ചിന്താജാലകം

ചിന്തയില്ലാത്തവര്‍ വര്‍ധിക്കുമ്പോള്‍

പോള്‍ തേലക്കാട്ട്‌
  • പോള്‍ തേലക്കാട്ട്‌

പാശ്ചാത്യ തത്വചിന്താപാരമ്പര്യത്തില്‍ തത്വചിന്ത ധര്‍മ്മചിന്തയാണ് എന്നു പറഞ്ഞ ഏക തത്വചിന്തകന്‍ ജര്‍മ്മനിയില്‍ നിന്നുള്ള എമ്മാനുവല്‍ കാന്റാണ് (1724-1804). അദ്ദേഹത്തിന്റെ തത്വചിന്ത ശാസ്ത്രചിന്തയല്ല. മറിച്ച്, ജീവിതചിന്ത എന്ന പ്രായോഗിക ചിന്തയാണ്. അതില്‍ വളരെ പ്രധാനമായത് ശരി തെറ്റ് വിധിക്കുന്ന മനുഷ്യന്റെ കഴിവാണ്. ആ കഴിവിന്റെ അടിസ്ഥാനമായി അവര്‍ കരുതുന്നത് ചില കല്‍പനകളും പാരമ്പര്യവും കഥയും ആകാം. എന്നാല്‍ ഇങ്ങനെ വ്യക്തമായ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാം. അത് രുചിയെക്കുറിച്ചാവാം, സൗന്ദര്യത്തെക്കുറിച്ചുമാകാം. ഈ വിഷയങ്ങളെക്കുറിച്ച് അന്തമില്ലാത്ത വിവാദങ്ങളുമുണ്ടാകാം. അപ്പോഴൊക്കെ ചില മനുഷ്യര്‍ പറയും ''അയാള്‍ ശരിയായി വിധിച്ചു. അല്ലെങ്കില്‍, അയാള്‍ വിധിച്ചത് തെറ്റിപ്പോയി.'' ഇങ്ങനെ പറയുമ്പോള്‍ പറയുന്നവര്‍ അടിസ്ഥാനമാക്കിയത് എന്താണ് എന്നു വ്യക്തമല്ലായിരിക്കാം. ഇങ്ങനെ അവ്യക്തമായ സാഹചര്യങ്ങളിലെ ചിന്തയെ ഹന്ന അരന്റ് ''കൈവരികളില്ലാത്ത ചിന്ത'' (Thinking without banisters) എന്നു പറയുന്നു. കോവണി കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോള്‍ വശത്ത് കൈവരികള്‍ സഹായത്തിനുണ്ടാകാം. ഇതില്ലാത്ത ചിന്തയുമുണ്ട്. ഒരു തീരുമാനമെടുക്കാന്‍ പ്രയാസമേറിയ സാഹചര്യമാണ് സൂചിപ്പിക്കുന്നത്.

മനസ്സാക്ഷിയെന്നാല്‍ എല്ലാ ഭാഷകളിലും പ്രാഥമികമായ അറിവിനും ശരി തെറ്റ് വിധിക്കുമുള്ള കഴിവിനേക്കാള്‍ നാം ബോധം എന്ന് വിളിക്കുന്നതാണ്. അതുകൊണ്ടാണ് നാം അതറിയുന്നതും ബോധമുള്ളവരാകുന്നതും. മനസ്സാക്ഷി സ്വയം അറിയുന്നതല്ല. എന്ത് ചെയ്യണമെന്നു നമ്മില്‍ കേള്‍ക്കുന്ന ശബ്ദമാണ്. മനസ്സാക്ഷി നമ്മെ ഭീഷണിപ്പെടുത്തും, സ്വയം നിഷേധിക്കും, സ്വയം ശപിക്കും, സ്വയം പ്രകാശിതമായി കാര്യം മനസ്സിലാക്കും. അത് സ്വയം വിധിക്കുന്ന ഒരു കഴിവാണ്, തനിമയാര്‍ന്ന ചിന്താശക്തി. അത് ശിക്ഷിക്കാന്‍ കഴിയാത്തതും സ്വയം ക്ഷമിക്കാന്‍ കഴിയാത്തതുമാണ്. നാസ്സി തടങ്കല്‍ പാളയത്തില്‍ ശരി തെറ്റ് നിശ്ചയിക്കാന്‍ കഴിയും എന്നത് ആരും നിഷേധിക്കില്ല. ഏറ്റവും ആത്യന്തികമായതാണ് ഇതിനു കാരണം. ഹന്ന എഴുതി, ''ഇതില്ലാതായാല്‍ നാം നശിച്ചു. ദൈവത്തില്‍ അല്ലെങ്കില്‍ നരകത്തില്‍ വിശ്വസിച്ചിരുന്നെങ്കില്‍ ആത്യന്തികമായ സമഗ്രാധിപത്യ ദുരന്തം സംഭവിക്കുമായിരുന്നില്ല എന്ന് എനിക്ക് ഉറപ്പാണ്.''

ഒരുവന്‍ ആശ്രയിക്കുന്നത് ഈ ആത്യന്തികങ്ങളിലാണ്. അത് ഇല്ലാതായാല്‍ ആരിലും ആശ്രയിക്കാനില്ലാതായി. ഇവിടെ സംഭവിക്കുന്നത് ധാര്‍മ്മികതയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയാണ്. ഈ ധര്‍മ്മം എന്ന് പറയുന്നത് തീര്‍ത്തും വ്യക്തിപരമാണ്. സോക്രട്ടീസിന് ഇതാണ് ചിന്ത. ചിന്തിക്കുക എന്നാല്‍ ചോദ്യം ചെയ്യുകയാണ്. അത് കാലഘട്ടങ്ങളുടെ വിഗ്രഹങ്ങള്‍ ഉടയ്ക്കും. ''ഏറ്റവും ഭീകരമായത്, തിന്മ ചെയ്യുന്നത് 'ആരുമല്ലാത്തവന്‍' ആകും, മനുഷ്യവ്യക്തിയാകാന്‍ അവന്‍ വിസമ്മതിക്കുന്നു.''

മനസ്സാക്ഷി സ്വയം അറിയുന്നതല്ല. എന്ത് ചെയ്യണമെന്നു നമ്മില്‍ കേള്‍ക്കുന്ന ശബ്ദമാണ്. മനസ്സാക്ഷി നമ്മെ ഭീഷണിപ്പെടുത്തും, സ്വയം നിഷേധിക്കും, സ്വയം ശപിക്കും, സ്വയം പ്രകാശിതമായി കാര്യം മനസ്സിലാക്കും. അത് സ്വയം വിധിക്കുന്ന ഒരു കഴിവാണ്, തനിമയാര്‍ന്ന ചിന്താശക്തി. അത് ശിക്ഷിക്കാന്‍ കഴിയാത്തതും സ്വയം ക്ഷമിക്കാന്‍ കഴിയാത്തതുമാണ്.

എല്ലാവരും ചിന്തയില്ലാതെ പ്രവര്‍ത്തിക്കുന്നതിലേക്ക് വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ചേരാന്‍ വിസമ്മതിക്കുന്നതും ചിന്തിക്കുന്നതും ഒരു പുതിയ നടപടിയാണ്. അപ്പോള്‍ ചിന്താമണ്ഡലത്തിലെ ശുദ്ധീകരണ വിരേചനയാണ് സംഭവിക്കുന്നത്. അത് തെറ്റാണ്, ഇതാണ് ശരി എന്ന് പറയാന്‍ കഴിയുന്നത് ചിന്തിക്കാനുള്ള കഴിവിന്റെ ലക്ഷണമാണ്. അത് ചിന്തയുടെ കാറ്റടിക്കുന്നതിന്റെ വെളിവാകലാണ്. അതാണ് വലിയ ദുരന്തങ്ങള്‍ അകറ്റുന്നത്. ഈ ധീരമായ നിലപാടിന്റെ പിന്നിലെ അടിസ്ഥാനം വ്യക്തമല്ലായിരിക്കാം. എന്നാല്‍ വെളിവാകുന്നത് വിധിയാണ്. അത് വ്യക്തിത്വ മാഹാത്മ്യമാണ്. ഇവര്‍ വലിയ ലോകപരിജ്ഞാനമുള്ള ആളുകളാകണമെന്നില്ല. ലോക പൗരന്‍ എന്ന വിധത്തില്‍ മനുഷ്യനെ മനസ്സിലാക്കിയവരാണ്. ധാര്‍മ്മിക വ്യക്തിത്വത്തിന് ആളുടെ ശരീരവും വംശീയവുമായത് ഒരു വിശേഷണമല്ല. വളരെ ആശ്ചര്യകരമായ വ്യക്തിയെന്നു മാത്രമല്ല അത്തരം ആളുകള്‍ വളരെ വിരളമാണ്. ഇവര്‍ എളുപ്പം വിധിക്കുന്നവരോ അധികം സംസാരിക്കുന്നവരോ അല്ല.

ഞാന്‍ ഒരു കഥ 30 പേരുടെ ഒരു സംഘത്തോട് പറയുന്നു. അവര്‍ പിന്നീട് അവരുടെ വീടുകളില്‍ ആ കഥ പറയുന്നു. അവര്‍ പറയുന്നത് ഞാന്‍ പറഞ്ഞ കഥയായിരിക്കാം. പക്ഷേ, പറയുന്ന വിധം തീര്‍ത്തും ഭിന്നങ്ങളായിരിക്കും. ആരും ഞാന്‍ പറഞ്ഞതുപോലെ തന്നെയായിരിക്കില്ല അതു പറയുന്നത്. പക്ഷേ, ഒരേ കഥയായിരിക്കും. പറച്ചില്‍ വ്യത്യസ്തമാകാം അല്ലാതെയും ആകാം. എല്ലാവര്‍ക്കും അവരവരുടെ ഭാഷയുണ്ട്. എല്ലാ ഭാഷകള്‍ക്കും ഇടം കൊടുക്കാതിരിക്കുന്നത് വ്യക്തികളെ നിഷേധിക്കുന്ന അക്രമമാകും. അധികാരം എല്ലാം ഒരുപോലെ ആക്കലല്ല; എല്ലാം ഒന്നാക്കലാണ്. എല്ലാം ഒന്നുപോലെയാകണമെന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നു. ആ നിര്‍ബന്ധം അക്രമമായി മാറുന്നു. അവിടെ സ്വാതന്ത്ര്യമില്ല; വൈവിധ്യമില്ല.

ചിന്തയില്ലാത്ത അനുസരണത്തിന്റെ അന്ധത സഭയിലും സമൂഹത്തിലും ഉതപ്പുകള്‍ ഉണ്ടാക്കും. സഭയില്‍ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാക്കേണ്ടവര്‍ ദൈവമരണത്തിന്റെ വിലാപങ്ങള്‍ ഉണ്ടാക്കുന്നു. ഗൗരവമായ ധാര്‍മ്മിക കാര്യങ്ങളില്‍ ഉദാസീനരും നിസ്സാര അനുഷ്ഠാനകാര്യങ്ങളില്‍ കടുംപിടുത്തക്കാരുമായി അധികാരികള്‍ മാറുന്നു. ''കൊതുകിനെ അരിച്ച് നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങള്‍'' (മത്തായി 23:24) എന്ന് യേശു പറഞ്ഞത് അന്വര്‍ഥമാകുന്നു. മനസ്സാക്ഷി യഹൂദരുടെ കണ്ടുപിടിത്തമാണ് എന്ന് പരിഹാസ്യമായും പരസ്യമായും ഹിറ്റ്‌ലര്‍ പ്രസംഗിച്ചതില്‍ ഭീകര കാലത്തിന്റെ വരവ് യൂറോപ്പ് കണ്ടില്ല. അതുപോലെ, ദുരന്തകാലത്തിന്റെ വരവിന്റെ ലക്ഷണങ്ങള്‍ സഭാനേതൃത്വം കാണണം.

മനുഷ്യന് ഒരു ചരമഗീതം

വചനമനസ്‌കാരം: No.189

കൊച്ചിയിലെ കപ്പലൊച്ചകൾ [08]

വി. ഇവാള്‍ഡ് സഹോദരന്മാര്‍ (-695) : ഒക്‌ടോബര്‍ 3

ജപമാല പൂക്കുംകാലം