

മതംമാറ്റനിരോധനിയമം ലംഘിച്ചുവെന്നാരോപിച്ചു മഹാരാഷ്ട്ര പൊലീസ് പിടികൂടി ജയിലില്‍ അടച്ചിരുന്ന ഒരു അമേരിക്കന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്നു ക്രൈസ്തവര്‍ക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തോളം ഇവര്‍ ജയിലില്‍ കഴിഞ്ഞു.
അമേരിക്കന്‍ പൗരനായ ജെയിംസ് ലിയോനാര്‍ദ് വാട്‌സണു കേസ് തീരുന്നതുവരെ രാജ്യം വിട്ടുപോകാന്‍ അനുമതിയില്ല. മതംമാറ്റനിരോധനനിയമപ്രകാരമുള്ള കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇവരുടെ അഭിഭാഷകന്‍ പറഞ്ഞു.
കേസിന്റെ അന്വേഷണം ഏതാണ്ട് തീര്‍ന്നതാണെന്നും ജീവപര്യന്തം തടവുപോലുള്ള ശിക്ഷകള്‍ കിട്ടാവുന്ന കുറ്റങ്ങളല്ല ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും ജാമ്യം നല്‍കിക്കൊണ്ട് ഭീവണ്ടി ജില്ലാ കോടതി ചൂണ്ടിക്കാട്ടി.
പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു അറസ്റ്റെന്നു പ്രദേശത്തെ പ്രൊട്ടസ്റ്റന്റ് പാസ്റ്ററായ മഹേഷ് ഭീവാടി അറിയിച്ചു. പ്രാര്‍ഥനായോഗങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കാന്‍ വിധി സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.