Novel

കൊച്ചിയിലെ കപ്പലൊച്ചകള്‍ [16]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.

Sathyadeepam
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

അതല്ലെങ്കിലും അങ്ങനയാണ്, കൂടെപിറപ്പുകളെക്കാള്‍ ഒരു മനുഷ്യനെ അടിമുടി പിടികിട്ടുന്നത് കൂടെപ്പിറപ്പുകളെ പിന്നിലാക്കി കളയുന്ന ചില കൂട്ടുകാരന്മാര്‍ക്കായിരിക്കും. വീട്ടുകാരും നാട്ടുകാരുമൊക്കെ ഒരു മനുഷ്യന്റെ നല്ലതുകളെ മാത്രം തൂക്കിയും അളന്നും, കൂടെ നില്‍ക്കണോ നിര്‍ത്തണോ എന്നൊക്കെ തീരുമാനമെടുക്കുമ്പോള്‍, ഈ കൂട്ടുകാരൊക്കെ കൂട്ടി നോക്കുന്നത് ഒപ്പമുള്ളവന്റെ കന്നത്തരങ്ങളും പൊള്ളത്തരങ്ങളും പൊട്ടിക്കരച്ചിലുകളും പൊട്ടിച്ചിരികളുമൊക്കെയാണ്. സൗഹൃദത്തിന്റെ ആ സ്വര്‍ണ്ണചരടിനെ പൊട്ടിച്ചിതറിക്കാന്‍ ഒരൊറ്റ കാര്യത്തിനെ പറ്റുമായിരുന്നുള്ളൂ, വഞ്ചന. ഏത് കന്നത്തരവും കാണിച്ചിട്ട് ഓടിക്കയറാന്‍ മാത്രം സ്വാതന്ത്ര്യമുള്ള ഒരു ചങ്ങാതിക്കൂട്ടം ഉണ്ടായിട്ടും, അതിനകത്തു പോലും കള്ളത്തരത്തിന്റെയും വഞ്ചനയുടെയും പൊയ്മുഖങ്ങളണിഞ്ഞു കയറിപ്പറ്റിയവര്‍ക്ക് ഒരൊറ്റ വിധിയെ അവശേഷിക്കുകയുള്ളൂ, ഒറ്റപ്പെടല്‍...

അധ്യായം 16

  • ഒറ്റ

നവാസ് പറഞ്ഞു കൂട്ടുന്ന കാര്യങ്ങള്‍ക്കോ നിരത്തുന്ന വസ്തുതകള്‍ ക്കോ സ്വന്തം കൂട്ടുകാരെ പോലും വിശ്വസിപ്പിക്കാ നുള്ള കെല്‍പ്പില്ലാതെ പോകുകയാണ്.

നവാസിന്റെ കാര്യത്തി ലും ആ വഞ്ചനയുടെ ലാഞ്ചന മിന്നിമായുന്നുണ്ട്. ഇതിനു മുന്‍പും പലയാവര്‍ത്തി പ്രണയം കൊണ്ടും അതിനെ തുടര്‍ന്നുണ്ടായ പോര് കൊണ്ടും ആ ചങ്ങാതി കൂട്ടത്തിന് അകത്തും പുറത്തും പോറലേറ്റിട്ടുള്ള താണ്. എത്രയൊക്കെ പിഴച്ചു പോയാലും, എവിടെയൊക്കെ ഇടറിപ്പോയാലും, വന്നു പോയ വീഴ്ചയെ പ്രതി ഒരാളെ പോലും അവര്‍ തനിച്ചാക്കി വിടില്ലായി രുന്നു. തെറ്റു പറ്റിയവനാ ണെങ്കിലും പുറത്തു നിന്ന് ഒരു പരുന്ത് പറന്നെത്തി കൊത്തി പറിക്കാന്‍ ഒരു കൂട്ടുകാരെ പോലും അവര്‍ വിട്ടു കൊടുത്തിരുന്നില്ല.

തെരുവ് നായ്ക്കളെ പോലെ അവറ്റകള്‍ ഒരുമിച്ച് അലഞ്ഞു. പരുന്തിനെ കൊത്തി പറപ്പിക്കുന്ന കാക്കകളെ പോലെ അവര്‍ ഒരുമിച്ച് പൊരുതി. തോറ്റു പോയത് ഒരിടത്തു മാത്രമാണ്, ആത്മവഞ്ചനയില്‍. ഒന്ന് രണ്ടു വട്ടം ആ ചങ്ങാതി കൂട്ടത്തിനകത്ത് പോലും നവാസിന്റെ കള്ളത്തര ത്തിന്റെ കപടമുഖം അഴിഞ്ഞു വീണതിന്റെ ചരിത്രം ഉള്ളതിനാല്‍ തന്നെയാണ് കെവിന്‍ വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചത്.

''നവാസേ ഒള്ളതല്ലേടാ... ഈ പ്രശനം ഇന്നിവിടെ തീരണം... കേട്ടല്ലാ. ഇനി ഇതിന്റെ പിന്നാലെ നടന്ന് അടുത്ത പ്രശ്‌നത്തിന് കൊടി കയറ്റാന്‍ നോക്കരുത്.''

''സത്യോടാ... എനിക്ക് ആ കൊച്ചിനോട് ഒന്നുമില്ല... ഇവന് പ്രാന്താണ്...'' നവാസ് തന്റെ നിഷ്‌കളങ്കത്വം ആവര്‍ത്തിക്കുകയാണ്.

''പിന്നെ പാതിരാത്രി അവന്റെ പെങ്ങളെ കാണാന്‍ ചെന്നവനെ ആ പൂവിട്ട് പൂജിക്കും... നിന്റെ പെങ്ങളെ കാണാന്‍ ഒരുത്തന്‍ പാതിരാത്രി ഇമ്മാതിരി വരവ് വന്നാല്‍ നീയും ഇതുതന്നെയല്ലേ ചെയ്യുള്ളു... അതെങ്ങനെ യാ... കുടുംബത്ത് പെണ്ണുങ്ങളുണ്ടെലേ ഇതൊക്കെ പിടികിട്ടുള്ളൂ.''

കെവിന്റെ അവസാന ത്തെ വാക്യത്തിന്റെ മൂര്‍ച്ചയില്‍ നവാസിന്റെ നെഞ്ചിനു പോറലേറ്റു എന്നത് സംശയമില്ലാത്ത കാര്യമാണ്.

നവാസിന്റെ മുഖത്തു നോക്കി അത്രേം പറഞ്ഞതിനുശേഷം കെവിന്‍ നിര്‍മ്മലിന്റെ അടുത്തു ചെന്ന് പറഞ്ഞു:

''മച്ചാനെ... സീന്‍ ഇവിടെ തീര്‍ന്നേക്കണം... നവാസിന് ഇതില്‍ റോളില്ല... അവന്‍ വെറേ ഏതോ കമ്പനിക്കാരന്റെ കൂടെ പോയെന്നേ ഉള്ളൂ... അല്ലാതെ നിന്റെ പെങ്ങളും നവാസും തമ്മില്‍ ഒരു സീനുമില്ല...''

നിര്‍മ്മല്‍ പതിയെ ശാന്തനാകുന്നു... കെവിനും ബിജോയിയും മില്‍ട്ടണും പതിയെ നിര്‍മ്മലിന്റെയും അവന്റെ കൂട്ടുകാരുടെയും ദേഹത്തു നിന്നും പിടി വിടുന്നു.

നിര്‍മ്മല്‍ മെല്ലെ നടന്നു നവാസിന്റെ അടുത്തേക്ക് വന്നു ചോദിച്ചു:

''ഏതു നാറിയാടാ നിന്റെ ആ കമ്പനിക്കാരന്‍...''

ഒന്നും മിണ്ടാതെ നവാസ് ദേഷ്യത്തോടെ നിര്‍മ്മലിന്റെ മുഖത്തു നോക്കി...

കരിക്ക് വെട്ടാന്‍ എടുത്ത വാക്കത്തിയുമായി നിര്‍മ്മലിന്റെ അടുത്തേക്ക് വന്നിട്ട് ചിപ്പന്‍ പറഞ്ഞു:

''ഡാ കോപ്പേ നിന്നോട് പറഞ്ഞതല്ലേ... നമ്മടെ പയ്യന് ഇതിനു റോളില്ലെന്നു... വീണ്ടും വീണ്ടും ചൊറിഞ്ഞു കേറാനാണെങ്കില്‍... ദേഹത്ത് ചോര പൊടിയും കേട്ടാ ഉറപ്പാണ്... നിനക്കു വേണേല്‍ നീ പോയി അന്വേഷിക്കടാ നിന്റെ പെങ്ങടെ മറ്റവന്‍ ആരാന്ന്...''

പരിഹാരത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നത്തിലേക്ക് വീണ്ടും തീ പടരും എന്നുറപ്പുള്ളതിനാല്‍ ചിപ്പനെ മാറ്റി നിര്‍ത്തി കൊണ്ട് കെവിന്‍ ഇടയിലേക്ക് കയറി.

''മച്ചാനെ വിട്ടോ... ഈ സീന്‍ ഇവിടെ കഴിഞ്ഞു. ഇനി നിങ്ങളായി നിങ്ങടെ പാടായി... വിട്ടോ വിട്ടോ...''

