വിശുദ്ധ പീയൂസ് അഞ്ചാമന്‍ (1504-1572) : ഏപ്രില്‍ 30

വിശുദ്ധ പീയൂസ് അഞ്ചാമന്‍ (1504-1572) : ഏപ്രില്‍ 30

ഇറ്റലിയില്‍ കുലീനമായ ഒരു കുടുംബത്തില്‍ ജനിച്ച മൈക്കിള്‍ ഗിസ്‌ലിയേരിയാണ് പിന്നീട് വി. പീയൂസ് അഞ്ചാമനായിത്തീര്‍ന്നത്. പതിന്നാലാമത്തെ വയസ്സില്‍ ഡോമിനിക്കന്‍ സന്ന്യാസികളുടെ കൂടെച്ചേര്‍ന്ന് പഠനം തുടര്‍ന്ന മൈക്കിള്‍ 24-ാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് 16 വര്‍ഷം തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിച്ചു കൊണ്ട് കഴിച്ചുകൂട്ടി. അസാധാരണമായ ഭക്തിയുടെയും ആത്മസംയമനത്തിന്റെയും വിളനിലമായിരുന്ന അദ്ദേഹം രാത്രിയില്‍ മണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നു. പുറത്തുപോകുമ്പോള്‍ ഒരു ഓവര്‍കോട്ടുപോലുമില്ലാതെ നടന്നുപോകുകയായിരുന്നു പതിവ്.

സമര്‍ത്ഥനായ നൊവിസ് മാസ്റ്ററെന്നും പ്രിയോരെന്നുമുള്ള പേരെടുത്ത മൈക്കിള്‍ 1556-ല്‍ സൂത്രിയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. വിശ്വാസത്തില്‍ അടിയുറച്ചു പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ വൈകാതെ ഇന്‍ക്വിസിറ്റര്‍ ജനറലും 1557-ല്‍ കര്‍ദ്ദിനാളുമാക്കി. 13 വയസ്സുള്ള ഫെര്‍ഡിനന്റ് രാജകുമാരനെ കര്‍ദ്ദിനാളാക്കാനുള്ള നാലാം പീയൂസ് പാപ്പായുടെ ശ്രമത്തെയും പുരോഹിതരുടെ വിവാഹം സാധുവാക്കി പ്രൊട്ടസ്റ്റന്റ് ഐക്യം സാധിക്കുന്നതിനുള്ള മാക്‌സിമില്യന്‍ രണ്ടാമന്‍ ചക്രവര്‍ത്തിയുടെ നീക്കത്തെയും ശക്തമായി എതിര്‍ത്തത് കര്‍ദ്ദിനാള്‍ മൈക്കിള്‍ ഗിസ്‌ലിയേരിയാണ്.

1566-ല്‍ പോപ്പ് പയസ് നാലാമന്‍ ദിവംഗതനായി. അന്ന് പേപ്പല്‍ സെക്രട്ടറിയും മിലാന്റെ ആര്‍ച്ചുബിഷപ്പുമായിരുന്നു. വി. ചാള്‍സ് ബൊറോ മിയോ സഭയുടെ അന്നത്തെ നിര്‍ണ്ണായകഘട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വിശ്വാസസംരക്ഷനും ആദര്‍ശധീരനുമായ തന്റെ സുഹൃത്ത് കര്‍ദ്ദിനാള്‍ ഗിസ്‌ലിയേരിയുടെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. അങ്ങനെ കര്‍ദ്ദിനാള്‍ ഗിസ്‌ലിയേരി അഞ്ചാം പീയൂസ് മാര്‍പാപ്പയായി സ്ഥാനമേറ്റു.

പരിവര്‍ത്തനങ്ങളുടെ തുടക്കമായി. തങ്ങളുടെ ആര്‍ഭാടപൂര്‍ണമായ സുഖജീവിതം നിയന്ത്രിക്കാന്‍ കര്‍ദ്ദിനാളന്മാരോട് പോപ്പ് ആവശ്യപ്പെട്ടു. ബിഷപ്പുമാര്‍ തങ്ങളുടെ രൂപതകളില്‍ത്തന്നെ കഴിയണമെന്നും ഓരോ രൂപതയിലും ഓരോ സെമിനാരി സ്ഥാപിക്കണമെന്നും പോപ്പ് നിര്‍ദ്ദേശിച്ചു. 1563-ല്‍ സമാപിച്ച ട്രെന്റ് സൂനഹദോസ് നിര്‍ദ്ദേശിച്ച എല്ലാ പരിഷ്‌കാരങ്ങളും നടപ്പിലാക്കേണ്ട ചുമതല പുതിയ മാര്‍പാപ്പ ഏറ്റെടുത്തു. ദേവാലയ സംഗീതവും ആരാധന ക്രമവും പരിഷ്‌കരിച്ചു. 'കര്‍ത്താവേ, ഞാന്‍ അയോഗ്യനാണ്' എന്ന പ്രയോഗവും 'വിശ്വാസപ്രമാണ'വും വി. ബലിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

രാഷ്ട്രീയമായി എല്ലാ വിദേശരാജ്യങ്ങളിലെയും കത്തോലിക്കരുമായി മാര്‍പാപ്പ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്തു രാജ്ഞിയെ സഭാഭ്രഷ്ടയാക്കി. തുര്‍ക്കികളുടെ ആക്രമണത്തെ ചെറുക്കാന്‍ യൂറോപ്പിലെ ക്രിസ്ത്യന്‍ രാജാക്കന്മാരുടെ ഐക്യത്തിനായി മാര്‍പാപ്പ കഠിനശ്രമം തുടങ്ങി. പ്രത്യേകമായ പ്രാര്‍ത്ഥനയും ഉപവാസവും സാമ്പത്തികസഹായവും ചെയ്യാന്‍ വിശ്വാസികളെ അദ്ദേഹം ആഹ്വാനം ചെയ്തു. 1567-ല്‍ എല്ലാ മൊണാസ്റ്ററികളില്‍നിന്നും കോണ്‍വെന്റുകളില്‍ നിന്നും ഇക്കാര്യത്തിനായി സമ്പത്തിന്റെ ദശാംശം ശേഖരിച്ചു. അവസാനം തുര്‍ക്കികള്‍ സൈപ്രസിനെ ആക്രമിച്ചപ്പോള്‍ വെനീസും ജനോവയും സ്‌പെയിനും വത്തിക്കാനും ആസ്ത്രിയായിലെ ഡോണ്‍ ജൂവാന്റെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ 1571 ഒക്‌ടോബര്‍ 7 ന് ലെപ്പാന്റോയിലെ നാവികയുദ്ധം ജയിച്ചു. ഈ സമയത്ത് റോമിന്റെ തെരുവിലൂടെ ഒരു കൂറ്റന്‍ ജപമാലപ്രദക്ഷിണം കടന്നുപോകുകയായിരുന്നു. ഈ യുദ്ധത്തിന്റെ വിജയസ്മാരകമായിട്ടാണ് മാര്‍പാപ്പ "Our Lady of Victory" എന്ന തിരുനാള്‍ ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. അതു പിന്നീട് ജപമാലയുടെ തിരുനാളായിത്തീര്‍ന്നു. മാത്രമല്ല, ജപമാലയില്‍ "ക്രിസ്ത്യാനികളുടെ സഹായമേ" എന്നുകൂടി ചേര്‍ക്കുകയും ചെയ്തു.

ഒരു സന്ന്യാസിയായിരുന്നപ്പോള്‍ ചെയ്തിരുന്ന ഭക്തകൃത്യങ്ങളെല്ലാം പോപ്പായശേഷവും അദ്ദേഹം തുടര്‍ന്നിരുന്നു. ഏതു ജോലിത്തിര ക്കിലും ദിവസവും രണ്ടുനേരം വി. കുര്‍ബാനയുടെ മുമ്പില്‍ ധ്യാനിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. സാധുക്കള്‍ക്ക് അദ്ദേഹം വാരിക്കോരി നല്‍കി. രോഗികളോട് അദ്ദേഹത്തിന് പ്രത്യേക പരിഗണനയുണ്ടായിരുന്നു.

1572 മെയ് 1-ന് വി. പയസ് V മരണമടഞ്ഞു. പോപ്പ് സിക്സ്റ്റസ് V 1588 ജനുവരി 6-ന് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം സെന്റ് പീറ്റേഴ്‌സില്‍ നിന്ന് സെ. മേരി മേയറിലേക്കു മാറ്റി. 1672 മെയ് 10 ന് പോപ്പ് ക്ലമന്റ് പത്താമന്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. പോപ്പ് ക്ലമന്റ് XI 1712 മെയ് 22 ന് പോപ്പ് പയസ് അഞ്ചാമനെ വിശുദ്ധനെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org