ജനാധിപത്യത്തിന്റെ അടിസ്ഥാന ശില എന്നാണ് മോദി സംഭാഷണത്തെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത മഷി ഉണങ്ങുന്നതിന് മുമ്പ്, പാര്‍ലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളെ അമ്പരപ്പിച്ചു, എന്തിനാണു വിളിച്ചത് എന്ന് പോലും വ്യക്തമാക്കാതെ.
നേട്ടങ്ങളും ലോകനേതാക്കളുടെ അഭിനന്ദനാര്‍ഹമായ വാക്കുകളും കണക്കിലെടുത്താല്‍, സെപ്തംബര്‍ 9 മുതല്‍ 10 വരെ ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടി രാജ്യത്തിന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ 'ന്യൂഡല്‍ഹി പ്രഖ്യാപനം' അംഗീകരിപ്പിക്കുക ദുഷ്‌കരമായി കരുതിയിരുന്നു. ഇതു സാധിച്ചത്, ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നേ ട്ടം തന്നെ. 60 ലധികം നഗരങ്ങളിലായി 200 മീറ്റിംഗുകള്‍ നടത്തിയ പുതിയ രീതിയിലൂടെ ജി 20 യുടെ ഇന്ത്യയുടെ അധ്യക്ഷകാലവും അടയാളപ്പെടുത്തപ്പെട്ടു. സംഘടനയുടെ 21-ാമത്തെ അംഗമായി ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തിയതും ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി സ്ഥാപിക്കാനുള്ള തീരുമാനവും രണ്ട് ദിവസത്തെ വന്‍പരിപാടിയിലെ മറ്റ് പ്രധാന സംഭവവികാസങ്ങളാണ്.
എന്നിരുന്നാലും, ചടങ്ങിനെ ശ്രദ്ധേയമാക്കിയ ആഡംബര പ്രകടനത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ക്കും പറയാനുള്ളത് മറ്റൊരു കഥയാണ്. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളിലേക്കു തള്ളിവിട്ടുകൊണ്ട് ഡല്‍ഹിയുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചേരികള്‍ തകര്‍ത്തത് അവഗണിക്കാനാവില്ല. ഇത് ദരിദ്രരായ വലിയൊരു വിഭാഗം ആളുകളെ കുടിയിറക്കുന്നതിലേക്ക് നയിച്ചു, അവരുടെ ദൈനംദിന വരുമാനം നഷ്ടപ്പെടാന്‍ അതിടയാക്കി. നഗരത്തിലെ ചേരികളെ വലിയ പച്ച തിരശ്ശീലകള്‍ക്ക് പിന്നില്‍ മറയ്ക്കാന്‍ ഉപയോഗിച്ച രീതിയും സമാനമായ മറ്റു തുണിയിട്ടുമൂടല്‍ പ്രവര്‍ത്തനങ്ങളും ഒരുപോലെ അപമാനകരമാണ്. സര്‍ക്കാരിന്റെ ഇത്തരം നികൃഷ്ടമായ നടപടികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുമായി വിദേശ മാധ്യമങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.
ജനാധിപത്യത്തിന്റെ പ്രാധാന്യം, വൈവിധ്യം, മനുഷ്യ കേന്ദ്രീകൃത സമീപനം, നേതൃത്വത്തിലും തീരുമാനങ്ങളെടുക്കുന്നതിലും സ്ത്രീകള്‍ക്കുള്ള വലിയ പങ്ക്, എല്ലാ മതങ്ങളോടും ബഹുമാനം, സമാനമായ മൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് പ്രസംഗിക്കാന്‍ പ്രധാനമന്ത്രി ഈ അവസരം ഉപയോഗിച്ചു. വിരോധാഭാസമെന്നു പറയട്ടെ, ഇന്ത്യയിലെ അടിസ്ഥാന യാഥാര്‍ത്ഥ്യം അദ്ദേഹം പ്രഭാഷണം നടത്തിയ ആദര്‍ശങ്ങളില്‍ നിന്ന് കാതങ്ങള്‍ അകലെയാണ്. 'ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍, സംഭാഷണത്തിലും ജനാധിപത്യ തത്വങ്ങളിലും ഉള്ള ഞങ്ങളുടെ വിശ്വാസം പണ്ടുമുതലേ അചഞ്ചലമാണ്,' ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു.
ബി ജെ പി യുടെ ഭരണകൂടങ്ങള്‍ക്കു വഴിമാറിക്കൊടുക്കാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണ രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകളുടെ എണ്ണവുമായി ഇതിനെ താരതമ്യം ചെയ്യുക; കാവി പാര്‍ട്ടിക്ക് അധികാരത്തില്‍ വരാന്‍ വേണ്ടി പക്ഷം മാറിയ നിരവധി ജനപ്രതിനിധികള്‍; ബി ജെ പി യെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിക്കാന്‍ അമീബ പോലെ പിളര്‍ന്ന പാര്‍ട്ടികളുടെ പട്ടികയും. ഇതാണോ മോദി പറഞ്ഞ ജനാധിപത്യത്തിന്റെ മാതാവ്'? ഒരു പ്രശസ്ത ഗവേഷണ സംഘം ഇന്ത്യയെ 'തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം' എന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല.
ജനാധിപത്യത്തിന്റെ അടിസ്ഥാന ശില എന്നാണ് മോദി സംഭാഷണത്തെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത മഷി ഉണങ്ങുന്നതിന് മുമ്പ്, പാര്‍ലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളെ അമ്പരപ്പിച്ചു, എന്തിനാണു വിളിച്ചത് എന്ന് പോലും വ്യക്തമാക്കാതെ.
വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ നാടായാണ് ഇന്ത്യയെ അദ്ദേഹം വിശേഷിപ്പിച്ചത്, ലോകത്തിലെ എല്ലാ മതങ്ങളും ഇവിടെ ബഹുമാനിക്കപ്പെടുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ അവസ്ഥയുമായി ഇതിനെ ചേര്‍ത്തു വയ്ക്കുക; അവര്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ നടന്ന എണ്ണമറ്റ ആക്രമണങ്ങള്‍; പശു സംരക്ഷകര്‍ ന്യൂനപക്ഷങ്ങളെ തല്ലിക്കൊന്നത്; മതസ്വാതന്ത്ര്യ സൂചികയുടെ ഏറ്റവും താഴെ എവിടെയോ ഇന്ത്യ നില്‍ക്കുന്നു എന്ന വസ്തുതയും.
21-ാം നൂറ്റാണ്ടിലെ മാറ്റത്തിന്റെ നിര്‍ണ്ണായക ചാലകശക്തിയായ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. മോദിയുടെ പാര്‍ട്ടിയിലെ ഒരു പ്രമുഖ നിയമ നിര്‍മ്മാതാവ് പീഡിപ്പിച്ച തങ്ങളുടെ കൂട്ടത്തിലുള്ള നിരവധി പെണ്‍കുട്ടികള്‍ക്കുവേണ്ടി നീതി തേടി ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള റോഡില്‍ വനിതാ കായിക പ്രതിഭകള്‍ രാവും പകലും ചെലവഴിച്ചത് ഇന്ത്യക്കാരുടെ ഓര്‍മ്മയില്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുകയാണ്. അവര്‍ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണ്. ഭരണകക്ഷിക്ക് സ്ത്രീകളോടുള്ള സ്‌നേഹവും ബഹുമാനവും ഇത്രയ്ക്കുണ്ട്. അതിനാല്‍, ജി 20 കഥയുടെ രണ്ട് വശങ്ങളും തുല്യ പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെട്ടില്ലെങ്കില്‍, വരും തലമുറകള്‍ക്ക് അത് അപൂര്‍ണ്ണമായി അവശേഷിക്കും.