ചിന്താജാലകം

എന്ത് നേടി ?

പോള്‍ തേലക്കാട്ട്‌
  • പോള്‍ തേലക്കാട്ട്

ജീവിതംകൊണ്ട് എന്തു നേടി? ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. ചോദ്യം മഥിക്കുന്നതായിരുന്നു. എന്താ നേടിയത്? നേടാനായിരുന്നോ ജീവിതം? നേടിയ ഒന്നിന്റെയും കണക്കു പറയാനില്ല, പണത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ, പിന്നെ എന്തിനു ജീവിച്ചു? അമ്പരിപ്പിക്കുന്ന ചോദ്യം? വെറുതെ ജീവിച്ചു എന്നു പറയാം. കളിക്കുന്നതു കളിക്കാന്‍ വേണ്ടി മാത്രമല്ലേ? ലക്ഷ്യങ്ങള്‍ കളിക്കു പുറത്തായാല്‍ കളി അതു നശിപ്പിക്കും, കളി കളിയല്ലാതായി വ്യവസായമാകും. ജീവിതം കൈവിട്ടകളിയായിരുന്നു. ഏറെ ഗൗരവത്തോടെ കളിക്കേണ്ടതു കളി മാത്രമാണ്. എല്ലാം മറന്നു കളിക്കുന്നതാണ് നല്ല കളി.

അവിടെയാണ് കളിയുടെ കാര്യം. യേശു ജീവിതമാണ് പഠിപ്പിച്ചത്. ജീവിതകേളിയെക്കുറിച്ച് യേശു പഠിപ്പിച്ച ഏക വലിയ കാര്യം കാപട്യമില്ലാതെ കളിക്കണം എന്നതാണ്. സത്യസന്ധമായി കളിക്കണം. അവിടെ കഴിവ് അപ്രധാനമല്ല. പക്ഷെ, അതു ദാനമാണ്. എന്നാല്‍ കഴിവിനോടുള്ള സമര്‍പ്പണമാണ് വളരെ പ്രധാനം. അതു ജീവിതത്തെ കാര്‍ന്നു തിന്നുന്നു. നിര്‍വ്യാജമായി കളിക്കുകയെന്നതാണ് കളിയുടെ പുണ്യം. അതില്‍ സൂതാര്യത അഥവാ സത്യസന്ധതയാണ് പരമപ്രധാനം.

കാപട്യമില്ലാത്ത ഇസ്രായേല്‍ക്കാരനെ യേശു പുകഴ്ത്തി. കാപട്യമില്ലാത്ത കളി അവനെയോ അവരെയോ അനുകരിക്കുന്നതാകില്ല. സ്വയം കളിക്കുകയാണ്. പക്ഷെ, ഞാന്‍ എന്നെ അനുസരിച്ചാണ് കളിക്കുന്നത്. അകത്തുനിന്നുള്ള പ്രേരണയാലാണ് കൈകാലുകള്‍ ചലിക്കുന്നതും സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കളി അകത്തുനിന്നാണ്. അതു അകത്തുനിന്നുള്ള വിലാസമാണ്. ഞാനാണ് വിലസിക്കുന്നത്, കളിയിടത്തില്‍. പക്ഷെ, ഞാന്‍ കേള്‍ക്കുന്നതും അഥവാ അനുസരിക്കുന്നതും എന്നിലെ ചോദനകളാണ്. അതു ഞാന്‍ എന്ന അഹത്തിന്റെ അഹങ്കാരചോദനകളാണോ? അങ്ങനെയാണ് എന്ന് ആരും പറയില്ല. എന്നില്‍ ഞാനല്ലാത്തതു മന്ത്രിക്കുന്നു.

എന്റെ വിധികളാണ് എന്നെ ഉണ്ടാക്കുന്നത് - എന്റെ നിലപാടുകള്‍.

ജീവിതത്തിന്റെ ആഴമറിയുന്നതാണ് മനുഷ്യജീവിതത്തെ ഉയര്‍ത്തുന്നത്. ഞാന്‍ എന്നെ കേട്ടാണ് ജീവിക്കുന്നത്, അതു ശ്രദ്ധയാണ്, ശ്രവണമാണ് - ആന്തരികത. ജര്‍മ്മന്‍ ചിന്തകനായ എമ്മാനുവേല്‍ കാന്റ് ''അദ്ഭുത പരതന്ത്രനായത്'' ''തന്നിലെ ധാര്‍മ്മികത'' തിരിച്ചറിഞ്ഞാണ്. എന്നെ ശ്രദ്ധിക്കുമ്പോള്‍ എന്നെ കേള്‍ക്കുന്നു എന്നു പറയാം. പക്ഷെ, അത് എന്റെ സ്വാര്‍ഥതയുടെ അഹങ്കാര ശ്രവണമല്ല. അഹത്തിനതീതമായ ആന്തരികത, അത് എന്നെ പ്രശംസിക്കും, കുറ്റപ്പെടുത്തും, തെറ്റി എന്ന് എന്നോട് പറയും, സ്വപ്‌നങ്ങള്‍ കാണിക്കും, പ്രോത്സാഹിപ്പിക്കും. എന്നില്‍ ഞാനല്ലാത്തത് ഉണ്ട് എന്നാണ് ഞാന്‍ തിരിച്ചറിയുന്നത്. മാത്രമല്ല, എന്നെക്കാള്‍ കൂടുതല്‍ എന്നിലുണ്ട്. പേരില്ലാത്ത എന്തോ എന്നിലുണ്ട്, അതാണ് എന്റെ ശക്തി.

ഇതു ഞാന്‍ എന്ന അസ്തിത്വത്തിന്റെ ആധാരമാണ്. അതു തന്നെയാണ് ഞാന്‍ എന്ന പ്രതിഭാസത്തിന്റെ വിലാസമുണ്ടാക്കുന്നത്. അതാണ് പ്രപഞ്ച കേളിയുണ്ടാക്കുന്നത്. ഇതിനു പല പേരുകള്‍ ചരിത്രം നല്‍കിയിട്ടുണ്ട്. ''പിതാവും ഞാനും ഒന്നാണ്'' എന്നു യേശു പറഞ്ഞത് ഇതിനെപ്പറ്റിയാണ്. ഇതു സ്വാഭാവികമായി തോന്നാം. പക്ഷെ, പ്രകൃതിയുടെ സ്വാഭാവികതയല്ല; അതിസ്വാഭാവികതയാണ്. എന്നില്‍ തിളച്ചു മറിയുന്ന് എന്ത് എന്ന് എനിക്കു കൃത്യമായി പറയാനാവില്ല. നുരഞ്ഞു പൊങ്ങുന്നത് മഴ പോലെ വന്നു സംഭവിക്കുകയാണ് - ദാനമായി വരുന്ന വര്‍ഷം. അത് എന്റെ ഭാഷയാണ്, എന്റെ കര്‍മ്മങ്ങളാണ്. നുരഞ്ഞു പൊങ്ങുന്നതില്‍ എന്റെ വിവേക ചിന്തയും വിധിയുമുണ്ട്.

മാത്രമല്ല ഓര്‍മ്മയും ഭാവിയുടെ പ്രതീക്ഷകളുമുണ്ട്. എന്റെ വിധികളാണ് എന്നെ ഉണ്ടാക്കുന്നത് - എന്റെ നിലപാടുകള്‍. ഈ നിലപാടുകള്‍ ഞാന്‍ എടുക്കുന്നതാണ്, പക്ഷെ, അത് എന്റെ നിലപാടുകളാകുമ്പോഴും എന്റെ മനസ്സാക്ഷിയുടെ അനുസരണമാകുമ്പോഴാണ് ഞാന്‍ സത്യസന്ധനാകുന്നത്. ഞാന്‍ എന്നെ അനുസരിക്കുന്നതാണ് എന്നു തോന്നും. പക്ഷെ, അനുസരിക്കുന്ന ഞാന്‍, എന്നെ വിധിക്കുന്ന ഞാനുമാണ്. പതിനഞ്ചു കൊല്ലം സഭയുടെ വക്താവായിരുന്നു. പിന്നെയും സഭയുടെ ശബ്ദമാകാന്‍ വിളിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ പറയുന്നതിന്റെ പിന്നില്‍ എന്റെ മിടുക്കു കാണുന്നവരുണ്ട്. പക്ഷെ, അതൊക്കെ ആലിപ്പഴം പോലെ വീണുകിട്ടുന്നതാണ്.

ഞാന്‍ വായിക്കുന്നവനായിരുന്നു. സമൂഹത്തില്‍ നടക്കുന്ന തിന്റെ വ്യാഖ്യാനങ്ങളും വായിച്ചറിയുന്നു. ധാരാളം ചിന്തകരും കലാകാരന്മാരുമായി നിരന്തരം സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു. അവര്‍ പഠിപ്പിക്കുന്നു, ചോദ്യം ചെയ്യുന്നു, രസിപ്പിക്കുന്നു, ഉണര്‍ത്തുന്നു, ഉയര്‍ത്തുന്നു. അവര്‍ സമൃദ്ധമായി തന്നു. പ്രാര്‍ഥിച്ചു, പ്രാര്‍ഥന ശ്രദ്ധയും ശ്രവണവുമായിരുന്നു. ചില സാഹചര്യത്തില്‍ ഞാനറിയാതെ ശക്തമായ ആശയങ്ങള്‍ എന്നില്‍ ഉറകൊണ്ടു, ഞാന്‍ സംസാരിച്ചു. അവയൊക്കെ ദാനങ്ങളായിരുന്നു; ദാനമായി കിട്ടി ദാനമായി വിളമ്പി. ചിലപ്പോള്‍ മനസ്സ് മരവിച്ചുപോയിട്ടുണ്ട്, മനസ്സ് ശൂന്യമായിപ്പോയി, മിണ്ടാതിരുന്നു. ചിലപ്പോള്‍ പറഞ്ഞതു നന്നായില്ല, പാളിപ്പോയി. പിന്നീട് അതു മനസ്സിലാക്കി. ഇവിടെയൊക്കെ ഒരഹങ്കാരം എനിക്ക് അവശേഷിച്ചു. ഞാന്‍ എന്നോട് നുണ പറഞ്ഞില്ല.

ഞാന്‍ എന്നോട് നുണ പറഞ്ഞാല്‍ പിന്നെ ഞാനില്ല. അത് എന്നെ ഞാന്‍ കൊല്ലുന്നതാണ്. 'സഭാസ്‌നേഹികള്‍' എന്നെ കല്ലെറിഞ്ഞിട്ടുണ്ട്. നുണ പറഞ്ഞ് ആരേയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ പേരില്‍ തല്ലുകൊണ്ടിട്ടുണ്ട്. തല്ലു കൊണ്ടപ്പോഴും ആത്മാവില്‍ ഒരു സുഖമുണ്ടായിരുന്നു. പലപ്പോഴും ധാര്‍മ്മികരോഷമായിരുന്നു എന്റെ ഇന്ധനം. എത്ര കത്തിയാലും അത് തീരില്ല. ചിന്തയുടെ പുണ്യം എന്റെ വിലാസത്തിന്റെ ഒരു സ്വഭാവമായിരുന്നു. ഓരോ മനുഷ്യനും ജനിക്കുന്നത് അവന്റെ തനിമയുടെ വിത്തുകളുമായിട്ടാണ്. ഞാന്‍ കറുത്തവനാണ്, പക്ഷെ, ഞാന്‍ എന്നെ വെള്ളപൂശാന്‍ ശ്രമിച്ചിട്ടില്ല. പ്രസാദങ്ങള്‍ വിളമ്പിയപ്പോള്‍ എന്റെ നിറം വന്നതില്‍ ക്ഷമിക്കുക. ജീവിതത്തിന്റെ അവസാനഘട്ടം ഉതപ്പുകള്‍ അനവധി കണ്ട കഷ്ടകാലമായിരുന്നു. അധികാരകാമം പൊട്ടിയൊലിച്ചു ദൈവമരണം ഉണ്ടാക്കി. അവയെ നോക്കി വിലപിച്ചു. പക്ഷെ, അതു മറ്റൊരു വെളിവായി. കഷ്ടകാലത്തു ചിന്തയുടെ ഭക്തി നിയോഗമായി മാറിയോ? പരമഹിതത്തിലേക്കു എത്തിനോക്കാന്‍ മാത്രം കഴിയുന്നവനു ശ്രദ്ധയും ശ്രവണവും മാത്രം, ഉറപ്പുകളില്ല. ശ്രവിച്ചതിലും പറഞ്ഞതിലും പിഴച്ചത് എനിക്കു മാത്രം. മാപ്പ്.

ക്രൈസ്തവമര്‍ദ്ദനത്തിനെതിരെ കാര്‍ക്കശ്യം വേണമെന്നു യൂറോപ്യന്‍ യൂണിയനോടു സഭ

ഗാസയില്‍ പുതിയ ആശുപത്രിയുള്‍പ്പെടെ വാഗ്ദാനം ചെയ്ത് ഇറ്റലിയിലെ കത്തോലിക്കാസഭ

തത്വശാസ്ത്രചിന്തകള്‍ക്ക് വിശ്വാസജീവിതത്തെ സഹായിക്കാനാകും: ലിയോ പതിനാലാമന്‍ പാപ്പാ

മരിയന്‍ ആധ്യാത്മികത ദൈവത്തിന്റെ ആര്‍ദ്രത വെളിപ്പെടുത്തുന്നു

കാണാതെ പോകരുതേ, വരുംകാലങ്ങളിലെ ദുരിതക്കനലാട്ടങ്ങളുടെ മിന്നായക്കാഴ്ചകള്‍!