പോള്‍ തേലക്കാട്ട്
സ്പിനോസ എന്ന യഹൂദ ചിന്തകന്‍ എഴുതി, ''വിശിഷ്ടമായതെല്ലാം വിഷമകരമാണ്.'' മനുഷ്യന്‍ തന്നെയാണ് ഏറ്റവും വിശിഷ്ടസൃഷ്ടി. മനുഷ്യന്‍ ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ നിരന്തരം തന്റെ വൈശിഷ്ട്യം വെളിവാക്കി സൃഷ്ടിക്കുന്നു. ഓരോ മനുഷ്യനും സ്വന്തം ജീവിതത്തിന്റെ വൈശിഷ്ട്യം സൃഷ്ടിക്കുകയാണ്. മനുഷ്യന്‍ ആകാശത്തേക്ക് വിമാനം പറത്തുന്നു; ആകാശംമുട്ടുന്ന ആലയങ്ങളും ദേവാലയങ്ങളും കെട്ടിപ്പൊക്കുന്നു. മനുഷ്യന്റെ സൃഷ്ടിയുടെ രണ്ടു മണ്ഡലങ്ങളാണ് ശാസ്ത്രവും കലകളും. അവിടെയൊക്കെ നിരന്തരമായി പുതിയ സൃഷ്ടികള്‍ ഉണ്ടാകുന്നു. ''ശാസ്ത്രങ്ങള്‍ക്ക് ഉത്തരങ്ങളുണ്ട്; കലകള്‍ക്ക് ചോദ്യങ്ങള്‍ മാത്രം'' എന്ന് ഹൈഡഗര്‍ എഴുതി. വലിയ സാഹിത്യകാരന്മാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഒഴിയാബാധയായി നമ്മെ ആവസിച്ച് ഉന്നതവും ഉദാത്തവുമായ സൃഷ്ടികള്‍ മനുഷ്യന്‍ ജീവിച്ചുണ്ടാക്കുന്നു.
''സൃഷ്ടിയുടെ വ്യാകരണങ്ങള്‍'' (Grammers of Creation) എന്നത് ജോര്‍ജ് സ്‌റ്റെയ്‌നറുടെ പുസ്തകമാണ്. ഒരു ഇലയെടുത്ത് പരിശോധിച്ചാല്‍ അതില്‍ സങ്കീര്‍ണ്ണമായ നാരുകളുടെ ഒരു വല കാണാനാവും - അത് ഇലയുടെ വ്യാകരണമാണ്. മനുഷ്യന്റെ തലച്ചോറാണ് ഏറ്റവും സങ്കീര്‍ണ്ണമായ സൃഷ്ടി എന്ന് പറയുന്നു. അതിലെ കോശങ്ങള്‍ അതീവ സങ്കീര്‍ണ്ണമായ സംബന്ധത്തിലാണ്. ഈ സങ്കീര്‍ണ്ണതയാണ് നമ്മുടെ ബോധവും ചിന്തയും ഓര്‍മ്മയും സങ്കല്പങ്ങളും ഉണ്ടാക്കുന്നത്. വളരെ സ്വാഭാവികമായും അനായസവും പറയുന്ന ഭാഷയ്ക്ക് വളരെ സങ്കീര്‍ണ്ണമായ വ്യാകരണമുണ്ട്. ഒരു കളിയുടെ നിയമം പോലെയാണ് ഭാഷയുടെ വ്യാകരണം. ഭാഷാകേളിയിലാണ് നാം സംസാരിക്കുമ്പോഴും മറ്റുള്ളവരുമായി സംഭാഷിക്കുമ്പോഴും. ദൈവം മരിച്ചു എന്നു പറഞ്ഞ നീഷേ തന്നെ പിന്നീട് എഴുതി, ''ദൈവത്തെ ഉപേക്ഷിക്കാനാകുമെന്നു ഞാന്‍ കരുതുന്നില്ല; കാരണം, ഇപ്പോഴും നാം വ്യാകരണത്തില്‍ വിശ്വസിക്കുന്നു.''
