നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
കൊച്ചിയിൽ പിറന്നതും കൊച്ചിയിലേക്ക് പറഞ്ഞുവിടപ്പെട്ടതുമായ പെണ്ണുങ്ങൾക്ക് അവരവരുടെ വീട്ടിലെ പഴയ പെണ്ണുങ്ങൾ ദൈവകല്പന പോലെ കൊടുത്തുവിട്ടിരുന്ന ചില വാറോലകൾ ഉണ്ടായിരുന്നു. അതിൽ ഇപ്രകാരം കുറിച്ചിരുന്നു. "എന്തൊക്കെ ഉണ്ടായാലും സഹിച്ചോളണം, അകം എരിയുന്നത് പുറം അറിയരുത്... കെട്യോന്മാർക്ക് പല ദുഃശീലങ്ങളും ദുർനടപ്പുകളും ഉണ്ടാകും, ചെന്ന് കയറുന്ന പെണ്ണ് വേണം അതൊക്ക സ്നേഹത്തോടെ മാറ്റിയെടുക്കാൻ... ചെലപ്പോ തല്ലിയെന്നും തെറി പറഞ്ഞെന്നുമൊക്കെ യിരിക്കും... കുടുംബജീവിതമാകുമ്പോൾ അതൊക്കെ ഉണ്ടാകും ഞങ്ങളൊക്കെ അതൊക്കെ കഴിഞ്ഞാണ് വന്നത്..." എഴുതപ്പെട്ടത് കുറവും എഴുതപ്പെടാത്തത് എണ്ണിയാലൊടുങ്ങാത്തതുമായിരുന്നു. ചെകുത്താൻ കുറിച്ചു വച്ച ആ വാറോലകൾക്ക് തീയിടാൻ ദൈവം ചിലയിടങ്ങളിൽ പെണ്ണായി തന്നെ പിറവി കൊണ്ടു.
അധ്യായം 29
അന്തസ്സ്
ഒരു സിനിമാക്കഥ പോലെ ജീവിതം പറഞ്ഞുകൊണ്ടിരുന്ന കെവിൻ, ആ നിമിഷം മുതൽ പതറാൻ തുടങ്ങി. ഒരുപക്ഷേ, കഴിഞ്ഞ ആറു വർഷമായിട്ട്, അടച്ചിട്ട ഒരു മുറിയിൽ അടയ്ക്കപ്പെട്ട ഒരു ഹൃദയത്തിൽ കെവിൻ അടക്കം ചെയ്തിരുന്ന ചില മനുഷ്യരുടെ പെട്ടെന്നുള്ള മടങ്ങിവരവ് അനുഭവി ക്കുന്നതിലാകണം അവൻ പതറാനും ഉഴറാനും തുടങ്ങുന്നത്. നവാസിന്റെ ഉമ്മയെക്കുറിച്ച് പറഞ്ഞപ്പോഴാണ് കെവിന്റെ അധരത്തിൽ നിന്നും അക്ഷരങ്ങളിറങ്ങി പ്പോയത്. പറയാൻ വാക്കുകൾ കിട്ടാതെ വന്ന ആ നിമിഷം മുതൽ കെവിന്റെ തുറന്നു പറച്ചിലുകൾക്ക് അടയാളങ്ങളായി മാറിയത് വിതുമ്പലുകളും കണ്ണീരും നീണ്ട ഉച്ഛ്വാസങ്ങളുമായിരുന്നു.
അടുത്തിരുന്ന മേഘയുടെ കൈയിൽ നിന്നും പിടി വിടുവിച്ചുകൊണ്ട് സി. റൂഹ് കെവിന്റെ അരികിലേക്ക് വീണ്ടും നടന്നു ചെന്നു നിന്നു. നീറിപ്പുകയുന്ന... വിതുമ്പലടക്കാൻ പാടുപെടുന്ന കെവിനെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ആ കന്യാസ്ത്രീ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് മുതുകിൽ തട്ടിക്കൊണ്ടേയിരുന്നു. കെവിന്റെ കണ്ണീരു വീണുവീണ് അവരുടെ വിശുദ്ധ വസ്ത്രത്തിൽ കെവിന്റെ ജീവിതത്തിന്റെ ഭൂപടം കണ്ണീർചാലു പോലടയാളപ്പെടുത്തി. അവനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ആ നേരത്ത് സി. റൂഹിന് അനുഭവപ്പെട്ടത് 'ഭൂമിയിലെ സർവദുഃഖങ്ങളെയും വഹിക്കുന്ന ഒരു മനുഷ്യനെ പുൽകുന്നതായിട്ടാണ്.'
കവിളിലൂടെയൊഴു കിയ ആ കണ്ണീർച്ചാലുകളെ മുഴുവൻ തന്റെ കൈകൾ കൊണ്ട് തുടച്ചതിനുശേഷം സി. റൂഹ് കെവിന്റെ ഉള്ളംകൈയിൽ അമർത്തി ചുംബിച്ചിട്ട് പറഞ്ഞു, "ഒന്നും പറയാൻ കിട്ടണില്ല... ഒന്നും പറയാനുമില്ല... ഇത്ര യൊക്കെ ഉള്ളിലിട്ടോണ്ട് നടന്നില്ലേടാ നീ? ഇതിൽപ്പരം ഒരാൾക്കെങ്ങനെയാ സഹിക്കാൻ പറ്റണത്? ഒരാളോടെങ്കിലും നിനക്കിതൊക്കെയൊന്ന് പറഞ്ഞൂടായിരുന്നില്ലേ... അല്പമെങ്കിലും ആശ്വാസം കിട്ടില്ലായിരുന്നോ?
"കേൾക്കാനാരുമില്ലാ ത്തവർ ആരോടെന്തു പറയാനാണ് സിസ്റ്ററേ? ഈ സംഭവിച്ചതു മുഴുവൻ ഞാനീ ലോകത്തോട് വിളിച്ചു പറഞ്ഞാൽ കേൾക്കുന്നവർക്കൊക്കെ എന്നോട് സഹതാപവും അനുഭവിച്ച ഈ ശിക്ഷ കുറച്ചെങ്കിലും കുറഞ്ഞും കിട്ടിയേനെ... പക്ഷേ, എന്റെ കാത്തിക്കുട്ടിയുടെ ഭാവിയോ... സ്വന്തം വീട്ടിലുള്ള... സ്വന്തം അങ്കിള് തന്നെ കേറിപിടിച്ച കൊച്ചാണ് അവളെന്നൊക്കെ നാട്ടുകാരറിഞ്ഞാൽ പിന്നവൾക്കൊരു ജീവിതൊണ്ടാകോ സിസ്റ്ററേ? ഇതിപ്പോ അനിയത്തിയെ കേറിപ്പിടിച്ച ഒരുത്തനെ ചേട്ടൻ കുത്തിക്കൊന്നു... അതിൽ തീരും... തീർന്നു. അവളെങ്കിലും അല്പം ആത്മാഭിമാനത്തോടെ ജീവിക്കട്ടെ സിസ്റ്ററേ."
അതുവരെയും ദുഃഖത്തിന്റെയും നിരാശയുടെയും ഭാവമാറ്റങ്ങൾ മാത്രം വന്ന് നിന്നിരുന്ന സി. റൂഹിന്റെ മുഖത്ത് പിന്നീട് വന്നത് മുഴുവനും ക്രോധത്തിന്റെയും രോഷത്തിന്റെയും തീഭാവങ്ങളായിരുന്നു. "നീ ഇപ്പോൾ പറഞ്ഞ ആത്മാഭിമാനം നിന്റെ അനിയത്തിക്ക് മാത്രേ ഉള്ളോ കെവിനേ? നിനക്കില്ലേ? ഈ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആത്മാഭിമാനവും അന്തസ്സും വിലയുമൊക്കെ ഏതെങ്കിലും ആണുങ്ങള് കയറിപ്പിടിച്ചാൽ ഉടഞ്ഞില്ലാണ്ടായി പോകുന്നതാണെന്ന് നിന്നോടാരാ പറഞ്ഞത്? പറക്കമുറ്റാത്ത ഒരു പ്രായത്തിൽ നിന്റെ അനിയത്തിയെ ഒരുത്തൻ ഉപദ്രവിച്ചാൽ തീരുന്ന വിലയേ നീ അവൾക്ക് കൊടുത്തിട്ടുള്ളോ? അതോ സ്വന്തം അങ്കിളാൽ മാനംപോയ പെൺകുട്ടി എന്ന വാർത്ത പറഞ്ഞും പാടിയും നാട്ടുകാർ ആഘോഷിക്കുമ്പോൾ നിന്റെപ്പച്ചൻ ചാടിയതുപോലെ അവളും പാലത്തിന്റെ മോളീന്ന് എടുത്തുചാടി അവൾടെ ജീവിതം ഒടുക്കണോ?"
ഉത്തരം നല്കാനില്ലാത്ത ഒരായിരം ചോദ്യങ്ങൾ കെവിന്റെ മുന്നിൽ തലയുയർത്തി നിന്നു. ഇത്രയും നാൾ താൻ അടയിരുന്നത് മുഴുവൻ ആത്മാഭിമാനത്തിനു മുകളിലായിരുന്നോ അതോ ദുരഭിമാനത്തിന്റെ മുകളിലായിരുന്നുവോ എന്ന ചിന്തയിൽ കെവിൻ നിശ്ചലനായി. അതുവരെയ്ക്കും, മൗനിയായ്, കെവിന്റെ ദുരന്തഭാവങ്ങളെ മുഴുവൻ നിറകണ്ണുകളോടെ കേട്ടുകൊണ്ടിരുന്ന മേഘ ആ നിമിഷം എഴുന്നേറ്റ് കെവിനെ അഭിമുഖീകരിച്ചുകൊണ്ട് മുന്നിൽ ചെന്നുനിന്നുകൊണ്ട് ചോദിച്ചു,
"ആറു വർഷം ആരോടും തുറന്നു പറയാതിരുന്നതുകൊണ്ട്, പൊലീസിനോടോ കോടതിയോടോ മിണ്ടാതിരുന്നതുകൊണ്ട് കെവിൻ ആരെയാണ് രക്ഷിച്ചത്? അനിയത്തിയെയോ? അമ്മയെയോ? അതോ കെവിനെ തന്നെയോ?"
അറിയാതെ സംഭവിച്ചുപോയ ഒരു കൊടിയ അപരാധത്തിന്റെ പേരിൽ ആറ് വർഷത്തോളം കുറ്റവാളിയെന്ന പേര് ചേർക്കപ്പെട്ടവന്റെ നേരെ ഇനിയും കുറ്റങ്ങൾ വന്ന് വീഴുന്നതായിട്ട് തോന്നാതി രിക്കാൻ സി. റൂഹ് കെവിന്റെ നെറ്റിമേൽ ഒരമ്മയെപ്പോലെ തഴുകി കൊണ്ടേയിരുന്നു. മേഘ തുടർന്നു, "കെവിനേ, സംഭവിച്ചതൊന്നും ആരോടും പറയാതെ താൻ തന്റെ അനിയത്തിയെ പ്രൊറ്ററ്റ് ചെയ്യുകയായിരുന്നു എന്ന് ഇനിയും കരുതരുത്. താനീ ജയിലിൽ കിടന്ന് വീർപ്പ് മുട്ടിയതിനേക്കാൾ കൂടുതലായിരിക്കും ആ കുട്ടി ഈ വർഷങ്ങളൊക്കെയും വെന്ത് നീറിയത്. മുറിവേറ്റത് തനിക്കോ, തന്റെ അനിയത്തിക്കോ ആയിക്കോട്ടെ, ആർക്കു വേണമെങ്കിലും ആയിക്കോട്ടെ അത് പറയേണ്ടവരോടു പറഞ്ഞ്, കാണിക്കേണ്ടവരെ കാണിച്ച്, അതൊക്കെ ഹീല് ചെയ്യണം കെവിൻ. അതിനുശേഷം തെമ്മാടിത്തരം ചെയ്തവരെ നിയമത്തിനും നീതിക്കും മുന്നിൽ കൊണ്ടുവന്നു നിർത്തി നീതി നടപ്പിലാക്കണം. അതാണ് കെവിനെ ആത്മാഭിമാനം, അതാണ് കെവിനെ കൂടെപ്പിറപ്പിനോട് ചെയ്യാവുന്ന സ്നേഹം."
"അന്ന് എന്നെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്ന നേരത്ത് അമ്മ കരയുന്നുണ്ടായിരുന്നില്ല... എത്ര പറഞ്ഞിട്ടും നേരെയാകാത്ത, എത്ര ആഗ്രഹിച്ചിട്ടും നന്നാകാത്ത, കുടുംബം നോക്കാത്ത മോനായി ഞാൻ മാറിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് അമ്മച്ചി സങ്കടപ്പെടുമായിരുന്നു... അവസാനം വീടിനകത്ത് കയറി എന്നെ പൊലീസ് വലിച്ചിറക്കുമ്പോൾ അമ്മച്ചിയുടെ നെഞ്ചിൽ തീയായിരുന്നു... അകത്തെ കട്ടിലിൽ ശരീരത്തിനും മനസ്സിനും പോറലേറ്റ ഒരു പെൺകുട്ടി, പുറത്ത് പൊലീസുകാരുടെ ഒച്ചപ്പാടിലും നാട്ടുകാരുടെ വട്ടം കൂടലിനും നടുവിൽ ഒരക്ഷരം മിണ്ടാതെ തലകുനിച്ച് ഞാനും.
(തുടരും)