National

മിഷന്‍ രൂപതകളിലെ വൈദിക – സമര്‍പ്പിത ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കണം – കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Sathyadeepam

സീറോ മലബാര്‍ സഭയുടെ മിഷന്‍ രൂപതകളില്‍ പ്രേഷിത പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ വേണ്ടത്ര വൈദികരെ ലഭിക്കുന്നില്ലെന്നും മിഷന്‍ രൂപതകളിലേക്കുള്ള വൈദിക – സമര്‍പ്പിത ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കണമെന്നും സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. "ഭാരതം മുഴുവനിലും നമുക്ക് അജപാലനപരവും പ്രേഷിതപ്രവര്‍ത്തനപരവുമായ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് പരിശുദ്ധ പിതാവ് ഷംഷാബാദ്, ഹൊസൂര്‍ രൂപതകള്‍ സ്ഥാപിക്കുകയും തക്കല, രാമനാഥപുരം രൂപതകളുടെ അതിര്‍ത്തികള്‍ വിസ്തൃതമാക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വൈദികരുടെയും സമര്‍പ്പിതരുടെയും ആവശ്യം വര്‍ദ്ധിച്ചിരിക്കുകയാണ്" – മിഷനറി ദൈവവിളിയെക്കുറിച്ചു പുറപ്പെടുവിച്ച സര്‍ക്കുലറില്‍ കര്‍ദിനാള്‍ വിശദീകരിച്ചു.

കേരളത്തില്‍ നിന്നുള്ള വൈദികരെ മിഷന്‍ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാന്‍ പരിശ്രമിക്കുമ്പോള്‍ പല ബുദ്ധിമുട്ടുകളും നേരിടുന്നതായി സര്‍ക്കുലറില്‍ പറയുന്നു. കേരളത്തിലെ വൈദികര്‍ക്ക് മിഷന്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനമില്ലാത്തതിനാല്‍ ആ മേഖലയിലേക്ക് പോകാന്‍ പലരും വിസമ്മതിക്കുന്നു. കേരളത്തിലെ അജപാലനശൈലി അപ്പാടെ മിഷന്‍ രൂപതകളില്‍ നടപ്പിലാക്കുക സാധ്യമല്ല. അതാത് പ്രദേശങ്ങളിലെ ഭാഷ പഠിക്കേണ്ട ആവശ്യം വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ സഭയുടെ നേതൃത്വത്തില്‍ തന്നെ അര്‍ത്ഥികളെ സ്വീകരിച്ച് മിഷന്‍ പരിശീലനം നല്‍കി വൈദികരായി അഭിഷേകം ചെയ്യാനുള്ള സംരംഭത്തിനു സഭാസിനഡ് തീരുമാനമെടുത്തിട്ടുണ്ടെന്നു സര്‍ക്കുലറില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ഈ വര്‍ഷം തന്നെ സെമിനാരി വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് പരിശീലനം തുടങ്ങാന്‍ പരിശ്രമിക്കുകയാണെന്നും സീറോ മലബാര്‍ രൂപതകളില്‍ നിന്നു മിഷനറി വൈദികരാകാന്‍ ആഗ്രഹിക്കുന്ന പത്താം ക്ലാസ്സോ ഉപരിപഠനമോ വിദ്യാഭ്യാസ യോഗ്യതയുള്ള കുട്ടികളെയും യുവാക്കളെയും അതിനു സജ്ജരാക്കണമെന്നും അതിനുവേണ്ടി ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയിലെ വൊക്കേഷന്‍ കമ്മീഷനുമായി ബന്ധപ്പെടേണ്ടതാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ സര്‍ക്കുലറില്‍ പറയുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം