National

ആര്‍. സാംബനും ഷാജി മാലിപ്പാറയ്ക്കും സത്യദീപത്തിന്‍റെ മാര്‍ ആന്‍റണി പടിയറ മാധ്യമ അവാര്‍ഡ്

Sathyadeepam

സത്യദീപം വാരികയുടെ ആഭിമുഖ്യത്തില്‍ നല്‍കിവരുന്ന കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറ മാധ്യമ അവാര്‍ഡിന് ദേശാഭിമാനി കോട്ടയം യൂണിറ്റിലെ സ്പെഷല്‍ കറസ്പോണ്ടന്‍റ് ആര്‍. സാംബന്‍ അര്‍ഹനായി. 2016-ല്‍ മലയാള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും മനുഷ്യാവകാശങ്ങളെയും മാനവിക മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതുമായ പരമ്പരകള്‍/ഫീച്ചറുകള്‍/റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയാണ് അവാര്‍ഡിനു പരിഗണിച്ചത്. മലപ്പുറം ജില്ലയിലെ മാഞ്ചീരി മലനിരകളിലെ ആദിവാസി പെണ്‍കുട്ടികളുടെ ജീവിതം പുറംലോകത്തിന്‍റെ അധിനിവേശങ്ങളില്‍ അസ്വസ്ഥമാകുന്നതിനെക്കുറിച്ചു ആര്‍. സാംബന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍ 2016-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച രചനകള്‍ക്കുള്ള അവാര്‍ഡ് ബാലസാഹിത്യകാരനായ ഷാജി മാലിപ്പാറയ്ക്കു നല്‍കും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. പി.എസ്.സി. മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഫാ. പോള്‍ തേലക്കാട്ട് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡു ജേതാക്കളെ തിരഞ്ഞെടുത്തത്.

1993 മുതല്‍ പത്രപ്രവര്‍ത്തന രംഗത്തുള്ള ആര്‍. സാംബന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ അവാര്‍ഡിനു രണ്ടു തവണ അര്‍ഹനായിട്ടുണ്ട്. റൂറല്‍ റിപ്പോര്‍ട്ടിംഗില്‍ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം തൊടുപുഴ കോലാനി സ്വദേശിയാണ്. ആനുകാലികങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതുന്ന ഷാജി മാലിപ്പാറ 55-ല്‍പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 1992 മുതല്‍ തേവര സെന്‍റ് മേരീസ് സ്കൂള്‍ അധ്യാപകനാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം