National

സത്നയില്‍ വൈദികര്‍ക്കു നേരെ നടന്ന അതിക്രമം ആശങ്കയുണര്‍ത്തുന്നു – കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Sathyadeepam

മധ്യപ്രദേശിലെ സത്ന സെന്‍റ് എഫ്രേംസ് സെമിനാരിയിലെ രണ്ടു വൈദികര്‍ക്കും വൈദിക വിദ്യാര്‍ഥികള്‍ക്കും നേരെ ഒരു കൂട്ടം ആളുകള്‍ ആക്രമണം നടത്തിയതു ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തില്‍ ആശങ്കയുണര്‍ത്തുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വൈദികര്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് സ്റ്റേഷനില്‍ രാത്രിയില്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചതും ദുഖകരമായ സംഭവമാണ്.

ഗ്രാമവാസികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷം നടത്തുന്നതിനിടെയാണ് വൈദികര്‍ക്കും വൈദിക വിദ്യാര്‍ഥികള്‍ക്കും നേരെ അതിക്രമം നടന്നത്. സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ആഘോഷമാണു ക്രിസ്തുമസ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഈ സന്തോഷാനുഭവം പങ്കുവയ്ക്കുന്നതു ക്രിസ്തുമസിന്‍റെ ചൈതന്യമാണ്. ക്രിസ്തുമസ് ആഘോഷം നടത്തിയതിന്‍റെ പേരില്‍ എതിര്‍പ്പുകളുയര്‍ത്തുന്നതു മതേതരസംസ്കാരത്തിനു ഭൂഷണമല്ല. വര്‍ഷങ്ങളായി വൈദികരും സെമിനാരി വിദ്യാര്‍ഥികളും പ്രദേശവാസികളുടെ അറിവോടും താത്പര്യത്തോടും കൂടി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഗ്രാമത്തിലാണ് സംഘര്‍ഷം അരങ്ങേറിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണമേഖലകളില്‍ നിസ്വാര്‍ഥമായി സേവനം ചെയ്യുന്ന നിരവധി പ്രേഷിതരുണ്ട്. പ്രേഷിതശുശ്രൂഷ സഭയുടെ തനിമയുടെ ഭാഗവുമാണ്.

മതേതര ഭാരതത്തില്‍ എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും ആദരിക്കപ്പെടണം. മത വിശ്വാസികള്‍ക്കു ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിനും നിയമപാലകര്‍ക്കും ഉത്തരവാദിത്വമുണ്ട്. വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ജാഗ്രത പാലിക്കണം. ജനാധിപത്യ, മതേതര മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും മുറിവേല്‍ക്കാന്‍ സമൂഹം അനുവദിക്കരുതെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുമസ് കരോള്‍ സംഘത്തെ സംഘടിതമായി ആക്രമിച്ച ബജ് റംഗ്ദള്‍ നടപടി രാജ്യത്തിന് അപമാനകരവും അങ്ങേയറ്റം അപലപനീയവുമാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍സമിതിയും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ക്രിസ്തുമസ് കാലത്ത് വിശ്വാസികള്‍ പരസ്പരവും മറ്റുള്ളവരുമായും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം പങ്കുവയ്ക്കുന്നതിനായി നടത്തുന്ന കരോള്‍, ലോകത്തെല്ലായിടത്തും ആഹ്ലാദപൂര്‍വമാണ് സ്വീകരിക്കപ്പെടുന്നത്. കരോളിനിറങ്ങുന്നത് മതപരിവര്‍ത്തനം നടത്തുന്നതിനാണ് എന്ന ആരോപണം അപഹാസ്യമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതപരമായ ആഘോഷങ്ങളെ സംഘര്‍ഷഭരിതമാക്കാനും ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ച് സമൂഹത്തില്‍ അസ്വസ്ഥത വിതയ്ക്കാനും ശ്രമിക്കുന്ന ബിജെപി അനുകൂല സംഘടനകളെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രാലയവും തയ്യാറാകണമെന്ന് പത്രക്കുറിപ്പില്‍ കെസിബിസി ആവശ്യപ്പെട്ടു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം