മനുഷ്യസംസ്‌കാരത്തിന്റെ വളര്‍ച്ച എന്ന് പറയുന്നത് അവന്റെ അറിവിന്റെ പടിപടിയായുള്ള വികാസമാണ്. കഴിഞ്ഞുപോയ തലമുറകളെ അപേക്ഷിച്ചു കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ അവനെ പ്രാപ്തനാക്കുന്നത് ഈ അറിവാണ്. അതുകൊണ്ടു തന്നെ, മനുഷ്യന്റെ ഏറ്റവും വലിയ അന്വേഷണം എക്കാലത്തും പുതിയ അറിവിന് വേണ്ടി ഉള്ളതായിരുന്നു. പുതിയ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള കൗതുകം ആണ് അവനെ പരിണാമ ശ്രേണിയുടെ മുകളില്‍ എത്തിച്ചത്. അച്ചടിയുടെ വരവോടെ, അറിവിന്റെ ഉത് പാദനം, സംഭരണം, വ്യാപനം എന്നിവയില്‍ മനുഷ്യന്‍ വന്‍കുതിച്ചുചാട്ടം തന്നെ നടത്തി. അച്ചടിക്ക് ശേഷമുള്ള നൂറ്റാണ്ടുകള്‍, വലിയ ഒരു വൈജ്ഞാനിക വിപ്ല വത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഒരു പക്ഷെ അച്ചടി കഴിഞ്ഞാല്‍, മനുഷ്യന്റെ അറിവിനെ സംബന്ധിച്ചിടത്തോളം വന്ന ഏറ്റവും വലിയ സംഭവവികാസം ഇന്റര്‍നെറ്റ് ആണ്. ലഭ്യമായിട്ടുള്ള അറിവിനെ മുഴുവന്‍ ഒരു നെറ്റ്‌വര്‍ക്ക് പോലെ ബന്ധിച്ചു, അത് എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നായി മാറിയത് മനുഷ്യനെ അമ്പരപ്പിച്ചു. അതോടൊപ്പം ആശയവിനിമയത്തിനുള്ള അനന്തസാധ്യതകളും ഇന്റര്‍നെറ്റ് മനുഷ്യന് മുന്നില്‍ തുറന്നു വച്ചു. ഇന്റര്‍നെറ്റില്‍ നിന്നും അറിവ് നേടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ജാഗ്രത ഇന്ന് വളരെ ഏറെ പഠന വിധേയമാക്കുന്ന ഒന്നാണ്. വി ജ്ഞാനം നേടാനും, കൈമാറാനും ഇന്റര്‍നെറ്റിനെ വ്യാപകമായി ഉപയോഗിക്കുമ്പോള്‍, നാം പ്രത്യേകമായ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ഏറ്റവും പ്രധാനപ്പെട്ട ഒന്ന് നമ്മള്‍ അറിവ് എന്ന പേരില്‍ എന്താണ് ഉള്‍ക്കൊള്ളുന്നത് എന്നതാണ്. അറിവ് ദുര്‍ലഭമായിരുന്ന കാലഘട്ടത്തില്‍, കിട്ടുന്ന ഏതു അറിവും സ്വായത്തമാക്കുക എന്നത് മനുഷ്യന്റെ പുരോഗതിക്കു ഒരു അവശ്യഘടകമായിരുന്നു. എന്നാല്‍ ഇന്ന് അറിവിന്റെ ധാരാളിത്തം (abundance) ഉള്ളപ്പോള്‍ മനുഷ്യന് പ്രയോജനകരമായത് എന്ത് എന്ന് നോക്കി അത് എടുക്കുക എന്നത് ഒരു വെല്ലുവിളിയാണ്. മനുഷ്യന് കാര്യ മായി ഉപയോഗമില്ലാത്ത, എന്നാല്‍ അവന്റെ ശ്രദ്ധയെ പിടിച്ചു നിര്‍ത്തുന്ന അറിവുകള്‍ നിര്‍മ്മിക്കാനും, മനുഷ്യനെ അതിന്റെ പ്രലോഭനത്തില്‍ ആക്കുവാനും എളുപ്പമാണ്. അറിവിനോടുള്ള, പുതിയ വിവരങ്ങളോടുള്ള മനുഷ്യന്റെ കൗതുകം അവനെ ഒരു കെണിയില്‍ എന്ന പോലെ അതില്‍ കുടുക്കുന്നു. മനുഷ്യന്റെ ഈ അഡിക്ഷന്‍, ഒരു പക്ഷെ അവന്റെ മധുരം, ജങ്ക് ഫുഡ് ഇവയോടൊക്കെ ഉള്ള ആകര്‍ഷണം പോലെയാണ്. ഈ വക ഭക്ഷണങ്ങള്‍ മനുഷ്യനെ പൊണ്ണത്തടിയിലേക്കും രോഗങ്ങളിലേക്കും ഒക്കെ നയിക്കുന്ന പോലെ, വിവേചനം ഇല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം മനുഷ്യനെ ഒരു തരം ബൗദ്ധിക ജീര്‍ണ്ണതയിലേക്ക് നയിക്കുന്നു (Intellectual Obestiy).
രണ്ടാമതായി നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതി, പുതിയത് ആണ് ഏറ്റവും പ്രധാനം എന്ന ധാരണയില്‍ വീണുപോകരുത് എന്നതാണ്. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ ഇവയൊക്കെ നമ്മള്‍ എങ്ങിനെയാണ് നോക്കുന്നത് എന്ന് ആലോചിക്കുക. നിരന്തരമായി സ്‌ക്രോള്‍ ചെയ്തു, പുതിയ പുതിയ പോസ്റ്റുകള്‍ നോക്കുന്നതാണ് നമ്മുടെ ശീലം. വായിച്ചവയുടെ പിന്തുടര്‍ച്ചയോ, ചരിത്രപരമായ ബോധ്യത്തോടെ ഉള്ള വായനയോ നമുക്ക് അത്ര പ്രധാനമല്ല. ഒരു പുതിയ വാര്‍ത്ത വരുമ്പോള്‍ നമ്മള്‍ ബാക്കിയെല്ലാം മറക്കുന്നു. മറ്റൊന്ന് വൈറല്‍ എന്ന പ്രതിഭാസം ആണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വളരെ വേഗം പങ്കുവയ്ക്കാം എന്നിരിക്കെ, പോപ്പുലര്‍ ആകുന്നതാണ് ഏറ്റവും നല്ലതു എന്നും, ഏറ്റവും പ്രധാനപ്പെട്ടത് എന്നും ഉള്ള ഒരു ചിന്തയിലേക്ക് നമ്മള്‍ അറിയാതെ തന്നെ പോകുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനം ഏറ്റവും കൂടുതല്‍ ആളുകളെ കൂടെ നിര്‍ത്താന്‍ ഉള്ള പൊടിക്കൈയ്കള്‍ ഉണ്ടാക്കുന്നതിലാണ്. പുതിയവയുടെയും, വൈറല്‍ ആയതിന്റെയും ഒക്കെ മാത്രം പിറകെ പോകുമ്പോള്‍, ഗൗരവമായതു നഷ്ടപ്പെടുത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
സ്വിസ്സ് എഴുത്തുകാരനായ റോള്‍ഫ് ഡോബില്ലിയുടെ (Rolf Dobelli) ശ്രദ്ധേയമായ ഒരു പുസ്തകമുണ്ട്. The art of thinking clearly. മനുഷ്യന്റെ തീരുമാനങ്ങളെ, സ്വഭാവത്തെ ഒക്കെ സ്വാധീനിക്കുന്ന 99 ചായ്‌വുകള്‍ (biases) ആണ് ഇതിന്റെ ഇതിവൃത്തം. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഡോബില്ലി കാണുന്ന ഒന്നാണ് Confirmation Bias. എന്താണ് ഇത്? നമുക്ക് കിട്ടുന്ന ഏതു പുതിയ അറിവിനെയും, നമ്മുടെ വിശ്വാസങ്ങള്‍, ബോധ്യങ്ങള്‍, മുന്‍വിധികള്‍ ഇവയ്ക്ക് അനു രൂപമായി വ്യാഖ്യാനിക്കാന്‍ ഉള്ള പ്രവണതയാണ് ഇത്. നമ്മുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ വസ്തുതകളെ നാം തള്ളിക്കളയുന്നു. വസ്തുതകളെ അവഗണിക്കുന്നതു കൊണ്ട് അവ ഇല്ലാതാകുന്നില്ല എന്ന് Aldous Huxley പറഞ്ഞത് ഇവിടെ ഓര്‍ക്കുക. ഏതൊരു കാര്യത്തിനും അനുകൂലവും പ്രതികൂലവുമായ വാദഗതികള്‍ ഇന്റര്‍നെറ്റില്‍ സുലഭമായി കിട്ടുന്നത് കൊണ്ട്, നമ്മുടെ confirmation bias നമ്മെ അപകടത്തില്‍ ആക്കാന്‍ സാധ്യത കൂടുതല്‍ ആണ്. സാമൂഹ്യമാധ്യമ കൂട്ടായ്മകള്‍ പലതും, ഒരേ തരത്തില്‍ ചിന്തിക്കുന്നവരുടെ മാത്രം കൂട്ടമായി മാറുന്നത് ഇതുകൊണ്ടൊക്കെ ആണ്. ഭിന്നാഭിപ്രായങ്ങള്‍ നമ്മള്‍ ഭയപ്പെടുന്നു. അവയെ മാറ്റി നിര്‍ത്തുന്നു. നമ്മള്‍ വിശ്വസിക്കുന്നത് മാത്രം ആണ് ശരി എന്ന ചിന്തയിലേക്ക് വരുന്നു. ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും വ്യാപകമായി ഉപയോഗിക്കുമ്പോള്‍ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ട ഒന്നാണ് നമ്മുടെ വ്യക്തിപരമായ ഈ ചായ്‌വുകള്‍.
ചുരുക്കത്തില്‍ സവിശേഷമായ ശ്രദ്ധ കൊടുത്തില്ലെങ്കില്‍, ഇന്റര്‍നെറ്റ് നമ്മെ ഏറ്റവും അറിവും പക്വതയും ഉള്ള ഒരു സമൂഹം ആക്കി മാറ്റണം എന്നില്ല. നേരെ മറിച്ചു അല്പജ്ഞാനികളും, ഇടുങ്ങിയ മനസ്സിന്റെ ഉടമകളും ആക്കാനുള്ള സാധ്യതയും കൂടുതല്‍ ആണ്. അതിനുള്ള തെളിവുകള്‍ നമുക്ക് ചുറ്റും ഇപ്പോള്‍ ധാരാളം ഉണ്ട്.
ലേഖകന്റെ ബ്ലോഗ്: www.bobygeorge.com