പോള്‍ തേലക്കാട്ട്
എല്ലാ മനുഷ്യര്‍ക്കും രണ്ടു പ്രത്യേകതകളുണ്ട്. ഒരു മനുഷ്യന്‍ മറ്റു മനുഷ്യരുടെ പലമയില്‍ ഒരുവനായി ജീവിക്കുന്നു. എല്ലാവരുടെയും ഇടയില്‍ അവരില്‍ ഒരുവനായി എന്നാല്‍ സമനായി ജീവിക്കുന്നു. സമത്വബോധത്തിന്റെ പലമയിലാണ് ജീവിക്കുന്നത്. ആരും ആരുടേയും അടിമയല്ല, മേലാളുമല്ല. സാമൂഹികവും രാഷ്ട്രീയവുമായി സമത്വബോധത്തില്‍ നിയമത്തിന്റെ മുമ്പില്‍ തുല്യരായി ജീവിക്കുന്നു. ഈ സമത്വം അംഗീകരിക്കുന്നതോടൊപ്പം ജന്മത്തിന്റെ വര്‍ഗമഹത്വം ഈ ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ല. പഴയ ബ്രാഹ്മണ്യത്തിന്റെ കാലം കഴിഞ്ഞു. മനുഷ്യന്റെ വ്യക്തിമഹത്വം അവന്റെ കര്‍മ്മത്തിലാണ്, ജന്മത്തിലല്ല.
എന്നാല്‍ സമന്മാരായിരിക്കുമ്പോഴും നാം ഭിന്നരാണ്. ഞാന്‍ മറ്റുള്ളവരോടൊത്തു തുല്യതാബോധത്തോടെ ജീവിക്കണം എന്നു പറയുമ്പോഴും എനിക്ക് ഈ ലോകത്തില്‍ വേറൊരു പതിപ്പില്ല, കോപ്പിയില്ല. ഞാന്‍ ഞാനാണ്, എനിക്കു മറ്റാര്‍ക്കുമില്ലാത്ത തനിമയുണ്ട്. താരതമ്യങ്ങള്‍ നടത്താമെങ്കിലും ഞാന്‍ താരതമ്യത്തിനതീതനാണ്, വ്യത്യസ്തനാണ്. ഈ തനിമ പ്രകാശിതമാകുന്നത് മറ്റുള്ളവരുടെ ഇടയിലാണ്. പലരുടെ ഇടയില്‍ ഞാന്‍ ജീവിച്ചു വിലസിക്കുകയാണ്. എത്ര നിസ്സാരനായി തോന്നുന്നവനും ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മറ്റുള്ളവരുടെ ഇടയിലാകുമ്പോള്‍ അയാളുടെ തനിമ കാണപ്പെടാം, കാണാതെയുമിരിക്കാം. മനുഷ്യന്‍ വെളിവാകുന്നത് അയാളുടെ കര്‍മ്മങ്ങളിലൂടെയും ഭാഷണങ്ങളിലൂടെയുമാണ്. ഇത് എത്ര ഒളിഞ്ഞുള്ള ജീവിതമായാലും കുടുംബത്തില്‍ നിന്നു സമൂഹത്തിലേക്ക് അതു പടരും. എന്റെ തനിമ വെളിവാകുന്ന നടപടികളും ഭാഷണങ്ങളും സമൂഹത്തില്‍ കാണപ്പെടുമ്പോള്‍ അതു രാഷ്ട്രീയവുമാകും. അവിടെ വ്യക്തികള്‍ തങ്ങളുടെ വ്യക്തി വൈശിഷ്ട്യം പ്രകടമാക്കും. അതു സാവധാനമാണ് പുറത്തേക്കു വരുന്നത്. അത് ആകസ്മികമായും സ്വാഭാവികമായും കലാപരമായും എല്ലാം പ്രകാശിതമാകും.
വൈശിഷ്ട്യം എന്നതു മറ്റുള്ളവരില്‍ നിന്നു ഭിന്നമായി പ്രകാശിതമാകുന്ന തനിമയാര്‍ന്ന ഒരു ശോഭയാണ്. അതു ശാരീരികമായ സൗന്ദര്യം മാത്രമല്ല പെരുമാറ്റത്തിലെയും ഭാഷണത്തിലെയും സൗന്ദര്യം ശ്രദ്ധിക്കപ്പെടും. ഇതൊക്കെ പ്രകാശിതമാകുന്നത് ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളിലോ ആശ്ചര്യകരമായ ഇടപെടലിലോ ആകാം. സമൂഹത്തിനുള്ളിലെ ഒന്നിച്ചുള്ള സംസാരത്തിലോ കര്‍മ്മങ്ങളിലോ ആകാം. ഒന്നിക്കാനും ഒന്നിപ്പിക്കാനുമുള്ള കഴിവ് ശ്രദ്ധിക്കപ്പെടും. സമൂഹത്തിലെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള താല്‍പര്യവും ഉത്സാഹവും നിസ്സാരമല്ല. ഈ ഒന്നാകാനും ഒന്നിപ്പിക്കാനും ഒന്നിച്ചു പോകാനുമുള്ള താല്‍പര്യവും അതിന്റെ ശ്രദ്ധയും നിസ്സാരമല്ല. സമൂഹത്തില്‍ വളരെ ഇണങ്ങുന്നവരും ഇണക്കുന്നവരും പിണങ്ങുന്നവരും പിണക്കുന്നവരുമുണ്ടാകുമല്ലോ.
സ്ഥിരമായി വഴക്കാളികളും സ്ഥിരമായി ക്രമരാഹിത്യം പ്രകടമാക്കുന്നവരും സമൂഹത്തില്‍നിന്നു മാറി നടക്കുന്നവരാകാം. ഈ വിരുദ്ധഭാവങ്ങള്‍ ഉണ്ടാകുന്നതു മനസ്സിന്റെ ജീവിതത്തിലാണ്. മനസ്സിലാണ് സ്‌നേഹവും സ്പര്‍ദയും ജനിക്കുക. ജീവിതം നിയന്ത്രിക്കുന്നതു മനസ്സാണ് - മനസ്സിന്റെ ജീവിതമാണ് സാവധാനം സമൂഹത്തിലേക്കു വിലസിതമാകുന്നത്. ഇവിടെയാണ് നാം സര്‍വസാധാരണമായി ഉപയോഗിക്കുന്ന പൊതുബോധം (common sense) എന്നതിന്റെ പ്രസക്തി. ഇല പച്ചയാണ്, 4+4=8 എന്നിവയൊക്കെ പൊതുബോധത്തിന്റെ പ്രശ്‌നങ്ങളാണ്. എല്ലാവരും ഇല പച്ചയാണ് എന്നു പറയുന്നതുപോലെയും 4+4=8 എന്നത് എല്ലാവരും കൂട്ടുമ്പോലെയും ആകുമ്പോഴാണ് ഒരാള്‍ പൊതുബോധത്തില്‍ വരുന്നത്. പൊതുബോധം തെറ്റിക്കുന്നത് അറിയാത്തതുകൊണ്ടാകാം. പൊതുബോധത്തോടു വിയോജിക്കുന്നവരുണ്ടാകാം. കുറ്റകൃത്യങ്ങള്‍ വ്യാകരണപ്പിശകുകളാണ്.
സമൂഹത്തില്‍ സാധകമായി ശ്രദ്ധിക്കപ്പെടുന്നത് ഒന്നിച്ചു പ്രവര്‍ത്തിക്കാനും സഹകരിക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും കഴിയുമ്പോഴാണ്. ഇതു പരസ്പരമുള്ള ധാരണയുടെ ഫലമാണ്. ഇവിടെ ഈ പരസ്പര്യം ഒരു ബലപ്രയോഗവുമില്ലാത്തതും സ്വതന്ത്രവും സന്തോഷപ്രദവുമായ നടപടികളാണ്. ഇവിടെ പ്രധാനം മനുഷ്യര്‍ സ്വാര്‍ഥരായി സ്വന്തം കാര്യം മാത്രം നോക്കുന്നവരാകാതെ പരസ്പരം കരുതലും കാരുണ്യവും ശ്രദ്ധയുമുള്ളവരാകുമ്പോഴാണ്. സമൂഹത്തില്‍ ഒന്നിക്കാനും സഹകരിക്കാനും സ്വാഭാവികമായ സമ്മര്‍ദമുണ്ട്. അതു സന്തോഷപൂര്‍വം സ്വീകരിക്കുന്നവരുമുണ്ട്.
സമൂഹത്തില്‍ സാധകമായി ശ്രദ്ധിക്കപ്പെടുന്നത് ഒന്നിച്ചു പ്രവര്‍ത്തിക്കാനും സഹകരിക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും കഴിയുമ്പോഴാണ്. ഇതു പരസ്പരമുള്ള ധാരണയുടെ ഫലമാണ്.
