻ തിരമാലകൾക്കിടയിൽ ഒരു കട്ടമരം പോലെ എന്റെ ഹൃദയം ഉലഞ്ഞും തകർന്നും.”
ലോകകേളി കേട്ട കവിയുടെ കണ്ണുകൾ ഇപ്പോൾ സജലങ്ങളാണ്, “ചങ്ങാതീ, ഇതാണ് മുൻപൊരിക്കൽ നീ തിരഞ്ഞ മെറ്റഫർ.”
‘പോസ്റ്റ്മാൻ’ എന്ന ഇറ്റാലിയൻ പടം കാണാൻ സൗകര്യമുണ്ടെങ്കിൽ പതുക്കെപ്പതുക്കെ കവിയിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്ന മുക്കുവന്റെ വേറെയും ചില രേഖാചിത്രങ്ങൾ കാണാൻ കഴിയും.
ബഞ്ച് മാർക്ക് യേശുവാണെന്ന് ഓർമ്മിപ്പിക്കാനാണ് ഫ്രാൻസീസിന്റെ വർഷം ഒരാളെ സഹായിക്കേണ്ടത്. നമ്മൾ ആ യത്നത്തിൽ എത്ര ഇടറി വീണാലും രണ്ടാം ക്രിസ്തു എന്ന വിശേഷണം അയാളിലേക്ക് മാത്രം പരിമിതപ്പെടുത്തി ആശ്വസിക്കരുതെന്ന് സാരം.
രണ്ടു പദങ്ങൾക്കിടയിലുള്ള അകലം ഓർത്തെടുക്കുന്നത് നല്ലതാണ്- യേശുവിലുള്ള വിശ്വാസം / യേശുവിന്റെ വിശ്വാസം.
നിർഭാഗ്യവശാൽ, കഴിഞ്ഞ ഞായറിലും പുൾപിറ്റിൽ നിന്നു കേട്ടത് യേശുവിലുള്ള വിശ്വാസത്തെ നവീകരിക്കുന്നതിനെ കുറിച്ചായിരുന്നു. അതിപ്പോൾ സാച്ചുറേറ്റഡല്ലേ? അങ്ങനെയൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ മഴയത്ത് കുഞ്ഞുങ്ങളുമായി പള്ളിയിലേക്കു പോയത്. ഒരിഞ്ച് വികാസം അതിനകത്ത് ഇനി സാധ്യമല്ല.
ബഞ്ച് മാർക്ക് യേശുവാണെന്ന് ഓർമ്മിപ്പിക്കാനാണ് ഫ്രാൻസീസിന്റെ വർഷം ഒരാളെ സഹായിക്കേണ്ടത്. നമ്മൾ ആ യത്നത്തിൽ എത്ര ഇടറി വീണാലും രണ്ടാം ക്രിസ്തു എന്ന വിശേഷണം അയാളിലേക്ക് മാത്രം പരിമിതപ്പെടുത്തി ആശ്വസിക്കരുതെന്ന് സാരം.
അപ്പോഴാണ് രണ്ടാമത്തെ പദം - faith of Christ - മുഴങ്ങുന്നത്. യേശുവിനെ ഒരു ബോധമായും പാതയായും തിരിച്ചറിയാനുള്ള ക്ഷണമാണത്. പുൽത്തൊഴുത്തിന്റെ പഞ്ഞത്തിലൂടെ പ്രവേശിച്ച് ഒറ്റമുറിവായി നിലവിളിച്ചു മടങ്ങിയ ഒരാളെ അതിനു പ്രേരിപ്പിച്ച വിശ്വാസം എന്തായിരിക്കണം? അതൊരു സാധ്യതയാണ്. ആ സാധ്യതയേക്കുറിച്ച് കാര്യമായ വീണ്ടുവിചാരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ‘ഒരേയൊരു ക്രിസ്ത്യാനിയേ ഉണ്ടായിരുന്നുള്ളു, അയാൾ കൊല്ലപ്പെടുകയും ചെയ്തു’ എന്ന കറുത്ത ഫലിതമുണ്ടായത്. പൂക്കാത്ത മാവു പൂക്കാനും കാനഡയിൽ പി ആർ കിട്ടാനും ക്രിസ്മസ് പരീക്ഷയ്ക്ക് A+ കിട്ടാനും വേണ്ടിയുള്ള ഒരാളായി അവിടുന്ന് ചുരുങ്ങിപ്പോയി എന്നതാണ് യഥാർത്ഥ പ്രശ്നം.
യേശു ഒരു വിത്തിന്റെ പേരാണ്. തെല്ലു പരിചരണം കിട്ടിയാൽ, ഒരു കോപ്പ വെള്ളം തളിച്ചാൽ, ജാലകപ്പടിയിലേക്കു നീക്കി സൂര്യവെളിച്ചത്തിന്റെ ഒരു ചീള് സ്വീകരിച്ചാൽ, ഇലയായും പൂവായും പഴമായും മാറാവുന്ന ഒരാൾ- പച്ചപ്പും സുഗന്ധവും മധുരവുമുള്ള ഒരാൾ.
നിങ്ങൾ നമസ്ക്കരിക്കുന്നതെന്തോ അത് നിങ്ങളുടെ തന്നെ സാധ്യതയാണ്. മുതിർന്നാൽ സ്വന്തമായൊരു ക്വട്ടേഷൻ സംഘം രൂപപ്പെടുത്തുവാൻ ഭാവിയുള്ള ഒരു ചങ്ങാതിയുണ്ടായിരുന്നു പള്ളിക്കൂടത്തിൽ. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ മാലയിട്ടു, കന്നി അയ്യപ്പനായി. അതോടുകൂടി ഇത്രയും കാലം കരുതിവച്ച പകവീട്ടാനുള്ള നേരമായെന്ന് സതീർത്ഥ്യർക്ക് ബോധ്യപ്പെട്ടു. ഒറ്റയായും സംഘമായും അവനെ ഇടിച്ചുതുടങ്ങി. മലയ്ക്കു പോകാൻ മാലയിട്ടുവെന്ന ഒറ്റ കാരണം കൊണ്ട് നൂറ്റൊന്നു ശതമാനം അവൻ കുഞ്ഞാടായി. നാലപ്തു ദിവസമൊക്കെ അങ്ങനെ മുന്നോട്ടു പോയാൽ ഏതൊരാളും ലോക്കൽ ഗാന്ധിയാവും. അതവന്റെ കാര്യത്തിൽ സംഭവിച്ചു. ഇങ്ങനെയായിരുന്നു എല്ലായിടത്തും.
പൗലോസ് അതീവഹൃദ്യമായ ഒരു കാര്യം പറഞ്ഞുതരുന്നുണ്ട്. യുഗയുഗാന്തരങ്ങളായി മറച്ചുവച്ച ഒരു നിഗൂഢത അവസാനകാലങ്ങളിൽ തന്റെ വിശുദ്ധർക്ക് വെളിപ്പെടുത്തിക്കൊടുക്കാൻ അവിടുന്ന് തിരുവുള്ളമായി, മഹത്വത്തിന്റെ ആദികാരണമായ ക്രിസ്തു നിന്റെ ഉള്ളിലുണ്ട് എന്നതുതന്നെ!
ആ വിത്തു കൊണ്ട് നിങ്ങൾ എന്ത് ചെയ്തുവെന്നാണ് ഫ്രാൻസിസിൽ നിന്ന് നമ്മുടെ മീതെ പതിക്കുന്ന വിചാരണ.അവന്റെ ആണിപ്പാടുള്ള പാദങ്ങളിലേക്ക് നോക്കി നോക്കി അത്രയും അടുത്ത നേരത്ത് കുരിശിൽ വലതുകരം അടർത്തി അയാളെ ആലിംഗനംചെയ്യുന്ന ചിത്രം ഞങ്ങളുടെ മിക്കവാറും ആശ്രമങ്ങളുടെ പൂമുഖത്തുണ്ട്.