പഴയകഥകള്‍ പറയുന്നത് അവ ആവര്‍ത്തിക്കാതിരിക്കുവാ നാണ്. പഴയകഥകളുടെ ആഖ്യാനത്തില്‍ അപകടത്തിന്റെ വെളിച്ചം മിന്നിമറയുന്നതു കാണാതിരിക്കാന്‍ ഇടയാകരുത്. രക്ഷകന്‍ വരും എന്നു പ്രതീക്ഷിക്കാം. പക്ഷേ, നമുക്ക് ഒരു പൊള്ളലുമേല്ക്കാതെ അവന്‍ വന്നു നമ്മെ രക്ഷിച്ചുകൊള്ളും എന്നു പ്രതീക്ഷിച്ചാല്‍ അതു വിഡ്ഢിത്തമാകില്ലേ? അന്തിക്രിസ്തുവിനെ മാറ്റിനിറുത്തേണ്ട വലിയ ചുമതല തലയിലുണ്ട് എന്ന ഭാരം മറക്കരുത്.
1943 ഏപ്രില്‍ 1-ാം തീയതി സ്വിറ്റ്‌സര്‍ലന്റിലെ അമേരിക്കന്‍ കാര്യാലയത്തില്‍നിന്നു വാഷിംഗ്ടണിലേക്ക് ഒരു സന്ദേശം പോയി. ''ജര്‍മ്മന്‍ വനിതകള്‍ക്കും അവരുടെ യഹൂദ ഭര്‍ത്താക്കന്മാര്‍ക്കുമെതിരെ നാസി നടപടി പിന്‍വലിച്ചു.'' 1943-ലാണ് യഹൂദരുടെ ''അന്ത്യവിധി'' നടപ്പിലാ ക്കാന്‍ നാസി സര്‍ക്കാര്‍ ജര്‍മ്മനിയില്‍ ആരംഭിച്ചത്. ബര്‍ലിനില്‍ പതിനായിരം യഹൂദരെ പിടികൂടി. അവരില്‍ എണ്ണായിരത്തേയും കൊന്നു കളഞ്ഞു. ശേഷിക്കുന്ന 2000 പേര്‍ ജര്‍മ്മന്‍ സ്ത്രീകളെ വിവാഹം കഴിച്ച യഹൂദരാണ്. അവരെ ബര്‍ലിനില്‍ ഒരു വീഥിയിലെ യഹൂദ കേന്ദ്രത്തില്‍ അടച്ചിരിക്കുന്നു. ആ തെരുവില്‍ അവരുടെ ഭാര്യമാരായ ജര്‍മ്മന്‍ സ്ത്രീകള്‍ തടിച്ചുകൂടി. അവര്‍ ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി മുറവിളി കൂട്ടി. ജനങ്ങളും തടിച്ചുകൂടി. പട്ടാളം തെരുവില്‍ നിലയുറപ്പിച്ചു. പിരിഞ്ഞുപോയില്ലെങ്കില്‍ വെടിവയ്ക്കും എന്നു ഭീഷണിയായി. അവര്‍ ഒളിഞ്ഞും തെളിഞ്ഞും നിലവിളിയും മുറവിളിയും തുടര്‍ന്നു. ഇതെല്ലാം നിരീക്ഷിച്ചുകൊണ്ട് ഗസ്റ്റപ്പോയുടെ അധികാരികള്‍ കാണപ്പെടാതെ നില്‍ക്കുന്നുണ്ടായിരുന്നു. കരച്ചിലും മുറവിളിയും തുടര്‍ന്നു. പത്തുമിനിറ്റിന്റെ മെഷീന്‍ ഗണ്ണിന്റെ പ്രയോഗംകൊണ്ട് എല്ലാം ശാന്തമാക്കാന്‍ പട്ടാളം തയ്യാറായി നിന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. അധികാരികള്‍ ഭര്‍ത്താക്കന്മാരെ അവര്‍ക്ക് വിട്ടുകൊടുത്തു. ഇതു നാസികളോട് ഏറ്റുമുട്ടി ജയിച്ച കഥയാണ്.
ഹിറ്റ്‌ലര്‍ എഴുതി, ''അധികാരത്തിലേക്കുള്ള എല്ലാ വഴികളും ജനങ്ങളില്‍ നിന്നാണ്.'' ഇതു മാനിക്കാനും അദ്ദേഹം തീരുമാനിച്ചു.
സമൂഹത്തിന് ആവശ്യമില്ലാത്തവരേയും സമൂഹത്തിനു ഭാരമായവരേയും കൊല്ലുന്ന ദയാവധമാണ് നാസ്സികള്‍ നടപ്പിലാക്കിയത്. 1940 ജനുവരി മുതല്‍ 1941 ആഗസ്റ്റു വരെ 70,000 ആളുകളെ അവര്‍ കൊന്നു. അങ്ങനെ കൊല്ലപ്പെട്ടവരുടെ ചാരം രണ്ടു പാത്രങ്ങളില്‍ അവരുടെ വീട്ടുകാര്‍ക്ക് കൊടുത്തിരുന്നു. പലപ്പോഴും ഇത് അവരുടെ ചാരമായി രുന്നില്ല. മറ്റു വല്ലവരേയും കത്തിച്ച ചാരമായിരുന്നു. ഈ രഹസ്യം അതിന്റെ നടത്തിപ്പുകാര്‍ ബാറില്‍ പോയിരുന്നു നടത്തിയ അയഞ്ഞ സംസാരത്തില്‍ പറഞ്ഞു. ഇതു ലോകമറിഞ്ഞു. വലിയ പ്രതിഷേധമുയര്‍ന്നു. അതോടെ കാരുണ്യവധത്തിന് തെരഞ്ഞെടുക്കുന്നവരുടെ പരിഗണന മാറി. ജര്‍മ്മനിയില്‍ കുടുംബമുള്ളവരെ തിരിഞ്ഞെടുക്കല്‍ നിറുത്തി. വിദേശികളെയും മറ്റാരുമില്ലാത്തവരേയും കൊല്ലാന്‍ തുടങ്ങി.
ഇതും തുടരാന്‍ അവര്‍ക്ക് കഴിയാതെയായി. അതിനുകാരണം കത്തോലിക്കാസഭയായിരുന്നു. പള്ളികളില്‍നിന്നു നിരന്തരമായി ഇതിനെതിരെ പള്ളിപ്രസംഗങ്ങള്‍ നടന്നു. ചില മെത്രാന്മാര്‍ സര്‍ക്കാരിന് കത്തുകള്‍ അയച്ചു. അവര്‍ കത്തുകള്‍ അവഗണിച്ചു. ബഹളമുണ്ടാക്കുന്നവരെ നിശ്ശബ്ദരാക്കാന്‍ നടപടികളെടുത്തു. പക്ഷേ, നിശ്ശബ്ദനാകാന്‍ തയ്യാറാകാത്ത ഒരു മെത്രാനുണ്ടായിരുന്നു. ബര്‍ലിന് അടുത്തുള്ള മൂണ്‍സ്റ്ററിലെ മെത്രാന്‍ ഗ്രാഫ് ഫണ്‍ ഗാലന്‍ നിരന്തരം പ്രസംഗിച്ചു. മാത്രമല്ല ഭരണക്കാരുടെ ഭാഷയില്‍ 'ദയാവധത്തിനെതിരായ ദുഷ്പ്രചാരണങ്ങള്‍' വര്‍ദ്ധിച്ചു. 1941 ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ അദ്ദേഹം തന്റെ കത്തീഡ്രല്‍ പള്ളിയില്‍ മൂന്നു പ്രസംഗങ്ങള്‍ നടത്തി. ഗസ്റ്റപോ ഒരു നിയമവുമില്ലാതെ നടത്തുന്ന അക്രമങ്ങളെ അദ്ദേഹം അപലപിച്ചു. ഈ പ്രശ്‌നം ഗൗരവമായി സമൂഹത്തില്‍ ചര്‍ച്ചയായി. അപ്പോള്‍ സ്ഥലത്തെ സര്‍ക്കാര്‍ അധികാരി വാള്‍ട്ടര്‍ ടിസ്സലര്‍ ഗോബല്‍ സ്സിനെ സമീപിച്ച് ബിഷപ്പിനെ തൂക്കിക്കൊല്ലണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ, അദ്ദേഹം പറഞ്ഞു, ''മെത്രാന്മാരെ കൊല്ലാനുള്ള അധികാരം ഹിറ്റ്‌ലറിനു മാത്രമാണ്.'' - അദ്ദേഹം തുടര്‍ന്നു, ''ബിഷപ്പനെതിരായി എന്തെങ്കിലും ചെയ്താല്‍ പിന്നെ മൂണ്‍സ്റ്ററിലെ ജനങ്ങളില്‍ നിന്നുള്ള ബാക്കിയുള്ള യുദ്ധത്തിനുവേണ്ടി സഹകരണം മറന്നുകളയേണ്ടി വരും.''
ബിഷപ്പിനു ജനപിന്‍തുണയുണ്ടായിരുന്നുവെന്ന് അധികാരികള്‍ക്കറിയമായിരുന്നു. ഈ സാഹചര്യത്തിലാണ് ഹിറ്റ്‌ലര്‍ ദയാവധത്തില്‍ നിന്നു പിന്‍തിരിഞ്ഞത്. ഒരാളുടെ ധര്‍മ്മധീരതയുടെ മുന്‍പില്‍ ആയുധം വച്ചതു ഹിറ്റ്‌ലറാണ്. പക്ഷേ, അത് അദ്ദേഹത്തിനു ജനങ്ങള്‍ പിന്‍തുണയ്ക്കുന്നുവെന്നു അവര്‍ അറിഞ്ഞതുകൊണ്ടുമാണ്. പ്രസക്തമായ മറ്റൊരു ചോദ്യമുണ്ട്. യഹൂദരുടെ ജീവനുവേണ്ടി കത്തോലിക്കാ സഭ സംഘടിതമായി ശബ്ദിച്ചിരുന്നെങ്കില്‍ 60 ലക്ഷം യഹൂദര്‍ കൊല്ലപ്പെടുമായിരുന്നോ? വെട്ടുപോത്തിനോടും വേദം പറയേണ്ട സന്ദര്‍ഭങ്ങളുണ്ട്; അപകടകരമായ സാഹചര്യങ്ങള്‍ ചരിത്രം ആവര്‍ത്തിക്കാം. മറ്റേതെങ്കിലും വിഭാഗം ജനങ്ങള്‍ക്കാവാം ഈ അപകടമുണ്ടാകുന്നത്. നമ്മുടെ ജീവിതവും അതിന്റെ സ്വാതന്ത്ര്യവും വേറെ ആരൊക്കെയോ ജീവിതം പണയം വച്ച് നടത്തിയ സമരങ്ങളുടെ നേട്ടങ്ങളാകാം.
1938-ല്‍ ജര്‍മ്മനിയില്‍ നാസ്സി പാര്‍ട്ടി യഹൂദര്‍ക്കെതിരെ നിരന്തരമായി പൊതു പരിപാടികളില്‍ അവരെ വെറുക്കാനും പുറത്താക്കാനും നിരന്തര പ്രചാരണങ്ങള്‍ നടത്തിയപ്പോള്‍ കത്തോലിക്കാ സഭ നിശബ്ദമായിരുന്നു എന്നതു മറക്കാനാവില്ല. ഇതു വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്താവുന്നതാണ്. ''ജാതിയുടെ ആരാധന''യ്‌ക്കെതിരെ ഇടയലേഖനമെഴുതാന്‍ കഴിഞ്ഞതു ബിഷപ്പ് ഗാലനു മാത്രമായിരുന്നു. ജര്‍മ്മന്‍ ദേശീയത മനുഷ്യജീവനെ അപകടപ്പെടുത്തുന്ന ആയുധമായി മാറും എന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. മുഖസ്തുതിയോ ഭയമോ ഇല്ലാതെ (Nec laudimus nec timore) എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ജര്‍മ്മന്‍സഭയില്‍ ധാരാളം വൈദികരും മെത്രാന്മാരും ദൈവശാസ്ത്രജ്ഞരും നാസി പാര്‍ട്ടിയെ തുറന്നു പിന്‍ തുണച്ചവരായിരുന്നു എന്ന ചരിത്രം വര്‍ത്തമാനകാലത്തോട് വല്ലതും പറയുമോ? ആര്യവര്‍ഗ്ഗാധിപത്യത്തിന്റെ ഭീകരതയാണ് ജര്‍മ്മനിയില്‍ വളര്‍ന്നത് എന്നു മറക്കാനാവില്ല.