National

കാര്‍ഷികകടം-പ്രഹസന പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വിഢികളാക്കരുത്: ഇന്‍ഫാം

Sathyadeepam

വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കാര്‍ഷികകടം എഴുതിത്തള്ളല്‍ പ്രഖ്യാപനം നടത്തി രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ കര്‍ഷകരെ വിഢികളാക്കരുതെന്നും ഇതിനോടകം പ്രഖ്യാപനങ്ങള്‍ നടത്തിയ വിവിധ സംസ്ഥാനങ്ങളില്‍ നടപടിക്രമങ്ങളില്‍ വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും കര്‍ഷകരുടെ ദേശീയ സമിതിയായ ഇന്‍ഫാം അഭിപ്രായപ്പെട്ടു.

ആറു പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ചവരുടെ കര്‍ഷകസ്നേഹത്തിന്‍റെ കാപട്യമാണ് ബഹുഭൂരിപക്ഷം കര്‍ഷകരും കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതെന്നുള്ള കാര്യം മറക്കരുത്. കര്‍ഷക കടങ്ങളും ബാധ്യതകളും ഒരു ദിവസത്തെ സൃഷ്ടിയല്ല. മാറി മാറി രാജ്യം ഭരിച്ചവരുടെ കര്‍ഷക വിരുദ്ധ നീതിനിഷേധ നിലപാടാണ് കാര്‍ഷികത്തകര്‍ച്ചയുടെയും കര്‍ഷക ആത്മഹത്യകളുടെയും മുഖ്യകാരണം.

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനമല്ല, അടിയന്തര നടപടികളാണ് വേണ്ടത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ എഴുതിത്തള്ളല്‍ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുന്നതല്ലാതെ ഒന്നും ചെയ്തിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ഇതേ തെരഞ്ഞെടുപ്പു വാഗ്ദാനം നടപടികളില്ലാതെ ഇന്നും പ്രഖ്യാപനത്തിലൊതുങ്ങി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് നഗരങ്ങളില്‍ കുടിയേറി മറ്റു ജോലിയിലേയ്ക്ക് തിരിയുന്ന സാഹചര്യമാണുള്ളത്. കര്‍ണ്ണാടകത്തില്‍ കഴിഞ്ഞ ജൂലൈ 5-ന് നടത്തിയ 44,000 കോടിയുടെ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുമെന്നു നടത്തിയ പ്രഖ്യാപനം മാസങ്ങള്‍ കഴിഞ്ഞിട്ടും 800 കര്‍ഷകര്‍ക്കുമാത്രമാണ് ഗുണം ലഭിച്ചതെന്ന് ഡിസംബര്‍ 12-ന് അസംബ്ലിയില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ മൗനവ്രതം അനുഷ്ഠിക്കുന്നു. കാര്‍ഷികകടം എഴുതിത്തള്ളല്‍ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ആയുധമാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ സംഘടിച്ചു നീങ്ങിരാഷ്ട്രീയ നിലപാടെടുക്കുവാന്‍ സ്വതന്ത്രകര്‍ഷകപ്രസ്ഥാനങ്ങള്‍ക്കാകണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം