വിശുദ്ധ ജരാര്‍ദ് മജെല്ല  (1726-1755) : ഒക്‌ടോബര്‍ 30

വിശുദ്ധ ജരാര്‍ദ് മജെല്ല  (1726-1755) : ഒക്‌ടോബര്‍ 30
Published on
ദക്ഷിണ ഇറ്റലിയിലെ മുസ്സോ ലുക്കാന്‍സോയില്‍ 1726 ഏപ്രില്‍ 6-ന് ഒരു ദരിദ്ര കുടുംബത്തിലാണ് ജരാര്‍ദ് ജനിച്ചത്. എങ്കിലും അസാധാരണമായ ഭക്തിയും ധ്യാനവും വി. കുര്‍ബാനയോടുള്ള ഭക്ത്യാദരവുകളും നിമിത്തം ജരാര്‍ദ് ശ്രദ്ധേയനായിരുന്നു. "ദൈവത്തിനു വേണ്ടി സഹിക്കുക. അങ്ങനെ, നിങ്ങളുടെ സഹനങ്ങള്‍കൊണ്ട് സ്വര്‍ഗ്ഗം ഭൂമിയിലേക്ക് വരും" എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

റെഡംറ്ററിസ്റ്റ് സന്ന്യാസിമാര്‍ അദ്ദേഹത്തെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ തുണസഹോദരനായി തങ്ങളുടെ കൂടെ കൂട്ടിയിരുന്നു. വിനയത്തിന്റെയും വിശുദ്ധിയുടെയും അനുസരണയുടെയും ഒരു സമ്പൂര്‍ണ്ണ മാതൃകയായിരുന്നു ജരാര്‍ദ്.

ദൈവത്തിന്റെ ആഗ്രഹം എപ്പോഴും സന്തോഷത്തോടെ നിറവേറ്റണം.
വിശുദ്ധ ജരാര്‍ദ് മജെല്ല

മൂന്നു സാധാരണ വ്രതങ്ങളുടെ കൂടെ ഒന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു; ഒരുപക്ഷേ അതായിരിക്കാം ഏറ്റവും പരിപൂര്‍ണ്ണം- "ദൈവത്തിനു വേണ്ടി നാം ചെയ്യുന്നതെന്തും പ്രാര്‍ത്ഥനയാണ്!"
ദൈവം അദ്ദേഹത്തിന് ധാരാളം ആദ്ധ്യാത്മിക കഴിവുകള്‍ പ്രദാനം ചെയ്തു.

ധ്യാനത്തില്‍ മുഴുകുക, ഭാരമില്ലാതെ പറന്നുനടക്കുക, ഒരേ സമയത്ത് പല സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുക, പെട്ടെന്ന് മറഞ്ഞുപോകുക, പ്രവചിക്കുക, പ്രകൃതിനിയമങ്ങളെ മറികടന്ന് പ്രവര്‍ത്തിക്കുക, സാത്താനെ പോലും അതിജീവിക്കുക – ഇങ്ങനെ ഒരു അത്ഭുതജീവിയായിരുന്നു അദ്ദേഹം.

തന്റെ മേലധികാരികള്‍ ആവശ്യപ്പെടാതെ പോലും, അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സഹായിക്കാന്‍ സന്നദ്ധനായിരുന്നു ജരാര്‍ദ്. കര്‍ശനമായ ഉപവാസവും പ്രായശ്ചിത്തപ്രവൃത്തികളും അദ്ദേഹത്തിന്റെ ജീവിതചര്യയില്‍ പെടുത്തിയിരുന്നു. കിട്ടുന്ന ഒഴിവുസമയമെല്ലാം വിശുദ്ധ കുര്‍ബാനയുടെ ആരാധനയില്‍ മുഴുകിയിരുന്നു.

മറ്റു വൈദികരോടൊപ്പം മിഷണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, പ്രാര്‍ത്ഥനയില്‍ ആശ്രയിച്ച് ധാരാളം കഠിനപാപികളെ അദ്ദേഹം മാനസാന്തരപ്പെടുത്തിയിരുന്നു. വൈദികശ്രേഷ്ഠന്മാര്‍ക്ക് വചനപ്രഘോഷണം കൊണ്ടൊന്നും സാധിക്കാത്തത് അദ്ദേഹം സാധിച്ചിരുന്നു.

1755 ഒക്‌ടോബര്‍ 16-ന് ജരാര്‍ദ് ഇരുപത്തൊമ്പതാമത്തെ വയസ്സില്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ മുറിയുടെ വാതിലില്‍ ഇങ്ങനെ കുറിച്ചിരുന്നു: "ദൈവം ആഗ്രഹിക്കുന്നതാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്, ദൈവം ആഗ്രഹിക്കുന്നതു മാത്രം, ദൈവം ആഗ്രഹിക്കുന്നിടത്തോളം കാലം മാത്രം!"

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org