വിശുദ്ധ ആന്റണി മേരി സക്കറിയ (1502-1539) : ജൂലൈ 5

വിശുദ്ധ ആന്റണി മേരി സക്കറിയ (1502-1539) : ജൂലൈ 5
പതിനെട്ടാമത്തെ വയസ്സില്‍ വിധവയായ അന്റോണിറ്റ പെസ്‌കരോളി മകന്‍ ആന്റണിയെ ചെറുപ്പം മുതല്‍ ക്രിസ്തീയ പരസ്‌നേഹപ്രവൃത്തിയില്‍ മുഴുകി ജീവിക്കാനാണു പ്രേരിപ്പിച്ചത്. പാവങ്ങള്‍ക്കു സഹായങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നത് ആന്റണിയായിരുന്നു.

യുവാവായ ആന്റണി കുറെക്കാലം ഡോക്ടറായി സേവനം ചെയ്തു. അതുകഴിഞ്ഞാണ് വൈദികവൃത്തി സ്വീകരിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ശാരീരികരോഗങ്ങള്‍ സുഖപ്പെടുത്തുന്നവന്‍ ആത്മീയരോഗമുള്ളവരുടെ ഡോക്ടറായി. പൗരോഹിത്യം സ്വീകരിക്കുമ്പോള്‍ ആന്റണിക്ക് 26 വയസ്സാണ്. 37-മത്തെ വയസ്സില്‍ മരിക്കുകയും ചെയ്തു. പതിനൊന്നുവര്‍ഷത്തെ വിശ്രമമില്ലാത്ത സേവനംകൊണ്ട് മിലാനിലെയും ക്രിമൊണയിലെയും പാവങ്ങളുടെയും രോഗികളുടെയും ഉത്തമശുശ്രൂഷകനും സഹായിയുമായി അദ്ദേഹം അറിയപ്പെട്ടു. നിരന്തരമായ യുദ്ധങ്ങള്‍ നിമിത്തം ഇറ്റലി ദാരിദ്ര്യത്തിലും പകര്‍ച്ചവ്യാധിയിലുംപെട്ട് ഉഴറിയപ്പോള്‍, പൗലോസ് ശ്ലീഹായെപ്പോലെ കാരുണ്യവും സ്‌നേഹവുംകൊണ്ട് ജനങ്ങളുടെ സംരക്ഷകനായി ആന്റണി മാറി.

1530-ല്‍ ജനങ്ങളെ ഭക്തിയുടെ മാര്‍ഗ്ഗങ്ങളിലേക്ക് നയിക്കാനായി മിലാനില്‍ വി. പൗലോസിന്റെ നാമത്തില്‍ ഒരു സന്ന്യാസസഭയ്ക്ക് ആന്റണി രൂപം നല്‍കി. ഈ പ്രവര്‍ത്തനത്തില്‍ വിജയിച്ച ആന്റണി 'മിലാന്റെ അപ്പസ്‌തോലന്‍' എന്ന് അറിയപ്പെടാന്‍ തുടങ്ങി. കൈയില്‍ ഒരു കുരിശും പിടിച്ച് മിലാന്റെ നഗരങ്ങളിലൂടെ സഞ്ചരിച്ച് കര്‍ത്താവിന്റെ പീഡാസഹനങ്ങളെയും കുരിശുമരണത്തെയും കുറിച്ച് വാചാലമായി സംസാരിക്കുകയും, സ്വന്തം പാപങ്ങളില്‍നിന്നു മോചനം നേടുവാനായി പശ്ചാത്തപിച്ച് പ്രായശ്ചിത്തം ചെയ്യുവാന്‍ ഉപദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു.

നമ്മെ വെറുക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരെ നാം വെറുക്കരുത് അവരോട് കാരുണ്യത്തോടെ പെരുമാറുകയും സ്‌നേഹിക്കുകയും വേണം. കാരണം, നമ്മെ വെറുക്കുന്നതിലൂടെ അവര്‍ ദൈവകോപത്തിന് ഇരയാവുകയാണ്. ഉപദ്രവിക്കപ്പെടുന്ന നമ്മള്‍ ദൈവത്തിന്റെ കരുണയ്ക്ക് യോഗ്യരാവുകയും ചെയ്യുന്നു.
വി. ആന്റണി മേരി സക്കറിയ

'വി. പൗലോസിന്റെ മാലാഖമാര്‍' എന്ന സന്ന്യാസിനീസഭയ്ക്ക് രൂപം നല്‍കിയത് സന്ന്യാസിനിമാരുടെ ആദ്ധ്യാത്മികജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനായിരുന്നു.

മിലാനിലെ വി. പൗലോസിന്റെ നാമത്തിലുള്ള ദൈവാലയത്തില്‍ സംസ്‌കരിച്ച ആന്റണിയുടെ മൃതദേഹം 27 വര്‍ഷത്തിനുശേഷം അഴുകിയിട്ടില്ലെന്നു കണ്ടെത്തുകയും വി. ബര്‍ണബാസിന്റെ പള്ളിയിലേക്ക് മാറ്റി സംസ്‌കരിക്കുകയും ചെയ്തു. 1897 മെയ് 27-ന് പോപ്പ് ലിയോ XIII ആന്റണിയെ വിശുദ്ധനായി നാമകരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org