National

ഉഴുന്നാലിലച്ചന്‍റെ മോചനം സഹനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമുള്ള ഉത്തരം – കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Sathyadeepam

സഹനവഴികളില്‍ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണ് ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബന്ദികളില്‍ നിന്ന് അദ്ദേഹത്തെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും സഭയുടെ നന്ദിയര്‍പ്പിക്കുന്നതായും മാര്‍ ആലഞ്ചേരി പറഞ്ഞു. ഫാ. ടോം ഉഴു ന്നാലിന്‍റെ വിമോചനത്തില്‍ ലോകജനത സന്തോഷിക്കുന്നു. സഭാ വിശ്വാസികള്‍ക്ക് അതീവസന്തോഷമുണ്ട്. ഇതു ദൈവത്തിന്‍റെ പ്രവര്‍ത്തനമാണ്. കോടിക്കണക്കിനാളുകളുടെ പ്രാര്‍ത്ഥന ദൈവം കൈക്കൊണ്ടു.

ദൈവം പ്രവര്‍ത്തിക്കുന്നതു മനുഷ്യനിലൂടെയാണ്. ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി പരിശ്രമിച്ച വത്തിക്കാനിലെയും ഭാരത സര്‍ക്കാരിന്‍റെയും നയതന്ത്രാലയങ്ങളോടു നന്ദിയറിയിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയും അദ്ദേഹം നിയോഗിച്ച ബിഷപ് ഡോ. പോള്‍ ഹിന്‍ററും ഇക്കാര്യത്തില്‍ അതീവശ്രദ്ധയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒമാനിലെ സര്‍ക്കാരിന്‍റെ ഇടപെടലുകളാണ് ഫാ. ടോമിന്‍റെ വിമോചനത്തിന് നിര്‍ണായകമായി തീര്‍ന്നതെന്ന് മനസ്സിലാക്കുന്നു. മനസ്സ് മാറി അദ്ദേഹത്തെ വിട്ടുനല്‍കാന്‍ തയ്യാറായ ബന്ധികളാക്കിയവര്‍ക്കും നന്ദി. തിന്മയില്‍ നിന്നു തിരിഞ്ഞു നന്മ ചെയ്യാന്‍ തയ്യാറാകുമ്പോള്‍ നല്ല പ്രവൃത്തികള്‍ ലോകത്ത് നടക്കുമെന്നതിന്‍റെ ഉദാഹരണമാണിത്.

ഭാരതത്തിലെ കര്‍ദിനാള്‍മാരുടെയും സിബിസിഐയുടെയും നിരന്തരമായ ആവശ്യപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജും ഗള്‍ഫിലെ സര്‍ക്കാരുകള്‍വഴി ഫാ. ടോമിന്‍റെ മോചനത്തിനായി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാരും എംപിമാരും അതാതു സമയത്തു വേണ്ടതു ചെയ്തു. വൈകാതെ ഫാ. ടോം ഇന്ത്യയിലെത്തുന്നതിനായി സഭാംഗങ്ങളും സമൂഹവും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ദിവ്യബലിയെത്തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി. ഫാ. ടോം ഉഴുന്നാലില്‍ മോചിതനായെന്ന വാര്‍ത്തയെ തുടര്‍ന്ന് നന്ദിസൂചകമായി കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആസ്ഥാനകാര്യാലയമായ പിഒസിയിലും കൃതജ്ഞതാപ്രാര്‍ത്ഥന നടത്തപ്പെട്ടു.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]