ആത്മകഥ

സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 17

അദ്ധ്യായം-17 | അടുപ്പമുള്ളവര്‍ വിട പറയുമ്പോള്‍

ഡോ. ജോര്‍ജ് ഇരുമ്പയം

ഇതെഴുതിക്കൊണ്ടിരിക്കെ (11-02- 2022 അതിരാവിലേ) എന്റെ ഒരടുത്ത സ്‌നേഹിതന്‍ ഫാ. പോള്‍ ചെമ്പോത്തനായില്‍ (82) അന്തരിച്ച വിവരം അറിഞ്ഞു. ഹൈസ്‌കൂളില്‍ എന്റെ തൊട്ടുതാഴെയു ള്ള ക്ലാസ്സില്‍ അദ്ദേഹം പഠിച്ചിരുന്നു. പലപ്പോഴും ഒരുമിച്ചാണു പോകുക. ഞാന്‍ ഇടപ്പള്ളിയില്‍ താമസമാക്കിയതിനുശേഷം ഇടക്കു കാണുമായിരുന്നു. എറണാകുളം അതിരൂപതയിലെ പല പള്ളികളിലും അദ്ദേഹം സേവനം ചെയ്തു. 75-ാം വയസ്സില്‍ റിട്ടയര്‍ ചെയ്തശേഷം മൂന്നാലു വര്‍ഷം ലിസി ആശുപത്രിയില്‍ ചാപ്ലിനായും പ്രവര്‍ത്തിച്ചു. ഡോക്ടറെ കാണാന്‍ ലിസിയില്‍ ചെല്ലുമ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. കോവിഡാനന്തര ചികിത്സക്കായി അദ്ദേഹം ലിസിയില്‍ രണ്ടുമൂന്നാഴ്ച കിടന്നു. സഹോദരന്‍ എഡ്വേര്‍ഡ് സാറില്‍നിന്നു വിവരങ്ങളറിഞ്ഞുകൊണ്ടിരുന്നു. എനിക്കു സുഖമില്ലാഞ്ഞതിനാല്‍ പോയി കാണാന്‍ പറ്റിയില്ല. എളിമയും വിശുദ്ധിയും സ്‌നേഹവുമുള്ള ആളായിരുന്നു അദ്ദേഹം. ഇതുപോലെ എനിക്കടുപ്പമുള്ള ഏതാനും വൈദികര്‍ കൂടി സമീപകാലത്ത് കടന്നുപോയി. എന്റെ ഭാര്യയുടെ ഏറ്റവും ഇളയ സഹോദരന്‍ ഫാ. ജോസഫ് വളവിയും ഏതാണ്ടിതേ രീതിയില്‍ 22-09-2021 ല്‍ മരിച്ചു. ഞങ്ങളോടു വളരെ അടുപ്പം പുലര്‍ത്തിയിരുന്ന, സ്‌നേഹവും എളിമയുമുള്ള, എറണാകുളം അതിരൂപതാ വൈദികന്‍. എന്റെ ആത്മീയഗ്രന്ഥങ്ങള്‍ കൊണ്ടുപോയി പലര്‍ക്കും അദ്ദേഹം സമ്മാനിച്ചിരുന്നു. നായത്തോടു പള്ളിയില്‍ സേവനമനുഷ്ഠിക്കെ 71-ാം വയസ്സിലായിരുന്നു അന്ത്യം. അതിനു തൊട്ടടുത്ത ദിവസം 23/9-ല്‍ അന്തരിച്ച വരാപ്പുഴ അതിരൂപതാ വൈദികന്‍ ഫാ. മൈക്കിള്‍ തലക്കെട്ടിയും എനിക്കടുപ്പമുള്ള ആളായിരുന്നു. ജാതിമതഭേദമെന്യേ 1000 ല്‍പരം ഭവനരഹിതര്‍ക്ക് വരാപ്പുഴ ഭാഗങ്ങളില്‍ വീടുണ്ടാക്കി കൊടുത്ത സാമൂഹ്യ സേവകന്‍ കൂടിയായിരുന്നു അദ്ദേഹം. ആ സാമൂഹ്യസേവനത്തില്‍ പങ്കുചേരാന്‍ ഞാനാഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്റെ വഴി അതല്ലെന്നു കണ്ട് ഒഴിവാക്കുകയായിരുന്നു! കാന്‍സര്‍ ബാധിതനായി 64-ാം വയസ്സില്‍ അദ്ദേഹം മരിച്ചു. എന്റെ ആത്മീയോപദേഷ്ടാവായിരുന്ന ഡോ. എം.വി. സിറിയക്ക് (86) 23-10-2021 ലും വലിയൊരു സുവിശേഷ പ്രഭാഷകനും എന്റെ സുഹൃത്തുമായിരുന്ന പ്രൊഫ. എം.വൈ. യോഹന്നാന്‍ (85) 2-1-2022 ലും എന്റെ കസിന്‍ സിസ്റ്ററുടെ മകന്‍ ഫാ. ജോസഫ് കുഞ്ചരത്ത് (72, എറണാകുളം അതിരൂപത) 22-5-2018 ലും അന്തരിച്ചു. കോഴിക്കോട്ടും മഹാരാജാസിലും എന്റെ പ്രിന്‍സിപ്പലും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. എം.കെ. പ്രസാദ് (89) 17-1-2022ലും പ്രഥമ മദ്യവിരുദ്ധ നോവലായ ത്രേസ്യാമ്മയുടെ പുനഃപ്രസിദ്ധീകരണത്തിനു സഹായിച്ച കവി എസ്. രമേശന്‍ (70) 13-1-2022 ലും ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ (89) 8-2-2022 ലും എഴുത്തുകാരന്‍ പ്രൊഫ. മാത്യു ഉലകംതറ (91) 24-2-2022ലും മരിച്ചു.

