വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

സ്‌പെയിനില്‍ നവാരെയില്‍ ജനിച്ച വിശുദ്ധ ഡോമിനിക്ക് ഒരു ഇടയ ബാലനായിട്ടാണ് ജീവിതം ആരംഭിച്ചത്. ഇടയജീവിതത്തിന്റെ ഏകാന്തമായ ഇടവേളകളിലാണ് ഡോമിനിക്ക് ദൈവത്തെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. ആ ചിന്തകള്‍ അവനെ സന്ന്യാസത്തിലേക്കു നയിച്ചു. സന്ന്യാസിയാകാന്‍ അവന്‍ ബെനഡിക്‌ടൈന്‍ മൊണാസ്റ്ററിയിലെത്തി. പിന്നീട് ആശ്രമത്തിന്റെ പ്രിയോറായിരിക്കുമ്പോള്‍ നവാരെയിലെ രാജാവ് ഗാര്‍സ്യ മൂന്നാമനുമായി അഭിപ്രായവ്യത്യാസമുണ്ടായതിനേത്തുടര്‍ന്ന് ഡോമിനിക്ക് രാജാവിന്റെ ക്രോധത്തിനിരയായി. രാജാവ് അദ്ദേഹത്തെ നാടുകടത്തി. എന്നാല്‍, പഴയ കാസ്റ്റൈലിന്റെ രാജാവ് ഫെര്‍ഡിനാന്റ് ഒന്നാമന്‍ ഡോമിനിക്കിനെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. സിലോസിലെ സെന്റ് സെബാസ്റ്റ്യന്‍സ് ആശ്രമത്തിന്റെ പൂര്‍ണ്ണ ചുമതല രാജാവ് അദ്ദേഹത്തെ ഏല്പിച്ചു. വേണ്ട രീതിയില്‍ അതു പരിഷ്‌കരിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുകയായിരുന്നു ഡോമിനിക്കിനെ ഏല്പിച്ച ഉത്തരവാദിത്വം. ആ വെല്ലുവിളി അദ്ദേഹം സ്വീകരിക്കുകയും അതു വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
ആദ്ധ്യാത്മികമായി ആശ്രമത്തിന്റെ കാഴ്ചപ്പാടുകള്‍ അല്പം വ്യത്യസ്തമായിരുന്നു. ഡോമിനിക്കിന്റെ സ്വാധീനത്തില്‍ അവിടത്തെ സന്ന്യാസിമാര്‍ സ്‌പെയിനിലെ എക്കാലത്തെയും പ്രതിഭാശാലികളായ ക്രിസ്ത്യന്‍ കലാകാരന്മാരായി വളര്‍ന്നു. പുരാതന കൃതികള്‍ സംരക്ഷിക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തതിന്റെ ഫലമായി ആ ആശ്രമം വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും വിളനിലമായിത്തീര്‍ന്നു. അത്ഭുതകരമായ രോഗശാന്തികളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. അങ്ങനെ ആ ആശ്രമം രൂപത്തിലും ഭാവത്തിലും സ്‌പെയിനിലെ ഒരു നല്ല കലാകേന്ദ്ര മായിത്തീര്‍ന്നു.
വാഴ്ത്തപ്പെട്ട ജയിന്‍ ഗുസ്മാന്‍ 1170-ല്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കിയ സമയത്ത് അപകടനില തരണം ചെയ്തത് വി. ഡോമിനിക്കിന്റെ അത്ഭുതകരമായ ഇടപെടല്‍ കൊണ്ടാണെന്ന് ഉറച്ചു വിശ്വസിക്കുകയും അക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. അതോടെ ഗര്‍ഭിണികളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. ഡോമിനിക്ക് സ്‌പെയിനിലെ ഏറ്റവും ജനകീയനായ വിശുദ്ധനായിത്തീര്‍ന്നു. ജയിനിന്റെ മകന് ഡോമിനിക്ക് എന്നു തന്നെ നാമകരണം ചെയ്തു. ആ ഡോമിനിക്കും പിന്നീട് ഒരു പുതിയ സന്ന്യാസസഭയുടെ സ്ഥാപകനായിത്തീര്‍ന്നു.
1931-ലെ സ്പാനീഷ് വിപ്ലവം വരെ സ്‌പെയിനില്‍ തുടര്‍ന്നിരുന്ന ഒരു ആചാരം ഇതായിരുന്നു. കൊട്ടാരത്തില്‍ രാജ്ഞിയുടെ പ്രസവ സമയം അടുക്കുമ്പോള്‍ സിലോസിലെ ആശ്രമത്തിന്റെ അധിപന്‍ വി. ഡോമിനിക്കിന്റെ ഊന്നുവടി കൊണ്ടുപോയി കൊട്ടാരത്തില്‍ രാജ്ഞിയുടെ കിടക്കയ്ക്കരുകില്‍ സ്ഥാപിക്കുന്നു. രാജ്ഞിയുടെ സുഖപ്രസവത്തിനുശേഷം മാത്രം അതു തിരിച്ചെടുത്തു കൊണ്ടുപോരുന്നു. കൂടാതെ 13-ാം നൂറ്റാണ്ടില്‍ മുസ്ലീം ആക്രമണകാലത്ത് അവരുടെ തടവില്‍ അകപ്പെട്ടു പോയവരെ വി. ഡോമിനിക്കിന്റെ അത്ഭുതകരമായ ഇടപെടല്‍ വഴി രക്ഷപ്പെടുത്തിയ കഥയും നിലവിലുണ്ട്. ആയതിനാല്‍ വി. ഡോമിനിക്ക് തടവുകാരുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ്.

മറ്റുള്ളവരുടെ കുറ്റങ്ങളും അപൂര്‍ണതകളും നിങ്ങള്‍ ക്ഷമയോടെ സഹിക്കുക. കാരണം, മറ്റുള്ളവര്‍ക്കു സഹിക്കാന്‍ നിങ്ങള്‍ക്കും വളരെയേറെ കുറ്റങ്ങളും കുറവുകളുമുണ്ട്.
ക്രിസ്ത്വാനുകരണം Bk. 1,16,2

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org