ചിന്താജാലകം

കണ്ണ് കുറ്റമറ്റതല്ലാതായാല്‍

പോള്‍ തേലക്കാട്ട്‌
  • പോള്‍ തേലക്കാട്ട്‌

ഒരു സംഘര്‍ഷം അഥവാ പ്രതിസന്ധി എല്ലാവരും കാണുന്നുണ്ടാകും. പക്ഷെ, എല്ലാവരും കാണുന്നത് ഒന്നുപോലെയാകണമെന്നില്ല. കാരണം കാണുന്നവിധം ഭിന്നമാകാം. കാഴ്ചപ്പാട് വസ്തുതയല്ലാതായി മാറാം. ബ്ലാക് പ്ലേഗിന്റെ വസന്തയുണ്ടായപ്പോള്‍ (1347-1351) യൂറോപ്പിലെ ക്രൈസ്തവര്‍ അതുണ്ടാക്കിയതു ബാക്ടീരിയയാണ് എന്ന് അറിയാതെ അതിനു യഹൂദരെ കുറ്റപ്പെടുത്തുകയും അവരെ വേട്ടയാടുകയും ചെയ്തുവെന്നതു ചരിത്രമാണ്. ആ പ്രതിസന്ധിയുടെ പേരില്‍ ധാരാളം യഹൂദര്‍ കൊല്ലപ്പെട്ടു. നാസ്സികള്‍ യഹൂദരെ ശത്രുക്കളായി കണ്ടുവെന്നു മാത്രമല്ല അവര്‍ ജീവിച്ചിരിക്കാന്‍ പാടില്ല എന്നു ശഠിച്ചു. അവരെ കൊന്നൊടുക്കാന്‍ ശ്രമിച്ചു. ഈ അക്രമം ഒരു ജനതയുടെ കണ്ണിലെ കടുത്ത വൈരത്തിന്റെ പാപമായിരുന്നു.

സീറോ മലബാര്‍ സഭയുടെ അധികാരകേന്ദ്രങ്ങളായിരുന്ന മേജര്‍ ആര്‍ച്ചുബിഷപ്, സിനഡ് എന്നീ അധികാരികളുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് വിയോജിക്കേണ്ടി വന്നു. അത് ഒരു ദീര്‍ഘമായ സമരമായി.

ഈ കാലഘട്ടത്തില്‍ ഈ സഭയിലെ ഒരു മെത്രാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അയച്ച കത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും അതിലെ വൈദികര്‍ക്കുമെതിരായി ഗൗരവതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. അതില്‍ ഉന്നയിക്കുന്ന ഒരു നിര്‍ദ്ദേശം ഈ അതിരൂപത ഭരിക്കാനാവാത്തവിധം വലുതാണെന്നും സുഗമഭരണത്തിന് പറ്റാത്തതാണെന്നും അതു വിഭജിക്കണമെന്നുമാണ്. (The Archeparchy of Ernakulam, the biggest eparchy in the Syro-Malabar Church, is really unwieldy for smooth administration, since it is situated in a large area (four districts) with different geographical cultures) മാത്രമല്ല അതിരൂപത മറ്റൊരു രൂപതയുമായി ശണ്ഠയിലാണ് എന്നും എഴുതി. ഈ കത്ത് വെളിച്ചത്തിലായി; അതിലെ ആരോപണങ്ങളെ വൈദികര്‍ വെല്ലുവിളിച്ചു. അവ നുണയാണ് എന്നു വ്യക്തമാക്കിയിട്ടും യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.

അതിരൂപത വിഭജിക്കണം എന്ന ആശയം ഒരു മെത്രാനുണ്ടായ ചിന്തയാണ്. അതിരൂപതയില്‍ ആരും അങ്ങനെ ചിന്തിക്കുന്നതായി അറിവില്ല. അതിനു കാരണമായി പറയുന്നത് അതിന്റെ വലിപ്പമാണ്. അഞ്ചുലക്ഷത്തിലേറെ വിശ്വാസികള്‍ നാലു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു, അതില്‍ 479 രൂപതാവൈദികരുമുണ്ട്. വലുതാണ്, ഭരിക്കാന്‍ പ്രയാസമായിരിക്കുന്നു എന്നത് അറിയിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയെയാണ്. ഈ അതിരൂപത മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ആസ്ഥാന അതിരൂപതയാണ്.

