തലയോലപ്പറമ്പിലേക്കുളള പോക്ക് ഇറുമ്പയം നെല്പാടവരമ്പുകളിലൂടെയാണ്. നടന്ന് വെട്ടിക്കാട്ടുമുക്കിലെത്ത് മിടായിക്കുന്നം വഴി പാലാംകടവിലെത്തി ചന്തയ്ക്കകത്ത് നടന്ന് സ്‌കൂളിലെത്തും. മടക്കവും ആ വഴിതന്നെ. മഴക്കാലത്ത് പാടം വെള്ളത്തിലാകുമ്പോള്‍ ദൂരം കൂടിയ പൊതി വഴി പോകും. പാലാംകടവ് ശ്രദ്ധേയമായ ഒരിടമാണ്. ചന്തയില്‍ വില്‍ക്കാനുള്ള സാധനങ്ങള്‍ വള്ളങ്ങളില്‍ കൊണ്ടുവന്ന് ഇറക്കുന്നതും ചന്തയില്‍ നിന്നോ കടകളില്‍ നിന്നോ വാങ്ങുന്ന സാധനങ്ങള്‍ വള്ളത്തില്‍ കയറ്റുന്നതും ആ കടവിലാണ്. അത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ആ കടവിനരികില്‍ ഇരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ ചിലപ്പോള്‍ കാണുമായിരുന്നു. അവിടെ നിന്നു ചന്തയിലേക്കുള്ള വഴിയുടെ പാര്‍ശ്വത്തിലാണ് അദ്ദേഹത്തിന്റെ വീട്. പാലാംകടവില്‍ വാഴക്കുലകള്‍ കൂട്ടിയിടുമ്പോള്‍ പുഴയിലെ വെള്ളത്തിനടിയിലൂടെ വന്ന് ചൂണ്ട കൊളുത്തി കായോ കുലയോ വലിച്ചു കൊണ്ടുപോകുന്ന കുട്ടികള്‍, ചന്തയില്‍ മുച്ചീട്ടുകളികൊണ്ട് പണം വാരിക്കൂട്ടിയ ആപ്പാംചിറക്കാരന്‍ പോക്കര്‍, വീട്ടില്‍ ആടുമായി ഇടക്കിടെ വന്നു പാര്‍ക്കുന്ന പാത്തുമ്മ, എന്നിവരെയും ഉമ്മയെയും അനിയന്മാരെയും, ബന്ധപ്പെട്ട സംഭവങ്ങളും ബഷീര്‍ നോവലുകളിലൂടെ അനശ്വരമാക്കി. മുച്ചീട്ടുകളിക്കാരന്‍ ദയനീയമായി പരാജയപ്പെട്ടത് മകളുടെ കാമുകന്റെ മുമ്പിലാണ്. മകള്‍ അടയാളപ്പെടുത്തിയ ശരിയായ ചീട്ടില്‍ പണംവെച്ച് അവന്‍ അയാളെ തോല്പിച്ചു. മറ്റാരുടെ മുമ്പിലും അയാള്‍ കളിയില്‍ തോറ്റിട്ടില്ല. പണം വാരിക്കൂട്ടിയതേയുള്ളൂ. എനിക്കും അതില്‍ പണം നഷ്ടപ്പെട്ടിരുന്നു.
ഒന്നും ഒന്നും കൂടുമ്പോള്‍ ഒന്നല്ല ഇമ്മിണിബല്യ ഒന്നാണെന്ന തത്വശാസ്ത്രം ബഷീര്‍ മെനഞ്ഞെടുത്തതും ആ ദേശ്യപശ്ചാത്തലത്തിലാണ്. പാലാംകടവിന് കുറെ മുകളില്‍വച്ച് മൂവാറ്റുപുഴയാറ് രണ്ടായി പിരിയുന്നുണ്ട്. രണ്ടാകുമ്പോള്‍ ഓരോന്നും ചെറുതും ഒന്നായിരിക്കുമ്പോള്‍ ഇമ്മിണി വലുതും ആകുന്ന കാഴ്ച!
പാലാംകടവിനടുത്തായിരുന്നു സി.പി. രാമസ്വാമിഅയ്യരുടെ അടുപ്പക്കാരനായിരുന്ന കെ.ആര്‍. നാരായണന്റെ വീടും. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബഷീറും അതിനെതിരായിരുന്ന നാരായണനും അടുത്ത ഇടങ്ങളില്‍ പാര്‍ത്തിരുന്നതിന്റെ രസം ഓര്‍ത്തുപോകുന്നു. മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും പിന്നീട് മുഖ്യമന്ത്രിയും ഗവര്‍ണറുമൊക്കെ ആയ എ.ജെ. ജോണിന്റെ വീടും തലയോലപ്പറമ്പിലായിരുന്നു.
