National

ക്രൈസ്തവര്‍ യുഗാന്ത്യചിന്തയില്‍ ജീവിക്കണം: മാര്‍ മാത്യു അറയ്ക്കല്‍

Sathyadeepam

ശാശ്വതസത്യങ്ങളായ മരണം, ഉയിര്‍പ്പ്, അന്ത്യവിധി എന്നിവയെക്കുറിച്ചുള്ള ചിന്തയില്‍ ക്രൈസ്തവര്‍ ജീവിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. സീറോ മലബാര്‍സഭ വിശ്വാസകാര്യ മെത്രാന്‍സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ അജപാലനകേന്ദ്രത്തില്‍ സംഘടിപ്പിച്ച യുഗാന്ത്യോന്മുഖ ദൈവശാസ്ത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ് അറയ്ക്കല്‍.

മാര്‍ ജോസ് പുളിക്കല്‍ യുഗാന്ത്യത്തെക്കുറിച്ചുള്ള വിഷയാവതരണം നടത്തി. യുഗാന്ത്യത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കേണ്ടത് വിശ്വാസവളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഗാന്ത്യ ദൈവശാസ്ത്രത്തിന്‍റെ വിവിധ തലങ്ങളെക്കുറിച്ച് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി ക്ലാസ് നയിച്ചു. യുഗാന്ത്യ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളിലും വ്യാഖ്യാനങ്ങളിലും വരുന്ന വ്യതിചലനങ്ങളാണ് പലപ്പോഴും അബദ്ധ പ്രബോധനങ്ങളിലേക്ക് ആളുകളെ നയിക്കുന്നതെന്ന് ബിഷപ് പാംബ്ലാനി വ്യക്തമാക്കി. ആയതിനാല്‍ നിത്യതയെക്കുറിച്ച് ധ്യാനിക്കുകയും ചിന്തിക്കുകയും പഠിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ക്രൈസ്തവര്‍ മനുഷ്യന്‍റെ അന്ത്യങ്ങളായ തനതുവിധി, പൊതുവിധി, സ്വര്‍ഗം, നരകം എന്നിവയെക്കുറിച്ച് അവബോധമുള്ളവരാകണമെന്നും മാര്‍ പാംബ്ലാനി പറഞ്ഞു.

സീറോ മലബാര്‍ സഭ വിശ്വാസകാര്യ മെത്രാന്‍ സമിതി ചെയര്‍മാനും തൃശൂര്‍ അതിരൂപത സഹായമെത്രാനുമായ മാര്‍ ടോണി നീലങ്കാവില്‍ സമാപനസന്ദേശം നല്‍കി. യുഗാന്ത്യചിന്തകള്‍ രക്ഷയുടെയും ആനന്ദത്തിന്‍റെയും ആദ്ധ്യാത്മികതയിലേക്ക് നയിക്കണമെന്ന് മാര്‍ നീലങ്കാവില്‍ ഓര്‍മ്മിപ്പിച്ചു. ഭയത്തിന്‍റെ ആദ്ധ്യാത്മികതയല്ല, മറിച്ച് പരിശുദ്ധ കൂദാശകളില്‍ അധിഷ്ഠിതമായ ആദ്ധ്യാത്മികത, പൗരസ്ത്യ സഭകളുടെ തനിമയാണെന്നും അവ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ചര്‍ച്ചകള്‍ ക്രോഡീകരിച്ചുകൊണ്ട് റവ. ഡോ. കുര്യന്‍ താമരശ്ശേരി പറഞ്ഞു. റവ. ഡോ. കുര്യാക്കോസ് അമ്പഴത്തിനാല്‍,ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ. സെബാസ്റ്റ്യന്‍ വടക്കേമുറിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതിനിഷേധം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍

വിശുദ്ധ ബര്‍ട്ടില്ല (-692) : നവംബര്‍ 5