
ഫാ. സേവി പടിക്കപ്പറന്പിൽ
കഴിഞ്ഞ രണ്ടു മൂന്നു ലക്കങ്ങളിലായി നാം കോൺസ്റ്റന്റൈൻ ചക്രവർത്തിയെക്കുറിച്ചും അദ്ദേഹത്തിന്റെ ക്രിസ്തുമത അനുഭാവത്തെക്കുറിച്ചും താൽപര്യങ്ങളെക്കുറിച്ചും പഠിക്കുകയായിരുന്നു. ഈ കാലഘട്ടത്തിലെ സുപ്രധാനമായ ഒരു സംഭവമാണ് കോൺസ്റ്റാന്റിനോപ്പിൾ എന്ന നഗരത്തിന്റെ ഉദയം. കോൺസ്റ്റാന്റിനോപ്പിളാണ് പിന്നീട് കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെയും അതുവഴി കിഴക്കൻ സഭകളുടെയും കേന്ദ്രമായി മാറുന്നത്.
ബൈസാന്റിയും എന്ന ഗ്രീക്ക് നഗരത്തെയാണ് എഡി 330 ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി കോൺസ്റ്റാന്റിനോപ്പിൾ എന്ന് പുനർനാമകരണം നടത്തുന്നത്. മാത്രമല്ല കോൺസ്റ്റാന്റിനോപ്പിളിനെ റോമാസാമ്രാജ്യത്തിന്റെ ഒരു തലസ്ഥാനമായി അദ്ദേഹം ഉയർത്തുകയും ചെയ്തു. അതുവഴി റോമാസാമ്രാജ്യത്തിന് രണ്ട് തലസ്ഥാനങ്ങളുണ്ടായി; റോമും കോൺസ്റ്റാന്റിനോപ്പിളും.
കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഭരണത്തിനുശേഷം റോമാ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെടുകയും കോൺസ്റ്റാന്റിനോപ്പിൾ കിഴക്കൻ റോമാസാമ്രാജ്യത്തിന്റെയും റോം പടിഞ്ഞാറൻ റോമാസാമ്രാജ്യത്തിന്റെയും തലസ്ഥാനമായി മാറുകയും ചെയ്തു. അഞ്ചാം നൂറ്റാണ്ടോടുകൂടി പടിഞ്ഞാറൻ റോമാ സാമ്രാജ്യം നാമാവശേഷമായതോടെ കിഴക്കൻ റോമാ സാമ്രാജ്യത്തിന് പ്രാധാന്യം കൈവന്നു. കിഴക്കൻ റോമാ സാമ്രാജ്യം ബൈസന്റൈൻ സാമ്രാജ്യം എന്ന് കൂടെ അറിയപ്പെടുന്നു.
കോൺസ്റ്റന്റൈൻ ചക്രവർത്തിക്കുശേഷം സഭയുടെ വളർച്ചയ്ക്കു റോമാ സാമ്രാജ്യം നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ റോമാസാമ്രാജ്യത്തിന്റെ വളർച്ചയും സഭയുടെ വളർച്ചയും ഇഴചേർന്നു നിൽക്കുന്നു. സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടതോടുകൂടി റോമും കോൺസ്റ്റാന്റിനോപ്പിളും ഒരേ പ്രാധാന്യമുള്ള നഗരങ്ങളായി.
റോമിലെ മാർപാപ്പയും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസും തമ്മിൽ തങ്ങളിൽ ആരാണ് വലിയവൻ എന്ന ഒരു പ്രതിസന്ധിക്കു കൂടി സാമ്രാജ്യത്തിന്റെ വിഭജനം കാരണമായി. ഇത് വളർന്ന് പിന്നീട് സഭയുടെ വിഭജനത്തിനുവരെ കാരണമായി.
പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം തുടർന്നുള്ള നൂറ്റാണ്ടുകളിൽ കിഴക്കൻ റോമാസാമ്രാജ്യമാണ് മാർപാപ്പയ്ക്കു പലപ്പോഴും യുദ്ധങ്ങളിൽ സഹായകമായത്. എന്നാൽ റോമും കോൺസ്റ്റാന്റിനോപ്പിളും തമ്മിലുള്ള ദൂരം കിഴക്കൻ റോമാസാമ്രാജ്യത്തിന്റെ സഹായം അത്യാവശ്യഘട്ട ങ്ങളിൽ മാർപാപ്പയ്ക്കു ലഭിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി.
അതുകൊണ്ട് റോമാസാമ്രാജ്യത്തിന് പുറത്തുള്ള മറ്റ് ചക്രവർത്തിമാരുമായി മാർപാപ്പയ്ക്ക് ബന്ധം സ്ഥാപിക്കേണ്ടിവന്നു. ജർമ്മനിയിലും സ്പെയിനിലും ഫ്രാൻസിലും രൂപം കൊണ്ട വംശങ്ങളിൽ നിന്നുള്ള രാജകുടുംബങ്ങളുമായി മാർപാപ്പ സൗഹൃദത്തിലായി. ഈ രാജവംശങ്ങളെക്കുറിച്ച് അടുത്ത ലക്കങ്ങളിൽ നമുക്ക് കൂടുതൽ പ്രതിപാദിക്കാം. കാരണം തുടർന്നുള്ള സഭയുടെ ചരിത്രം റോമ സാമ്രാജ്യത്തേക്കാൾ മറ്റ് പ്രധാന രാജവംശങ്ങളുമായി കൂടിചേർന്നു പോകുന്നതാണ്.