മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു
Published on

കേരള കത്തോലിക്കാ സഭയ്ക്ക് ഈടുറ്റ സംഭാവനകൾ നൽകിയിട്ടുള്ള ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനെ, ലിയോ പതിനാലാമൻ മാർപാപ്പ ധന്യനായി പ്രഖ്യാപിച്ചു. എറണാകുളം അതിരൂപത വൈദികനായിരുന്ന പഞ്ഞിക്കാരനച്ചനാണ് സത്യദീപം വാരികയുടെ സ്ഥാപകരിൽ ഒരാൾ. ധർമ്മഗിരി സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനാണ്. 1921 മുതൽ മരണം വരെ, എറണാകുളം അതിരൂപത വേദപ്രചാരവിഭാഗത്തിന്റെ മേധാവിയായിരുന്നു. അവിഭക്ത എറണാകുളം അതിരൂപതയുടെ ഭാഗമായിരുന്ന കിഴക്കൻ  പ്രദേശങ്ങളിൽ, കോതമംഗലം കേന്ദ്രീകരിച്ച് ശക്തമായ പ്രേഷിത പ്രവർത്തനങ്ങൾ നടത്തി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സ്ഥാപനത്തിലും നിർണായക പങ്കു വഹിച്ചു. 

ചേർത്തല ഫൊറോനയിലെ ഉഴുവയിൽ 1888 സെപ്റ്റംബർ 10 നാണ് പഞ്ഞിക്കാരനച്ചന്റെ ജനനം. 1949 നവംബർ നാലിന് നിര്യാതനായ അദ്ദേഹത്തിൻ്റെ നാമകരണം നടപടികൾക്ക് കോതമംഗലം രൂപത 2010 ൽ തുടക്കമിട്ടു. അന്നുമുതൽ ദൈവദാസൻ എന്ന് വിശേഷിപ്പിക്കപ്പെട്ടു പോരുകയായിരുന്നു.

പ്രസിദ്ധമായ  തിരുച്ചിറപ്പിള്ളി സെ. ജോസഫ്സ് കോളേജിൽ നിന്ന് ചരിത്രത്തിൽ എം എ നേടി എത്തിയതിനു ശേഷമാണ് അദ്ദേഹം എറണാകുളം അതിരൂപതയുെ മൈനർ സെമിനാരിയിൽ വൈദികവിദ്യാർഥിയായി ചേർന്നത്.

സുറിയാനി കത്തോലിക്കരുടെ ഇടയിൽനിന്ന് ആദ്യമായി എം എ ബിരുദം നേടിയ അദ്ദേഹത്തിന്റെ സെമിനാരി പ്രവേശനം തന്നെ അന്നു ശ്രദ്ധ നേടി. ശ്രീലങ്കയിലെ കാൻഡി സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി. 1918 ഡിസംബർ 21ന് വൈദികനായി അഭിഷിക്തനായി. എറണാകുളം അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ആലുവ സെ.മേരിസ് സ്കൂളിൽ അധ്യാപകനായി പൗരോഹിത്യ സേവനം ആരംഭിച്ചു.

പിന്നീട് അന്നത്തെ അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ് അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുമതിയോടെ അധ്യാപകവൃത്തി വിട്ട് പാവപ്പെട്ടവരുടെയും ദളിതരുടെയും ഇടയിൽ സേവനം ചെയ്യാൻ ആരംഭിച്ചു. അതിരുപതയുടെ കിഴക്കൻ പ്രദേശത്തേക്ക് യാത്രയായ അദ്ദേഹം കോതമംഗലത്ത് ധർമ്മഗിരി എന്ന ചികിത്സാലയം സ്ഥാപിച്ചു.

പാവപ്പെട്ടവർക്കു ചികിത്സ നൽകാനായി മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെ.ജോസഫ് എന്ന സന്യാസിനീസമൂഹത്തിനു രൂപം നൽകി.  1925ൽ റോമിൽ നടന്ന ഇൻറർനാഷണൽ മിഷൻ എക്സിബിഷനിൽ സീറോ മലബാർ സഭയുടെ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഫിലോസഫി, തിയോളജി, കാനൻ നിയമം എന്നീ വിഷയങ്ങളിൽ റോമിൽ ഉപരിപഠനം നടത്തി. ഡബ്ലിനിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org