

ബിജു തോമസ്, അശോകപുരം
വിഗ്രഹാരാധനയും തിരുസ്വരൂപ ദര്‍ശനവും എന്ന ശീര്‍ഷകത്തില്‍ ഡോ. സെബീഷ് വെട്ടിയാടനച്ചന്റെ ലേഖനം കാലോചിതവും ദൈവശാസ്ത്ര വിചിന്തനങ്ങള്‍ക്ക് വഴി തുറക്കുന്നതുമാണ്. ദൈവത്തിന്റെ അനന്തതയും ആധികാരികതയും അരക്കെട്ടുറപ്പിക്കുന്നതാണോ എന്നതാണ് ഏതൊരു ആരാധനയേയും വിഗഹാരാധനയാക്കുന്നതും അല്ലാതാക്കുന്നതും. വിശേഷേണ ഒരുവന്‍ ഗ്രഹിക്കുന്നത് എന്താണ് എന്നതാണ് ആരാധനയുടെ മര്‍മ്മം.
ഒരു രൂപമോ കല്ലോ പോലും എന്നെ ഏക ദൈവത്തിലേക്ക് അടുപ്പിക്കുന്നത് ആകുമ്പോള്‍ എനിക്കത് നിത്യതയിലേക്കുള്ള തുറവിയാണ് . മറിച്ച് ദിവ്യകാരുണ്യ ആരാധന പോലും സത്യം, നീതി, സ്‌നേഹം, സാഹോദര്യം, കൂട്ടായ്മ തുടങ്ങിയ സുവിശേഷം മൂല്യങ്ങളില്‍ നിന്നും അതിനുവേണ്ടി ഞാന്‍ സഹിക്കുന്ന സഹനത്തില്‍ നിന്നും എന്നെ അകറ്റി സ്വത്ത്, അധികാരം, സുഖലോലുപത എന്നിവ നേടിയെടുക്കുന്ന സ്വേഛയിലേക്ക് എന്നെ നയിക്കുന്നത് ആകുമ്പോള്‍ അത് വിഗ്രഹാരാധനയായി മാറാം.
മാതാവിന്റെ തിരുസ്വരൂപം തൊട്ട് പ്രാര്‍ത്ഥിക്കുന്നതിലൂടെ ദൈവപിതാവിന് തന്നെ തന്നെ വിട്ടുകൊടുത്ത , സ്വന്തം മകനെ മറ്റുള്ളവര്‍ക്കായി മരിക്കാന്‍ ഒരുക്കിയ മാതാവിന്റെ മനോഭാവം സ്വന്തമാക്കാനാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ എനിക്കത് ദിവ്യാരാധനയാണ്. മറിച്ച് എന്റെ ഏതാനും സ്വാര്‍ത്ഥ കാര്യങ്ങള്‍ നേടിയെടുക്കാനായി ഞാന്‍ ഷോക്കടിക്കുന്നതുപോലെ രൂപത്തില്‍ കൈവച്ച് പ്രാര്‍ഥിക്കുമ്പോള്‍ അത് വിഗ്രഹാരാധനയാകും.
ചുരുക്കത്തില്‍ പ്രാര്‍ത്ഥിക്കുന്നവന്റെ മനസ്സിലാണ് വിഗ്രഹം തെളിയുന്നതും മറയുന്നതും. ദൈവത്തിന്റെ സ്ഥാനത്ത് തതന്നെ പ്രതിഷ്ഠിക്കുന്നതാണ് വിഗ്രഹാരാധന. ദൈവഹിതത്തിന് എന്നെ തന്നെ വിട്ടുകൊടുക്കാന്‍ എന്നെ സഹായിക്കുന്ന ആരാധന എനിക്ക് ദിവ്യ ആരാധനയും എന്റെ ഹിതത്തിന് ദൈവത്തെ വിട്ടുകിട്ടാന്‍ ഞാന്‍ നടത്തുന്ന ആരാധന വിഗ്രഹാരാധനയുമാകും.