

ഭാരതത്തിലെ ക്രൈസ്തവസമൂഹത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ചെന്നൈയില്‍ ചേര്‍ന്ന വിവിധ സഭാപ്രതിനിധികളുടെ മഹാസമ്മേളനം തീരുമാനിച്ചു. ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കു മെന്നും താബോര്‍ 2025 എന്ന പേരില്‍ നടന്ന സമ്മേളനം പ്രതിജ്ഞ ചെയ്തു. ഡിസംബര്‍ 29-ന് ചെന്നൈ, സെന്റ് തോമസ് മൗണ്ട് ബസിലിക്കയിലായിരുന്നു സമ്മേളനം. വിവിധ സഭകളില്‍ നിന്നുള്ള ആറായിരം പ്രതിനിധികള്‍ സമ്മേളന ത്തില്‍ സംബന്ധിച്ചു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും സന്യസ്തര്‍ക്കും അല്‍മാ യര്‍ക്കുമുള്ള പ്രത്യേക പരിപാടികള്‍ ഉണ്ടായിരുന്നു.
നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. 2033 വരെ ഇതുമായി ബന്ധ പ്പെട്ട പരിപാടികള്‍ ഉണ്ടാകുമെന്നു സംഘാടകര്‍ പറഞ്ഞു. ക്രിസ്തുവിന്റെ മരണോത്ഥാനങ്ങളുടെ രണ്ടായിരാം വാര്‍ഷികാഘോഷങ്ങളോടെയാകും സമാപിക്കുക. ആദ്യനൂറ്റാണ്ടില്‍ തന്നെ ഇന്ത്യയ്ക്കു ക്രൈസ്തവ വിശ്വാസം പരിചയപ്പെടുത്തിയ വി. തോമാശ്ലീഹായുടെ രക്തസാക്ഷിത്വം അരങ്ങേറിയ മണ്ണില്‍ തന്നെയാണു സമ്മേളനം നടത്തിയതെന്ന് സി ബി സി ഐ യുടെ റീജണല്‍ സഭൈക്യ കമ്മീഷന്‍ സെക്രട്ടറി ഫാ. ബെനഡി ക്ട് ബര്‍ണബാസ് ചൂണ്ടിക്കാട്ടി.
''ക്രിസ്തീയത: ഇന്നലെ, ഇന്ന്, നാളെ'' എന്നതായിരുന്നു സമ്മേളന ത്തിന്റെ പ്രമേയം. ഈ ക്രിസ്മസ് സമയ ത്തെന്നതു പോലെ, സഭയ്‌ക്കെതിരെ മതതീവ്രവാദികളുടെ അക്രമങ്ങള്‍ നടക്കുമ്പോള്‍ സഭയ്ക്കുണ്ടാകുന്ന വര്‍ധിച്ച ഉത്തരവാദിത്വങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. രാജ്യമെമ്പാടും ക്രൈസ്തവര്‍ അനുഭവിക്കേണ്ടി വന്ന സഹനങ്ങളും വേദനയും ഉല്‍ക്കണ്ഠയു ണ്ടാക്കുന്നതാണ്.
ക്രൈസ്തവരുടെ ഐക്യവും പ്രാര്‍ഥനയും സ്‌നേഹവും കൂട്ടായ പ്രവര്‍ത്തനവും വര്‍ധിപ്പിക്കേ ണ്ടതിന്റെ അടിയന്തര പ്രാധാന്യത്തിന് ഇത് അടിവരയിടുന്നു. ജാതി, വര്‍ഗ വിവേചനം, സ്ത്രീധനം, കൈക്കൂലി തുടങ്ങിയ സാമൂഹ്യതിന്മകളില്‍ നിന്നു ക്രൈസ്തവര്‍ മാറി നില്‍ക്കണം. ദൈവത്തിന്റെ സ്‌നേഹഭാഷ സംസാരിച്ചു കൊണ്ട് അവിടുത്തെ പാറകളായി ക്രൈസ്തവര്‍ മാറണം - സമ്മേളനം ആവശ്യപ്പെട്ടു.
ക്രൈസ്തവര്‍ ആര്‍ക്കും എതിരല്ലെന്നു തമിഴ്‌നാട് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ സഭൈക്യകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ലോറന്‍സ് പയസ് പറഞ്ഞു. സ്‌നേഹത്തിലൂടെയും പ്രാര്‍ഥനയിലൂടെയും ഐക്യം തേടാന്‍ ബിഷപ് സമ്മേളനത്തോടഭ്യര്‍ഥിച്ചു.