അവര്‍ എല്ലാവരും കൂടി ബൈക്കുകള്‍ എടുത്തു കൊണ്ട് ഡ്രൈവ് ചെയ്ത് പോയി. എല്ലാരുടേം മുഖത്തുനിന്നും വായില്‍ നിന്നൊക്കെ ചോര വരുന്നുണ്ട്... കുടിക്കാന്‍ വാങ്ങിവച്ച കുപ്പി താഴെ പൊട്ടി കിടക്കുന്നുണ്ട്... താഴെ കിടക്കുന്ന കരിക്കിന്റെ കുല എടുത്തോണ്ട് ബിജോയി മുന്നോട്ട് നടക്കുന്നു... പിന്നാലെ എല്ലാരും...

നവാസ് പറഞ്ഞു, കൂട്ടുന്ന കാര്യങ്ങള്‍ക്കോ നിരത്തുന്ന വസ്തുതകള്‍ ക്കോ സ്വന്തം കൂട്ടുകാരെ പോലും വിശ്വസിപ്പിക്കാ നുള്ള കെല്‍പ്പില്ലാത്ത പോകുകയാണ്. അതല്ലെ ങ്കിലും അങ്ങനെയാണ്, കൂടെപിറപ്പുകളെക്കാള്‍ ഒരു മനുഷ്യനെ അടിമുടി പിടികിട്ടുന്നത് കൂടെപ്പിറപ്പു കളെ പിന്നിലാക്കി കളയുന്ന ചില കൂട്ടുകാ രന്മാര്‍ക്കായിരിക്കും. വീട്ടുകാരും നാട്ടുകാരു മൊക്കെ ഒരു മനുഷ്യന്റെ നല്ലതുകളെ മാത്രം തൂക്കിയും അളന്നും കൂടെ നില്‍ക്കണോ നിര്‍ത്തണോ എന്നൊക്കെ തീരുമാന മെടുക്കുമ്പോള്‍, ഈ കൂട്ടുകാരൊക്കെ കൂട്ടി നോക്കുന്നത് ഒപ്പമുള്ള വന്റെ കന്നത്തരങ്ങളും പൊള്ളത്തരങ്ങളും പൊട്ടിക്കരച്ചിലുകളും പൊട്ടിച്ചിരികളുമൊക്കെ യാണ്. സൗഹൃദത്തിന്റെ ആ സ്വര്‍ണ്ണചരടിനെ പൊട്ടിച്ചിതറിക്കാന്‍ ഒരൊറ്റ കാര്യത്തിനെ പറ്റുമായിരു ന്നുള്ളൂ, വഞ്ചന. ഏത് കന്നത്തരവും കാണിച്ചിട്ട് ഓടി കയറാന്‍ മാത്രം സ്വാതന്ത്ര്യമുള്ള ഒരു ചങ്ങാതിക്കൂട്ടം ഉണ്ടായിട്ടും, അതിനകത്തു പോലും കള്ളത്തര ത്തിന്റെയും വഞ്ചനയു ടെയും പൊയ്മുഖങ്ങളണി ഞ്ഞു കയറിപ്പറ്റിയവര്‍ക്ക് ഒരൊറ്റ വിധിയെ അവശേഷിക്കുകയുള്ളൂ, ഒറ്റപ്പെടല്‍.

ഉണങ്ങാത്ത ചോരക്കറയും വിണ്ടുകീറിയ തൊലിപ്പുറവുമായി തലകുനിച്ച് വീട്ടിലേക്കു കയറുന്ന കെവിനറിയാം, ഈ മുറിവുകളോര്‍ത്ത് തന്നെക്കാളേറെ നീറാന്‍ പോകുന്നതും ഉഴറാന്‍ പോകുന്നതും ആ വീടിനകത്തുള്ളവരായിരിക്കുമെന്ന്. തെരുവില്‍ കിടന്ന് മക്കള്‍ തല്ലുമ്പോഴും തല്ലുകൊള്ളുമ്പോഴും പോറലേല്‍ക്കുന്നത് അവരെ പാലൂട്ടിയ പെണ്ണുങ്ങള്‍ക്കായിരുന്നുവെന്ന് ആ ചെറുപ്പക്കാര് കാണാതെ പോയി. ഒരു തെറ്റും ചെയ്യാതെ ജീവിച്ചിട്ടും അകാരണമായ കാരണങ്ങളാല്‍ കരഞ്ഞുതീര്‍ക്കേണ്ടി വരുന്ന നിര്‍മ്മലജന്മങ്ങള്‍! കൂട്ടുകാരന്മാരുടെ ദേഹത്തിന് പേറലേല്‍ക്കാതിരിക്കാന്‍ വട്ടംവീണ് വെട്ടുവാങ്ങിക്കൂട്ടിയിട്ടും പൊള്ളാതിരുന്ന നെഞ്ചകം അവരവരുടെ വീടിനകത്തിരുന്ന് വെണ്ണീറാകുന്ന വ്രണീത ജന്മങ്ങളെ കണ്ട് പൊള്ളിപ്പോകുന്നു.

ചോരയൊലിക്കുന്ന ചുണ്ടും, കീറി തൂങ്ങിയ ഷര്‍ട്ടും, അഴുക്കു പുരണ്ട മുണ്ടുടുത്ത് വീടിനു മുറ്റത്തേക്ക് കേറുമ്പോള്‍ കെവിന്റെ അമ്മ വാതില്‍ക്കല്‍ തന്നെ മുട്ടുകാലില്‍ മരുന്ന് തേച്ച് പിടിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. മകന്റെ ആ ചുവന്ന മുഖം, അവരെ സങ്കടത്തിന്റെ താഴ്‌വാരത്തിലേക്ക് തള്ളിയിട്ടു. എവിടെയോ കെട്ടി നിര്‍ത്തിയിരുന്ന ഒരു കുംഭം ജലം കണക്ക് ആ സ്ത്രീയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ചിന്നിചിതറിയൊഴുകി. ഒരക്ഷരം പോലും മിണ്ടാതെ, അഴിഞ്ഞു കിടന്ന നീണ്ട മുടിയെടുത്ത് പുറകിലേക്ക് വാരി ചുറ്റി ഒരു തുള്ളി കണ്ണീര് പോലും തുടയ്ക്കാന്‍ മെനക്കെടാതെ അവരെ അകത്തെ ഇരുട്ടിലേക്ക് കയറി പോയി.

ഒരു ആയുഷ്‌കാലത്തിലേക്കായി ദൈവം കൊടുത്തയച്ച സര്‍ഖേദങ്ങളുടെയും തോള്‍ സഞ്ചി കൂടാതെ. ഈ ഭൂമി അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച പ്രഹരസമാഹാരത്തിലേക്ക് ഒന്നു പോലും തന്റേതാകരുതെന്ന ആഗ്രഹവും തീരുമാനവും കെവിന്റെ ഉള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും, എത്രയാവര്‍ത്തി അത് ലംഘിക്കപ്പെട്ടു എന്ന് അവനുപോലും നിശ്ചയമില്ലായിരുന്നു. ചെയ്യാന്‍ ആഗ്രഹിക്കുന്ന നന്മകള്‍ക്ക് മേല്‍ ചെയ്യാന്‍ ആഗ്രഹമില്ലാത്ത തിന്മകളുടെ കടന്ന് കയറ്റത്തില്‍ നിശ്ശബ്ദനായ ഒരടിമയെ പോലെ കെവിന്‍ വീടിനു മുന്നിലെ കട്ടിളപ്പടിയില്‍ മൂകനായി ഇരുന്നു.

അകത്ത് നിന്നും വെളിയിലേക്ക് വന്ന അമ്മാമ്മ കെവിനോട് പറഞ്ഞു:

''മോന്‍ പോയി കുളിച്ചിട്ട് വാ... അമ്മാമ്മ മരുന്ന് വച്ചു തരാം.''

ആയുസ്സിന്റെ അസ്തമയത്തിലെത്തിയ ആ സ്ത്രീയുടെ ശബ്ദത്തില്‍ സങ്കടത്തിന്റെ ഇടര്‍ച്ചകള്‍. നീണ്ട വര്‍ഷങ്ങളുടെ പോരാട്ടം കഴിഞ്ഞു പരലോകത്തിലേക്ക് പോകാന്‍ ഒരുങ്ങും നേരം അവര്‍ കണ്ടുകൊണ്ടിരിക്കുന്ന അവസാനത്തെ തലമുറയിലെ ആ ആണ്‍തരിക്ക് പോലും ആ വീടിനകത്തേക്ക് അല്പം സമാധാനം എത്തിക്കാന്‍ ആവതില്ലല്ലോ കര്‍ത്താവേയെന്ന കരച്ചിലാകാം ആ ഇടറിയ സ്വരങ്ങളില്‍ അമര്‍ന്നില്ലാതായത്.

(തുടരും)

ജര്‍മ്മന്‍ രൂപതയുടെ സഹായ മെത്രാനായി മലയാളി വൈദികൻ ഫാ. പൊട്ടക്കൽ

എം. എച്ച്. എ, എം. എസ്. സി. ഫിസിയോളജി, ഡി. എം. എൽ. ടി കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവ്

എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ഡിസംബർ 5 വരെ അപേക്ഷിക്കാം

യുവജനങ്ങള്‍ നല്ല പൗരന്മാരാകുക, പിന്നെ നേതാക്കളാകുക

ഒരു വോട്ടും കുറെ ചോദ്യങ്ങളും