ഇറുമ്പയം നെല്പാടത്തെ മുറിച്ചുകൊണ്ടാണ് കോട്ടയം-എറണാകുളം റെയില്‍വേ വന്നത്. ആ നെല്പാടങ്ങളില്‍ ഇന്ന് വിതയും കൊയ്ത്തുമൊക്കെ കുറവാണ്. കൃഷിക്കാര്‍ക്ക് താങ്ങാവുന്നതിലധികം കഷ്ടനഷ്ടങ്ങളാണ് ഇന്നു കൃഷിമൂലം ഉണ്ടാകുന്നത്. അതിനാല്‍ അധികം പേരും കൃഷി നിര്‍ത്തി. ആ വഴികളിലൂടെ നടന്നുപോകുന്നവരും കുറഞ്ഞു. റെയില്‍വേയും പിന്നീട് വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയും വന്നതോടെ ബസ് റൂട്ടുകള്‍ രൂപപ്പെട്ടു. ഇപ്പോള്‍ നടവണ്ടിക്കുപകരം റെയില്‍വണ്ടിയും ബസ്സും കാറും ബൈക്കുമൊക്കെയായി.
കേവഞ്ചികേറിപ്പോയ് ഓണ-
വെണ്ണിലാവൊളിരാവുകള്‍
എന്നു പി. കുഞ്ഞിരാമന്‍ നായര്‍ വിലപിച്ചതുപോലെ ഗ്രാമീണഭംഗി തികഞ്ഞ ആ കാലം ഇങ്ങിനി വരാത്തവണ്ണം കടന്ന് പോയെന്നോര്‍ത്തു കണ്ണീരണിയാം. അതൊരു കാല്പനിക ചിന്ത. മാറ്റങ്ങള്‍ക്കു തടയിടാന്‍ ആര്‍ക്കു കഴിയും? മാറ്റമില്ലാതെ, നവീകരിക്കപ്പെടാതെ, വന്നാല്‍ മൃതമാകുമല്ലോ!
അക്കാലത്ത് ലേബര്‍ വീക്ക് എന്നൊരേര്‍പ്പാടുണ്ടായിരുന്നു. സാമൂഹ്യക്ഷേമത്തിനുതകുന്ന എന്തെങ്കിലും ജോലികള്‍ക്കായി ഒരാഴ്ച. കൃഷിക്കാരുടെ ഭവനങ്ങളില്‍ നിന്നുള്ള ഞങ്ങള്‍ക്കെ ല്ലാം അതില്‍ സന്തോഷമായിരുന്നു. തലയോലപ്പറമ്പിലെ കച്ചവടക്കാരുടെയോ ഉദ്യോഗസ്ഥരുടെയോ മക്കള്‍ ആളുകളിച്ചു നടക്കുകയോ തലകാണിച്ചിട്ടു മുങ്ങുകയോ ചെയ്യുമായിരുന്നു. ഒരു വര്‍ഷത്തെ ലേബര്‍ വീക്കിലാണ് മിടായിക്കുന്നം ഭാഗത്തൊരു റോഡുണ്ടാക്കിയത്. ഒരു വരമ്പുമാത്രമാണ് അവിടെ വഴിയായി ഉണ്ടായിരുന്നത്. ചില അധ്യാപകര്‍ സ്ഥലം ഉടമകളോടു സംസാരിച്ചു വഴിവെട്ടാന്‍ സമ്മതം വാങ്ങി. അതുവരെ മഴക്കാലത്ത് ആ ഭാഗത്തെ യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു.
