വിശുദ്ധ എവുളോജിയസ് (818-859) : മാര്‍ച്ച് 11

വിശുദ്ധ എവുളോജിയസ് (818-859) : മാര്‍ച്ച് 11
മുഹമ്മദ് നബിയുടെ തത്ത്വസംഹിതകളിലെ കുറവുകള്‍ എടുത്തുകാട്ടി ഒരു അറബ് ജഡ്ജിയെ മാനസാന്തരപ്പെടുത്താനുള്ള ഈ പുണ്യവൈദികന്റെ ശ്രമം അക്ഷരാര്‍ത്ഥത്തില്‍ മരണം തന്നെ വിളിച്ചുവരുത്തി. 859 മാര്‍ച്ച് 11 ന് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു.
ദക്ഷിണ സ്‌പെയിനിലെ കൊര്‍ഡോബ എന്ന സ്ഥലത്ത് സെനറ്റര്‍മാരുടെ ഒരു കുടുംബത്തിലാണ് വി. എവുളോജിയസ് ജനിച്ചത്. ആ നഗരത്തില്‍ അന്ന് അഞ്ചുലക്ഷത്തോളം ആള്‍ക്കാരുണ്ട് യൂറോപ്പിലെ അന്നത്തെ ഏറ്റവും പ്രസിദ്ധമായ കോടതിയുടെ ആസ്ഥാനവും അവിടെയായിരുന്നു. കൂടാതെ, ഉന്നത വിദ്യാഭ്യാസത്തിനു പ്രസിദ്ധമായ സ്ഥലവുമായിരുന്നു അത്.
വി. എവുളോജിയസിന്, ആബട്ട് എസ്പിരാന്‍ഡോയുടെ കീഴില്‍ ഉന്നതമായ വിദ്യാഭ്യാസം ലഭിച്ചു. അദ്ദേഹം പിന്നീട് ഉത്തര സ്‌പെയിന്‍ സന്ദര്‍ശിക്കുകയും അവിടെ വച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. താമസിയാതെ അവിടത്തെ കൊര്‍ഡോബ സെമിനാരിയുടെ ഡയറക്ടറായി നിയമിതനായി. വിശാലമായ വായനയും പഠനവും അദ്ദേഹത്തെ ഒരു വിശുദ്ധ ജീവിതത്തിനുടമയാക്കിത്തീര്‍ത്തു. അദ്ദേഹത്തിന്റെ അസാധാരണമായ പ്രഭാഷണചാതുരിയും വിനയവും പ്രശംസിക്കപ്പെട്ടിരുന്നു.

സാരസന്‍ ഭരണാധികാരികള്‍ സ്‌പെയിനില്‍ ആധിപത്യം സ്ഥാപിച്ചതിനുശേഷം ഏകദേശം 130 വര്‍ഷത്തേക്ക് ക്രിസ്തുമതത്തെയും വിശ്വാസത്തെയും ഉപദ്രവിച്ചിരുന്നില്ല. ഒരൊറ്റ നിര്‍ബന്ധം മാത്രം: നികുതികള്‍ കൃത്യമായി അടച്ചിരിക്കണം. പക്ഷേ, 850 ഓടെ സ്ഥിതിയാകെ മാറി. മത പീഡനത്തിന്റെ ഒരു കാലഘട്ടം ആരംഭിച്ചു. വിശ്വാസം സംരക്ഷിക്കാനായി അനേകര്‍ രക്തസാക്ഷികളായി. ഈ സമയം വി. എവുളോജിയസ് പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും വഴി, തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ക്രിസ്ത്യാനികള്‍ക്കു ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു.
അദ്ദേഹം രചിച്ച മൂന്നു കൃതികള്‍ അന്നു പ്രചാരം നേടിയിരുന്നു. (1) "Exhortation to Martyrdom". അടിമയാക്കപ്പെടുമെന്നു ഭയപ്പെട്ടിരുന്ന പെണ്‍കുട്ടികളായ ഫ്‌ളോറയ്ക്കും മേരിക്കും ധൈര്യം നല്‍കിയത് ഈ കൃതിയാണ്. (2) "Memorial of the Saints". രക്തസാക്ഷികളുടെ കുറ്റവിചാരണകളായിരുന്നു ഈ കൃതിയില്‍. (3) "Apologia". വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ധീരതയോടെ മരണം ഏറ്റെടുക്കുന്ന രക്തസാക്ഷികളെ അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു ഈ ഗ്രന്ഥം.
858 ല്‍ ടൊളഡോയിലെ മെത്രാപ്പോലീത്ത ദിവംഗതനായി. വി. എവുളോജിയസാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ, സ്ഥാനാരോഹണത്തിനു തൊട്ടുമുമ്പ് അദ്ദേഹം തടവിലാക്കപ്പെട്ടു. ഇസ്ലാംമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച ഒരു സരസെന്‍ സ്ത്രീയ്ക്ക് – വി. ലെയോക്രീഷിയ – സംരക്ഷണം നല്‍കിയതായിരുന്നു അദ്ദേഹത്തിനുമേല്‍ ചുമത്തിയ കുറ്റം. മുഹമ്മദ് നബിയുടെ തത്ത്വസംഹിതകളിലെ കുറവുകള്‍ എടുത്തുകാട്ടി ഒരു അറബ് ജഡ്ജിയെ മാനസാന്തരപ്പെടുത്താനുള്ള ഈ പുണ്യവൈദികന്റെ ശ്രമം അക്ഷരാര്‍ത്ഥത്തില്‍ മരണം തന്നെ വിളിച്ചുവരുത്തി. 859 മാര്‍ച്ച് 11 ന് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org