വചനമനസ്‌കാരം: No.233

vachana manaskaram 233
Published on

വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു.

യോഹ. 1:14

‘ദൈവത്തിന് എന്ത് പ്രായം കാണും ?’

‘ദൈവത്തിന് പ്രായമില്ല. സമയകാലങ്ങളില്ലാത്ത ദൈവം നിത്യനും അപരിമേയനുമാണ്. എങ്കിലും ആശയം ഗ്രഹിക്കുന്നതിന് ആലങ്കാരികമായി ഇങ്ങനെ പറയാം : ദൈവത്തിന് വെളിച്ചത്തേക്കാൾ ആയിരം കോടി വർഷം പ്രായം കാണും.’

‘അപ്പോൾ വെളിച്ചത്തിന് എന്ത് പ്രായം കാണും ?’

‘വെളിച്ചത്തിന് ആകാശത്തേക്കാളും ഭൂമിയേക്കാളും ആയിരം കോടി വർഷം പ്രായം കാണും.’

‘അങ്ങനെയെങ്കിൽ ആകാശത്തിന്റെയും ഭൂമിയുടെയും പ്രായം ?’

‘ആകാശത്തിനും ഭൂമിക്കും സൂര്യചന്ദ്രതാരങ്ങളേക്കാൾ ആയിരം കോടി വർഷം പ്രായം കാണും.’

‘എങ്കിൽ സൂര്യചന്ദ്രതാരങ്ങളുടെ പ്രായം ?’

‘സൂര്യചന്ദ്രതാരങ്ങൾക്ക് ജലത്തേക്കാളും മണ്ണിനേക്കാളും ആയിരം കോടി വർഷം പ്രായം കാണും.’

‘അപ്പോൾ ജലത്തിന്റെയും മണ്ണിന്റെയും പ്രായം ?’

‘ജലത്തിനും മണ്ണിനും; ഹരിതസസ്യങ്ങൾ, ധാന്യച്ചെടികൾ, വിത്തുൾക്കൊള്ളുന്ന ഫലങ്ങൾ കായ്ക്കുന്ന വൃക്ഷങ്ങൾ, ജീവജാലങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയേക്കാൾ ആയിരം കോടി വർഷം പ്രായം കാണും.’

‘അപ്പോൾ ഇവയുടെ എല്ലാം പ്രായം ?’

‘ഇവയ്ക്കെല്ലാം മനുഷ്യനേക്കാൾ ആയിരം കോടി വർഷം പ്രായം കാണും.’

‘അങ്ങനെയെങ്കിൽ മനുഷ്യന്റെ പ്രായം ?’

‘മനുഷ്യന്, “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” എന്ന് ദൈവം പറഞ്ഞ നിമിഷത്തിന്റെ പ്രായമാണ് ! മനുഷ്യവംശത്തിന് ആ നിമിഷത്തിന്റെ പ്രായമാണ്. ഇപ്പോഴും അതേ വാക്കുകൾ ആവർത്തിച്ചാണ് ദൈവം ഓരോ മനുഷ്യനെയും സൃഷ്ടിക്കുന്നത്. അതിനാൽ മനുഷ്യവംശത്തിന്, പിറന്നു വീഴുന്ന ഓരോ ശിശുവിന്റെയും പ്രായമാണ്. അഥവാ ഓരോ മനുഷ്യശിശുവിനും മനുഷ്യവംശത്തിന്റെ പ്രായമുണ്ട്. ഓരോ ശിശുവിലും മനുഷ്യവംശം മുഴുവനുമുണ്ട്. ചുരുക്കത്തിൽ, ഈ മഹാപ്രപഞ്ചത്തിനും ഇതിലെ സമസ്ത ചരാചരങ്ങൾക്കും ദൈവം ഉച്ചരിച്ച ‘ഉണ്ടാകട്ടെ’ എന്ന വാക്കിനോളം പ്രായമുണ്ട്. അതായത് എല്ലാറ്റിനും ലോഗോസിന്റെ പ്രായമാണ്. ദൈവവചനത്തിന്റെ പ്രായമാണ്. ആദിയിലേ ഉണ്ടായിരുന്നത് ലോഗോസാണ്. ദൈവത്തോടു കൂടെ ഉണ്ടായിരുന്നത് ലോഗോസാണ്. ദൈവം തന്നെയായിരുന്നതും ലോഗോസാണ്. ലോഗോസ് ദൈവമായിരുന്നതിനാൽ സൃഷ്‌ടിക്കപ്പെട്ടിട്ടില്ല. എന്നാൽ, ജനിച്ചിട്ടുണ്ട്. അഥവാ അവതാരം ചെയ്തിട്ടുണ്ട്. മനുഷ്യാവതാരം ചെയ്ത ലോഗോസിന് രണ്ടായിരത്തിൽപ്പരം വയസ്സേ പ്രായമുള്ളൂ. എന്നാൽ, സൃഷ്‌ടിക്കപ്പെട്ടിട്ടില്ലാത്ത ലോഗോസിന് പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും പ്രായമാണ് ! മാംസമായി നമ്മുടെയിടയിൽ കൂടാരമടിച്ച ലോഗോസിന്റെ പേരറിയാമല്ലോ അല്ലേ ?’

‘അറിയാം. യേശുക്രിസ്തു !’

‘അതെ. യേശുക്രിസ്തുവാണ് എല്ലാറ്റിനും അസ്തിത്വവും അർത്ഥവും സത്യവും സ്വത്വവുമെല്ലാം നൽകിയത്. ‘ദൈവത്വത്തിന്റെ പൂർണ്ണത മുഴുവൻ മൂർത്തീഭവിച്ചിരിക്കുന്ന’ യേശുവിലാണ് എല്ലാം ഉള്ളടങ്ങിയിരിക്കുന്നത്. അവനാണ് ആൽഫയും ഒമേഗയും; ആദിയും അന്തവും. ‘ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും’ അവൻ തന്നെയാണ്. ‘ഞാൻ ഞാൻ തന്നെ’ എന്നും ‘ഞാനാകുന്നവൻ’ എന്നുമാണ് പേരെന്തെന്ന് പറയണം എന്ന ചോദ്യത്തിന് ദൈവം മോശയ്ക്ക് മറുപടി നൽകിയത്. ‘ഞാൻ ഞാൻ തന്നെ’ എന്ന് യേശുവും യഹൂദരോട് പറയുന്നുണ്ട്. ആട്ടെ, തുടക്കത്തിലെ യുക്തിയിൽ തിരികെ ചോദിക്കട്ടെ : ആരാധനയുടെ പ്രായം അറിയാമോ ? മനഃസാക്ഷിയുടെയും ദൈവരാജ്യത്തിന്റെയും പ്രായം അറിയാമോ ?’

‘ഇല്ല’

‘ആരാധനയ്ക്ക്, സമരിയാക്കാരിയോട് യേശു പറഞ്ഞ ഒരു വാചകത്തിന്റെ പ്രായമാണ് ! ‘ദൈവം ആത്മാവാണ്; അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്’ എന്ന് യേശു പറഞ്ഞ നിമിഷത്തിന്റെ പ്രായമാണ് ! അതിനുമുമ്പും ആരാധനയും ബലികളും ഉണ്ടായിരുന്നു. പക്ഷേ, അതെല്ലാം ഹൃദയത്തെയും ആത്മാവിനെയും സ്പർശിക്കാത്ത കർമ്മാനുഷ്ഠാനങ്ങൾ മാത്രമായിരുന്നു. എന്നാൽ, ആത്മാവും സത്യവുമാണ് യഥാർത്ഥ ആരാധനാ സ്ഥലങ്ങളെന്നും അവിടെ ദൈവത്തെ ആരാധിക്കുന്നവരാണ് യഥാർത്ഥ ആരാധകരെന്നും യേശു പഠിപ്പിച്ചു. അതായത്, ആരാധനയെ യേശു പുനർനിർവചിച്ചു. ആരാധനയെ മാത്രമല്ല; സത്യം, നീതി, സ്നേഹം, കരുണ, സഹനം, ബലി, സമ്പത്ത്, ദാരിദ്ര്യം, സ്വർഗം, പ്രാർത്ഥന, പ്രകാശം, ജീവൻ, അയൽക്കാരൻ, സ്നേഹിതൻ, ശത്രു, ഇടയൻ, ഗുരു, പിതാവ്, പരിശുദ്ധാത്മാവ് എന്നിങ്ങനെ മനുഷ്യനുമായി ബന്ധമുള്ള സകലതിനെയും യേശു പുനർനിർവചിച്ചു. ചുരുക്കത്തിൽ, മനുഷ്യനായി അവതരിച്ച ലോഗോസ് മനുഷ്യനെയും മനുഷ്യത്വത്തെയും ഒന്നാകെ നവീകരിച്ചു. യേശുവിൽ എല്ലാവരും പൂർണ്ണതയും പ്രകാശവുമുള്ള പുതിയ മനുഷ്യരായി മാറുന്നു. അതുവഴി നിത്യജീവൻ പ്രാപിക്കുന്നു. ഇതാണ് യേശുസംഭവത്തിന്റെ സാരസർവ്വസ്വം.’

logo
Sathyadeepam Online
www.sathyadeepam.org