സ്‌കൂളില്‍ ഞങ്ങളുടെ ഭാഗത്തുനിന്ന് കുറേപേരുണ്ടായിരുന്നു. കാരിക്കോട്ടുനിന്നുള്ള ദിവാകരന്‍, ഏലിയാസ്, ബേബി എന്നിവരും ഞങ്ങളുടെ ഭാഗത്തുകൂടിയാണ് പോയിരുന്നത്. മുടക്കാരിയില്‍ നിന്നുള്ള രാധാമണിയും വരും. അങ്ങോട്ടുപോകുമ്പോള്‍ ചിലപ്പോള്‍ ഒറ്റക്കായിപോകും. സമയം നോക്കാനുള്ള ഉപകരണമൊന്നും ഇല്ല. വെളിച്ചത്തിനു മണ്ണെണ്ണ വിളക്കുമാത്രം. ഗൃഹപാഠം വല്ലതുമുണ്ടെങ്കില്‍ രാവിലേ ചെയ്ത് കുളിച്ച് കഞ്ഞികുടിച്ചിറങ്ങുമ്പോള്‍ വൈകും. കൂട്ടുകാര്‍ പൊയ്ക്കഴിയും. പിന്നെ ഒറ്റയ്ക്ക് തിടുക്കത്തില്‍ ഓട്ടമാണ്. ഒരു മണിക്കൂറോളം വേണം സ്‌കൂളിലെത്താന്‍. നാലുമൈല്‍ ദൂരമുണ്ട്. മടക്കയാത്രയില്‍ ഞങ്ങളെല്ലാം ചേര്‍ന്നാണു പോരിക. ഞങ്ങളുടെ കൂട്ടത്തില്‍, പൗലോസ് പ്രായക്കൂടുതലും, ലോകകാര്യങ്ങളില്‍ അറിവുമുള്ള ആളായിരുന്നു. അയാളുടെ ജ്യേഷ്ഠന്‍ സാഹിത്യതാല്പര്യങ്ങളുള്ള അഡ്വ.പി.എം. കുര്യാക്കോസായിരുന്നു. അദ്ദേഹത്തില്‍നിന്ന് പൗലോസ് പലതും ഗ്രഹിച്ചിട്ടുവന്ന് അറിവു വിളമ്പും. ഞങ്ങളൊക്കെ കേവലം 'അജ്ഞാനികള്‍'. വല്ല തര്‍ക്കത്തിലും പെട്ടാല്‍ ഞങ്ങളിലാരെയും വേഗം തോല്പിക്കാനുള്ള ബുദ്ധിശക്തിയും പൗലോസിനുണ്ടായിരുന്നു. പ്രസംഗത്തിനും മോശമായിരുന്നില്ല. പക്ഷേ എസ്.എസ്.എല്‍.സിക്കപ്പുറം പോകാന്‍ അയാള്‍ക്കു കഴിഞ്ഞില്ല; കൃഷിയിലേക്കു തിരിഞ്ഞു.
ആ സ്‌കൂളിലെ ആദ്യവര്‍ഷത്തെ ഒരനുഭവം ഓര്‍ക്കുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്ന മാത്യു സാറായിരുന്നു ക്ലാസ് ടീച്ചര്‍. കീഴൂരുനിന്നോ പെരുവയില്‍ നിന്നോ ഉള്ള ഒരു ഗോപാലകൃഷ്ണന്‍ നായര്‍ ആ ക്ലാസ്സില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം ആദ്യത്തെ ക്ലാസ്സില്‍ മാത്യുസാര്‍ വന്ന് ഹാജരെടുത്തശേഷം പറഞ്ഞു. നമ്മുടെ ഗോപാലകൃഷ്ണന്‍ നായര്‍ പാമ്പുകടിയേറ്റു മരിച്ചു. അതിനാല്‍ ഇന്നു ക്ലാസ്സില്ല. നമുക്കയാളുടെ വീട്ടില്‍ പോയിട്ടു പിരിയാം. ഞങ്ങളുടെ ക്ലാസ്സിനു മാത്രമാണ് ഒഴിവ്. ഞങ്ങള്‍ കുറേപേര്‍ മാത്യുസാറിന്റെ കൂടെ നടന്ന് ഉച്ചയ്ക്കുമുമ്പ് വീട്ടിലെത്തി. മൃതദേഹം കണ്ടു. ദരിദ്രമായ ഒരു ഭവനം. അച്ഛനുണ്ടായിരുന്നോ എന്നോര്‍മയില്ല. ചില സ്ത്രീകള്‍, അമ്മയും വല്ല്യമ്മയുമൊക്കെയാകാം ഉണ്ടായിരുന്നു. കുറേനേരം നിന്നിട്ട് ഞങ്ങള്‍ ദുഃഖത്തോടെ പൊതി വഴിയോ മറ്റോ മടങ്ങി. അങ്ങനെ ആദ്യത്തെ പാമ്പുകടി മരണത്തിന്റെ അനുഭവം. ഗോപാലകൃഷ്ണന്‍നായര്‍ നല്ല പ്രതികരണശേഷിയുള്ള ആളായിരുന്നു. വിടര്‍ന്നു തുടങ്ങിയപ്പോഴേ കരിഞ്ഞുപോയ ഒരു പൂവ്.
തലയോലപ്പറമ്പ് സ്‌കൂളില്‍വച്ചാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള രണ്ടു മണിക്കൂര്‍ ഇടവേളയുടെ അനുഭവം ഉണ്ടാകുന്നത്. മുസ്ലീം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മറ്റും പ്രാര്‍ത്ഥനയ്ക്കു പോകാനുള്ള അവസരം ഒരുക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അക്കാലത്താവാം ഇറങ്ങിയത്. പൊതിയില്‍ വച്ച് അങ്ങനെയൊരനുഭവം ഉണ്ടായതായി ഓര്‍മയില്ല. തലയോലപ്പറമ്പിലെ മുസ്ലീം പള്ളി ചന്തയുടെ പടിഞ്ഞാറുഭാഗത്തായി ഒരു വശത്ത് കാണാമായിരുന്നു. സ്‌കൂളില്‍നിന്ന് അധികം അകലെയായിരുന്നില്ല അത്. ഞങ്ങളുടെ ക്ലാസ്സിലെ ചില മുസ്ലീം കുട്ടികള്‍ വെള്ളിയാഴ്ച ഉച്ചയ്ക്കവിടെ പോകുമായിരുന്നു. ആ സമയം ഞങ്ങള്‍ ക്ലാസ്സില്‍തന്നെ ചിരികളി തമാശൊത്തു മേളിക്കുമായിരുന്നു. പൊതി സ്‌കൂളില്‍ നല്ലൊരു കിണറുണ്ടായിരുന്നു. അതിനാല്‍ വെള്ളം കോരി കൈകഴുകിയിട്ട് ചോറ്റുപാത്രത്തില്‍ കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും പാത്രവും വായും കഴുകാനും ബുദ്ധിമുട്ടില്ലായിരുന്നു. തലയോലപ്പറമ്പില്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതല്‍ (ഓരോ ക്ലാസ്സും നാലു ബാച്ചുവീതം) ആയിരുന്നതിനാല്‍ കിണറ്റിന്‍കരയില്‍ അടിപിടി ആയിരുന്നു. സ്‌കൂളിനടു ത്തു പാടമായിരുന്നു. അതിനരികിലെ തോ ട്ടില്‍ കൈയും ചോറ്റുപാത്രവും കഴുകേണ്ട അവസ്ഥ പലപ്പോഴും ഉണ്ടായി. വായനശാലയോ ഗ്രന്ഥശാലയോ ഒന്നും സ്‌കൂളില്‍ അന്ന് ഉണ്ടായിരുന്നില്ല. വേനല്‍ക്കാലത്ത്, കൊയ്ത്തുകഴിഞ്ഞ് പാടം ഉണങ്ങി കിടക്കുമ്പോള്‍ ഞങ്ങള്‍ക്കവിടെ കളിക്കയോ ഒത്തുകൂടുകയോ ചെയ്യാം. വെള്ളിയാഴ്ചകളില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് ചെറിയ യോ ഗം ചേര്‍ന്ന് ഏതെങ്കിലും വിഷയത്തെപ്പറ്റി പ്രസംഗിക്കയോ പാട്ടുപാടുകയോ ചെയ്യുമായിരുന്നു. ഞങ്ങളുടെ ക്ലാസ്സില്‍ ദളിതരായ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടപ്പനും ചെല്ലപ്പനും. രണ്ടുപേരും ഉച്ചക്കൊന്നും കഴിക്കുമായിരുന്നില്ല. ഒരിക്കല്‍ ഞാനതേപ്പറ്റി ചോദിച്ചു. ചോറു കൊണ്ടുവരാനുള്ള സൗ കര്യമൊന്നും വീട്ടിലില്ല. പൈസ വല്ലതും കിട്ടിയാല്‍ ഉച്ചയ്ക്ക് ചായക്കടയില്‍ പോയി ഒരു ചായ കുടിക്കും എന്ന് ചെല്ലപ്പന്‍ പറഞ്ഞു. അവരുടെ ക്ലേശം നിറഞ്ഞ ജീവിതത്തെപ്പറ്റി ചിന്തിക്കാനും അറിയാനുമുള്ള ഒരു താക്കോലായിരുന്നു ആ മറുപടി. അ യാളുടെ മുഖത്ത് വിഷാദം തളംകെട്ടി നിന്നിരുന്നു. കുട്ടപ്പന്‍ പ്രസന്നവദനനായിരുന്നു. അയാളുടെ ചിരി ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ചെല്ലപ്പന്‍ പാടുമായിരുന്നു. ക്ലാസ് അസംബ്ലിയിലും വെള്ളിയാഴ്ചത്തെ ഞങ്ങളുടെ യോഗത്തിലും അയാള്‍ പാടിയിരുന്നു. ക്ലാസ്സിലെ ചില കുശുമ്പന്മാര്‍ 'കു റുക്കന്‍ ഭാഗവതര്‍' എന്ന് ആ പാവത്തിനെ ആക്ഷേപിച്ചിരുന്നു.
ഞങ്ങളുടെ ക്ലാസില്‍ നല്ല പ്രസംഗവൈഭവമുള്ള വര്‍ഗീസ് മാപ്പിള എന്നൊരാള്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് മത്സരങ്ങളില്‍ സമ്മാനങ്ങള്‍ കിട്ടിയിരുന്നു. അയാള്‍ ഏതുവഴി പോയെന്നറിയില്ല. പൊതിയില്‍ നിന്നു ള്ള രണ്ടു സഹപാഠികളെ ഓര്‍ക്കുന്നു. പി.വി. ജോസഫും ഉലഹന്നാനും. പി.വി. എന്ന ഇനീഷ്യല്‍ തന്നെയാണ് എന്റെ പേരിനും എന്നതിനാല്‍ ജോസഫ് വേഗം സുഹൃത്തായി. അയാള്‍ മലബാറിലേക്കു കുടിയേറി. ഉലഹന്നാനെ ചില ആത്മീയയാത്രകളില്‍ കണ്ടുമുട്ടിയിരുന്നു. ഞങ്ങളുടെ സീനിയറായി പഠിച്ചിരുന്ന സേവ്യര്‍ നല്ലൊരു പ്രഭാഷകനായിരുന്നു. ദീപികയില്‍ സബ് എഡിറ്ററായിതീര്‍ന്ന അയാള്‍ പ്ലാങ്കാലാ എന്ന പേരില്‍ ചില നോവലുകള്‍ എഴുതിയിട്ടുണ്ട്.
എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ പാലാംകടവിനടുത്തുള്ള ഒരു ക്രൈ സ്തവഭവനത്തില്‍ താമസിച്ചുകൊണ്ടാണ് ഞാനും ജോര്‍ജും പോയത്. എന്റെ അപ്പന് അടുപ്പമുള്ളയാളായിരുന്നു ആ വീട്ടുടമ. വൈദ്യുതിയുള്ള വീടായിരുന്നു അത്. വീടി ന്റെ മുകളിലത്തെ നില ഞങ്ങള്‍ക്കായി ഒരുക്കിത്തന്നു. രാവിലെയും വൈകിട്ടും ആ വീ ട്ടിലെ അമ്മ ഞങ്ങള്‍ക്ക് കഞ്ഞി തരുമായിരുന്നു. രണ്ടുനേരവും പരീക്ഷ ഉണ്ടായിരുന്നതിനാല്‍ ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും സ്‌കൂളിനടുത്തുള്ള ഹോട്ടലില്‍ കഴിച്ചു.
ജോര്‍ജിന് ആ പരീക്ഷ ജയിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് 600 ല്‍ 299 മാര്‍ക്ക്. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള കുട്ടികളില്‍ ആര്‍ ക്കും അത്രയും മാര്‍ക്കില്ലായിരുന്നു. സ്‌കൂ ളില്‍തന്നെ ഒന്നോ രണ്ടോ പേര്‍ക്കു മാത്രം ഫസ്റ്റ് ക്ലാസ്. അന്നത്തെ മൂല്യനിര്‍ണയം അങ്ങനെയായിരുന്നു. 40 ല്‍ താഴെ ആയിരുന്നു സംസ്ഥാനത്തെ വിജയ ശതമാനം.
ഹൈസ്‌കൂള്‍ പഠനകാലത്ത് വായനയുടെ ലോകത്തേയ്ക്കും ഞാന്‍ പ്രവേശിച്ചു. ഗാന്ധിജിയുടെ ആത്മകഥ, എം.പി. പോളിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും ചില കൃതികള്‍ തുടങ്ങിയവ അക്കാലത്തു വായിച്ചവയില്‍ ചിലതാണ്.
(തുടരും)