വിഭജിപ്പിച്ചും പരസ്പരം വിഭാഗീയത സൃഷ്ടിച്ചും എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കുന്ന ഏകാധിപത്യ ശൈലികള്‍ വളരുന്നു.

ഈ പദവി ഈ അതിരൂപതയില്‍ നിന്ന് എടുത്തുമാറ്റാന്‍ സിനഡിനുള്ളില്‍ നിന്നു നീക്കങ്ങളുണ്ടായി. എന്നാല്‍ വത്തിക്കാന്‍ അതിനു വഴങ്ങിയില്ല എന്നറിയുന്നു. മാര്‍പാപ്പ റോം അതിരൂപതയുടെ അധ്യക്ഷനാണ്. അതിനു 1,219 രൂപത വൈദികരുണ്ട്. 24.5 ലക്ഷം കത്തോലിക്കരുമുണ്ട്. ആ അതിരൂപതാധ്യക്ഷന്‍ കത്തോലിക്കാസഭ മുഴുവന്റെയും തലവനുമാണ്. റോം എന്ന അതിരൂപത വിഭജിക്കുന്ന കാര്യമല്ല സീറോ മലബാര്‍ മെത്രാന്‍ ആവശ്യപ്പെടുന്നത്.

വലിപ്പത്തിന്റെ പ്രശ്‌നം ഉന്നയിക്കുന്ന മെത്രാന്‍ മിലാന്‍ അതിരൂപതയ്ക്ക് 2450 രൂപത വൈദികരും 49.01 ലക്ഷം കത്തോലിക്കരുമുണ്ട് എന്നതു മറന്നോ? ബോംബെ അതിരൂപതയും എറണാകുളം-അങ്കമാലി അതിരൂപതപോലെ വലുതാണ്. അപ്പോള്‍ വലിപ്പം വിഭജിക്കാന്‍ കാരണമാണോ? ഈ അതിരൂപതയെ മറ്റൊന്നു വെറുക്കുന്നു. ഇതു ഗൗരവമായ പ്രശ്‌നമാണോ? ഇതിനു പ്രതിവിധി വിഭജനമാണോ? സീറോ മലബാര്‍ സഭയിലെ ഒരു മെത്രാന്‍ വെറുപ്പ് ഒരു പ്രശ്‌നമായി കാണുന്നു എന്നതു വലിയ കാര്യമാണ്. ഈ സഭയുടെ തലപ്പത്തു മറ്റു സമുദായങ്ങളെ വെറുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ ഇറക്കിയവരുണ്ടോ? വെറുപ്പ് തന്നെയാണോ ഇവിടെ പ്രശ്‌നം എന്നതു ചിന്തനീയമാണ്. കാഴ്ചക്കാരന്റെ കണ്ണില്‍ വെറുപ്പ് കടന്നുപറ്റിയാല്‍ പിന്നെ കാണുന്നതെല്ലാം വെറുക്കപ്പെട്ടതാകും.

ഇപ്പോള്‍ ആരാണ് ഈ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നത്? ഉത്തരവാദപ്പെട്ടവര്‍ എവിടെയോ വൈദികരോട് സംസാരിച്ചപ്പോള്‍ അതിരൂപത വിഭജിക്കാന്‍ ആലോചിക്കുന്നു എന്ന് പറഞ്ഞു എന്ന് വിശ്വസനീയമായി ചിലര്‍ പറയുന്നു. ഈ പരാമര്‍ശം അന്ന് ഒരു മെത്രാന്‍ മാര്‍പാപ്പയ്ക്ക് എഴുതിയതിന്റെ പ്രതിധ്വനിയാകാം. അതു പറയുന്നത് അതിരൂപത വിഭജിക്കാനാകാം.... ഈ പരാമര്‍ശം ഒരു മെത്രാന്‍ മാര്‍പാപ്പയ്ക്ക് എഴുതിയതിന്റെ പ്രതിധ്വനിയാകാം. അത് പറയുന്നത് അതിരൂപത വിഭജിക്കാനാകാം; അതു വിഭജിക്കാതിരിക്കാനുമാകാം. ഇപ്പോഴത്തെ മാര്‍പാപ്പ ലെയോ പതിനാലാമന്‍ ഈ കഴിഞ്ഞ ഒക്‌ടോബര്‍ 24 ന് പറഞ്ഞതു വാര്‍ത്തയായി. ''ആരും ആധിപത്യത്തിനായി വിളിക്കപ്പെടുന്നില്ല; എല്ലാവരും ശുശ്രൂഷിക്കാനായി വിളിക്കപ്പെടുന്നു. ആരേയും പുറത്താക്കുന്നില്ല; നാം വിളിക്കപ്പെടുന്നതു പങ്കാളികളാകാനാണ്.'' ഇതാണ് കത്തോലിക്കാസഭയെ നയിക്കേണ്ട അടിസ്ഥാന തത്വം. ഇതും സീറോ മലബാര്‍ സഭയ്ക്കു ബാധകമല്ല, ലത്തീന്‍ സഭയ്ക്കു മാത്രമാണ് ബാധകം എന്നു വല്ലവരും പറയുമോ എന്നറിയില്ല!

വിഭജനം എന്ന ആശയം ഒരു അധികാരിയുടെ ബോധത്തില്‍ ഉദിച്ചതാണ്, അവിടെ വലിപ്പം പ്രശ്‌നമാക്കുന്നു. അതല്ല പ്രശ്‌നം എന്ന യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നു. വിഭജിക്കുക എന്ന ഒരു ലക്ഷ്യമാണ് ചിലര്‍ക്ക്. അത് അവരുടെ കണ്ണിനെ ബാധിക്കുന്ന വസന്തയാണ്. കാഴ്ചക്കാരന്റെ കണ്ണിന്റെ പാപം. എന്തുകൊണ്ട് വിഭജിക്കണം? ചിലര്‍ക്ക് അത് ആവശ്യമാണ്. മക്കിയവെല്ലി കാര്‍ഡിനല്‍ ബോര്‍ജിയോക്ക് എഴുതിക്കൊടുത്ത പുസ്തകമാണ് ''രാജകുമാരന്‍'' (The Prince, Cardinal). ഈ പുസ്തകം തലയിണയില്‍ വച്ച് വായിക്കുന്ന അധികാരികള്‍ ഇവിടെയും ഉണ്ടാകാം. അതില്‍ ഒരു ഉപദേശമുണ്ട് ''രാജകുമാരന്‍ സിംഹമായാല്‍ പോരാ, കുറുക്കനുമാകണം.'' കുറുക്കന്റെ തന്ത്രങ്ങളും വേണം; വിഭജിച്ചു ഭരിക്കണം. ഏതൊരു സമൂഹം വിമര്‍ശിക്കുന്നുവോ അവരെ വിഭജിച്ചു ബലഹീനമാക്കണം. ഹന്ന അറന്റ് എന്ന രാഷ്ട്രീയ ചിന്തക പറഞ്ഞു. അധികാരത്തിന്റെ ഭരണവഴി പലമ (Plurality) യുടെ ഭാഷണവഴിയാണ്. ഇതു പണ്ട് അരിസ്റ്റോട്ടല്‍ പറഞ്ഞതാണ്. മാര്‍പാപ്പയുടെ സിനഡാലിറ്റിയുടെ വഴിയും ഇതാണ് പറയുന്നത് - ഭാഷണവഴി. വചനം മാംസം ധരിച്ചവന്റെ വഴി വചനവഴിയാകണം. ഭാഷണവഴിയുടെ ശത്രുക്കള്‍ അധികാരത്തിലുള്ള സഭയായി ഈ പൗരസ്ത്യ സഭ മാറുകയാണോ? വിഭജിപ്പിച്ചും പരസ്പരം വിഭാഗീയത സൃഷ്ടിച്ചും എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കുന്ന ഏകാധിപത്യ ശൈലികള്‍ വളരുന്നു. സ്‌നേഹത്തിന്റെ പേരില്‍ കുരിശില്‍ തറയ്ക്കപ്പെട്ടവന്റെ വഴിയില്‍ ഇടര്‍ച്ചകള്‍ ഉണ്ടാക്കുന്നു.

''ക്രിസ്തുവില്‍ ഒന്ന്, മിഷനില്‍ ഒരുമിച്ച്''- 2026 ലെ മിഷന്‍ ദിന പ്രമേയം

സുഡാനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് മാര്‍പാപ്പ

ബഹിരാകാശത്തെ ആണവ-ആണവേതര ആയുധങ്ങളുടെ സംഭരണശാലയാക്കരുത്-വത്തിക്കാന്‍

കൊച്ചിയിലെ കപ്പലൊച്ചകള്‍ [13]

വചനമനസ്‌കാരം: No.194