Novel

കൊച്ചിയിലെ കപ്പലൊച്ചകള്‍ [17]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.

Sathyadeepam
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

നമ്മളറിയാത്ത വ്യാകുലങ്ങളുടെ വാള്‍മുനയേറ്റ് വ്രണിതമായ എത്ര ഹൃദയങ്ങളാണ് നമുക്ക് ചുറ്റും ഇരുകാലുകളില്‍ നടന്നു നീങ്ങുന്നത്. വേച്ച് വേച്ച് നീങ്ങുന്ന വൃദ്ധ ജന്മങ്ങള്‍ കടന്നു പോയിട്ടുള്ള തീയനുഭവങ്ങളുടെ ചൂട് എത്രയെന്ന് അവര്‍ക്കൊപ്പം പാര്‍ത്തവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് പിടികിട്ടുന്നത്. നിസ്സാര കാര്യങ്ങളുടെ മേല്‍ വലിയ വിലാപങ്ങള്‍ ഉയര്‍ത്തുന്നവരോട് വൃദ്ധ ജന്മങ്ങള്‍ക്ക് ഒന്നേ പറയാന്‍ കാണു, 'കാണേണ്ട കാഴ്ചകളൊന്നും നിങ്ങള്‍ കണ്ടിട്ടില്ലെടാ മക്കളെ, നെഞ്ച് പൊള്ളിക്കുന്ന ചൂടൊന്നും നിങ്ങളെ തൊട്ടിട്ടില്ല, മനസ്സ് മരച്ച് പോകുന്ന മരവിപ്പൊന്നും നിങ്ങള്‍ അനുഭവിച്ചിട്ടേയില്ല. പഴയ കാലം, പുസ്തകളില്‍ കാണുന്ന ഗൃഹാതുരകാലം മാത്രമല്ല, ആരുമറിയാത്ത പീഡകളുടെയും ആരും കേള്‍ക്കാത്ത കരച്ചിലുകളുടെയും കാലം കൂടിയാണ്.

അധ്യായം 17

  • പുത്തന്‍പാന

തന്റെ ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്ന ചോരത്തുള്ളികളില്‍ തന്റെ അപ്പന്റെ ഞരമ്പിലൂടെ ഒഴുകുന്ന സര്‍വ അരുതായ്മകളുടെയും അക്രമത്തിന്റെയും ആസക്തികളുടെയും അശുദ്ധകണങ്ങള്‍ പായുന്നുണ്ടെന്ന് കെവിന് പണ്ടേ പിടി കിട്ടിയിയിരുന്നു.

ചെളിപുതഞ്ഞ് കിടക്കുന്ന ഓര്‍മ്മകളുടെ പാട വരമ്പുകളിലേക്ക് പിന്നോക്കം പായുമ്പോള്‍ കെവിന് പിടുത്തം കിട്ടാതിരുന്നത് വേറെ ചില കാര്യങ്ങളായിരുന്നു. പകല്‍ മുഴുവന്‍ പിള്ളേരെ കൊഞ്ചിച്ചും, പട്ടിയെ കളിപ്പിച്ചും, പള്ളിയില്‍ പോയും, പെരുന്നാളുകളില്‍ പുണ്യാളന്മാര്‍ക്ക് തിരികള്‍ കത്തിച്ചും നടന്നിരുന്ന ജോണി എന്ന തന്റെ അപ്പന്‍, രാത്രികളില്‍ ദിക്ക് തെറ്റിപ്പായുന്ന മാടനെ പോലെയും, രക്തമൂറ്റി കടന്ന് കളയുന്ന മറുതയെ പോലെയും മുഖം മൂടികള്‍ അണിഞ്ഞിരുന്നത് എന്തിനെന്നോ എങ്ങനെയെന്നോ അവനു പിടികിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ അറക്കപറമ്പില്‍ ജോണിയെന്ന തന്റെ അപ്പന്‍ കഥാപാത്രത്തെ കെവിന്‍ ഇടയ്ക്ക് സ്‌നേഹിക്കുകയും ഇടയ്ക്ക് വെറുക്കുകയും, ചില്ലപ്പോള്‍ പകയ്ക്കുകയും ചില നേരം പുണരുകയും ചെയ്തു. അയാള്‍ പുന്നാരിപ്പിച്ച് വിളിച്ചിരുന്ന ചെല്ലപ്പേരുകള്‍ക്ക് പകരം, കെവിന്റെ കുരുന്നു ഹൃദയത്തില്‍ ആലേഖിതമായത് ഭൂമിയില്‍ വച്ചേറ്റവും ഹീനമായ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അവന്റെ അപ്പന്‍ വിളിച്ചിരുന്ന പച്ചത്തെറികളായിരുന്നു. സ്വന്തം അപ്പനോടുള്ള സ്‌നേഹവിദ്വേഷങ്ങളുടെ ആ ദ്വന്ദഭാവങ്ങളിലൂടെ യുള്ള ഒരു മകന്റെ യാത്ര ഒടുവില്‍ എത്തി നിന്നതോ, എല്ലാ ദ്വന്ദ്വങ്ങളും ഉടഞ്ഞില്ലാതാകുന്ന ഒരു മരണഗര്‍ത്തത്തിലും.

വാതിലില്ലാത്ത ഒരു മറപ്പുരയുടെ മുന്നിലേക്ക് ഒരു പ്ലാസ്റ്റിക് കവര്‍ വലിച്ചിട്ട്, പോറലുകളും ഉരച്ചിലുകളും വീണ തന്റെ ദേഹത്തേക്ക് തണുത്ത വെള്ളം കോരിയൊഴിച്ചപ്പോള്‍ കെവിന്റെ ദേഹമാസകലം നീറ്റലനുഭവപ്പെട്ടു. വക്കുടഞ്ഞ ബക്കറ്റില്‍ നിന്നും ചേനിപുരണ്ട പ്ലാസ്റ്റിക് കപ്പെടുത്ത് തലയ്ക്ക് മീതെ കൂടി കെവിന്‍ വള്ളം കമിഴ്ത്തിയ അതേ നേരത്ത് തന്നെ, അടുക്കളയിലെ കരി പിടിച്ച ഭിത്തിയില്‍ ചാരി നിന്നുകൊണ്ട് റീത്ത കരച്ചിലോടെ കറിക്കരിഞ്ഞു. വെള്ളം പറ്റിപ്പിടിച്ച ദേഹത്തോടെ അടുക്കള വാതിലിന്റെ കട്ടിളപ്പടിയില്‍ വന്നിരുന്ന കെവിന്റെ അടുത്തു വന്ന് അമ്മാമ്മ ഇരുന്നു. കൊല്ലങ്ങള്‍ക്കു മുന്‍പ്, ആരോ കൊണ്ടു വന്നു കൊടുത്ത വെളുത്ത ഡബ്ബയിലെ ആ മുറിവുണക്കിപ്പൊടി അവരുടെ കയ്യിലുണ്ടായിരുന്നു.

കെവിന്റെ തോളില്‍ കിടന്ന നനഞ്ഞ തോര്‍ത്തെടുത്ത് അമ്മാമ്മ അവന്റെ മുറിവുകളുടെ അരികുകള്‍ മെല്ലെ ഒപ്പിയെടുത്തു. അതിമാര്‍ദവത്തോടെ അതിലളിതമായി അവരത് ചെയ്യുന്നത് കണ്ടാല്‍ തീര്‍ച്ചയാണ് ആ മരുന്നുവയ്പ്പിനു ഒരായുഷ്‌കാലത്തിന്റെ പരിചിതചരിത്രമുണ്ടെന്നു. അറക്കപ്പറമ്പില്‍ കെവിന്റെ മുറിവില്‍ ഔഷധം ചാര്‍ത്തും മുന്‍പേ അവര്‍ അറക്കപറമ്പില്‍ ജോണിയുടെ എത്ര മുറിവുകളില്‍ കമ്മ്യൂണിസ്റ്റ് പച്ച ചതച്ച് ചേര്‍ത്തിരിക്കുന്നു. അതിനും മുന്‍പ് തന്നെ, ആ വീട്ടിലേക്ക് തന്നെ കെട്ടിക്കൊണ്ടു വന്ന അറക്കപറമ്പില്‍ ചവിരിയാരുടെ എത്ര ക്ഷതങ്ങളില്‍ അവര്‍ കാപ്പിപ്പൊടിയും പഞ്ചസാരയും പൊത്തിയിരിക്കുന്നു. എന്തിനേറെ, ചവരിയാരെന്ന ആറടി മനുഷ്യന്റെ ഉടല്‍ ക്ഷോഭങ്ങളുടെ കെട്ടഴിച്ചു വിട്ട രാത്രികളുടെയും, അയാളുടെ പൊട്ടിത്തെറിയുടെ പകലുകളുടെയും പോറലേറ്റ സ്വന്തം മാംസത്തിന് മീതെ ആ വൃദ്ധജന്മം എത്ര കണ്ണീരുപ്പ് ചാലിച്ചിരിക്കുന്നു. മൂന്ന് തലമുറകളുടെ മുറിവുണക്കിയ ഒരു പെണ്‍ജന്മം ആ മുറ്റത്തിരുന്നുകൊണ്ടു തന്റെ പേരക്കിടാവിന്റെ ദേഹവും ദേഹിയും സുഖപ്പെടുത്താന്‍ പരിശ്രമിക്കുന്ന രാത്രിയാണത്.

''വേദനയുണ്ടോടാ?''

കെവിന്‍ ഒന്നും മിണ്ടിയില്ല.

''വാ തൊറന്ന് എന്തെങ്കിലും പറയെടാ കെവി. വര്‍ത്താനം പറഞ്ഞാല്‍ തീരാത്ത വല്യ സങ്കടോന്നുമില്ല.''

അമ്മാമ്മ സങ്കടപ്പെട്ടതാണോ, അരിശപ്പെട്ടതാണോ എന്ന് അവനു കൃത്യമായി പിടികിട്ടിയില്ല. അവര്‍ സങ്കടപ്പെടുന്നത് കണ്ടു നില്‍ക്കാന്‍ കെവിനാകില്ല. ജീവനോടെ വാഴുന്ന ആ പ്രപഞ്ചത്തില്‍ കെവിന്‍ എന്ന് പേരുള്ള ആ ചെറുപ്പക്കാരന്‍ ക്ഷോഭിക്കാത്ത ഏകജന്മം വാര്‍ദ്ധക്യത്തിന്റെ വസ്ത്രം ധരിച്ച ആ സ്ത്രീ മാത്രമാണ്. യൂദയായുടെ തെരുവില്‍ നിന്നും ദൈവം കണ്ടെടുത്ത വ്യാകുലങ്ങളുടെ പഴയ മറിയത്തെപ്പോലെ അറക്കപറമ്പില്‍ കുടുംബത്തിലെ സര്‍വ വ്യാകുലങ്ങളുടെയും വാള്‍ മുനയേറ്റ് മാറിടവും മനസ്സും വെന്തുപോയ ഒരു സാധു സ്ത്രീ. വേദപുസ്തകത്തിലെ ആ വാക്യം പോലെ 'അവര്‍ക്കരികില്‍ മറ്റേ മറിയവും നിന്നിരുന്നു, റീത്ത!' ഈ സ്ത്രീയെയും പെറ്റിട്ട നാളുകളില്‍ ആകാശം പഴയത് പോലെ മന്ത്രിച്ച് കാണുമോ, 'ഇവള്‍ മറിയം എന്ന് വിളിക്കപ്പെടണമെന്ന്?' ഇവളെ സ്‌നാനജലം തളിച്ച നാളുകളില്‍ ദേവാലയത്തിലെ പുരോഹിതരാരെങ്കിലും ശീമോനെപ്പോലെ പ്രവചിച്ച് കാണുമോ, 'കൊല്ലന്റെ ആലയിലെ തീച്ചൂളപ്പോലെ വ്യാകുലങ്ങളാലും വ്യഥകളാലും നീറിപ്പുകയുന്ന നെഞ്ചായിരിക്കും ഇവളുടേതെന്ന്?'

''കെവി, നിന്റപ്പനും ഇത് പോലെ തന്നെയായിരുന്നു. എന്തോരം തൊലി പോയാലും എത്ര ചോര ചിന്തിയാലും, കര്‍ത്താവിനെപ്പോലെ ദേ ഇങ്ങനെ ഒരിറ്റ് കരയാതെ നില്‍ക്കും... എല്ലാ അരിശോം ദേഷ്യവും സങ്കടോം ഇങ്ങനെ ഉള്ളില്‍ കൊണ്ട് നടക്കും അവന്‍. ഒടുവില്‍, ആ മുറിവൊക്കെ ഉണങ്ങുന്നതിനു മുമ്പേ നിന്റപ്പന്‍ പോയി വീണ്ടും ആരെയെങ്കിലും തല്ലും, അല്ലെങ്കില്‍ ആരുടെയെങ്കിലും തല്ല് കൊള്ളും.''

കെവിന്‍ അമ്മമ്മയുടെ മുഖത്തേക്ക് നോക്കി, അവര്‍ അവനെയും.

''നിന്റപ്പന്‍ ആദ്യായിട്ട് കരഞ്ഞത് എന്നാണെന്നു നിനക്കറിയോ കെവി?''

ആ ചോദ്യത്തിനും അവനുത്തരം മൗനമായിരുന്നു.

''നിന്റപ്പന്‍ ആദ്യമായിട്ട് കരഞ്ഞത്, നീ അവനെ തല്ലിയപ്പോഴാണ്.''

കെവിന്‍ വീണ്ടും അമ്മമ്മയുടെ മുഖത്തേക്ക് നോക്കി, ഇത്തവണ അവര്‍ കെവിന്റെ നോട്ടത്തിനു പിടികൊടുത്തില്ല.

അവന്റെ മുഖം നോക്കാതെ എന്തൊക്കെ പറഞ്ഞു തീര്‍ക്കാന്‍ അവര്‍ക്കുണ്ടായിരുന്നതു പോലെ.

സ്വന്തം വീടിന്റെ ഉമ്മറത്തിട്ട് കെവിന്‍ തന്റെ അപ്പനെ ആഞ്ഞടിച്ച രംഗം അവന്റെ ഉള്ളിലേക്ക് ഒരു മിന്നല്‍ പിണര് പോലെ പാഞ്ഞെത്തി. വീണു കിടക്കുന്ന അപ്പനെ നോക്കി ആര്‍ത്തു ചിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍.

കെവിന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.

''അമ്മാമ്മ മോനെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ലെടാ... ഇനീം അമ്മാമ്മ ഇതൊക്കെ പറയാതിരുന്നാല്‍, ദേ ആ അടുക്കളപ്പുറത്ത് ചാരിയിരുന്ന് കരയാന്‍ പോലും നിന്റെ അമ്മ റീത്ത ഉണ്ടാകില്ല. നിന്റെ വെട്ടത്തിലാണ് അവള് ജീവിക്കുന്നത്. ഇനിയും ഒരു പോരിനുള്ള ആരോഗ്യം പോലും നിന്റമ്മയ്ക്കില്ല മോനെ...''

ജോണിയുടെ പഴകിക്കീറിയ വെള്ളമുണ്ടിന്റെ വക്ക് കീറിയെടുത്ത് അമ്മാമ്മ കെവിന്റെ മുറിവിന്റെ ഭാഗങ്ങള്‍ വച്ചുകെട്ടി.

''ഒരു കാര്യം അമ്മമ്മയ്ക്ക് ഒറപ്പാടാ കെവി, നിന്റപ്പന്‍ ജോണി അത്ര നല്ല ഒരു അപ്പനുമായിരുന്നില്ല, നിന്റമ്മയ്ക്ക് നല്ലൊരു കെട്ട്യോനുമായിരുന്നില്ല. പക്ഷേ, എനിക്ക് അവന്‍ നല്ലൊരു മോനായിരുന്നെടാ. കാരണം എന്റെ കൊച്ചിന് ഒന്നും കിട്ടീട്ടില്ലെടാ. ചെറുതാണെലും ഇത് പോലൊരു കൂര അവനുണ്ടായിരുന്നില്ല. കിടന്നത് മുഴുവന്‍ നിന്റെ അപ്പാപ്പന്‍ ജോലിക്ക് പോയിരുന്ന ചാരായക്കടയുടെ തിണ്ണയിലായിരുന്നു. ഒരു ദിവസം പോലും ജോണി അവന്റെ അപ്പന്റെ തെറി കേള്‍ക്കാതേം തല്ലു കൊള്ളാതേം കിടന്നുറങ്ങീട്ടില്ല... ചീട്ടുകളിയില്‍ തോറ്റാലും, കള്ളുകുടിയില്‍ കലഹിച്ചാലും അതിന്റെയൊക്കെ അരിശം അപ്പാപ്പന്‍ നിന്റെ അപ്പനെ തല്ലി തീര്‍ക്കുമായിരുന്നു. നമ്മളെ സ്‌നേഹിക്കുന്നവരുടെ അടികള്‍ക്കാണ് മോനെ ശത്രുക്കളുടെ അടികളെക്കാള്‍ വേദന.

കെവി... മോനറിയണം

നിന്റപ്പന്, ഒരു നല്ല അപ്പനുണ്ടായിരുന്നില്ലെടാ... സ്‌കൂളില്‍ പോകേണ്ട പ്രായത്തില്‍ ജോണി ചാരായഷാപ്പിലിരുന്നു താറാമുട്ടയുടെ തൊണ്ടു കീറി. ഹന്നാന്‍ വെള്ള ത്തില്‍ നനയേണ്ടിയിരുന്ന ജോണി കള്ളുകുടിയന്മാ രുടെ ഛര്‍ദ്ദിയില്‍ നനഞ്ഞു... ഏഴു വയസ്സുള്ളപ്പോള്‍ അവന്റെ അപ്പന്‍ തന്നെയാണ് അവന്റെ വായിലേക്ക് പൊള്ളിപ്പോകുന്ന ചാരായമൊഴിച്ച് കൊടുത്തത്...

പിന്നെങ്ങനെയാണ് എന്റെ മോന്‍ കള്ളുകുടിയ നാകാതിരിക്കുന്നത്?

മരണത്തെ പുല്‍കിയ സ്വന്തം മകനെയോര്‍ത്ത് ഒരു മാതൃഹൃദയം ഓര്‍മ്മകളുടെ പുത്തന്‍പാന വായിക്കുന്നത് കേള്‍ക്കുന്നില്ലേ...

(തുടരും)

നാടകരചനയ്ക്കും കഥാരചനയ്ക്കും സാബു തോമസിന് ഒന്നാം സ്ഥാനം

കുട്ടികളെ കാണാതാകുന്ന സംഭവങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി

ബ്ര. ളൂയീസ് മഞ്ഞളി അനുസ്മരണം നടത്തി

പെറുവില്‍ ലിയോ XIV-ാമന്റെ പ്രതിമ സ്ഥാപിച്ചു

ഗാസ, ഉക്രെയിന്‍ വിഷയങ്ങള്‍ എര്‍ദോഗാനുമായി ചര്‍ച്ച ചെയ്തു മാര്‍പാപ്പ