“അടുക്കളയിൽ കുടുങ്ങിയ മതപണ്ഡിതരും അരങ്ങത്തെത്തിയ കേരള ഹാബർമാസും!”

pro-contra09_Religious scholars confined to the kitchen and the Kerala Habermas who took the stage
Published on

ഫ്രഞ്ച് ചിന്തകയായ സിമോൺ ദി ബുവ്വെ എഴുതിയ ഫെമിനിസത്തിന്റെ ബൈബിൾ എന്നു വിളിക്കപ്പെടുന്ന പുസ്തകത്തിന്റെ തലക്കെട്ട് The Second Sex (രണ്ടാം ലിംഗം) എന്നാണ്. ചരിത്രത്തിലും വർത്തമാനത്തിലും സ്ത്രീ എല്ലായിടത്തും രണ്ടാമതാണ് എന്ന് ഓർമ്മപ്പെടുത്തുന്ന കൃതി! “അടുക്കള ചക്കികളും പേറ്റുയന്ത്രങ്ങളും” ആയി കാലം കഴിച്ച കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ പറയുന്നുണ്ട് വൈക്കം മുഹമ്മദ് ബഷീർ തന്റെ ആദ്യകാല കൃതികളിൽ. നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങൾ ശരിക്കും അന്തർ“ജഡങ്ങൾ” തന്നെ ആയിരുന്നു. അതുകൊണ്ടാണ് വള്ളത്തോൾ അവരെക്കുറിച്ച് ഇപ്രകാരം എഴുതിയത്: “പത്തായത്തിലെ വിത്തുപോലെ അന്തർജനം.” രണ്ടും വെളിച്ചം കാണുന്നില്ലെന്ന് ചുരുക്കം.

തത്വചിന്തയുടെ ചരിത്രത്തിലും ഈ വിവേചനം നില നിന്നിരുന്നു. ഗ്രീക്ക് ചിന്തകനായ പ്ലേറ്റോ തന്റെ തിമേയൂസ് എന്ന ഡയലോഗിൽ (Timaeus) ഇങ്ങനെ എഴുതി: “സ്ത്രീ രണ്ടാം സൃഷ്ടിയാണ്.” അതിനാൽതന്നെ പെൺവർഗ്ഗം ഇൻഫീരിയർ ആണ് എന്ന് വ്യംഗ്യം. പല കാര്യത്തിലും ഗുരുവായ പ്ലേറ്റോയോട് വിയോജിച്ച ശിഷ്യൻ അരിസ്റ്റോട്ടിൽ പക്ഷേ സ്ത്രീകളെ ചെറുതാക്കുന്നതിൽ പ്ലേറ്റോയോട് യോജിച്ചു. അരിസ്റ്റോട്ടിൽ തന്റെ Physics എന്ന കൃതിയിൽ എഴുതി: സ്ത്രീ രണ്ടാമതാണ്. കാരണം ഗർഭപാത്രവും ആർത്തവചക്രവുമൊക്കെ അവളെ രണ്ടാമതാക്കുന്നു.

കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു? മലയാളഭാഷയിലെ ചില പദപ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ മതി. ഭാഷ ഒരേ സമയം നമ്മെ രൂപപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ്. ഭാഷയിൽ സ്ത്രീകളെ രേഖപ്പെടുത്തിയിരിക്കുന്ന രീതികൾ ശ്രദ്ധിക്കുക. “കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ, നിനക്കഭിനന്ദനം” എന്നാണ് നമ്മുടെ ഒരു കവി എഴുതിയത്. സ്ത്രീ എന്നാൽ കണ്ണീർത്തുള്ളിയാണ്. 1990കളിലും രണ്ടായിരത്തിലും നമ്മുടെ ചാനലുകളിൽ നിറഞ്ഞ സ്ത്രീനാമ കണ്ണീർ പരമ്പരകൾ ഓർക്കുക. പണ്ട് ഷേക്സ്പിയർ Hamlet എന്ന നാടകത്തിൽ എഴുതിയതും ഇതുതന്നെയാണ്: Frailty, thy name is woman; “ചാപല്യമേ നിന്റെ പേരാണ് സ്ത്രീ” എന്നർത്ഥം. “അങ്കുശമില്ലാത്ത ചാപല്യമേ, നിന്നെ അംഗനയെന്നു വിളിക്കട്ടെ ഞാൻ” എന്നു ചോദിക്കുന്നു മറ്റൊരു മലയാള കവി. ടിയാൻ പുരുഷനാണ്! പുരുഷുവിന് ഇപ്പോൾ യുദ്ധമൊന്നും ഇല്ല!

പൊതുവേ പുരുഷാധിപത്യപരമായ കേരള സമൂഹം സ്ത്രീകൾക്ക് കൽപ്പിച്ചുകൊടുത്തത് പാർശ്വവൽകൃതമായ ഒരിടമാണ്. ആ ഇടമാണ് സ്ത്രീയെ രണ്ടാം കിടക്കാരാക്കുന്നത്. ഭാഷയിലെ പഴഞ്ചൊല്ലുകൾ ഒന്ന് പരിശോധിച്ചാൽ ചില സൂചനകൾ കിട്ടും. “നാരകം നട്ടിടവും നാരി നടിച്ചിടവും മുടിയും” എന്ന പഴഞ്ചൊല്ലിന്റെ അർത്ഥമെന്താണ്? “മണ്ണും പെണ്ണും ചവിട്ടും തോറും നന്നാവും” എന്ന പഴമൊഴി പഴഞ്ചൊല്ലിൽ പതിരില്ലെന്ന വാദത്തെ ദുർബലപ്പെടുത്തുന്നു. ‘അങ്ങാടിയിൽ തോറ്റാൽ അമ്മയോട്’, ‘അമ്മയെ തല്ലിയാലും രണ്ടു പക്ഷം’ എന്നീ പഴഞ്ചൊല്ലുകളും അത്ര ജെൻഡർ ന്യൂട്രൽ അല്ലാ. ഹിസ്റ്ററി എപ്പോഴും ഹിസ് സ്റ്റോറിയാണ്, ഹെർ സ്റ്റോറി അല്ല. സമൂഹം ഭാഷയെ അതിന്റെ ഒരു ചട്ടുകമായി ഉപയോഗിക്കുമ്പോൾ എല്ലാ പ്രയോഗങ്ങളും പുരുഷാധിപത്യപരമാകും. ഈ പുരുഷാധിപത്യം മതമേഖലകളിൽ “കുലസ്ത്രീകളെ” മാത്രം സൃഷ്ടിക്കാൻ ശ്രദ്ധ വയ്ക്കും.

1929-ലാണ് വി.ടി. ഭട്ടതിരിപ്പാട് “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്” എന്ന നാടകം രചിച്ചത്. അത് പുറത്തുവന്ന് നൂറുവർഷം കഴിഞ്ഞിട്ടും നമ്മുടെ നാട്ടിലെ സ്ത്രീകളുടെ അവസ്ഥ അന്നും ഇന്നും വലിയ മാറ്റമില്ലാതെ തുടരുകയാണ്. വി.ടി. ഭട്ടതിരിപ്പാടിനെയും എം. ആർ. ബി.യെയും പോലുള്ള നവോത്ഥാന നായകർ കൊളുത്തിയ വിളക്കുകൾ കരിന്തിരി കത്തി തുടങ്ങുന്നുണ്ടോ? കേരളത്തിൽ ചിലയിടങ്ങളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഭാര്യയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എങ്കിലും ഭർത്താവിന്റെ ഫോട്ടോയാണ് ഫ്ലക്സിൽ വയ്ക്കുക. മുഖമില്ലാത്ത സ്ത്രീകൾ വ്യക്തി സ്വത്വം നിഷേധിക്കപ്പെട്ടവർ തന്നെ!

1930-ലെ മണ്ണാർക്കാട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഒരു സമ്മേളനത്തിലൊരു പ്രമേയം പാസാക്കി. പെൺകുട്ടികളെ എഴുത്തു പഠിപ്പിക്കുന്നത് അനഭിലഷണീയമാണ്, അത് പ്രോത്സാഹിപ്പിക്കരുത്. ചരിത്രം ആവർത്തിക്കപ്പെടുന്നു ആദ്യം പ്രഹസനമായി, പിന്നെ ദുരന്ത നാടകമായി. കുട്ടികൾ മൂന്നാം ക്ലാസ് വരെ പഠിച്ചാൽ മതിയെന്ന് തീരുമാനിക്കുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും സ്ത്രീ പുറത്തിറങ്ങരുതെന്ന് വാശി പിടിക്കുന്ന മതപണ്ഡിതരും തമ്മിൽ എന്താണ് വ്യത്യാസം? നവീകരിക്കപ്പെടാത്ത മതങ്ങൾ പൊതുസമൂഹത്തിന് ബാധ്യത തന്നെയാണ്, അത് ഏത് മതമായാലും! അവിടെയാണ് പൊതു ഇടങ്ങളിലെ മതത്തിന്റെ ഇടപെടലുകളെക്കുറിച്ചുള്ള ഹാബർമാസിന്റെ ചിന്ത പ്രസക്തമാകുന്നത്.

ജർമൻ തത്ത്വചിന്തകനായ യുർഗൻ ഹാബർമാസ് (Jürgen Habermas) പൊതുമണ്ഡലത്തിൽ മതത്തിന്റെ പങ്ക് പുനർനിർവചിച്ച ആളാണ്. മതവിശ്വാസികൾ ആധുനിക ശാസ്ത്രീയ ബോധത്തെയും മറ്റ് മതങ്ങളുടെ നിലനിൽപ്പിനെയും അംഗീകരിക്കുമ്പോൾ, മതേതരവാദികൾ മതങ്ങളെ കേവലം അന്ധവിശ്വാസമായി തള്ളിക്കളയാതെ അവയിലെ ധാർമ്മിക ഉൾക്കാഴ്ചകളെ മാനിക്കണം എന്ന് വാദിച്ച ചിന്തകനായിരുന്നു ഹാബർമാസ്.

മതവിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസപരമായ ഭാഷയിൽ പൊതുമണ്ഡലത്തിൽ വാദങ്ങൾ ഉന്നയിക്കാം. എന്നാൽ നിയമനിർമ്മാണ സഭകളിലോ കോടതികളിലോ എത്തുമ്പോൾ, എല്ലാവർക്കും യുക്തിസഹമായി മനസ്സിലാകുന്ന മതേതര ഭാഷയിലേക്ക് (Secular language) ആ വാദങ്ങൾ പരിഭാഷപ്പെടുത്തപ്പെടണം എന്ന ഹാബർമാസിന്റെ ചിന്ത കേരളം പോലുള്ള ബഹുസ്വര സമൂഹത്തിൽ എല്ലാ മതനേതാക്കളും മാനിക്കേണ്ട വിലപ്പെട്ട ചിന്തയാണ്. അത് കത്തോലിക്കാ മെത്രാനായും കാന്തപുരമായാലും കാഞ്ചികാമകോടി സ്വാമിയായാലും!

അവിടെയാണ് സമ്മർദങ്ങൾക്ക് വഴങ്ങാതെ നിലപാടെടുത്ത കേരള ഹാബർമാസായ മുഖ്യമന്ത്രി സതീശൻ കയ്യടി നേടുന്നത്! പ്രവാചകന്മാർക്ക് കട്ടിലിൽ കിടന്നുള്ള മരണം വിധിച്ചിട്ടില്ല. സത്യം പറയുന്ന സ്നാപക ശിരസ്സുകൾ ഹേറോദേസിന്റെ കൊട്ടാരത്തിലെത്തുമ്പോൾ തളികയിലാകുന്ന കാലമാണിത്. “ഭൂരിപക്ഷത്തിൻ വരം നേടിടും ജയത്തേക്കാൾ നേരിനൊപ്പം നിന്ന് തോൽക്കുവാൻ എനിക്കിഷ്ടം” എന്ന വിഷ്ണു നാരായണൻ നമ്പൂതിരിയുടെ വരികൾ സതീശന് “ചെവിട്ടോർമ”യാകട്ടെ.

logo
Sathyadeepam Online
www.sathyadeepam.org