അങ്ങനെ എനിക്കടുപ്പമുള്ള ഒട്ടേറെ പേര്‍ കടന്നുപോയി. മൃത്യുബോധം എന്നെ ചിന്താകുലനും പശ്ചാത്താപവിവശനും ആക്കുന്നു. മുമ്പു സൂചിപ്പിച്ചതുപോലെ പല തിന്മകളും വീഴ്ചകളും ജീവിതത്തില്‍ ഉണ്ടായി. കുമ്പസാരം ക്രൈസ്തവസഭകളിലെ വലിയൊരു സാക്രമെന്റ് (കൂദാശ) ആണ്. ദൈവദൃഷ്ടിയില്‍ എല്ലാവരും പാപികളാണ്. (1 യോഹ. 1:8-10 നോക്കുക). പാപികളെ വിശുദ്ധീകരിക്കാന്‍ വേണ്ടിയാണ് ജ്ഞാനസ്‌നാനവും കുമ്പസാരവും ദിവ്യബലിയും രോഗീലേപനവുമാകുന്ന കൂദാശകള്‍ യേശു സ്ഥാപിച്ചത്. അവയുടെ വിശദാംശങ്ങള്‍ സ്‌നേഹഗീത (Poem of the Man - God) നമ്പര്‍ 257-ലും 258-ലും ഉണ്ട്. അവയിലൂടെ ശുദ്ധീകരിക്കപ്പെടുകയല്ലാതെ എല്ലാ വ്രണങ്ങളും തുറന്നു വയ്‌ക്കേണ്ടതില്ല. കുമ്പസാരത്തെപ്പറ്റി യേശുവിന്റെ അമ്മ: നിങ്ങളുടെ പാപങ്ങളെല്ലാം ദൈവത്തിനറിയാം. പക്ഷേ നിങ്ങള്‍ തന്നെ അവ വിശദമായി, ഒന്നും മറച്ചുവയ്ക്കാതെ, പറഞ്ഞു മാപ്പപേക്ഷിക്കണം. ശരിക്കുള്ള പശ്ചാത്താപം വേണം. എങ്കില്‍ എല്ലാം ക്ഷമിച്ചുകിട്ടും. (Our Lady of Kibeho, 11-ാം അധ്യായത്തില്‍ മാതാവു വാലന്റൈനോടു പറയുന്നത്).

എന്നെ ദ്രോഹിക്കുകയും എനിക്കെതിരെ അപവാദം പറഞ്ഞു പരത്തുകയും ചെയ്തവരും അസത്യം പ്രചരിപ്പിച്ച് വി ദ്യാര്‍ത്ഥികളെയും മറ്റും എനിക്കെതിരെ തിരിച്ചുവിട്ട സഹപ്രവര്‍ത്തകരുമുണ്ട്. യാത്രയയപ്പിലും മറ്റും എന്നെ നിന്ദിച്ച വിദ്യാര്‍ഥികളും സ്ഥലംമാറ്റിക്കാന്‍ ശ്രമിച്ചവരുമുണ്ട്. അവരെയും ആ സംഭവങ്ങളുമൊക്കെ ഓര്‍മയുണ്ടെങ്കിലും വെളിപ്പെടുത്തുന്നില്ല. അവരോടെല്ലാം ക്ഷമിക്കുകയും കഴിയുന്നത്ര ഫോണിലോ നേരിട്ടോ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നുമാത്രമല്ല എന്റെ ശുദ്ധീകരണത്തിനായി അവരെല്ലാം നിയോഗിക്കപ്പെട്ടതാണെന്നു കരുതുകയും ചെയ്യുന്നു. ഉലകംതറ സാറിനെയും പ്രൊഫ. സെബാസ്റ്റ്യനെയും അത്തരത്തില്‍ കാണേണ്ടതായിരുന്നു; എന്റെ അഹങ്കാരം നീക്കപ്പെടാന്‍ നിയുക്തരായവര്‍. ''നിന്ദിക്കുന്നവരെ അനുഗ്രഹിക്കുക അവര്‍ നിങ്ങളെ വിശുദ്ധീകരിക്കുകയാണ്'' (സ്‌നേഹഗീത, നമ്പര്‍ 627) എന്നും ''ദുഃഖം വിശുദ്ധീകരണമാണ്. അത് നിങ്ങളെ ജഡികതയുടെ ചീഞ്ഞഴുകലില്‍ നിന്നു രക്ഷിക്കും'' (ടി. 546) എന്നുമുള്ള യേശുവിന്റെ വാക്കുകള്‍ പില്‍ക്കാലത്താണ് എന്റെ ശ്രദ്ധയില്‍പെട്ടത്. മത്തായി 5:10-12 വചനങ്ങളും ശ്രദ്ധേയമാണ്. കെ.പി. അപ്പന്റെ ''പ്രകോപനങ്ങളുടെ പുസ്തക''ത്തിലെ 'നാം പീഡിപ്പിക്കുന്ന ക്രിസ്തു' എന്ന ലേഖനത്തില്‍നിന്ന്: ''ചെങ്കുപ്പായവും മുള്‍ക്കിരീടവും അവഹേളനവും മര്‍ദനവും ഏറ്റുവാങ്ങിക്കൊണ്ടാണ് യേശുക്രിസ്തു കാല്‍വരിയിലേക്കു നീങ്ങിയത്. നിന്ദ ഏറ്റുവാങ്ങുക എന്നത് സ്വര്‍ഗീയ പൗരത്വമുള്ള വിശുദ്ധരുടെ മഹിമയാണ്... താടിയും ജടയും വളര്‍ത്തി കൗപീനധാരികളായി നടന്ന് മറ്റുള്ളവരില്‍നിന്ന് നിന്ദ ഏറ്റുവാങ്ങുന്ന പഴയ ഹിന്ദുസിദ്ധ രില്‍ ഈ ആധ്യാത്മിക മനഃശാസ്ത്രം കാണാം. അങ്ങനെ നിന്ദ ഏറ്റുവാങ്ങിക്കൊണ്ട് അവര്‍ സ്വയം വിശുദ്ധീകരിക്കുന്നു. ആത്മപീഡനത്തിലൂടെയുളള വിശുദ്ധിയാണത്'' (2008, പേജ് 15).

ഈ മനഃശാസ്ത്രമൊന്നും അറിഞ്ഞുകൊണ്ടല്ല, പിശുക്കും ദാരിദ്ര്യവും പ്രകടമായിരുന്ന ജീവിതലാളിത്യത്തിലൂടെ ഞാന്‍ ഒട്ടേറെ നിന്ദയും പുച്ഛവും ഏറ്റുവാങ്ങി. അവയെല്ലാം കുറഞ്ഞൊരു ശുദ്ധീകരണം എനിക്കു നല്‍കിയിരിക്കാം.

എന്റെ നാട്ടില്‍ നന്നായി നടക്കുന്ന ടാഗോര്‍ ലൈബ്രറിയുടെ 34-ാം വാര്‍ഷികത്തോടനുബന്ധിച്ച് 28-04-2019 ല്‍ എനിക്കു നല്‍കിയ സ്വീകരണം ഓര്‍ക്കുന്നു. ജി. രാധാകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു. എനിക്ക് കിട്ടിയ ചില പുരസ്‌കാരങ്ങളും ഓര്‍ക്കുന്നു: ദര്‍ശന അവാര്‍ഡ് 2002, കെ.സി.ബി.സി. സാഹിത്യപുരസ്‌കാരം 2006, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്‌കാരം 2014 എന്നിവ. അങ്ങനെ ദുഃഖങ്ങള്‍ക്കിടയില്‍ ചില സന്തോഷങ്ങളും.

കോവിഡിനുശേഷം മരിച്ച ചില വൈദികരെപ്പറ്റി മുകളില്‍ പറഞ്ഞു. അവരും എന്റെ ഭാര്യയും മക്കളുമൊക്കെ കോവിഡ് വാക്‌സിനേഷന്‍ എടുത്തിരുന്നു. എല്ലാവര്‍ക്കും രോഗം ബാധിച്ചു. ഞാന്‍ വാക്‌സിനേഷന്‍ എടുത്തില്ല. ഇതുവരെ കോവിഡ് പിടിച്ചിട്ടുമില്ല! ദൈവത്തിനു സ്തുതിയും നന്ദിയും.

അഴീക്കോടു സാറും എന്‍.പി. മുഹമ്മദും കൂടി ഒരിക്കല്‍ എന്നെ പരിഹസിച്ചു ചിരിച്ചപ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ടിരുന്നതേ ഉള്ളൂ. അവിടെയുണ്ടായിരുന്ന എം.എന്‍. കാരശ്ശേരി ഞാന്‍ അവര്‍ക്കു മറുപടി നല്‍കേണ്ടതായിരുന്നു എന്നു പിന്നീടു പറഞ്ഞു. അതിനും ഞാന്‍ ചിരിച്ചതേ ഉള്ളൂ!

എന്റെ ഒരു സഹോദരന്റെയും ഒരു മകന്റെയും വിവാഹ സല്‍ക്കാരത്തിനു നല്ല ഭക്ഷണം നല്‍കാമെന്ന് ഏറ്റവര്‍ വഞ്ചിച്ചതിലെ വേദന ഇപ്പോഴും മാറിയിട്ടില്ല! അങ്ങനെ ക്ഷമിക്കാനും ചിലതു ശേഷിക്കുന്നു!

(തുടരും)

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും

ആട്ടം മതിയോ ആരോഗ്യത്തിന് ?