National

ജാര്‍ഘണ്ടിലെ മതവിദ്വേഷങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം: സിബിസിഐ

Sathyadeepam

ബിജെപി ഭരിക്കുന്ന ജാര്‍ഘണ്ടില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും വിദ്വേഷപ്രചാരണങ്ങള്‍ക്കും അറുതി വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രധാനമന്ത്രിക്കു കത്തെഴുതി. ജാര്‍ഘണ്ടിലെ മുഖ്യമന്ത്രി രഘുബര്‍ ദാസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രചാരണങ്ങള്‍ നിയന്ത്രിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

ദാരിദ്ര്യവും ശോചനീയമായ ജീവിത സാഹചര്യങ്ങളും നിലനില്ക്കുന്ന ജാര്‍ഘണ്ടില്‍ ദളിതരും ആദിവാസികളും മറ്റു മതവിശ്വാസികളും സമാധാനത്തോടെയാണു കഴിഞ്ഞു പോരുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റെ രഹസ്യ അജണ്ടയില്‍ ഇതു തകിടം മറിയുകയാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളില്‍, ഇതിനുമുമ്പ് ഒരു മുഖ്യമന്ത്രിയും നല്‍കാത്ത ഒരു മുഴുവന്‍ പേജ് പരസ്യം ഇപ്പോഴത്തെ മുഖ്യമന്ത്രി നല്‍കുകയുണ്ടായി. ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരസ്യമായിരുന്നു അത്. ദരിദ്രരായ ദളിതരെയും ആദിവാസികളെയും ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആ പരസ്യത്തില്‍ പറയുന്നു. മഹാത്മഗാന്ധിയുടേതായി പരസ്യത്തില്‍ ഉദ്ധരിച്ചിരിക്കുന്ന വാചകത്തില്‍ ആദിവാസികളെ വനവാസികളെന്നും ദളിതരെയും ആദിവാസികളെയും "പശുക്കളെപ്പോലെ നിശ്ശബ്ദരും സാധുക്കളുമായവരെന്നും" വിശേഷിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ആദിവാസികളെ മഹാത്മാഗാന്ധി വനവാസികള്‍ എന്നു വിളിച്ചതായി തങ്ങള്‍ക്ക് അറിവില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

കത്തോലിക്കാസഭ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എക്കാലത്തും എതിരാണ്. എന്നാല്‍ ഏതു മതത്തിലും ജീവിക്കാനും അതു പ്രഘോഷിക്കാനുമുള്ള അവകാശം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. ജാര്‍ഘണ്ടിലെ കത്തോലിക്കാ കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ ഏതു മതസ്ഥര്‍ക്കും സ്വീകാര്യനായ വ്യക്തിയാണ്. മതമൗലിക വാദികള്‍ അദ്ദേഹത്തിന്‍റെ കോലം കത്തിച്ചത് വളരെ നിര്‍ഭാഗ്യകരമാണ്. ഇത്തരം പ്രവണതകള്‍ മത സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും വിലങ്ങുതടിയായി നില്‍ക്കും. ക്രൈസ്തവര്‍ സമാധാന കാംക്ഷികളും രാഷ്ട്രപുരോഗതിയില്‍ തത്പരരായ പൗരന്മാരുമാണ്. ആരോഗ്യരംഗത്തും വിദ്യഭ്യാസരംഗത്തും മറ്റു സാമൂഹ്യരംഗങ്ങളിലും സഭ ചെയ്യുന്ന സേവനങ്ങള്‍ സ്മരണീയവുമാണ്. സഭയുടെ സേവനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല. അത് ക്രിസ്തുമതത്തിലേക്ക് ആളെക്കൂട്ടാന്‍ ചെയ്യുന്നതുമല്ല. ഇത്തരം ശുശ്രൂഷകളില്‍ തങ്ങള്‍ ഏര്‍പ്പെടുന്നത്, ദരിദ്രരില്‍ ദരിദ്രരായവര്‍ക്കായി ജീവിക്കുക എന്ന ക്രൈസ്തവ പ്രബോധനം ഉള്‍ക്കൊണ്ടാണ് — കത്തില്‍ വിശദീകരിക്കുന്നു.

മതത്തിന്‍റെ പേരില്‍ അതിക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രഖ്യാപനം, ജാര്‍ഘണ്ടിലെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഉപദേഷ്ടാക്കളും ചെവിക്കൊണ്ടിട്ടില്ല എന്ന സൂചനകളാണ് അവിടത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ എത്രയും വേഗം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചാണ് കത്ത് അവസാനിക്കുന്നത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം