National

സിസ്റ്റര്‍ രേഖ ചേന്നാട്ട് അസംപ്ഷന്‍ സഭ സുപ്പീരിയര്‍

Sathyadeepam

പാരീസ് കേന്ദ്രമായി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിലീജിയസ് ഓഫ് അസംപ്ഷന്‍ സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ രേഖ ചേന്നാട്ട് തിരഞ്ഞെടുക്കപ്പെട്ടു. 1839-ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച അസംപ്ഷന്‍ സഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഏഷ്യയില്‍ നിന്ന് ഒരു സുപ്പീരിയര്‍ ജനറല്‍ തിരഞ്ഞെടുക്കപ്പെടുന്നത്. സീറോ മലബാര്‍ സഭാംഗമായ സിസ്റ്റര്‍ രേഖ, പൂന ജ്ഞാനദീപ വിദ്യാലയത്തില്‍ ഫാക്കല്‍റ്റിയംഗമാണ്. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്‍റെ ദൈവശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യാലയത്തിലും പങ്കാളിയാണ്.

ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ നടന്ന സഭയുടെ ജനറല്‍ ചാപ്റ്ററില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. ആറു വര്‍ഷത്തേയ്ക്കാണു നിയമനം. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സന്യാസ സഭയുടെ പ്രവര്‍ത്തനം തുടരുകയാണ് ലക്ഷ്യമെന്ന് സിസ്റ്റര്‍ രേഖ പറഞ്ഞു. വി. മേരി യൂജിനാല്‍ സ്ഥാപിക്കപ്പെട്ട റിലീജിയസ് ഓഫ് അസംപ്ഷന്‍ സഭയില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള സന്യാസിനികള്‍ അംഗങ്ങളാണ്. 33 രാജ്യങ്ങളിലായി ഇവര്‍ സേവനം ചെയ്യുന്നു. ഭാരതത്തില്‍ കേരളം, മഹാരാഷ്ട്ര, ബീഹാര്‍, ജാര്‍ഘണ്ട് എന്നിവിടങ്ങളിലാണ് അസംപ്ഷന്‍ സഭയുടെ സാന്നിധ്യമുള്ളത്.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]