ഡൽഹി ഡെസ്ക്

ഇന്ത്യ ഇവിടെത്തന്നെ നിൽക്കട്ടെ, മോദി യാത്ര ചെയ്യട്ടെ...

വിദേശയാത്ര വേണ്ട, വിദേശവിവാഹം വേണ്ട, പട്ടിണി മാറ്റിത്തരുമോ?

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ OfmCap
ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ പൗരന്മാരെ സംബന്ധിച്ചിടത്തോളം, വിദേശ വിനോദയാത്രകളെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചുമുള്ള ഉപദേശങ്ങൾ തികച്ചും അർത്ഥശൂന്യമാണ്. ഒരു ദിവസവേതനക്കാരനോട് വിദേശയാത്ര റദ്ദാക്കാൻ പറയേണ്ടതില്ല. ഒരു കർഷകത്തൊഴിലാളിക്ക് സ്വർണ്ണം വാങ്ങുന്നതിനെക്കുറിച്ച് ക്ലാസെടുക്കേണ്ടതില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിദേശപര്യടനത്തിനിടെ ഇന്ത്യക്കാർക്ക് മൂന്ന് നിർദേശങ്ങൾ നൽകിയിട്ടുണ്ട്: അനാവശ്യമായി വിദേശത്തേക്ക് യാത്ര ചെയ്യരുത്, അത്യാവശ്യമില്ലെങ്കിൽ സ്വർണ്ണം വാങ്ങരുത്, വിദേശരാജ്യങ്ങളിൽ വച്ച് വിവാഹങ്ങൾ നടത്തരുത്. സ്വദേശിസ്നേഹത്തിന്റെയും സാമ്പത്തിക സ്വയംപര്യാപ്തതയുടെയും പേരിൽ ഇന്ത്യക്കാർ തങ്ങളുടെ ചെലവഴിക്കലുകൾ രാജ്യത്തിനകത്തുതന്നെ പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഇതിലെ വൈരുധ്യം മനസ്സിലാക്കാൻ പ്രയാസമില്ല. ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യക്കാരോട് വീട്ടിൽ തന്നെയിരിക്കാൻ ആവശ്യപ്പെടുന്നു; ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആഘോഷിക്കുന്ന ഒരു സർക്കാർ പൗരന്മാരോട് ചെലവുകൾ ചുരുക്കാൻ ആവശ്യപ്പെടുന്നു; ഇന്ത്യയുടെ ആഗോള പദവിയെക്കുറിച്ച് വാചാലരാകുന്ന ഒരു രാഷ്ട്രീയ നേതൃത്വം തങ്ങളുടെ ജനങ്ങളോട് ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് നോക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.

മോദിയുടെ വിദേശയാത്രകൾ നയതന്ത്രത്തിന്റെയും ദേശീയ താൽപ്പര്യത്തിന്റെയും പേരിൽ ന്യായീകരിക്കപ്പെടുന്നുണ്ട്. എന്നാൽ സാധാരണക്കാരായ ഇന്ത്യക്കാർക്കും ന്യായമായി സമ്പാദിച്ച പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. ഒരു വിദേശ വിനോദയാത്രയോ, സ്വർണ്ണം വാങ്ങലോ, വിദേശത്തെ വിവാഹമോ രാജ്യത്തോടുള്ള സാമ്പത്തിക കൂറില്ലായ്മയായി കരുതാനാകില്ല.

വിദേശത്തു ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനമന്ത്രിയിൽ നിന്ന് മിതവ്യയത്തെക്കുറിച്ചുള്ള ഉപദേശങ്ങൾ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് ആവശ്യമില്ല എന്നതാണ് ഏറ്റവും പ്രധാനം. ഭക്ഷണത്തിനും തൊഴിലിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനും പാർപ്പിടത്തിനുമായി നെട്ടോട്ടമോടുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് വിദേശ വിനോദയാത്രകളും വിദേശവിവാഹങ്ങളും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ്.

അവർ നേരത്തെ തന്നെ ലളിതജീവിതം നയിക്കുന്നവരാണ് സ്വന്തം ഇഷ്ടപ്രകാരമല്ല, മറിച്ച്, വേറെ നിവൃത്തിയില്ലാത്തതിനാൽ.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ആഘോഷങ്ങൾക്കിടയിലും, ‘വികസിത ഭാരത’ത്തിലേക്ക് കുതിക്കുന്ന ഒരു ആഗോള ശക്തിയായി ഇന്ത്യയെ സർക്കാർ ചിത്രീകരിക്കുന്നതിനിടയിലു മാണ് മോദിയുടെ ഈ സന്ദേശം വരുന്നത്.

എന്നാൽ വികസനത്തെ കേവലം ജി.ഡി.പി കണക്കുകളിലേക്ക് മാത്രമായി ചുരുക്കാനാകില്ല. ദാരിദ്ര്യം കുറയ്ക്കുന്നതിൽ ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും സുരക്ഷിതമല്ലാത്ത തൊഴിൽ, അപര്യാപ്തമായ ആരോഗ്യപരിപാലനം, പോഷകാഹാരക്കുറവ്, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അഭാവം എന്നിവ നേരിടുന്നു. സമൂഹത്തിലെ ചെറിയൊരു വിഭാഗത്തിലേക്ക് മാത്രം സമ്പത്ത് കേന്ദ്രീകരിക്കുന്നത് ഗൗരവമേറിയ ആശങ്കയായി തുടരുന്നു.

ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ പൗരന്മാരെ സംബന്ധിച്ചിടത്തോളം, വിദേശ വിനോദയാത്രകളെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചുമുള്ള ഉപദേശങ്ങൾ തികച്ചും അർത്ഥശൂന്യമാണ്. ഒരു ദിവസവേതനക്കാരനോട് വിദേശയാത്ര റദ്ദാക്കാൻ പറയേണ്ടതില്ല. ഒരു കർഷകത്തൊഴിലാളിക്ക് സ്വർണ്ണം വാങ്ങുന്നതിനെക്കുറിച്ച് ക്ലാസെടുക്കേണ്ടതില്ല. തൊഴിൽ തേടിയുള്ള പ്രയാണം തന്നെയാണ് കുടിയേറ്റത്തിന് കാരണമെന്നിരിക്കെ, ഒരു കുടിയേറ്റത്തൊഴിലാളിയോട് വിദേശ ചെലവുകൾ ചുരുക്കാൻ ഉപദേശിക്കേണ്ടതില്ല.

പാവപ്പെട്ടവർക്ക് ത്യാഗത്തെക്കുറിച്ചുള്ള പാഠങ്ങളല്ല ആവശ്യം; അവരെ വേട്ടയാടുന്ന ഇല്ലായ്മകൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ പാവപ്പെട്ടവർ തലമുറകളായി ലളിതജീവിതം നയിക്കുന്നവരാണ്. അവർ ഭക്ഷണം വെട്ടിക്കുറച്ചു, ചികിത്സകൾ നീട്ടിവച്ചു, വിദ്യാഭ്യാസത്തിനായി കടം വാങ്ങി, അടിയന്തരഘട്ടങ്ങളിൽ സ്വത്തുക്കൾ വിറ്റഴിച്ചു. മിതവ്യയം പഠിപ്പിക്കാൻ അവർക്ക് നരേന്ദ്ര മോദിയുടെ ആവശ്യമില്ല.

അവർക്ക് വേണ്ടത് മാന്യമായ വേതനം, സുരക്ഷിതമായ തൊഴിൽ, താങ്ങാനാവുന്ന ആരോഗ്യപരിപാലനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയാണ്.

ആഭ്യന്തര വ്യവസായങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. കരുത്തുറ്റ ഒരു പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് തദ്ദേശീയ ഉൽപ്പാദനവും ഉപഭോഗവും ഗുണം ചെയ്യും. എന്നാൽ ദേശഭക്തിയെ ഉപഭോക്തൃ നിർദേശങ്ങളുടെ ഒരു പട്ടികയായി ചുരുക്കാനാവില്ല: പൗരന്മാർ അവരുടെ പണം സത്യസന്ധമായി സമ്പാദിച്ചിട്ടുണ്ടെങ്കിൽ, അത് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം. വിദേശത്ത് യാത്ര ചെയ്യുന്നതോ, അവിടെ വിവാഹം നടത്തുന്നതോ, സ്വർണ്ണം വാങ്ങുന്നതോ രാജ്യദ്രോഹപരമായ പ്രവൃത്തിയല്ല. പൗരന്മാർ എങ്ങനെ ദേശഭക്തി പ്രകടിപ്പിക്കണമെന്ന് നിർദ്ദേശിക്കലല്ല സർക്കാരിന്റെ ഉത്തരവാദിത്തം. മറിച്ച്, പൗരന്മാർക്ക് സുരക്ഷിതത്വത്തോടും സ്വാതന്ത്ര്യത്തോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കാൻ കഴിയുന്ന ഒരു സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുകയാണത്.

രാജ്യത്തിനു വേണ്ടി ത്യാഗം സഹിക്കാൻ ഇന്ത്യക്കാരോട് ആവശ്യപ്പെടുകയാണെങ്കിൽ, പ്രസക്തമായ ചോദ്യമിതാണ്: ആരാണ് ത്യാഗം സഹിക്കേണ്ടത്?

ശതകോടീശ്വരന്മാർ തങ്ങളുടെ ആഡംബര ഉപഭോഗം കുറയ്ക്കുമോ? കോർപ്പറേറ്റുകൾ തങ്ങളുടെ ആനുകൂല്യങ്ങളിൽ ചിലത് ഉപേക്ഷിക്കുമോ? സർക്കാരുകൾ ധൂർത്ത് നിർത്തലാക്കുമോ? സാമ്പത്തിക നയങ്ങൾ സമ്പത്തിന്റെ കേന്ദ്രീകരണത്തെ ഗൗരവമായി നേരിടുമോ?

അതോ ത്യാഗം വീണ്ടും പ്രധാനമായും സാധാരണക്കാരായ പൗരന്മാരിൽ നിന്ന് മാത്രം ആവശ്യപ്പെടുമോ?

സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുമ്പോൾ, പാവപ്പെട്ടവരോട് മുണ്ടു മുറുക്കിയുടുക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ, അതിന്റെ ആനുകൂല്യങ്ങൾ അതേ വേഗതയിൽ അവരിലേക്ക് എത്തുന്നില്ല. അതാകരുത് ‘വികസിത ഭാരത’ത്തിന്റെ അർത്ഥം.

പൗരന്മാർ പണം സൂക്ഷിച്ചുവയ്ക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് നിരവധിയായ കുടുംബങ്ങൾ തങ്ങളുടെ സമ്പാദ്യം മുഴുവൻ സ്വകാര്യ ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കും വേണ്ടി ചെലവഴിക്കാൻ നിർബന്ധിതരാകുന്നത് എന്ന് ആദ്യം ചോദിക്കണം. പൊതുസംവിധാനങ്ങൾ അപര്യാപ്തമായതു കൊണ്ടാണല്ലോ അത്.

ഇന്ത്യക്കാർ വിദേശത്ത് പണം ചെലവഴിക്കുന്നതിൽ സർക്കാരിന് യഥാർത്ഥത്തിൽ ആശങ്കയുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ഇന്ത്യക്കാർ വിദേശ രാജ്യങ്ങളെയും സേവനങ്ങളെയും ആദ്യം തേടിപ്പോകുന്നത് എന്ന് പരിശോധിക്കണം. എന്തുകൊണ്ടാണ് സമ്പന്നരായ ഇന്ത്യക്കാർ വിദേശ വിദ്യാഭ്യാസത്തിനും വൈദ്യചികിത്സയ്ക്കുമായി വൻതുക ചെലവഴിക്കുന്നത്? എന്തുകൊണ്ടാണ് വ്യവസായികളും നിക്ഷേപകരും തങ്ങളുടെ മൂലധനം വിദേശത്തേക്ക് മാറ്റുന്നത്? എന്തുകൊണ്ടാണ് ഇന്ത്യൻ ഉപഭോക്താക്കൾ പലപ്പോഴും വിദേശ ബ്രാൻഡുകളെ ഇഷ്ടപ്പെടുന്നത്?

പൗരന്മാരോട് വീട്ടിൽ തന്നെയിരിക്കാൻ പറഞ്ഞതുകൊണ്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരമാകില്ല. അതിന് മികച്ച സർവ്വകലാശാലകളും ലോകോത്തര ആരോഗ്യപരിപാലനവും മത്സരശേഷിയുള്ള വ്യവസായങ്ങളും ശക്തമായ സ്ഥാപനങ്ങളും മികച്ച സാമ്പത്തിക സുരക്ഷിതത്വവുമാണ് ആവശ്യം.

ആത്മവിശ്വാസമുള്ള ഒരു ഇന്ത്യ തങ്ങളുടെ പൗരന്മാർ ലോകം കാണുന്നതിനെ ഭയപ്പെടുന്നില്ല; മറിച്ച് അവർക്ക് തിരികെ വരാനുള്ള കാരണങ്ങൾ നൽകുന്നു. ആത്മനിർഭർ ഭാരത്, സ്വദേശി, വികസിത ഭാരത് എന്നിവ ശക്തമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. എന്നാൽ മുദ്രാവാക്യങ്ങൾകൊണ്ട് വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകാനോ, സുരക്ഷിതമായ തൊഴിൽ സൃഷ്ടിക്കാനോ, താങ്ങാനാവുന്ന ആരോഗ്യപരിപാലനം നൽകാനോ കഴിയില്ല.

ഇന്ത്യയുടെ പുരോഗതിയുടെ യഥാർത്ഥ അളവുകോൽ സാമ്പത്തിക വളർച്ച എത്രത്തോളം ആഘോഷിക്കപ്പെടുന്നു എന്നതല്ല. ഏറ്റവും ദരിദ്രനായ പൗരന് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്നുണ്ടോ എന്നതാണ്.

എവിടെ യാത്ര ചെയ്യണം, എവിടെ വിവാഹം കഴിക്കണം, എന്ത് വാങ്ങണം എന്ന് ഇന്ത്യക്കാരോട് പറയുന്നതിന് പകരം, കർഷകന്റെ ഉപജീവനമാർഗ്ഗം സംരക്ഷിക്കപ്പെടുമെന്നും, തൊഴിലാളിയുടെ വേതനം വർദ്ധിക്കുമെന്നും, തൊഴിലില്ലാത്ത ബിരുദധാരിക്ക് വിദ്യാഭ്യാസം തൊഴിലിലേക്ക് നയിക്കുമെന്നും, രോഗം വന്നാൽ പാവപ്പെട്ട കുടുംബത്തിന്റെ സമ്പാദ്യം മുഴുവൻ നശിച്ചുപോകില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനൽകണം. അതാണ് യഥാർത്ഥ നേതൃത്വം.

നയതന്ത്രത്തിനും ദേശീയ താൽപ്പര്യങ്ങൾക്കുമായി വിദേശത്തേക്ക് യാത്ര ചെയ്യാൻ മോദിക്ക് എല്ലാ അവകാശവുമുണ്ട്. സാമ്പത്തിക ശേഷിയുള്ള സാധാരണ ഇന്ത്യക്കാർക്കും എവിടെ യാത്ര ചെയ്യണം, എവിടെ വിവാഹം കഴിക്കണം, പണം എങ്ങനെ ചെലവഴിക്കണം എന്ന് തീരുമാനിക്കാനുള്ള അതേ അവകാശമുണ്ട്.

ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ഭൂഖണ്ഡങ്ങൾ കടന്ന് പറന്നേക്കാം. എന്നാൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇപ്പോഴും ദാരിദ്ര്യം തീർത്ത അതിരുകൾ കടക്കാൻ കഷ്ടപ്പെടുകയാണ്. ഇന്ത്യ നേരിടേണ്ട വൈരുധ്യം ഇതാണ്.

ഇന്ത്യക്ക് വിദേശ മണ്ണിൽ നിന്നുള്ള തത്വോപദേശങ്ങളല്ല ആവശ്യം; സ്വന്തം നാട്ടിൽ സാമ്പത്തിക നീതിയാണ് വേണ്ടത്.

പാവപ്പെട്ടവർ ആവശ്യത്തിന് ത്യാഗം സഹിച്ചുകഴിഞ്ഞു.

ഇനി അധികാരമുള്ളവർ പ്രവർത്തിക്കട്ടെ.

മരണം വച്ചുനീട്ടുന്ന ഭീകരസാധ്യതകൾ

വചനമനസ്‌കാരം: No.233

നിലാവിന്റെ വീട് - 21

“അടുക്കളയിൽ കുടുങ്ങിയ മതപണ്ഡിതരും അരങ്ങത്തെത്തിയ കേരള ഹാബർമാസും!”

പങ്കാളിത്ത പെൻഷൻ