National

ദളിത് ക്രിസ്ത്യന്‍ സംവരണം: നിലപാടറിയിക്കണമെന്നു കേന്ദ്രത്തോടു സുപ്രീം കോടതി

Sathyadeepam

ദളിത് ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുള്ള സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കണമെന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ ഹിന്ദു, ബുദ്ധ, സിഖ് ദളിതര്‍ക്കു മാത്രമേ ഭരണഘടന നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. ഈ മതവിഭാഗങ്ങളില്‍ പെടാത്ത ദളിതര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള 1950 ലെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ കാത്തലിക് യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ആഗസ്റ്റ് മുപ്പതിന് കേസ് പരിഗണിച്ച മൂന്നംഗ സൂപ്രീം കോടതി ബഞ്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറലിനോട് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷാന്‍ കൗള്‍, എ എസ് ഓക, വിക്രം നാഥ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് ഇപ്പോള്‍ പരിഗണിക്കുന്നത്.

കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ കേസ് നീട്ടിക്കൊണ്ടുപോകുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന ആരോപണം ഹര്‍ജിക്കാര്‍ക്കുണ്ട്. 2004 ലാണ് മതത്തിന്റെ പേരില്‍ ദളിത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ വിവേചനം എ ഐ സി യു സുപ്രീം കോടതിയ്ക്കു മുമ്പില്‍ എത്തിച്ചത്. തുടര്‍ന്ന് 18 വര്‍ഷമായിട്ടും വ്യക്തമായ ഒരു പ്രതികരണം ഇക്കാര്യത്തില്‍ കോടതിയ്ക്കു മുമ്പാകെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

''ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളൊഴികെ മറ്റു മതങ്ങളില്‍ വിശ്വസിക്കുന്ന യാതൊരു വ്യക്തിയെയും ദളിത് ആയി പരിഗണിക്കരുതെന്ന'' 1950 ലെ ഭരണഘടനാ ഉത്തരവിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നതാണ് സുപ്രീം കോടതിയുടെ മുമ്പിലുള്ള മുഖ്യമായ ആവശ്യം. ദളിത് ജാതിപദവിയില്‍ നിന്നു മതത്തെ വേര്‍പെടുത്തണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രംഗനാഥമിശ്രയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ഈ ഉത്തരവ് ഭരണഘടനാവിരുദ്ധവും വിവേചനാപരവുമാണെന്ന് 2007 ല്‍ അഭിപ്രായപ്പെട്ടിരുന്നു. രംഗനാഥമിശ്ര കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കിയത്. മിശ്ര കമ്മീഷന്‍ ശിപാര്‍ശകള്‍ നിരാകരിക്കുകയാണെന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നു കോടതി സോളിസിറ്റര്‍ ജനറലിനോട് ആരാഞ്ഞു. 2008 ല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനും ദലിത് ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ദളിത് പദവി നല്‍കണമെന്ന് ഒരു പഠനത്തെ തുടര്‍ന്ന് ശിപാര്‍ശ ചെയ്തിരുന്നു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും