National

മാതൃസഭയില്‍ ഐക്യത്തിനും സമാധാനത്തിനുമായി മിഷനറികളുടെ പ്രാര്‍ത്ഥന

Sathyadeepam

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ സീറോ- മലബാര്‍ മിഷനറി മെത്രാന്മാരും വൈദികരും സന്യസ്തരും മാതൃസഭയില്‍ സമാധാനവും ഐക്യവും സംജാതമാകുന്നതിനുവേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുന്നു. സഭയുടെ ഇന്നത്തെ സാഹചര്യത്തില്‍ വിഷമിക്കുന്ന എല്ലാവരും പ്രാര്‍ത്ഥനകള്‍ തുടരണമെന്നും ഗ്വാഹട്ടിയില്‍ ചേര്‍ന്ന മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും സമ്മേളനം ആഹ്വാനം ചെയ്തു. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിവേകവും ദീര്‍ഘവീക്ഷണവും പുലര്‍ത്തുകയാണെങ്കില്‍ വിഭാഗീയതയും അനൈക്യവും പ്രതിസന്ധികളും ഒഴിവാക്കാനും തരണം ചെയ്യാനുമാകുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ വ്യക്തമാക്കി.

രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള സഭയില്‍ ഇവ്വിധമുള്ള പ്രതിസന്ധികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ബെംഗൈഗാവ് ബിഷപ് തോമസ് പുള്ളോപ്പിള്ളില്‍ പറഞ്ഞു. തോമാശ്ലീഹായുടെ മക്കളെന്ന നിലയില്‍ സഭയില്‍ സമാധാനം നിലനിര്‍ത്താനും പോരായ്മകള്‍ ക്ഷമിക്കാനും സമാധാനത്തിനും ഐക്യത്തിനും വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കാനും സഭാനേതൃത്വവും വൈദികരും സന്യസ്തരും വിശ്വാസികളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് സമ്മേളനം അഭ്യര്‍ത്ഥിച്ചു.

സഭയുടെ പാരമ്പര്യത്തിലും പൈതൃകത്തിലും തങ്ങള്‍ അഭിമാനിക്കുന്നു. ദൈവരാജ്യ സ്ഥാപനത്തിനായി സീറോ-മലബാര്‍ സഭാംഗങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണ്. സഭയ്ക്കു ലഭിക്കുന്ന സാര്‍വത്രീകാംഗീകാരത്തിലും അഭിമാനമുണ്ട്. എന്നാല്‍ അടുത്ത കാലത്ത് സഭയുടെ ഐക്യത്തിനു ഭീഷണിയാകുന്ന സംഭവവികാസങ്ങള്‍ തങ്ങളെ വേദനിപ്പി ക്കുകയാണ് — സമ്മേളനം വ്യക്തമാക്കി. നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ വിഭജിതരാകാനും സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാക്കാനും പറ്റിയ സമയമല്ല ഇതെന്ന് ഗ്വാഹട്ടി ആര്‍ച്ച് ബിഷപ് ജോണ്‍ മൂലച്ചിറ പറഞ്ഞു. ആത്മീയ പോഷണത്തിലും മിഷനറി തീക്ഷ്ണതയിലും വളര്‍ന്നു വന്ന സഭ അതില്‍ ഊന്നിനിന്ന് സഭയുടെ പൊതു നന്മയ്ക്കും നല്ല ഭാവിക്കായും യത്നിക്കേണ്ടതുണ്ടെന്ന് ആര്‍ച്ച്ബിഷപ് എമിററ്റസ് ഡോ. തോമസ് മേനാംപറമ്പില്‍ അനുസ്മരിപ്പിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം