Novel

കൊച്ചിയിലെ കപ്പലൊച്ചകള്‍ [10]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.

Sathyadeepam
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

ആണുങ്ങളുടെ അക്ഷരമാലകളില്‍ സങ്കടമെന്ന പദമോ കരച്ചിലെന്നോ പര്യായമോ ഇല്ലാതിരുന്ന ആ കാലത്ത് അവറ്റകള്‍ കരഞ്ഞിരുന്നത് മുഴുവന്‍ അലര്‍ച്ചയെന്ന അക്ഷരങ്ങളില്ലാത്ത അമൂര്‍ത്ത സ്വരങ്ങള്‍ കൊണ്ടോ, വാക്കുകള്‍ വാത്മീകത്തിലെന്നപോല്‍ നിശ്ചലമായിരുന്ന മൗനത്തിന്റെ ഭാഷയിലുമായിരുന്നു. വാത്സല്യം നിരസിക്കപ്പെട്ട ശൈശവത്തിലും, സ്‌നേഹം നിഷേധിക്കപ്പെട്ട കൗമാരത്തിലും, ചോര തെറിക്കപ്പെട്ട യൗവ്വനത്തിലും, കലുഷിതമായ കല്യാണങ്ങളിലും, അപ്രതീക്ഷിത പിതൃത്വത്തിലും അവര്‍ ആരുമറിയാതെ സങ്കടപ്പെട്ടു. അടക്കിവച്ച കണ്ണുനീര്‍തുള്ളികളെ പിടിച്ചു നിര്‍ത്താന്‍ ആവതില്ലാത്ത നാളുകളില്‍ അവര്‍ പോലും അറിയാത്ത ആകസ്മിക യാമങ്ങളില്‍ വയനാട്ടിലെ മലനിരകകള്‍ക്കുള്ളില്‍ ഉരുള്‍പൊട്ടലേറ്റ പോലെ ആണുങ്ങളുടെ നെഞ്ച് തകര്‍ന്ന് കണ്ണുനീരിന്റെ കുത്തൊഴുക്കുണ്ടായി. ആകാശം നടുങ്ങുന്ന ആ പ്രകമ്പനത്തില്‍ അമ്മമാരും കുഞ്ഞുങ്ങളും അയല്പക്കക്കാരും ഒരുപോലെ വിറച്ചു.

അധ്യായം 10

  • നരകം

''കെവിന്‍ ദുബായില്‍ പോകുന്ന കാര്യം പറഞ്ഞു ഞാന്‍ നിങ്ങളുടെ മനസമാധാനം കളഞ്ഞില്ലല്ലോ'' റീത്ത മുഖത്ത് നോക്കാതെ പറഞ്ഞു.

''ഓ! എന്റെ മനസമാധാനം കളയാ ണ്ടിരിക്കാനാകും നീ നിന്റെ കുടുംബക്കാരോട് കാര്യം എഴുന്നള്ളിച്ചത്.

നിന്നോടാരാടി പറഞ്ഞേ നിന്റെ പെങ്ങന്മാരോട് പോയി സ്വര്‍ണ്ണം കടം വാങ്ങാന്‍.

ഞാന്‍ പറഞ്ഞാ... പിന്നെ നിന്റെപ്പന്‍ പറഞ്ഞോ?''

കടിച്ചുപിടിച്ച് നിന്ന കരച്ചിലും കോപവും തടഞ്ഞ് നിര്‍ത്താനാകാതെ റീത്ത പൊട്ടിത്തെറിച്ചു.

''ഞാന്‍ പിന്നെ എന്ത് ചെയ്യാനാ... കക്കാനും മോഷ്ടിക്കാനുമല്ല ഞാന്‍ പോയത്. എന്റെ അനിയത്തിമാരോടല്ലേ ചോദിച്ചത്.

ആരുടെയെങ്കിലും കയ്യോ കാലോ പിടിച്ച് കാര്യം കണ്ട് കഴിഞ്ഞാല്‍ എന്റെ കൊച്ചെങ്കിലും ഈ നരകത്തീന്ന് രക്ഷപ്പെടു മല്ലോ.'' റീത്ത പൊട്ടിക്കരഞ്ഞുപോയി.

''അയ്യോടാ എന്റെ കൊച്ച്! ഞാന്‍ പിന്നെ ആരാടി?

അതോ നിന്റെ കൊച്ചിന്റെ തന്ത വേറെയാരെലുമാണോ?''

കയ്യിലിരുന്ന സിഗരറ്റ് അയാള്‍ താഴെയിട്ടു ചവിട്ടിയരച്ചു...

''നിനക്കിത് നരക മാണെന്ന് തോന്നണു ണ്ടേല്‍ നീ നിന്റെ തന്തേടെ വീട്ടിലേക്ക് പോക്കോളണം.

അവളുടെ ഒരു നരകം...

രാപകലില്ലാതെ ഞാനിവിടെ കിടന്നു പെടാപ്പാട് പെട്ടിട്ടാടി നീയും നിന്റെ കൊച്ചു ങ്ങളും പട്ടിണി കിടക്കാതെ ഇവിടെ ജീവിക്കുന്നത്...

ഇനി ഇതിലും സുഖം വേറെ ആരെങ്കിലും തരാന് പറഞ്ഞിട്ടുണ്ടെല്‍ ഇറങ്ങി പൊക്കോണം ഇവിടുന്ന്...''

മേശപ്പുറത്ത് വച്ചിട്ടുള്ള സിഗരറ്റ് പാക്കറ്റെടുത്ത് അതില്‍ നിന്നും വേറെ ഒരു സിഗരറ്റ് എടുത്ത് ജോണി ചുണ്ടിലേക്ക് വച്ച് തീ കൊടുത്തു. അത് വരെയും വലിച്ച് വിട്ട പുകച്ചുരുളുകളേക്കാള്‍ വലുപ്പവും നീളവും വീതിയും കൂടിയ ഒരു വന്‍പുകച്ചുരുള്‍ ജോണി പുറത്തേക്കൂതി വിട്ടു. ആ പുകച്ചുരുളുകള്‍ക്കുള്ളില്‍ ജോണിയുടെ സര്‍വ സങ്കടങ്ങളും അരിശവും ആധിയും അടങ്ങിയിരുന്നു.

''ഇറങ്ങിപ്പോകാന്‍ വേറെ ഒരു സ്ഥലവും എനിക്കും ഈ പിള്ളേര്‍ക്കും ഇല്ല എന്നുറപ്പുള്ളത് കൊണ്ടാണല്ലോ ഏതു നേരവും ഈ ആട്ടും തെറിയും നിങ്ങള്‍ പറഞ്ഞോണ്ടിരിക്കുന്നത്. ചെന്ന് കേറാനും ചോദിക്കാനും എനിക്കെന്റെ വീടും കൂടെപ്പിറപ്പുകളുമേ ഉള്ളൂ... എന്റെ സങ്കടോം പ്രയാസോം കാണാനും കേള്‍ക്കാനും എനിക്ക് അവരെയുള്ളൂ...''

''എന്നാല്‍ പിന്നെ നീ അവിടെ പോയി കെടക്കടി... നീ നിനക്കിഷ്ടമുള്ളത് ചെയ്‌തോ. ഞാനൊരുത്തന്‍ ഇവിടെയുണ്ടെന്നു നിനക്ക് വല്ല വിചാരമുണ്ടോ... നിനക്കിത് നരകമാണേല്‍ നീ ഇവിടുന്നു ഇറങ്ങിക്കോണം! എനിക്ക് വയ്യ... നന്ദിയില്ലാത്ത നിനക്കൊക്കെ വേണ്ടി ഇങ്ങനെ ചോര നീരാക്കാന്‍.''

ജോണിയുടെ അരിശം കലര്‍ന്ന ഒച്ചപ്പാടുകള്‍ക്കൊടുവില്‍ സങ്കടത്തിന്റെ സ്വരാക്ഷരങ്ങള്‍... അതെന്നും അങ്ങനെയായിരുന്നു... വലിയ അലര്‍ച്ചകള്‍ക്ക് ശേഷം ജോണി കുഞ്ഞുങ്ങളെപോലെ തനിച്ചിരുന്നു തേങ്ങും. കൊച്ചുങ്ങളെ തല്ലിയതിനു ശേഷം മുറ്റത്ത് നില്‍ക്കുന്ന ചെന്തെങ്ങില്‍ തലയടിച്ച് രാത്രി മുഴുവനും അയാള്‍ കരയും... കള്ളുകോപ്പയില്‍ മുങ്ങിയ രാത്രിക്കുശേഷം പിറ്റേന്ന് രാവിലെ ജോണി പള്ളിയിലെ ഹന്നാന്‍ വെള്ളത്തില്‍ നനയും.

നെഞ്ചിലെരിയുന്ന ചങ്കിന്റെ നിറമാണ് ചുണ്ടിലെരിയുന്ന സിഗററ്റിന് എന്ന് മനസ്സിലാക്കിയ റീത്ത മെല്ലെ സ്വരം താഴ്ത്തി ജോണിയോട് പറഞ്ഞു.

''നിങ്ങളല്ലേ ഇപ്പോ കാശ് കൊടുക്കാനുള്ളൊരുടെ പേരും, തമിഴന്റേം തെലുങ്കന്റേം എണ്ണോമെടുത്തത്. എനിക്ക് ഇതൊന്നും അറിഞ്ഞൂടാഞ്ഞിട്ടല്ലല്ലോ. അറിയാവുന്നത് കൊണ്ടല്ലേ നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ വീട്ടില്‍ പോയി ചോദിച്ചത്...

കിട്ടിയ സ്വര്‍ണ്ണം നിങ്ങടെ കയ്യിലേക്കല്ലേ ഞാന്‍ തന്നത്. അതിന്റെ കാശ് കിട്ടിക്കഴിഞ്ഞാല്‍ കൊച്ച് രക്ഷപ്പെടും.''

''ഒരാളും രക്ഷപ്പെടാന്‍ പോണില്ല.''

ജോണിയുടെ ഉള്ളിലെ അടക്കി വച്ച ദേഷ്യം സങ്കടത്തിനും നിരാശയ്ക്കും വഴി മാറി കൊടുക്കുന്നു.

''നീ ഈ പറഞ്ഞ നരകത്തീന്ന് ഒരാളും രക്ഷപെടാന്‍ പോണില്ല.''

പതിവ് തെറ്റിച്ചുള്ള ജോണിയുടെ സങ്കടസ്വരത്തില്‍ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ റീത്ത മെല്ലെ ജോണിയുടെ അടുത്തേക്ക് നീങ്ങി നിന്നു.

അടുത്ത് നില്‍ക്കുന്ന റീത്തയുടെ മുഖത്ത് നോക്കാതെ സ്വരം താഴ്ത്തി ജോണി പറഞ്ഞു

''ആ സ്വര്‍ണ്ണം പോയി.''

ആ ഒരൊറ്റ നിമിഷം ഭൂമിയിലെ സര്‍വ മൗനബിന്ദുക്കളും റീത്തയുടെ വീട്ടിലേക്കൊഴുകിയെത്തി. ജോണി പുറത്തേക്കൂതിവിട്ട വെളുത്ത പുകയില്‍ റീത്ത എന്ന സ്ത്രീയുടെ ശ്വാസം വരെ വായുവിലമര്‍ന്നു. അവശേഷിച്ച ശ്വാസത്തെ ഉടലിലേക്കാവാഹിച്ച് കയ്യിലിരുന്ന കവര്‍ റീത്ത തറയിലേക്കെറിഞ്ഞു. പൊട്ടിത്തെറിച്ച കവറില്‍ നിന്നും തണുത്തുപോയ പൊറോട്ടയും താറാവ് കറിയുടെ കഷണങ്ങളും തറയിലൊക്കെ തകര്‍ന്നു കിടന്നു.

സാധാരണ രീതിയിലായിരുന്നെങ്കില്‍ റീത്തയുടെ തിരിച്ചുള്ള നോട്ടമോ മറുത്തുള്ള വാക്കോ ജോണിയെ ഒരു മൃഗമോ പിശാചോ ആക്കി തീര്‍ക്കേണ്ടതാണ്. എന്നാലന്ന് ഒരക്ഷരം പോലും മറുത്ത് പറയാതെയും, പല്ലു ഞെരിക്കാതെയും റീത്തയെന്ന തന്റെ പാതിയുടലിന്റെ പൊട്ടിത്തെറിയെ അയാള്‍ മൗനമായി സ്വീകരിച്ചു. പിന്നീട് മെല്ലെ ആ തറയില്‍ കുമ്പിട്ടിരുന്ന് നിലത്ത് കിടന്നിരുന്ന പൊറോട്ട കഷ്ണങ്ങളും താറാവ് കറിയുടെ ബാക്കിയും വാരിക്കൂട്ടി അതേ കവറിലേക്കിട്ടിട്ട് അയാള്‍ പുറത്തേക്കിറങ്ങി. മുറ്റത്തെ മൂലയില്‍ ആഴത്തില്‍ താഴ്ത്തിയിരിക്കുന്ന കമ്പിയില്‍ ചങ്ങലയിലിട്ടിരിക്കുന്ന കൈസറിന്റെ അടുത്തേക്ക് നീങ്ങി. അകത്ത് പൊട്ടിത്തെറിച്ച താറാവ് കറിയുടെ അതേ ഗന്ധം അതിതീവ്രമായ് അപ്രതീക്ഷിതമായി തനിക്കരിലേക്കു വരുന്നതുകണ്ട് കുംഭമേളയിലെ ദിഗംബരമാരുടെ അമാനുഷിക അംഗവിക്ഷേപങ്ങള്‍ പോലെ ആ ശുനകന്‍ വട്ടത്തില്‍ കറങ്ങിയും തല ഉയര്‍ത്തി താഴ്ത്തിയും വായില്‍ നിന്ന് കൊതിരസായനമൊഴുക്കിയും ആനന്ദം പ്രകടിപ്പിച്ചു. അതെ സമയം അമിതാക്രാന്തമോ അപശബ്ദമോ പുറപ്പെടുവിച്ച് ആര്‍ത്തിലക്ഷണം കാണിച്ചാല്‍, മണ്ണില്‍ തറച്ചിരിക്കുന്ന കമ്പി വലിച്ചൂരി ജോണി തന്റെ പുറം പൊളിക്കു മെന്നുറപ്പുള്ളതിനാലും പൂര്‍വാനുഭവമുള്ളതിനാലും ആ നായിന്റെ മോന്‍ നാലടി നീങ്ങിയിരുന്നതേ യുള്ളൂ.

കയ്യിലിരുന്ന പൊറോട്ടയും താറാവ് കറിയും പട്ടിയുടെ പാത്രത്തിലേക്ക് ഇട്ടുകൊടുത്തിട്ട് 'എടുത്തോ കൈസറേ' എന്നും പറഞ്ഞ് അയാള്‍ പട്ടിക്കൂടിനടുത്തു തന്നെ കുന്തക്കാലില്‍ ഇരുന്നു. കുടിച്ച കള്ളിന്റെ ഉള്ളൊഴുക്കിന്റെ താളത്തില്‍ ജോണിയുടെ ശരീരം നാലു ദിക്കിലേക്കും ആന്തോളനം ചെയ്യുന്നുണ്ടായിരുന്നു. തനിക്ക് കഴിക്കാനുള്ള സമയമായോ എന്ന് ഇനിയും മനസ്സിലാകാതിരുന്ന 'കൈസര്‍' നിലാവിനെ നോക്കി അപശബ്ദം ശബ്ദം കുറച്ച് പുറപ്പെടുവിച്ചു.

''എടുത്ത് കഴിക്കെടാ, അതോ നിനക്കും വേണ്ടേ ഇനി... അതിന് നിന്റെ സ്വര്‍ണ്ണോം ചങ്ങലേമൊന്നും ഞാന്‍ കൊണ്ടോയി കളഞ്ഞില്ലല്ലോ...''

പട്ടിയോട് പരിഭവവും പരാതിയും പറഞ്ഞ് ജോണി ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് മുണ്ടൊന്ന് മടക്കികുത്തി. പട്ടിക്കൂടിന്റെ അടുത്ത് നിന്നും അകത്തേക്ക് നടക്കുമ്പോ മുണ്ടിന്റെ അരികെടുത്ത് അയാള്‍ കണ്ണൊന്ന് തുടച്ചു. ജോണിയുടെ നിശ്ശബ്ദ കരിച്ചിലിന് ഏക സാക്ഷിയായി പുറത്ത് ഒരു നിലാവിന്‍ കീറ് മാത്രം. അപ്പനില്‍ നിന്നും അനുദിനം പുറപ്പെടുന്ന അതിസാന്ദ്രവും സങ്കീര്‍ണ്ണവുമായ വികാരങ്ങളെ പിടികിട്ടാതെ അകത്തെ ജനലിന്റെയരികില്‍ കെവിനും, ജോണിയുടെ നെരിപ്പോടുകളുടെ തീക്ഷ്ണതയും തീപ്പൊള്ളലുകളുടെ ആഴവും അറിയാവുന്ന അമ്മയെന്ന ആ സ്ത്രീയും.

(തുടരും)

ക്രൈസ്തവമര്‍ദ്ദനത്തിനെതിരെ കാര്‍ക്കശ്യം വേണമെന്നു യൂറോപ്യന്‍ യൂണിയനോടു സഭ

ഗാസയില്‍ പുതിയ ആശുപത്രിയുള്‍പ്പെടെ വാഗ്ദാനം ചെയ്ത് ഇറ്റലിയിലെ കത്തോലിക്കാസഭ

തത്വശാസ്ത്രചിന്തകള്‍ക്ക് വിശ്വാസജീവിതത്തെ സഹായിക്കാനാകും: ലിയോ പതിനാലാമന്‍ പാപ്പാ

മരിയന്‍ ആധ്യാത്മികത ദൈവത്തിന്റെ ആര്‍ദ്രത വെളിപ്പെടുത്തുന്നു

എന്ത് നേടി ?