സാമൂഹിക ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നത് സാധാരണമായി അനുകരണാജനകമായ സ്പര്‍ദയില്‍ പരസ്പരം അനുകരിക്കുന്നവര്‍ വൈരികളായി മാറുന്നതാണ്. ഇതു പരമ്പരാഗതമായി പരിഹരിക്കുന്നത് ആരെയെങ്കിലും ബലിയാടുകളായി പുറത്താക്കിയോ ബലി ചെയ്‌തോ കുറ്റവാളിയാക്കിയോ ആണ്. ലോകത്തിനുള്ളിലെ ജീവിതവും മാനസികജീവിതവും പരസ്പരം യോജിക്കാതാകുമ്പോഴാണ് ചിന്തകരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുണ്ടാകുന്ന സംഘര്‍ഷം. ജീവിതത്തിന്റെ അസ്തിത്വപ്രശ്‌നത്തെ താത്വികമായി പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴാണ്, ചന്തയിലെ അഭിപ്രായങ്ങളും ചിന്തകന്റെ ചോദ്യങ്ങളും പരസ്പരം ശണ്ഠയിലാകും. ചിന്തകന്‍ സാമൂഹികമായ പാരമ്പര്യങ്ങളും പരിചിതമായ മാമൂലുകളും ചോദ്യം ചെയ്യാം. സോക്രട്ടീസ് അങ്ങനെ ഒറ്റപ്പെട്ടവനായി. ചിന്തകന്‍ ചിന്തയുടെ മണല്‍ക്കാടിലായി സാമൂഹികമായി ഒറ്റപ്പെടാം. ആയിരിക്കേണ്ട ലോകം ഇല്ല, ആയിരിക്കുന്ന ലോകം ജീവിക്കാനും കൊള്ളില്ല. അത് എത്തിച്ചേരുന്ന അര്‍ഥശൂന്യതയിലും ഒറ്റപ്പെടലിലുമാണ്. ജീവിക്കാന്‍ കൊള്ളില്ലാത്ത ലോകം നന്നാക്കി ജീവിക്കാനാവില്ല.
ജീവിതം എന്തിനു ആര്‍ക്കുമായി സമര്‍പ്പിക്കണം എന്നു നിശ്ചയിച്ച് ലോകത്തെ സ്‌നേഹിക്കുക മാത്രമാണ് കരണീയം. ലോകത്തില്‍ വിശിഷ്ടമായി ജീവിക്കുന്നവര്‍ ജീവിതത്തെ സാധകമായി കാണുന്നവരും മറ്റുള്ളവരുമൊത്തു പ്രവര്‍ത്തിക്കുന്നവരും സഹകരിച്ചു പുതിയ സംരംഭങ്ങള്‍ ഉണ്ടാക്കുന്നവരുമാണ്. ഇതു പരസ്പരമുണ്ടാക്കുന്ന ധാരണയുടെ സാത്വികഫലമാണ്. ഈ പാരസ്പര്യവും സഹകരണവും പുതുമയുടെ ഉണ്ടാക്കലിലൂടെയുമാണ്, ഒരു ബലപ്രയോഗവുമില്ലാത്തതും സ്വതന്ത്രവും സന്തോഷപ്രദവുമാണ്. ഇവിടെ സ്വന്തം കാര്യം മാത്രം നോക്കുന്നവരെയല്ല മറ്റുള്ളവരില്‍ ശ്രദ്ധയും കരുണയും സ്‌നേഹവുമുള്ളവരെയാണ് വിശിഷ്ടരായി സമൂഹം കാണുന്നത്. ശൂന്യതാവാദി എന്നു കരുതിയ നീഷേ എഴുതി: മനുഷ്യനായാല്‍ മറ്റു മനുഷ്യരുമായി ബന്ധത്തിലാകണം, ദാര്‍ശനികനായാല്‍ മനുഷ്യബന്ധങ്ങളുടെ ദാര്‍ശനികനാകണം. വ്യക്തി വൈശിഷ്ട്യത്തിന്റെ തനിമ മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയാണ്. ഇത് ആരെയും ആരും അധീനപ്പെടുത്തുന്നതല്ല. പൊതുബോധം ഉണരുന്നതും ഉയര്‍ത്തുന്നതും ധാര്‍മ്മിക വിചാരത്തിലാണ്. ഈ ഔന്നത്യം ഉണ്ടാക്കുന്നത് മഹത്വപൂര്‍ണ്ണമായ ഒരു ആത്മാഭിമാനമാണ്.