
ഇറ്റലിയിലെ നേപ്പിള്‍സിനടുത്ത് റോകാസേക്ക എന്ന സ്ഥലത്തായിരുന്നു തോമസ് അക്വീനാസിന്റെ ജനനം. അച്ഛനും അമ്മയും രാജകുടുംബാംഗങ്ങളായിരുന്നു. അഞ്ചാമത്തെ വയസില്‍ ബനഡിക്‌ടൈന്‍ സന്യാസികള്‍ നടത്തുന്ന മോന്തേ കാസിനോയില്‍ തോമസ് വിദ്യാരംഭം കുറിച്ചു. 11-ാമത്തെ വയസ്സില്‍ നേപ്പിള്‍സ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിച്ചു. 18-ാമത്തെ വയസ്സില്‍ ഡോമിനിക്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ചക്രവര്‍ത്തിയുടെ ബന്ധുക്കളായ തോമസിന്റെ കുടുംബത്തിന് അതു സഹിക്കാനായില്ല. തോമസിനെ അവര്‍ രണ്ടുവര്‍ഷം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു.
ഈ സമയത്ത് തോമസിന്റെ സഹോദരി അദ്ദേഹത്തിനു കൊടുത്ത ബൈബിളും തത്ത്വശാസ്ത്രഗ്രന്ഥങ്ങളും ആയിരുന്നു തടവിലെ കൂട്ടുകാര്‍. അധികം വൈകാതെ, ഡൊമിനിക്കന്‍ സന്യാസിമാര്‍ ഒരു കൊട്ടയില്‍ ഒളിപ്പിച്ച് വി. പൗലോസിനെ രക്ഷപെടുത്തിയതുപോലെ, തോമസിനെ തന്ത്രത്തില്‍ വീട്ടുതടങ്കലില്‍നിന്നു രക്ഷിച്ചു. പിന്നീട്, കൊളോനിലും പാരീസിലുമായി, മഹാനായ വി. ആല്‍ബര്‍ട്ടിന്റെ കീഴില്‍ ഉപരി പഠനം തുടര്‍ന്നു. വൈദികനായശേഷം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. തുടര്‍ന്ന് പാരീസ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപനം ആരംഭിച്ച തോമസിന്റെ പണ്ഡിതോചിതമായ ക്ലാസ്സുകള്‍ കേള്‍ക്കാന്‍ വിദ്യാര്‍ ത്ഥികള്‍ ഓടിക്കൂടി. അന്നു പാരീസ് യൂണിവേഴ്‌സിറ്റിയില്‍ 30,000 വിദ്യാര്‍ ത്ഥികള്‍ ഉണ്ടായിരുന്നത്രെ!
'കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരിലെ രാജകുമാരനെ'ന്നും 'ഏഞ്ചലിക് ഡോക്ടര്‍' എന്നും വിശേഷിപ്പിക്കപ്പെട്ട ഫാ. തോമസാണ് അരിസ്റ്റോട്ടിലിനെ കൂട്ടുപിടിച്ച് ക്രിസ്ത്യന്‍ വിശ്വാസസംഹിതകളെല്ലാം സമാഹരിച്ച് വ്യാഖ്യാനിച്ച് 'സ്‌കൊളാസ്റ്റിക് ഫിലോസഫി'ക്കു രൂപം നല്‍ കിയത്.
വെറും 49 വര്‍ഷത്തിനുള്ളില്‍ അറുപതോളം വിശിഷ്ട കൃതികള്‍ അദ്ദേഹം രചിച്ചു. അതില്‍ എക്കാലത്തെയും വിശിഷ്ടകൃതിയായ "Summa Theologica" ക്രിസ്ത്യന്‍ തത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും സമ്പൂര്‍ണ്ണസമാഹാരമാണ്. ഈ കൃതിയെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞു: "ദൈവത്തെപ്പറ്റിയുള്ള അറിവു പ്രദാനം ചെയ്യുവാനാണ് ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിരിക്കുന്നത്. എല്ലാത്തിന്റെയും, പ്രപഞ്ചം മുഴുവന്റെയും ആദിയും അന്തവുമായ ദൈവത്തെപ്പറ്റിയാണ് ആദ്യം. രണ്ടാമത്, യുക്തിബോധമുള്ള മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രതിപാദിക്കുന്നു. മൂന്നാമത്, ദൈവത്തിങ്കലേക്കുള്ള വഴിയായ മനുഷ്യരൂപം സ്വീകരിച്ച ക്രിസ്തുവിനെപ്പറ്റി വിശദീകരിക്കുന്നു."
പഠനവും രചനയും തുടങ്ങുന്നതിനു മുമ്പ് ഫാ. തോമസ് ദൈവത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടു പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ലയിക്കും. പിന്നീട് എല്ലാം മറന്നുള്ള രചന. ഭക്ഷണവും വിശ്രമവുംപോലും മറക്കുന്നതുകൊണ്ട്, ഇക്കാര്യങ്ങള്‍ സമയത്ത് ഓര്‍മ്മിപ്പിക്കാന്‍ ഒരു സന്യാസിയെത്തന്നെ ചുമതലപ്പെടുത്തിയിരുന്നു. ബൈബിളിലെ അവ്യക്തമായ ഭാഗങ്ങള്‍ വിശദീകരിക്കുന്നുതിനു മുമ്പ് അദ്ദേഹം പ്രത്യേകമായി ഉപവാസമെടുത്ത് പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെ ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ ഈ രചനയുടെ സമയത്ത് നടന്നിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. അമാനുഷികമായ ബുദ്ധിവൈഭവം വ്യക്തമാക്കുന്ന രചനകള്‍ക്കുള്ള അടിസ്ഥാനം അതു തന്നെയാണ്.
ലിയോണ്‍സ് സൂനഹദോസില്‍ പങ്കെടുക്കുവാനുള്ള യാത്രാമദ്ധ്യേയായിരുന്നു ഫാ. തോമസിന്റെ മരണം. പോപ്പ് ജോണ്‍ XXII 1323 ജൂലൈ 18-ന് ഫാ. തോമസിനെ വിശുദ്ധനെന്നു പ്രഖ്യാപിച്ചു. 1567 ഏപ്രില്‍ 11-ന് പോപ്പ് പയസ് V ആണ് അദ്ദേഹത്തെ "ഡോക്ടര്‍ ഓഫ് ദ ചര്‍ച്ച്" എന്ന പദവിയിലേക്കുയര്‍ത്തിയത്. 1918-ല്‍ വി. തോമസിന്റെ നാമവും "കോഡ് ഓഫ് കാനന്‍ ലോ" യില്‍ ഉള്‍പ്പെടുത്തി. കൂടാതെ, എല്ലാ കാത്തലിക് യൂണിവേഴ്‌സിറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രത്യേക മദ്ധ്യസ്ഥനായും വി. തോമസ് അക്വീനാസിനെ സഭ അംഗീകരിച്ചു.