കാഴ്ചപ്പാടുകള്‍

പൈശാചികചിന്തകള്‍ വളര്‍ത്തുന്ന കളികള്‍

ചെറുപ്പക്കാരെ ആത്മഹത്യയിലേക്കു നയിക്കുന്ന നീലതിമിംഗലംകളി (Blue Whale Game)യെപ്പറ്റി അറിഞ്ഞ് ആളുകള്‍ പ്രത്യേകിച്ച്, മാതാപിതാക്കന്മാര്‍ ഞെട്ടിത്തിരിച്ചിരിക്കുകയാണ്. റഷ്യയില്‍ 2013-ലാണ് ഈ കളി രൂപപ്പെടുത്തിയത്. അതിനുശേഷം 2015-ല്‍ ഇതു കളിച്ച് ആദ്യത്തെയാള്‍ ആത്മഹത്യ ചെയ്തു. ഇന്ത്യയില്‍ പല കുട്ടികളും ആ കളി കളിച്ച് ആത്മഹത്യ ചെയ്തുവെന്നാണു വെളിപ്പെട്ടിരിക്കുന്നത്. അവസാനം തിരുവനന്തപുരത്ത് ഒരു കുട്ടി ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചു മരിച്ചുവെന്ന് ഏതാണ്ടു സ്ഥിരീകരിച്ചിരിക്കുകയാണ്.

ഏതു തടസ്സങ്ങളെയും മരണത്തെത്തന്നെയും മറികടക്കാം എന്ന വ്യാമോഹമാണ് കളി കുട്ടികള്‍ക്കു നല്കുന്നത്. ഈ പഴം തിന്നാല്‍ നിങ്ങള്‍ ദൈവത്തെപ്പോലെയാകും' എന്നു പണ്ടു പിശാചു പറഞ്ഞല്ലോ. അതുതന്നെയാണ് ഈ കളിയില്‍ മറഞ്ഞിരിക്കുന്ന മാര്‍ഗദര്‍ശിയും പറയുന്നത്. ഓരോ ഘട്ടത്തിലൂടെയും കളിക്കുന്ന വ്യക്തിയെ ഒരു ഹിപ്നോട്ടിക് അവസ്ഥയിലേക്കു കൊണ്ടുവരുന്നതിനാല്‍ അവസാനമാകുമ്പോഴേക്കും മാര്‍ഗദര്‍ശി എന്തു പറഞ്ഞാലും കളിക്കുന്നയാള്‍ അനുസരിക്കും.

റഷ്യക്കാരന്‍ ഫിലിപ്പ് ബുദെക്കിന്‍ എന്ന 21-കാരനാണ് ഈ കളി കണ്ടുപിടിച്ചത്. സൈക്കോളജി വിദ്യാര്‍ത്ഥിയായ അയാളെ യൂണിവേഴ്സിറ്റിയില്‍ നിന്നു പുറത്താക്കി. അതിന്‍റെ പ്രതികരണമെന്നോണം നാലഞ്ചു വര്‍ഷമെടുത്തു രൂപപ്പെടുത്തിയതാണ് ഈ കളി. നിഷേധവികാരങ്ങള്‍ നിറഞ്ഞ മനസ്സില്‍ നിന്നു നിഷേധാത്മകമായ ആശയങ്ങള്‍ മാത്രമാണല്ലോ വരുന്നത്. എന്നാല്‍ ബുദെക്കിന്‍ അവകാശപ്പെടുന്നതു താനൊരു സാമൂഹികസേവനമാണു ചെയ്യുന്നത് എന്നാണ്. ഈ കളി കളിച്ച് ആത്മഹത്യ ചെയ്യുന്നവര്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. അവര്‍ 'ജൈവികമാലിന്യങ്ങളാ (biological waste)ണത്രേ. ഇത്തരം മാലിന്യങ്ങളെ ഉന്മൂലനം ചെയ്തു സമൂഹത്തെ ശുദ്ധമാക്കാനാണ് ഈ കളി.

ബുദെക്കിന്‍ പറയുന്നതില്‍ അല്പം കാര്യമില്ലാതില്ല. പഠനം അല്ലെങ്കില്‍ ജോലി എന്ന ഉത്തരവാദിത്വം പൂര്‍ണമായി മറന്ന് ഈ കളി കളിക്കുന്നതില്‍ എന്തോ അപാകമുണ്ട്. ഇങ്ങനെ കളിക്കുന്ന കുട്ടികള്‍ക്കു മാതാപിതാക്കന്മാരും അദ്ധ്യാപകരുമായി ആരോഗ്യകരമായ ബന്ധമുണ്ടായിരിക്കാന്‍ ഇടയില്ല. മാതാപിതാക്കള്‍ കുട്ടികളുടെ പഠനത്തിലും സ്വഭാവരൂപവത്കരണത്തിലും ശ്രദ്ധിക്കാതെ ഗൂഢമായ കളികളില്‍ ഏര്‍പ്പെടാന്‍ അവസരമുണ്ടാക്കുന്നു. തങ്ങളുടെ കുട്ടി കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്നതു വലിയ കാര്യമായിട്ടാണു ചിലര്‍ കാണുന്നത്. ഗെയിം കളിച്ചു കുട്ടികള്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധരായി തീരുമെന്നാണ് അവരുടെ മിഥ്യാധാരണ. പണ്ടു ബേബി സിറ്റിംഗിനായി അച്ഛനമ്മമാര്‍ ടിവിയെ ഉപയോഗപ്പെടുത്തുമായിരുന്നു. അതിന്‍റെ അപകടം തിരിച്ചറിഞ്ഞു പലരും ഇന്ന് അങ്ങനെ ചെയ്യുന്നില്ല. ഇപ്പോള്‍ കരയുന്ന കുട്ടിക്കു മൊബൈല്‍ ഫോണാണു കൊടുക്കുന്നത്. അങ്ങനെ ചെറുപ്പത്തിലേ കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. അടുത്ത പടിയാണു കമ്പ്യൂട്ടര്‍ ഗെയിംസ്.

കമ്പ്യൂട്ടര്‍ ഗെയിംസിനെപ്പറ്റി മുതിര്‍ന്നവരുടെ അജ്ഞത ഭീതിദമാണ്. ഭൂരിപക്ഷം ഗെയിംസിലും അക്രമമുണ്ട്. തോക്കും വെടിവച്ചു വീഴ്ത്തലുമുളള കളികള്‍ ഏറെയാണ്. ഇത്തരം കളികള്‍ സ്ഥിരമായി കളിക്കുന്ന കുട്ടികള്‍ അക്രമവും ഹിംസയും ജീവിതത്തിന്‍റെ ഭാഗമാണെന്നു ധരിക്കാന്‍ തുടങ്ങുന്നു. കുട്ടികളുടെയിടയിലുള്ള അക്രമവാസനയ്ക്കു കമ്പ്യൂട്ടര്‍ ഗെയിമുകളുമായുള്ള ബന്ധം ഗൗരവമായ പഠനത്തിനു വിഷയമാക്കേണ്ടതാണ്. ഗെയിമുകളില്‍ കാണുന്നതുപോലെ പൗരുഷ്യമുള്ളവരായി കാണപ്പെടാന്‍ കുട്ടികള്‍ ശ്രമിക്കുന്നു. അങ്ങനെ അവര്‍ മദ്യപാനത്തിലേക്കും മയക്കുമരുന്ന് ഉപയോഗത്തിലേക്കും നീങ്ങാം. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ പരിധിവിട്ട അക്രമവാസന കാണിക്കുന്നത് ഇന്ന് അസാധാരണമല്ല. അപകടത്തില്‍പ്പെട്ടു മരണാസന്നരായി വഴിയില്‍ കിടക്കുന്നവരെ തിരിഞ്ഞുനോക്കാതിരിക്കുന്ന മാനസികാവസ്ഥ കമ്പ്യൂട്ടര്‍ ഗെയിംസ് കളിച്ചു രൂപപ്പെടുന്നതല്ലേ എന്നു ചിന്തിക്കണം. ഒരു പെണ്‍കുട്ടിയെ ഏതാനും ആണ്‍കുട്ടികള്‍ വളയുകയും ഉപദ്രവിക്കുകയും ബലാത്സംഗം നടത്തുകയും ചെയ്യുന്ന മാനസികഭാവം എങ്ങനെയാണു രൂപപ്പെടുന്നത്? തങ്ങളുടെ കുട്ടി കമ്പ്യൂട്ടറില്‍ കളിക്കുന്നതില്‍ മിടുക്കനാണെന്നും എത്ര സമയം വേണമെങ്കിലും കളിച്ചിരിക്കുമെന്നും അഭിമാനത്തോടെ പറയുന്ന മാതാപിതാക്കന്മാര്‍ ഈ കളികള്‍ കുട്ടിയുടെ മനസ്സിനെ എത്രമാത്രം വികലമാക്കുന്നു എന്നറിയുന്നില്ല.

കുട്ടികളെ നോക്കുന്നതിന് എളുപ്പ വഴികള്‍ തേടുന്ന മാതാപിതാക്കളാണു ബ്ലൂവെയ്ല്‍പോലുള്ള ഹിംസാത്മകമായ കളികളിലേക്കു കുട്ടികളെ നയിക്കുന്നത്. മാതാപിതാക്കന്മാര്‍ ഇങ്ങനെയുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം പാലിച്ചാലേ കുട്ടികളെ നിയന്ത്രിക്കാന്‍ പറ്റൂ. ജപ്പാനിലെ ഒരു ദമ്പതികള്‍ ഗെയിം തുടര്‍ച്ചയായി കളിച്ചു കുട്ടിയുടെ കാര്യം നോക്കാന്‍ മറക്കുകയും കുട്ടി മരിക്കുകയും ചെയ്തുവത്രേ. അവരിപ്പോള്‍ ജെയിലിലാണ്. അച്ഛനമ്മമരെ ആസക്തി പിടികൂടിയാല്‍ കുട്ടികളുടെ കാര്യം പറയാതിരിക്കുകയാണു ഭേദം.

ബ്ലൂവെയിലിനേക്കാള്‍ പൈശാചികമായ കളികള്‍ ഇറങ്ങിയിട്ടുണ്ടെന്നു പറയുന്നു. സാത്താന്‍ ആരാധകരും അന്ധകാരത്തിന് അടിപ്പെട്ട മാനസികരോഗികളും പൈശാചികമായ കളികളിലേര്‍പ്പെടാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന സ്ഥിതിയാണിപ്പോള്‍. പാപത്തില്‍ രമിക്കുകയെന്നതാണ് ആദര്‍ശവാക്യം ഇതേപ്പറ്റി അവബോധമില്ലാത്ത മാതാപിതാക്കന്മാര്‍ ദുഃഖിക്കേണ്ടിവരും; തീര്‍ച്ച.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം