National

സമൂഹത്തിലും സഭയിലും സമന്വയത്തിന്‍റെ ചിന്തകള്‍ സജീവമാകണം – കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Sathyadeepam

സമൂഹത്തിന്‍റെയും സഭയുടെയും സമസ്ത തലങ്ങളിലും സമന്വയത്തിന്‍റെ ചിന്തകളും കര്‍മ്മവഴികളും സജീവമാകേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സഭാനേതൃത്വത്തോടു ചേര്‍ന്നു യുവജനങ്ങള്‍ തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കേണ്ട കാലഘട്ടമാണിതെന്നും കര്‍ദിനാള്‍ പറഞ്ഞു. ദുക്റാന തിരുനാള്‍ ദിനത്തില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സീറോ മലബാര്‍ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

വിശ്വാസം, മതം, സമൂഹം എന്നിവയുമായി ബന്ധപ്പെട്ടു വര്‍ത്തമാനകാലത്തുണ്ടാകുന്ന സങ്കീര്‍ണതകളും ആശങ്കകളും ദുരീകരിക്കപ്പെടേണ്ടതുണ്ട്. സംവാദത്തിലും സമന്വയത്തിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാണു സഭയുടെയും സമൂഹത്തിന്‍റെയും വളര്‍ച്ചയ്ക്ക് ആവശ്യമായുള്ളത്. മഹത്തായ സഭാപൈതൃകത്തില്‍ അഭിമാനിക്കാനും മുറിവുകളില്ലാതെ അതിന്‍റെ നന്മ പുതിയ തലമുറയിലേക്കു വിനിമയം ചെയ്യാനും നാം ശ്രദ്ധിക്കണം. പ്രതീക്ഷാനിര്‍ഭ രമായ ഭാവിയിലേക്കാണു സഭ ചുവടുവയ്ക്കുന്നത്. ഐക്യത്തിന്‍റെ യും സമാധാനത്തിന്‍റെയും വക്താക്കളായി സഭയുടെയും സമൂഹത്തിന്‍റെയും ശോഭനമായ ഭാവിക്കായി കൈകോര്‍ക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.

സഭാ ആസ്ഥാനത്തു പതാക ഉയര്‍ത്തിക്കൊണ്ടാണു സഭാദിനാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. സെന്‍റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുമായി മേജര്‍ ആര്‍ച്ച്ബിഷപ് ആശയവിനിമയം നടത്തി. റവ. ഡോ. ജോസ് ചിറമേല്‍ മോഡറേറ്ററായിരുന്നു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയില്‍ ഛാന്ദ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറം വചനസന്ദേശം നല്‍കി. നടനും സംവിധായകനുമായ സിജോയ് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം