നിലാവിന്റെ വീട് - 21

novel - nilavinte veedu 21
Published on
  • അധ്യായം : ഇരുപത്

“അച്ചാ പെരുന്നാളിന് ചിക്കൻ ബിരിയാണി കൊടുക്കണം.”

ഞായറാഴ്ച വൈകു ന്നേരത്തെ യൂത്ത്ക്ലാസ് കഴിഞ്ഞപ്പോൾ ഷൈൻ പറഞ്ഞു.

“അതിന്റെ പണം?”

“അത് ഞങ്ങൾ ഷെയറി ട്ടോളാം.” ബിനോയി കണ്ണിറുക്കി

“ഷെയറോ?”

“മറ്റേ ഷെയറല്ല.” കള്ളച്ചിരിയോടെ ഷൈൻ പറഞ്ഞു. “ഞങ്ങൾ ചെറിയ ചിട്ടി തുടങ്ങിട്ടുണ്ട്. കുറേ നാളായിട്ടുള്ള ആഗ്രഹമാ. മറ്റ് എടവകക്കാർക്ക് മുമ്പിൽ ഒന്ന് ഞെളിഞ്ഞ് നിൽക്കണോന്ന്.”

“ഇതിപ്പം തീരുമാനമായല്ലോ.”

“നാളെ പണി സൈറ്റിൽ ചെല്ലട്ടെ.” സോജന് സന്തോഷം നിയന്ത്രിക്കാനാകുന്നില്ല.

“മറ്റുള്ളവരോട് പറയാൻ വരട്ടെ. ഇത്തരം കാര്യങ്ങളെല്ലാം പൊതുയോഗത്തിൽ അവതരിപ്പിച്ച് തീരുമാനമാക്കണം.” അയാൾ എല്ലാവരോടുമായി പറഞ്ഞു.

“പള്ളിക്ക് കാശ് ചിലവില്ലാത്ത കാര്യമാണേലും ചർച്ച ചെയ്യണോ. അച്ചന് തന്നെ തീരുമാനിച്ചുകൂടേ.”

“എല്ലാറ്റിനും അതിന്റെ സമയമുണ്ട് ദാസാ.” അയാൾ പിറുപിറുത്തു.

ഇടവകയിലെ ഏറ്റവും വലിയ ആശ്വാസമാണ് യുവജനങ്ങൾ. എന്തിനും കൂടെയുണ്ട്. വന്ന കാലത്ത് ഏറ്റവും ആരോപണങ്ങൾ കേട്ടത് അവരേക്കറിച്ചാ യിരുന്നു.

പള്ളിക്കേറാത്ത വർഗ്ഗം. എപ്പോം മഠത്തിലേക്ക് നോക്കിയിരിക്കുന്ന കോഴികൾ. ആ വെയിറ്റിംഗ് ഷെഡ് അങ്ങ് പൊളിച്ചുകളയണം. അപ്പം സൂക്കേട് തീർന്നോളും.

അയാൾ എല്ലാം മൂളിക്കേട്ടു. മൂളലാണ് ഏറ്റവും നല്ല ഉത്തരം. വ്യക്തമായ ഉത്തരങ്ങൾ അഴിയാക്കുരുക്കുകൾ പോലെയാണ്. ആളുകൾ കൃത്യമായി ഓർത്തിരിക്കും. പിന്നെ കാണുമ്പോൾ ചോദ്യം തുടങ്ങും. എന്തായി. തുടങ്ങിയോ. എപ്പോ പൊളിക്കും. തീർന്നോ. മറിച്ച് അവർ ഏറ്റെടുക്കുന്ന കാര്യങ്ങൾക്ക് ആയിരം ഒഴിവുകഴിവുകളുണ്ട്.

അത് പിന്നെ. നടക്കുന്ന കാര്യം വല്ലോമാണോ. സമയം കിട്ടണ്ടേ. ആ ഇരട്ടനീതി ഒഴിയാ ബാധയാണെന്ന് ജീവിതം പഠിപ്പിച്ചപ്പോഴാണ് അയാൾ മൂളലുകളെ ആശ്രയിച്ചു തുടങ്ങിയത്. ഇഴ പിരിക്കാനാവാത്ത ഒരു ചങ്ങാത്തം അവർക്കിടയിൽ വളർന്നു കഴിഞ്ഞിരിക്കുന്നു. ഈ സൗഹൃദം വളർന്ന് വളർന്ന് തന്റെ വാക്കുകളെ മുഴുവൻ മൂളലുകൾ അപഹരിക്കുമോ എന്നും അയാൾ ഇടയ്ക്ക് ഓർക്കാറുണ്ട്.

ഏതോ പ്രതാപകാലത്ത് അതിലേ ബസ് ഓടിയിരുന്ന കാലത്ത് പണിത വെയിറ്റിംഗ് ഷെഡ് ഒരു പുരാവസ്തുപോലെ തോന്നിച്ചു. അതിനോട് ചേർന്ന് തൊട്ടടുത്ത് ഒരു കലുങ്ക് രണ്ടിടത്തും കൂടി പത്തു പതിനഞ്ചുപേർക്ക് സുഖമായിരിക്കാം. കലുങ്കിനടിയിലൂടെ വെള്ളം കണ്ണീരുപോലെ തെളിഞ്ഞൊഴുകുന്നു.

പൂത്ത പടയിഞ്ച പടർന്ന് അരുവിയുടെ ഇരുകരകളെയും പൊതിഞ്ഞിരിക്കുന്നു.വെള്ളത്തിനടിയിൽ പാറകളെ ഇറുകെപ്പുണർന്ന് കല്ലേമുട്ടികൾ. കോൺവെന്റ് തൊട്ടുമുകളിലാണ്. എല്ലാവരുടെയും നോട്ടം അവിടേക്കാണ്. കൃത്യം മൂന്നുമണി മുതൽ എല്ലാവരും ഹാജർ. നാട്ടുകാർക്ക് അവരെക്കുറിച്ച് പരാതികളും പരിഹാസങ്ങളും മാത്രമേയുള്ളൂ. ഒപ്പിടാൻ പോകുവല്ലേ. വേഗം ചെല്ല്.

ഒരു ദിവസം മൂന്നര കഴിഞ്ഞപ്പോൾ അയാൾ അവിടേക്ക് ചെന്നു.

തലമൂത്ത കോഴികൾ അയാളെ കണ്ടതും ഏതിലെയോ പറന്നകന്നു. ചിറക് മുളയ്ക്കാത്തവർ ഗത്യന്തരമില്ലാതെ നിന്നു. ഇരിക്കാൻ സ്ഥലം താടേയ്. അയാൾ അവർക്കിടയിലിരുന്നു.

“അച്ചനും കോഴിക്കൂട്ടിലായി അല്ലേ.” പിറ്റേന്ന് കണ്ടപ്പോൾ മദർ പരിഭവിച്ചു.

പിന്നെ അതൊരു പതിവായി. ഉച്ചമയക്കം കഴിഞ്ഞ് അയാളും അവർക്കൊപ്പം കൂടും. സന്ധ്യയോടെ പണികഴിഞ്ഞ് മുതിർന്ന കോഴികളും എത്തും. മദറിന്റെ പരിഭവം നാട്ടുകാരുടെ കൂടി സ്വന്തമായി.

പാപ്പനാണ് ഏറ്റവും വിഷമം.

ഒരു ദിവസം അയാൾ കോഴിക്കൂട്ടത്തോട് ചോദിച്ചു. നമുക്ക് പള്ളിമുറിയിൽ പോയിരുന്നൂടെ. ഇവിടെ നല്ല വെയിലല്ലേ. ആരും ഒന്നും മിണ്ടിയില്ല.

അയാൾ എഴുന്നേറ്റ് താഴേക്ക് നടന്നു. ഗത്യന്തരമില്ലാതെ, കോഴികളും.

കുടുംബയൂണിറ്റ് കഴിഞ്ഞ് ബാക്കി വരുന്ന പലഹാരങ്ങളും വിവാഹസദ്യയുടെ ശേഷിപ്പുകളും കോഴിത്തീറ്റയായി.

ഇത് കൊള്ളാലോ. കോഴികൾ പരസ്പരം പറഞ്ഞു.

മദറിനും നാട്ടുകാർക്കും പരിഭവമകന്നു തുടങ്ങി.

പള്ളി മുറിയിലെ സമ്മേളനത്തിന് വിഷയ ദാരിദ്ര്യം ഒരു പ്രശ്നമായപ്പോൾ അയാളാണ് ഷട്ടിൽ കോർട്ട് നിർമ്മിക്കാനുള്ള ആശയം മുമ്പോട്ടുവച്ചത്. രണ്ട് ദിവസം കൊണ്ട് കോർട്ടും കുറച്ച് കാണികളും റെഡി. കുരിശുമണിയടിച്ചപ്പോൾ കളിനിർത്തി.

“കൊന്തയുടെ ഒരു രഹസ്യം ചൊല്ലിയിട്ട് പിരിയാം. കൊന്ത കഴിഞ്ഞ് നേരെ വീട്.” അയാൾ എല്ലാവരോടുമായി പറഞ്ഞു.

മറുപടി ഇല്ലെന്നു കണ്ടപ്പോൾ അയാൾതന്നെ തുടങ്ങി.

സെമിനാരിയിൽ നിന്ന് മടങ്ങിവന്ന് അച്ചൻ കുഞ്ഞ് എന്നറിയപ്പെട്ടിരുന്ന നോബിൾ പിറ്റേന്നു മുതൽ കൊന്ത ഏറ്റെടുത്തു.

കുർബാനയ്ക്ക് വല്ലപ്പോഴും വന്നിരുന്നവരും മോണ്ടളത്തിൽ സ്ഥിരസ്ഥാനം പിടിച്ചവരും പള്ളിയുടെ അകത്ത് കേറിത്തുടങ്ങി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ യുവജനങ്ങൾ പള്ളിയിൽ ഏറ്റവും മുമ്പിൽ സ്ഥാനം പിടിച്ചുതുടങ്ങി.

നാട്ടുകാരുടെ പരാതികൾ തീർന്നു. മദറിന്റേയും.

ഇടയ്ക്ക് കൂട്ടായ്മ പുഴക്കരയിലായി. കുളിയും മീൻപിടുത്തവും തമാശകളും.

ഒരു ദിവസം ഷാജു വന്നത് തോട്ടയുമായിട്ടാണ്.

“വേണ്ട.” അയാൾ കർശനമായി വിലക്കി.

അച്ചനൊന്നുകൊണ്ടും പേടിക്കണ്ട. പൊലീസ് ഇങ്ങോട്ട് തിരിഞ്ഞു നോക്കുകേല.

“വേണ്ട.” തന്റെ ഭാവ വ്യത്യാസം പുറത്തു കാണിക്കാതെ അയാൾ പറഞ്ഞു.

“എടയ്ക്ക് ക്ലാസ് വേണം.” ഷാജുവാണ് നിർദ്ദേശിച്ചത്. ആരും ഷാജുവിനെ എതിർത്തില്ല. തടിപ്പണിക്ക് പോകുന്നതുകൊണ്ടു മാത്രമല്ല. അവരുടെ അനിഷേധ്യനേതാവാണ് ഷാജു.

“പെമ്പിള്ളേരേം കൂട്ടണം” ഷൈനാണ്. അയാൾ പുഞ്ചിരിച്ചു.

“കൂട്ടാം.”

“പിന്നെ ഒരു കാര്യം രൂപതേടെ വക എടപാടൊന്നും വേണ്ട. എലക്‌ഷനും മീറ്റിങ്ങും ഒന്നും വേണ്ട. എടവക യൂത്ത് മതി. എല്ലാവരും ഒറ്റക്കെട്ടാണ്. പണ്ട് നാടകമത്സരത്തിന് അടിവച്ച് വേർപെടുത്തിയതാണ് യൂത്ത് രൂപതയുമായുള്ള ബന്ധം.”

“അതും സമ്മതം.” അയാൾ അതും സമ്മതിച്ചു.

അച്ചനാണേൽ ഇങ്ങനെ വേണം. ബിനുവിന്റെ ആത്മഗതം അല്പം ഉച്ചത്തിലായി.

ആദ്യ ക്ലാസ്സ്.

ആളുകൾ ഏറെക്കുറെ എത്തിയെന്നുകണ്ടപ്പോൾ അയാൾ ളോഹ ധരിക്കാൻ മുറിയിലേക്ക് കയറി. ബട്ടണുകൾ ഇട്ടു തുടങ്ങുമ്പോൾ...

“അച്ചോ... അച്ചോ...” നിർത്താതെ ആരോ വിളിക്കുന്നു. അയാൾ വാതിൽക്കലോളം വന്നുനോക്കി.

ഷൈനാണ്.

“എന്താ ഷൈൻ എല്ലാവരും എത്തിയോ?”

ഷൈൻ നെഞ്ചോടടു ക്കിപ്പിടിച്ചിരുന്ന മൊബൈൽ ഫോണുകൾ ഓഫീസ് ടേബിളിന് മുകളിലേക്ക് വച്ചു

“ഫോൺ?” അയാൾക്കൊന്നും മനസ്സിലായില്ല.

“ഇതിവിടെ ഇരിക്കട്ടെ. ഇല്ലേ എല്ലാവൻമാരും ഇതും നോക്കിക്കൊണ്ടി രിക്കും. ക്ലാസ് കഴിഞ്ഞിട്ട് കൊടുത്താ മതി.”

“ആര് ചോദിച്ചാലും കൊടുത്തേക്കരുത്.” ആജ്ഞാപിച്ചിട്ട് ഷൈൻ മടങ്ങി.

ഒരു ചെറുപുഞ്ചിരി അയാളുടെ ചുണ്ടിൽ തെളിഞ്ഞു. സമൂഹം താന്തോന്നികൾ എന്ന് വിളിച്ചിരുന്നവർ സ്വന്തമായി നിയമങ്ങൾ നിർമ്മിക്കുന്നു, അനുസരിപ്പിക്കുന്നു. ഇവരെ ഒന്നും പഠിപ്പിക്കാനില്ല. ഇവരിൽ നിന്നാണ് പഠിക്കാനുള്ളത്.

അതൊരു പതിവായി. ക്ലാസിന് തൊട്ടുമുമ്പ് എല്ലാ ഫോണും മേശപ്പുറത്തെത്തും. ചായ കഴിഞ്ഞ് ഫോൺ ഉടമസ്ഥരുടെ കൈകളിലെത്തും.

ക്ലാസ് കഴിഞ്ഞ് പതിവുപോലെ എല്ലാവരും ഊട്ടുമുറിയിൽ ഒത്തുകൂടി. വിൻസിയും ആഷ്ലിയും കട്ടൻചായയുമായെത്തി. എന്തെങ്കിലും പലഹാരങ്ങൾ ഷൈനോ ബിനോയിയോ കൊണ്ടുവരും.

“അടുത്ത ശനിയാഴ്ച്ച എന്റെ ഹാപ്പി ബെർത്ഡേയാ.” ചായ കുടിക്കുന്നതിനിടയിൽ മിന്നു പ്രഖ്യാപിച്ചു.

എല്ലാവരും മിന്നുവിനെ നോക്കി.

“എനിക്ക് ബ്ലാക് ഫോറസ്റ്റ് വേണം.” മിന്നു തന്റെ ആവശ്യമുന്നയിച്ചു.

ഇതും കൂട്ടായ്മയുടെ പ്രത്യേകതയാണ്. ട്രീറ്റ് എല്ലാവരുടെയും വകയാണ്.

“അത് ശരിയാക്കാം.” ഷൈൻ ചാടിപ്പറഞ്ഞു.

“എപ്പോം ഈ ഉത്സാഹം കാണണേ.” വിൻസി എന്തോ അർത്ഥം വച്ചു പറഞ്ഞു.

ചായ കഴിഞ്ഞ് പെൺകുട്ടികൾ എന്തൊക്കെയോ പറഞ്ഞ് പിരിഞ്ഞു. നടന്നകന്നു.

ഷട്ടിൽ കളിയും കൊന്തയും കഴിഞ്ഞ് ചെറുപ്പക്കാരും പിരിഞ്ഞു.

യുവജനങ്ങൾ പിരിഞ്ഞ് പോയിട്ടും അയാൾ അല്പസമയം പോർച്ചിൽ തന്നെയിരുന്നു. അയാൾക്ക് ചുറ്റും ഇരുട്ട് കനത്തു. ഇരുട്ടിന് തിളക്കം നല്കി മാവിന്റെ പച്ചിലകൂട്ടത്തിൽ മിന്നാമിന്നികൾ പറന്നു. അവയുടെ ചലനങ്ങളിൽ കണ്ണു നട്ട് അയാൾ ഏറെ നേരമിരുന്നു. ചിന്തകളും അവയ്ക്കൊപ്പം കൂടിയതുപോലെ. തെളിഞ്ഞും മങ്ങിയും. ഒരു കാലത്ത് ഭയപ്പെടുത്തിയിരുന്ന ഇരുട്ടും ഏകാന്തതയും ഇപ്പോൾ ഒരമ്മയെപ്പോലെ സാന്ത്വനിപ്പിക്കുന്നു. കൂട്ടിരിക്കുന്നു.

രാത്രി വല്ലാതെ വൈകിയെന്നു തോന്നി അയാൾ അകത്തുകയറി വാതിലടയ്ക്കാൻ തുടങ്ങിയപ്പോഴാണ് പോർച്ചിലേക്ക് ഒരു ബുളറ്റ് ചീറിപ്പാഞ്ഞെത്തിയത്.

അയാളുടെ കണ്ണുകൾ നമ്പർ പ്ലേറ്റിന് മുകളിലെ ആ ചെറിയ ബോർഡിലേക്ക് നീണ്ടു. ആ അക്ഷരങ്ങൾക്ക് വന്യമായൊരു തിളക്കം. സ്വപ്നങ്ങളിൽ ക്ഷണിക്കാതെ പ്രത്യക്ഷപ്പെടാറുള്ള ആ വെളുത്ത അക്ഷരങ്ങൾ.

പൊലീസ്.

അയാളുടെ നട്ടെല്ലിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു.

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org