സാഹിത്യം ഹോമറില്‍ ജനിച്ചു എന്ന് പറയാറുണ്ട്. പക്ഷേ, ഹോമറിന് മുമ്പും മനുഷ്യസമൂഹങ്ങള്‍ ഉണ്ടായിരുന്നു. മനുഷ്യസമൂഹങ്ങള്‍ എല്ലാ കാലത്തും എവിടെയും പാട്ടുപാടിയിരുന്നു. സംഗീതമില്ലാത്ത മനുഷ്യസമൂഹം ഉണ്ടായിട്ടില്ല. മനുഷ്യര്‍ പാടി, മനുഷ്യര്‍ പറഞ്ഞു. രണ്ടിനും വളരെ വ്യക്തമായ വ്യാകരണമുണ്ട്. അവര്‍ താളലയങ്ങളില്‍ പാടി പറഞ്ഞു. മനുഷ്യമനസ്സിന്റെ ചിന്തയുടെ സംഗീതമായിരുന്നു വ്യാകരണം. ഈ സംഗീതത്തിന്റെ വ്യാകരണം നമ്മുടെ മജ്ജയിലും മാംസത്തിലും ഉണ്ട്. നാം എന്തു സൃഷ്ടിക്കുമ്പോഴും അതിന്റെ വ്യാകരണ സംഗീതമാണ് സൃഷ്ടിക്കുന്നത്.
സാഹിത്യം ഹോമറില്‍ ജനിച്ചു എന്ന് പറയാറുണ്ട്. പക്ഷേ, ഹോമറിന് മുമ്പും മനുഷ്യസമൂഹങ്ങള്‍ ഉണ്ടായിരുന്നു. മനുഷ്യസമൂഹങ്ങള്‍ എല്ലാ കാലത്തും എവിടെയും പാട്ടുപാടിയിരുന്നു. സംഗീതമില്ലാത്ത മനുഷ്യസമൂഹം ഉണ്ടായിട്ടില്ല.
സൃഷ്ടിക്കപ്പെട്ടതൊക്കെയും അതിന്റെ സ്രഷ്ടാവിന്റെ സാന്നിധ്യം സൃഷ്ടിയില്‍ എഴുതപ്പെടാതെ തെളിയുന്നു. അതുകൊണ്ട് സൃഷ്ടങ്ങള്‍ സ്രഷ്ടാവിനെ വിളിച്ചു പറയുന്നു, സൃഷ്ടി വ്യാകരണത്തിന്റെ പണിയാണ്. ഈ വ്യാകരണപണിയാണ് മനുഷ്യന്‍ എപ്പോഴും നടത്തുന്നത്. ''ജ്യോമിട്രി അറിയാത്തവന്‍ ഇവിടെ പ്രവേശിക്കരുത്'' എന്ന് പ്ലേറ്റോ തന്റെ അക്കാദമിയുടെ മുമ്പില്‍ എഴുതിവച്ചു. റഷ്യന്‍ സാഹിത്യകാരന്മാരായ ടോള്‍സ്‌റ്റോയ്, ദെസ്തയേവ് സ്‌കി എന്നിവരെ പഠിച്ച സ്‌റ്റെയ്‌നര്‍ എഴുതി, ''ഈ പ്രതിഭകള്‍ ജീവിക്കുന്ന ദൈവത്തിന്റെ കൈകളിലേക്ക് വീണു'' ദൈവത്തിന്റെ ഉപകരണങ്ങളായി. അവര്‍ ദൈവത്തെ തങ്ങളുടെ രചനകളില്‍ എഴുതാതെ എഴുത്തില്‍ പ്രകാശിപ്പിച്ചു. അതിബൃഹത്തായ ലോകത്തിന്റെ നെയ്ത്തില്‍ ദൈവത്തിന്റെ അതിഭൗതിക സാന്നിധ്യം തെളിഞ്ഞുനില്‍ക്കുന്നു. അതുപോലെ കവിവചനത്തില്‍ ''വചന''ത്തിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍ അത് പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിധേയമായ തെളിവല്ല. കലാകാരന്റെ സര്‍ഗാത്മകത ദൈവത്തിന്റെ സൃഷ്ടിപരതയുടെ കണ്ണാടിയായി മാറുന്നു
ഒരു കലാകാരന്റെ മനോഹരമായ കാവ്യശില്‍പത്തില്‍ പറയുന്ന കാര്യങ്ങളുടെ പിന്നില്‍ പറയാതെ നില്‍ക്കുന്ന സാന്നിധ്യമുണ്ട്. എഴുതപ്പെടാതെ നില്‍ക്കുന്ന ദൈവസാന്നിധ്യം കാവ്യഘടനയുടെ അനിവാര്യതയാണ് എന്നാണ് സ്‌റ്റെയ്‌നര്‍ വാദിക്കുന്നത്. കുമാരനാശാന്റെ 'പ്രരോദനം' എന്ന കവിത നക്ഷത്രങ്ങളെ നോക്കി മുകളിലേക്ക് പറക്കുന്ന ഒരു മിന്നാമിനുങ്ങിന്റെ കഥയാണ്. ഇത് ഏതു മനുഷ്യന്റെയും ഉയരാനുള്ള വാഞ്ഛയുടെ നെടുവീര്‍പ്പാണ്. ഇതില്‍ എഴുതപ്പെടാതെ ദൈവസാന്നിധ്യം നിലകൊള്ളുന്നു.
