National

“ദുരുദ്ദേശപരമായ മാധ്യമ വിചാരണ പ്രതിഷേധാര്‍ഹം”

Sathyadeepam

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ ക്രൈസ്തവ സഭയെയും സഭാപിതാക്കന്മാരെയും അവഹേളിക്കുന്നതിനും, സ്വഭാവഹത്യ നടത്തുന്നതിനും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതപ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കേരള കത്തോലിക്കാ അല്മായ നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്ക്കരിച്ചും, തെറ്റിധാരണയുണ്ടാക്കുംവിധം പര്‍വതീകരിച്ചും, വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലാത്ത, അവാസ്തവ പ്രസ്താവനകളിലൂടെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചും സഭയെയും സഭാധികാരികളെയും പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുന്നവര്‍ സഭാവിരോധികള്‍ തന്നെയാണ്. അത്തരം പ്രസ്താവനകള്‍ക്കും ആരോപണങ്ങള്‍ക്കും ബാഹ്യസമ്മര്‍ദങ്ങള്‍ മൂലമോ സാമ്പത്തികവും അല്ലാതെയുള്ള പ്രലോഭനങ്ങള്‍ മൂലമോ പ്രചരണം നല്കുന്ന മാധ്യമങ്ങള്‍, മാധ്യമസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയാണ് – സമ്മേളനം വിലയിരുത്തി.

സെന്‍സേഷനുണ്ടാക്കാനോ, റേറ്റിംഗ് കൂട്ടാനോ മാധ്യമങ്ങള്‍ അസത്യങ്ങള്‍ക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കും പ്രചരണം നല്കുന്നത് നിയമവിരുദ്ധവും അനീതിപരവുമാണ്. തങ്ങള്‍ക്കു താത്പര്യമുള്ള ചിലരുടെ അഭിപ്രായങ്ങള്‍ കത്തോലിക്കാസഭയിലെ പൊതുസമൂഹത്തിന്‍റെ അഭിപ്രായവും നിലപാടുമായി അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ മാധ്യമധര്‍മം ലംഘിക്കുകയാണെന്നും സഭാനേതൃത്വവുമായി പല കാരണങ്ങളാല്‍ ഇടഞ്ഞു നില്ക്കുന്നവരും ഇപ്പോള്‍ സഭയില്‍ ഔദ്യോഗികസ്ഥാനങ്ങളൊന്നുമില്ലാത്തവരുമായ ആ സഭയുടെ പ്രതിനിധികളെന്ന നിലയില്‍ ചാനല്‍ചര്‍ച്ചയിലും മറ്റും പങ്കെടുപ്പിച്ച് സഭാനേതൃത്വത്തിനെതിരെ പ്രചരണം നടത്തുന്നത് മാധ്യമധര്‍മമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

പാലാരിവട്ടം പിഒസിയില്‍ നടന്ന കേരള കത്തോലിക്കാ അല്മായ നേതൃസമ്മേളനത്തില്‍ കെസിഎഫ് പ്രസിഡന്‍റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, അഡ്വ. വര്‍ഗീസ് കോയിക്കര, കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, ഏകെസിസി പ്രസിഡന്‍റ് അഡ്വ. ബിജു പറയനിലം, ലത്തീന്‍ സഭാവക്താവ് ഷാജി ജോര്‍ജ്, ഡോ. മേരി റെജീന, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ബെന്നി ആന്‍റണി, എം.സി.എ. ഭാരവാഹികളായ സണ്ണി ജോര്‍ജ്, ചെറിയാന്‍ ചെന്നീര്‍ക്കര എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം