
നാല്പതു രക്തസാക്ഷികളും പടയാളികളായിരുന്നു. 320-323 കാലഘട്ടത്തില്‍ അര്‍മേനിയയില്‍ (ടര്‍ക്കി) സെബാസ്റ്റെ എന്ന സ്ഥലത്ത് തമ്പടിച്ചിരുന്ന പ്രസിദ്ധമായ റോമന്‍ ലീജിയന്‍ 12 ല്‍ പെട്ട പടയാളികളാകാനാണു സാധ്യത. ചക്രവര്‍ത്തി ലിസിനിയൂസിന്റെ ആജ്ഞയനുസരിച്ച് എല്ലാ പടയാളികളും ദേവന്മാര്‍ക്കു ബലിയര്‍പ്പിക്കണമായിരുന്നു. പക്ഷേ, പന്ത്രണ്ടാം ലീജിയണിലെ നാല്പതുപേരും, അവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്നവരായിരുന്നെങ്കിലും, ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചക്രവര്‍ത്തിയുടെ ആജ്ഞ ലംഘിച്ചു. അവര്‍ ഒരു പ്രത്യേക ഗ്രൂപ്പായി മാറിനിന്നു. കഠിനമായി പീഡിപ്പിക്കപ്പെട്ട ഈ നാല്പതുപേരും കപ്പഡോസിയയുടെ ഗവര്‍ണറായിരുന്ന അഗ്രിക്കോളയുടെ മുമ്പില്‍ കുറ്റവിചാരണയ്ക്കായി ഹാജരാക്കപ്പെട്ടു. അവര്‍ ചക്രവര്‍ത്തിയുടെ മുമ്പില്‍ നിന്നുകൊണ്ട്, തങ്ങള്‍ ക്രിസ്ത്യാനികളാണെന്നും എത്ര പീഡിപ്പിച്ചാലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഉച്ചൈസ്തരം പ്രഖ്യാപിച്ചു.
ഒരു തരത്തിലും അവരുടെ മനസ്സുമാറ്റാനാവില്ലെന്നു കണ്ട് ഗവര്‍ണര്‍ അഗ്രിക്കോള അവരെ കഠിനമായി പീഡിപ്പിച്ച് തടവറയില്‍ തള്ളി.
അതൊരു കഠിനമായ ശൈത്യകാലമായിരുന്നു. നാല്പതു പടയാളികളോടും തണുത്തുറഞ്ഞ തടാകത്തിന്റെ കരയില്‍ പൂര്‍ണ്ണനഗ്നരായികിടക്കുവാന്‍ ആജ്ഞാപിച്ചു. അടുത്തുതന്നെ തീയും ചൂടു വെള്ളവും കരുതിയിരുന്നു. വിശ്വാസം ഉപേക്ഷിക്കുന്നവരെ സഹായിക്കാനായിരുന്നു അത്. പക്ഷേ ആ നാല്പതു വിശ്വാസികളും, പരസ്പരം പ്രോത്സാഹിപ്പിച്ചു കൊണ്ട്, തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചുവച്ചു 'ഒരൊറ്റ ഭീകരമായ രാത്രികൊണ്ട്, തങ്ങള്‍ക്കു നിത്യമായ ആനന്ദമാണു ലഭിക്കാന്‍ പോകുന്നത്' എന്നവര്‍ സമാധാനിച്ചു.
ശൈത്യം കടുത്തപ്പോള്‍ നാല്പതുപേരില്‍ ഒരാള്‍ വിശ്വാസം ത്യജിച്ചുകൊണ്ട് തീയുടെ അടുത്തേക്ക് ഇഴഞ്ഞുനീങ്ങി. രക്ഷപെട്ടെന്നു കരുതിയ നിമിഷം തന്നെ അയാള്‍ തണുത്തു മരവിച്ചു മരിച്ചുവീണു.
ഇതു കണ്ടുകൊണ്ടുനിന്ന മറ്റൊരു പടയാളി പെട്ടെന്ന് ക്രിസ്തുവിനെ ഏറ്റുപറഞ്ഞുകൊണ്ട് മരണമടഞ്ഞ പടയാളിക്കു പകരമായി 39 പേരോടൊപ്പം ചേര്‍ന്നു. അവരെല്ലാം ക്രമേണ മഞ്ഞില്‍ മരവിച്ച് ഒന്നൊന്നായി മരിച്ചുവീണു.
അക്കൂട്ടത്തില്‍ ഒരു പടയാളിമാത്രം തണുപ്പിനെ അതിജീവിച്ച് മരിക്കാതിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചിതയിലേക്കു മാറ്റാന്‍ പടയാളികള്‍ എത്തിയപ്പോഴാണ് ഒരാള്‍ ശ്വസിക്കുന്നതു കണ്ടത്. വിശ്വാസം ത്യജിച്ച് രക്ഷപ്പെടാന്‍ പടയാളികള്‍ അയാളെ ഉപദേശിച്ചു അപ്പോള്‍ അയാളുടെ അമ്മ തന്നെ മുമ്പോട്ടു വന്ന് രക്തസാക്ഷിത്വകിരീടം നഷ്ടപ്പെടുത്തേണ്ടെന്ന് അയാളെ ഉദ്‌ബോധിപ്പിച്ചു. അങ്ങനെ തന്റെ സഹോദരങ്ങളുടെ ശവശരീരങ്ങള്‍ക്കൊപ്പം ആ പടയാളിയും ജീവനോടെ തീയിലേയ്ക്ക് എറിയപ്പെട്ടു.