ഉംബര്‍ട്ടോ എക്കോയുടെ വിശ്വപ്രസിദ്ധ നോവലാണ് 'The Name of the Rose' - റോസാപ്പൂവിന്റെ പേര്. യേശുവിന് പണസഞ്ചിയുണ്ടായിരുന്നോ എന്ന ചോദ്യത്തില്‍ രണ്ട് നിലപാടുകള്‍ ഉണ്ടായി. അവര്‍ തമ്മിലുള്ള സംഘട്ടന കഥയാണ്, രണ്ടു സന്യാസസമൂഹങ്ങള്‍ സഭയില്‍ നടത്തിയ സംഘട്ടനം. അത് പറഞ്ഞുതീര്‍ക്കാന്‍ കൂടിയ കോവേന്ത കത്തിച്ചാമ്പലാകുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത്. ഇത് എഴുതുന്ന സന്യാസി അവസാനം എഴുതി ''state rosa pristina, nomine nuda tenemur''-''ഇന്നലത്തെ റോസ അതിന്റെ പേരില്‍ മാത്രം നിലകൊള്ളുന്നു. നാം ശൂന്യമായ പേരുകളെ പുല്‍കുന്നു.'' പന്ത്രണ്ടാം നൂറ്റാണ്ടിലെ ബര്‍ണാര്‍ദ് എന്ന സന്യാസിയുടെ വാക്യമാണിത്. ഭാഷ ഇല്ലാത്തതും ഉള്ളതും പറഞ്ഞുണ്ടാക്കുന്നു - പേരുകളിലൂടെ മാത്രം. ഈ കഥയില്‍ ഒന്നും ഒരിടത്തും പറയാത്തതു പറയുന്നു. അതിന്റെ അഭാവത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകുന്നു. ആ പേരാണ് പറയാതെ പറയുന്നത്.
ടി എസ് എലിയറ്റിന്റെ 'തരിശുഭൂമി' രണ്ടു ലോക മഹായുദ്ധങ്ങളില്‍ തകര്‍ന്ന ഒരു ലോകത്തിന്റെ കഥ പറയുന്നു. അത് ഇങ്ങനെ അവസാനിക്കുന്നു, ലണ്ടന്‍ പാലം തകരുന്നു, തകര്‍ന്നു വീഴുന്നു, തകര്‍ച്ചയുടെ അവശിഷ്ടങ്ങള്‍ ഞാന്‍ ശേഖരിക്കുന്നു. ദത്ത, ദയത്വം, ദമ്യത'' അവസാനത്തെ മൂന്നു വാക്കുകള്‍ ബൃഹദാരണിക ഉപനിഷത്തില്‍ നിന്നാണ്. അത് ഇടിവെട്ടിന്റെ വേദമാണ്. ഇടിവെട്ടി മഴ പെയ്യുന്നതാണ് സങ്കല്‍പ്പിക്കുന്നത്. അവിടെ പെയ്തിറങ്ങുന്നത്. ദാനം പെയ്യുക, സംയമനം പാലിക്കുക, കരുണ കാണിക്കുക എന്നതാണ്. പ്രസാദവര്‍ഷമാണ് കവി കല്‍പ്പിക്കുന്നത്. ഈ സാഹിത്യ സൃഷ്ടിയുടെ പിന്നില്‍ അതിന്റെ അധിനാഥന്‍ നിശ്ശബ്ദനായി സന്നിഹിതനാകുന്നു.