വിശുദ്ധ നര്‍സീസ്സസ് (110-222) : ഒക്‌ടോബര്‍ 29

വിശുദ്ധ നര്‍സീസ്സസ് (110-222) : ഒക്‌ടോബര്‍ 29

Published on
നര്‍സീസ്സസ് ഗ്രീക്കുകാരനായിരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ നന്മകളും അത്ഭുതപ്രവര്‍ത്തനങ്ങളും നിമിത്തം 185-ല്‍ ജറൂസലമില്‍ ബിഷപ്പായി നിയമിതനായി.

198-ല്‍ ഒരു പ്രാദേശിക സിനഡില്‍ വച്ച് റോമിന്റെ ഈസ്റ്റര്‍ ആചരണരീതിയെ അംഗീകരിച്ചുകൊണ്ട് സംസാരിച്ചത് പ്രശ്‌നമായി. മാനസാന്തരപ്പെട്ട യഹൂദവംശത്തില്‍പ്പെട്ട ചിലര്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു. അദ്ദേഹത്തിന്റെ പേരില്‍ വേറെയും കുറ്റാരോപണങ്ങള്‍ ഉണ്ടായി.

രൂപതയിലെ സമാധാനാന്തരീക്ഷം നശിപ്പിക്കാതിരിക്കാനായി നര്‍സീസ്സസ് മെത്രാന്‍ സ്ഥാനം കൈമാറിയിട്ട് മരുഭൂമിയില്‍ ഏകാന്തവാസത്തിനു പോയി.

വര്‍ഷങ്ങള്‍ കഴിഞ്ഞ്, അദ്ദേഹം രൂപതയില്‍ തിരിച്ചെത്തി. അപ്പോഴേക്കും മൂന്നു മെത്രാന്മാരുടെ ഭരണകാലം കഴിഞ്ഞിരുന്നു.

സമീപത്തുള്ള രൂപതകളിലെ മെത്രാന്മാരുടെയും വിശ്വാസികളുടെയും നിര്‍ബന്ധത്തിനു വഴങ്ങി നര്‍സീസ്സസ് വീണ്ടും മെത്രാന്‍ പദവി ഏറ്റെടുത്തു.

അപ്പോഴേക്കും അദ്ദേഹം 110 വയസ്സുള്ള പടുവൃദ്ധനായി കഴിഞ്ഞിരുന്നു. ആ സമയത്ത് ജറൂസലത്ത് തീര്‍ത്ഥാടനത്തിനെത്തിയ വി. അലക്‌സാണ്ടര്‍ എന്ന കപ്പഡോസിയന്‍ ബിഷപ്പിനെ തന്റെ സഹായമെത്രാനായി നിയമിച്ചു.

ചരിത്രത്തിലെ ആദ്യത്തെ സഹായമെത്രാന്‍ സ്ഥാനമായിരിക്കും ഇത്. അങ്ങനെ 112-ാമത്തെ വയസ്സില്‍ നര്‍സീസ്സസ് ഇഹലോകവാസം വെടിഞ്ഞെന്നു കരുതുന്നു.

logo
Sathyadeepam Online
www.sathyadeepam.org