National

വിരമിച്ച വൈദികര്‍ പ്രാര്‍ത്ഥനയില്‍ ജ്വലിക്കുന്നവര്‍: കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

Sathyadeepam

വിരമിച്ച വൈദികര്‍ പ്രാര്‍ത്ഥനയുടെ ജ്വലിക്കുന്ന ഉലകളാണെന്ന് മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ഈസ്റ്റര്‍ ദിനത്തില്‍ 23 റിട്ടയേര്‍ഡ് വൈദികര്‍ക്കൊപ്പം മുംബൈയിലെ വൈദികമന്ദിരത്തില്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ വൈദികരും ക്രിസ്തുവിനെ അനുധാവനം ചെയ്യുന്നവരാണ്. സുവിശേഷ ശുശ്രൂഷയില്‍ യേശുവിനെ അവര്‍ പിന്‍ചെല്ലുന്നു. ജ്ഞാനസ്നാനത്തിലൂടെ നാമെല്ലാം ക്രിസ്തുവിന്‍റെ മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളാകുകയാണ്. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം പ്രത്യാശയില്ലാത്ത ഒരു സാഹചര്യം പോലുമില്ല. നമ്മുടെ ശുശ്രൂഷയില്‍ നിരാശയ്ക്ക് ഇടമില്ല – കര്‍ദിനാള്‍ പറഞ്ഞു.

വിരമിച്ച വൈദികര്‍ തങ്ങളുടെ മാതൃകകളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും തങ്ങള്‍ ചെയ്ത ശുശ്രൂഷകളുടെ ഓര്‍മ്മകളിലൂടെയും യുവാക്കളായ വൈദികര്‍ക്ക് പ്രചോദനമാകുകയാണെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് വിശദീകരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ സുഡാന്‍ പ്രസിഡന്‍റിന്‍റെ പാദങ്ങള്‍ ചുംബിച്ച അസാധാരണ നിമിഷത്തിനു താന്‍ സാക്ഷിയായിരുന്നുവെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിച്ചു. സുഡാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോള്‍ അവര്‍ വഴക്കുണ്ടാക്കില്ല എന്നാണു തന്‍റെ പ്രതീക്ഷയെന്നും സുഡാനില്‍ പോകാന്‍ അതിയായ ആഗ്രഹമുണ്ടെന്നും മാര്‍പാപ്പ തന്നോടു പറഞ്ഞതായും കര്‍ദിനാള്‍ ഗ്രേഷ്യസ് സൂചിപ്പിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം