വചനമനസ്‌കാരം: No.231

vachana manaskaram 231
Published on

ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.

മത്തായി 18 : 10

“There are youngsters like cockroaches, who don’t get any employment and don’t have any place in the profession. Some of them become media, some of them become social media, some of them become RTI activists, some of them become other activists, and they start attacking everyone”

വെറും 46 വാക്കുകൾ! ചീഫ് ജസ്റ്റിസിന്റെ ആ 46 വാക്കുകൾക്ക് ഇന്ത്യയുടെ ചില ‘ന്യൂ നോർമൽ’ ശരികളെ മാറ്റിമറിക്കാൻ കഴിയുമെന്ന് അദ്ദേഹമോ മറ്റുള്ളവരോ കരുതിക്കാണില്ല. ചില വാക്കുകൾ അങ്ങനെയാണ്. ചരിത്രഭാരവും പേറിയാണ് അവ പൊതുമണ്ഡലങ്ങളിൽ വന്നു വീഴുന്നത്. രാജ്യത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളവരുടെ നാക്കുപിഴകളിൽ നിന്ന് തികവുറ്റ ജനമുന്നേറ്റങ്ങൾ രൂപപ്പെടുന്നത് ലോകചരിത്രത്തിൽ തന്നെ അത്യപൂർവ്വമാണ്. എന്നാൽ, ആ 46 വാക്കുകൾക്ക് അത്തരമൊരു നിയോഗമുണ്ടായിരുന്നു ! ശേഷം നടന്നത് ചരിത്രമാണ്. ആ ചരിത്രം കാവ്യരൂപത്തിലാക്കിയാൽ ഇപ്രകാരമാകും:

നിങ്ങൾക്ക് ഭരണകൂടവും

അതിന്റെ അനിയന്ത്രിതമായ ശക്തിയുമുണ്ട്

ഞങ്ങൾക്ക്, ഞങ്ങളുടെ സ്വനപേടകത്തിന്റെയും

ചുരുട്ടിയ മുഷ്‌ടികളുടെയും ശക്തി മാത്രമേയുള്ളൂ !

നിങ്ങൾക്ക് പെല്ലറ്റും ആണി തറച്ച ലാത്തികളുമുണ്ട്

ഞങ്ങൾക്ക്, പേനകളും ചായപ്പെൻസിലുകളുമേയുള്ളൂ !

നിങ്ങൾക്ക് നഷ്‌ടപ്പെടാൻ അധികാരക്കസേരകളുണ്ട്

ഞങ്ങൾക്കാകട്ടെ, നഷ്ടപ്പെടാൻ

ഞങ്ങളുടെ സ്വപ്നങ്ങളല്ലാതെ മറ്റൊന്നുമില്ല!

നിങ്ങൾക്ക് വരാതിരിക്കാനും

ഉത്തരം പറയാതിരിക്കാനും പാർലമെന്റുണ്ട് !

ഞങ്ങൾക്കാകട്ടെ, വരാനും ചോദ്യമുയർത്താനും

ജന്തർ മന്ദിറും തെരുവുകളുമേയുള്ളൂ !

നിങ്ങൾ നുണയുടെ റിപ്പബ്ലിക്കിനെ സ്‌നേഹിക്കുന്നു

ഞങ്ങളാകട്ടെ, റിപ്പബ്ലിക്കിനെ

സത്യമുള്ളതാക്കാൻ ശ്രമിക്കുന്നു !

നിങ്ങളുടെ വൃദ്ധമനസ്സിന് ഞങ്ങളെ ഭയമാണ്

ഞങ്ങൾക്ക് ഞങ്ങളെ നന്നായി അറിയാം എന്നതാണ്

ഞങ്ങളുടെ ധൈര്യം !

നിങ്ങൾ ജീവിക്കുന്നത് അധികാരത്തിനും

അനുബന്ധലഹരികൾക്കും വേണ്ടിയാണ്

ഞങ്ങളാകട്ടെ, ഞങ്ങളുടെ ഹൃദയാഭിലാഷങ്ങളായ

സത്യം, നീതി, സമത്വം, സ്വാതന്ത്ര്യം

എന്നിവയ്ക്കു വേണ്ടിയും!

ഞങ്ങളെ ഫലിതബിന്ദുക്കളായി കാണാമെന്ന്

കരുതിയതാണ് നിങ്ങളുടെ പരാജയം

ഇനിയൊരു മെറ്റമോർഫസിസില്ല

ഞങ്ങൾ പാറ്റകളായിത്തന്നെ ഞങ്ങളുടെ

ജീവിതത്തിനും സ്വപ്നങ്ങൾക്കും കാവലിരിക്കും !

യൗവനം എന്നതിന് നിഘണ്ടു നൽകുന്ന നാല് അർത്ഥങ്ങളിൽ ഒന്ന് നാശകാരണചതുഷ്ടയം എന്നാണ്. യൗവനം, ധനസമ്പത്തി, പ്രഭുത്വം, അവിവേകം - ഇവ നാലുമാണ് നാശകാരണചതുഷ്ടയം. ‘പ്രഭുത്വമറിവില്ലായ്മ യൗവനം ധനമെന്നതിൽ ഒന്നുപോരുമനർത്ഥത്തിന്നൊന്നി ച്ചാൽപ്പറയേണമോ?’ എന്നതാണ് ചോദ്യം ! നിഘണ്ടുവിലെ അർത്ഥങ്ങൾ പോലും കാലോചിതമായി നവീകരിക്കേണ്ടി വരും ! യൗവനം അനർത്ഥത്തിനും നാശത്തിനുമുള്ള കാരണമല്ലെന്നും വിധിക്കും വ്യവസ്ഥിതിക്കുംമേൽ നിപതിക്കുന്ന അനർത്ഥങ്ങളെയും നാശങ്ങളെയും തുടച്ചു നീക്കാനുള്ള ഉപാധിയാണെന്നും ജന്തർ മന്ദിറിലെ യുവജനങ്ങൾ തെളിയിച്ചു. എന്തായാലും, ഇന്ത്യയിൽ ഇപ്പോൾ പലർക്കും സിംഹത്തേക്കാളും പുലിയേക്കാളുമെല്ലാം ഭയം പാറ്റകളെയാണ് ! അതുകൊണ്ടാണ് പാറ്റയല്ലെന്ന് ഉറക്കെപ്പറയാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്.

കൗമാരക്കാരും യുവജനങ്ങളും പാറ്റകൾ ആയിരിക്കുന്നത് ഭരണാധികാരികളെയും അവരുടെ കുഴലൂത്തുകാരെയും അസ്വസ്ഥരാക്കുന്നു. പാറ്റയല്ലെന്ന് ഉച്ചത്തിൽ പറയാൻ ആവർത്തിച്ച് ആവശ്യപ്പെട്ട മാഷിനേക്കാൾ വിവേകം വിദ്യാർഥികൾക്ക് ഉണ്ടായതിനാൽ അവർ സുവർണ്ണമൗനം അവലംബിച്ചു ! ഓഗസ്‌റ്റ് 20 ലോക കൊതുക് ദിനമായിരുന്നു. പരത്തുന്ന രോഗങ്ങളുടെ വ്യാപ്‌തിയും തീവ്രതയും പരിഗണിച്ചാൽ, ഇക്കാലത്ത് കൊതുക് ഒരു ഭീകരജീവിയാണ്. എന്നാൽ, പ്രത്യയശാസ്‌ത്രത്തിന്റെ അന്ധത ബാധിച്ച അക്കാഡമിഷ്യൻമാരേക്കാളും ഭരണാധികാരികൾ നൽകുന്ന ഭിക്ഷയ്ക്കുവേണ്ടി സത്യധർമ്മനീതികളെ അവഗണിക്കുന്ന സാംസ്‌കാരിക നായകരേക്കാളും ഭരണകൂടത്തിന്റെ ഇംഗിതമനുസരിച്ച് വിധി പറയുന്ന ന്യായാധിപരേക്കാളും എന്തുകൊണ്ടും ഭേദം യഥാർത്ഥ കൊതുകുകളാണ്. കാരണം അവർ ചെയ്യുന്നത്രയും ദ്രോഹം ഇന്നാട്ടിലെ മനുഷ്യരോട് കൊതുകുകൾ ചെയ്യുന്നില്ല !

logo
Sathyadeepam Online
www.sathyadeepam.org