ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും
Published on
  • സിയ ജോസ് കാനാട്ട്

യേശുവിന്റെ ജനനത്തെപ്പറ്റി പറയുന്നതിന് മുന്നോടിയായി വി. മത്തായി യേശുവിന്റെ വംശാവലിയെക്കുറിച്ച് വളരെ വിശദമായി പറയുന്നുണ്ട്. യേശുക്രിസ്തു ദാവീദിന്റെ പുത്രനാണ് എന്നും സകല ജനതകള്‍ക്കും രക്ഷ നല്‍കാന്‍ വേണ്ടി പിറന്ന ലോകരക്ഷകനാണ് എന്നും ആ സത്യം എളുപ്പത്തില്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്ന രീതിയിലുമാണ് സുവിശേഷകന്‍ വംശാവലിയെ വിവരിക്കുന്നത്. ക്രിസ്തുവിന്റെ വംശാവലിയെ മൂന്ന് കാലഘട്ടങ്ങളിലായിട്ടാണ്

വി. മത്തായി തരംതിരിച്ചിരിക്കുന്നത്. ഇതിലെ ആദ്യത്തെ കാലഘട്ടം ദാവീദ് രാജാവിന്റെ കാലഘട്ടമാണ്, ഇസ്രായേലിനെ അതിശക്തമായ ഒരു രാജ്യമായും യഹൂദരെ ലോകത്തിലെ ഏറ്റവും വലിയ ശക്തരായ ജനതയുമാക്കിയ വ്യക്തിയായിരുന്നു ദാവീദ്. രണ്ടാമത്തേത്, ബാബിലോണ്‍ പ്രവാസമാണ്. രാജ്യത്തിന്റെ അപമാനവും ദുരന്തവും ദുഃഖമാണ് ഇതില്‍ പ്രതിപാദ്യമായത്. മൂന്നാമത്തേത്, യേശുക്രിസ്തുവിന്റെ കാലഘട്ടമാണ്, തന്റെ ജനത്തെ അടിമത്തത്തില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടി ഭൂമിയില്‍ ഭൂജാതനായ ദൈവത്തിന്റെ തിരുസുതന്‍. ആ തിരുസുതനിലൂടെ യാണ് മനുഷ്യകുലം മുഴുവന്‍ സമഗ്ര രക്ഷ കൈവരിച്ചത്.

മനുഷ്യനെ ദൈവം സൃഷ്ടിച്ചത് തന്റെ ഛായയിലും സാദൃശ്യത്തിലു മായിരുന്നു. റോമന്‍ ചിന്തകനായ സിസേറോയുടെ വാക്കുകളിലൂടെ പറഞ്ഞാല്‍ 'The only difference between man and God is in point of time. Man was born to be King.' പക്ഷേ മനുഷ്യന്‍ ദൈവത്തോട് ചേര്‍ന്നിരിക്കേണ്ടതിനു പകരം അവന്‍ തിന്മയുടെ സേവകനായി. G.K. Chesterton ന്റെ വാക്കുകള്‍ ഉദ്ധരിച്ചാല്‍ 'He used his free will to defy and disobey God.' അതെ തന്റെ സ്വന്തം തീരുമാനങ്ങളിലൂടെ ദൈവത്തോട് അനുസരണക്കേട് കാണിക്കുകയും ദൈവത്തിന്റെ സൃഷ്ടകര്‍മ്മത്തിന്റെ ഉദ്ദേശ്യത്തില്‍ നിന്ന് അകന്ന് മാറുകയും ചെയ്തു. മനുഷ്യന്റെ തന്നിഷ്ട പ്രവൃത്തികള്‍ അവനെ ദൈവത്തില്‍ നിന്നും അകറ്റിയെങ്കിലും ദൈവം തന്റെ സൃഷ്ടിയെ വിട്ടുകളയാന്‍ ഒരുക്കമല്ലായിരുന്നു.

മനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്ന് മോചിപ്പിച്ച് ദൈവത്തോട് ചേര്‍ത്ത് നിര്‍ത്തി ആ സൃഷ്ടി കര്‍മ്മത്തില്‍ വീണ്ടും പങ്കാളിയാക്കുകയാണ് യേശുക്രിസ്തു ചെയ്തത്. ദൈവത്തിന് മനുഷ്യനായുള്ള സ്വപ്നങ്ങളാണ് യേശുക്രിസ്തു തന്റെ രക്ഷാകര കര്‍മ്മത്തിലൂടെ നേടിയെടുത്തത്.

മനുഷ്യനെ വീണ്ടെടുക്കാന്‍ ദൈവം തന്റെ തിരുസുതനെ തന്നെയാണ് നിയോഗിക്കുന്നത്. മനുഷ്യന്‍ തന്റെ പാപത്തിന്റെ ചങ്ങലകളാല്‍ ബന്ധിതരായിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. മനുഷ്യന്റെ അവസാനം ദുരന്തപൂര്‍ണ്ണമാകാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. മനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്ന് മോചിപ്പിച്ച് ദൈവത്തോട് ചേര്‍ത്ത് നിര്‍ത്തി ആ സൃഷ്ടികര്‍മ്മത്തില്‍ വീണ്ടും പങ്കാളിയാക്കുകയാണ് യേശുക്രിസ്തു ചെയ്തത്. ദൈവത്തിന് മനുഷ്യനായുള്ള സ്വപ്നങ്ങളാണ് യേശുക്രിസ്തു തന്റെ രക്ഷാകര കര്‍മ്മത്തിലൂടെ നേടിയെടുത്തത്. അവന്‍ ദൈവത്തിന്റെ രാജ്യത്വം പുനഃസ്ഥാപിക്കുകയും മനുഷ്യന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്തു. മനുഷ്യന് 'ദൈവം' എന്താണ് എന്ന് കാണിച്ചു തന്നത് യേശുവാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ദൈവം ആരാണ് എന്നും ദൈവം നമ്മെ എങ്ങനെയാണ് സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നത് എന്നും മനസ്സിലാക്കി തന്നത് യേശുക്രിസ്തുവാണ്.

യേശുക്രിസ്തുവിന് മുമ്പ് നമ്മള്‍ക്ക് പിതാവായ ദൈവത്തെ കുറിച്ചോ അവിടുത്തെ സ്‌നേഹത്തെയും കാരുണ്യത്തെയും കുറിച്ചോ പൂര്‍ണ്ണമായി അറിവുണ്ടായിരുന്നില്ല, എന്നാല്‍ യേശുവിലൂടെ ഇവയെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവഭേദ്യമാകാന്‍ സാധിച്ചു. വി. മത്തായി യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് പറയുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. അവിടുത്തെ വംശാവലി ഉദ്ധരിച്ചുകൊണ്ടാണ് സുവിശേഷകന്‍ ആരംഭിക്കുന്നത് തന്നെ. യേശു ദാവീദിന്റെ വംശാവലിയില്‍ ജനിച്ചതാണ് എന്ന് അതിലൂടെ അദ്ദേഹം നിസ്സംശയം സ്ഥാപിക്കുന്നുണ്ട്. യഹൂദരെ സംബന്ധിച്ച് അവര്‍ക്ക് തങ്ങളുടെ പൈതൃകത്തിലും പാരമ്പര്യത്തിലും വളരെയേറെ ഊറ്റം കൊണ്ടിരുന്നവരായിരുന്നു. ഇസ്രായേലിനെ അതിന്റെ ഏറ്റവും മഹത്വത്തിലേക്ക് എത്തിച്ച ദാവീദ് രാജാവിന്റെ ഗോത്രത്തില്‍ പിറന്ന യേശുക്രിസ്തു അനിഷേധ്യനായ നേതാവാണ് എന്നും മനുഷ്യനെ തങ്ങളുടെ ബന്ധനത്തില്‍ നിന്നും മോചിപ്പിച്ച് സ്വര്‍ഗരാജ്യത്തിലേക്ക് നയിക്കാന്‍ വന്ന രക്ഷകനാണ് ക്രിസ്തു എന്ന് വളരെ അസന്ദിഗ്ധമായി വി. മത്തായി പറഞ്ഞുവയ്ക്കുകയാണ്.

വി. ബൈബിള്‍ പറയുന്നത് യേശു ബേത്‌ലേഹെമില്‍ ജനിച്ചു എന്നാണ്. ബേത്‌ലേഹെം എന്ന വാക്കിന്റെ അര്‍ഥം 'The house of bread', 'അപ്പത്തിന്റെ ഭവനം' എന്നാണ്. വളരെ സമൃദ്ധമായിരുന്ന ഒരു പട്ടണമായിരുന്നു ബേത്‌ലേഹെം. ചെറുതെങ്കിലും തലയെടുപ്പോടെ നില്‍ക്കുന്ന ഒരു ഭൂപ്രദേശം. ഒരു രാജാവിന് ജന്മമെടുക്കാന്‍ വേണ്ടി പ്രൗഢിയുള്ള സ്ഥലം. അനവധി ചെറുകുന്നുകളുടെ ഇടയില്‍ ഏകദേശം 2500 അടി ഉയരത്തില്‍ നിന്നിരുന്ന ഒരു amphithetare പോലെയായിരുന്നു ബേത്‌ലേഹെം. ഈ നഗരത്തിന് യാക്കോബിന്റെ കാലം മുതലുള്ള പാരമ്പര്യം അവകാശപ്പെടാനുണ്ട്. യാക്കോബിന്റെ ഭാര്യയായ റാഹേലിനെ മരണശേഷം ബേത്‌ലേഹെമിലാണ് അടക്കം ചെയ്തിരിക്കുന്നത്. ദാവീദ് രാജാവിന്റെ ഭവനവും ബേത്‌ലേഹെം നഗരത്തില്‍ ആയിരുന്നു. ഫിലിസ്ത്യര്‍ ബേത്‌ലേഹെം ആക്രമിച്ചപ്പോള്‍ ദാവീദ് തന്റെ പട്ടണത്തിന്റെ കവാടത്തിനരികില്‍ നിന്നുള്ള കിണറ്റില്‍ നിന്നും തനിക്ക് കുടിക്കാനായി വെള്ളം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആര്‍ത്തിയോടെ ചോദിക്കുന്നത് സാമുവല്‍ പ്രവാചകന്റെ പുസതകത്തില്‍ പറയുന്നുണ്ട്. അത് പോലെ തന്നെ മിക്കാ പ്രവാചകന്‍

യേശുക്രിസ്തുവിന് മുമ്പ് നമ്മള്‍ക്ക് പിതാവായ ദൈവത്തെ കുറിച്ചോ അവിടുത്തെ സ്‌നേഹത്തെയും കാരുണ്യത്തെയും കുറിച്ചോ പൂര്‍ണ്ണമായി അറിവുണ്ടായിരുന്നില്ല. എന്നാല്‍ യേശുവിലൂടെ ഇവയെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവ വേദ്യമാകാന്‍ സാധിച്ചു.

5:2-ല്‍ പറയുന്നത് ഇപ്രകാരമാണ്: ''ബേത്‌ലേഹെം - എഫ്രാത്താ, യൂദാ ഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍ നിന്നും പുറപ്പെടും; അവന്‍ പണ്ടേ യുഗങ്ങള്‍ക്ക് മുന്‍പേ ഉള്ളവനാണ്.'' ബേത്‌ലേഹെമില്‍ അക്കാലത്ത് വീടുകളോടു ചേര്‍ന്ന് ചെറുഗുഹാലയങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും മറ്റും ഈ ഗുഹാലയങ്ങളില്‍ ആണ് അവര്‍ പരിപാലിച്ചിരുന്നത്. അങ്ങനെയുള്ള ഒരിടത്താണ് യേശുക്രിസ്തു ജനിച്ചത് എന്നാണ് വി. മത്തായിയുടെ സുവിശേഷം പറയുന്നത്. ഇന്നത്തെ ബേത്‌ലേഹെമില്‍ യേശുവിന്റെ തിരുപ്പിറവിയുടെ ദേവാലയം സ്ഥിതി ചെയ്യുന്നത് യേശു ജനിച്ച ഗുഹാലയത്തിന്റെ മുകളിലാണ്. അവിടേക്ക് ഇറങ്ങി ചെല്ലണമെങ്കില്‍ വളരെ ഉയരം കുറഞ്ഞ ഒരു വാതിലിലൂടെ നൂണു കടക്കണം. ഇതിന്റെ ഉപമേയം വളരെ മനോഹരമാണ്. ഉണ്ണിയേശുവിനെ കാണാന്‍ താണുവണങ്ങി വേണം പ്രവേശിക്കാന്‍. അതെ ദൈവപുത്രന്റെ മുമ്പില്‍ നമ്മള്‍ക്ക് വിനീതഹൃദയ ത്തോടെ നമ്രശിരസ്‌കരായി നില്‍ക്കാം.

വീണ്ടും മനസ്സ് ആ കൊച്ചുകുട്ടിയുടെ ഓര്‍മ്മകളിലേക്ക് പോകുന്നു. ക്രിസ്മസിനു രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ പുല്‍ക്കൂട് വയ്ക്കുന്നത്. അപ്പച്ചനാണ് പുല്‍ക്കൂട് ഉണ്ടാക്കാറ്, പുല്ലോ വൈക്കോലോ കൊണ്ട് മേല്‍ക്കൂര കെട്ടിമേഞ്ഞ് മരത്തിന്റെ കമ്പുകളൊക്കെ ചേര്‍ത്തു വച്ച് ഒരു കൊച്ചു പുല്‍ക്കൂട്. ഞങ്ങള്‍ അമ്മയും മക്കളും അപ്പച്ചന് കടും കാപ്പിയൊക്കെ ഇട്ടു കൊടുത്ത് കൂട്ടിരിക്കും. പുല്‍ക്കൂട് ഉണ്ടാക്കുമ്പോള്‍ അപ്പച്ചന്‍ തന്റെ കുട്ടിക്കാലത്ത് നക്ഷത്രമുണ്ടാക്കിയതും പുല്‍ക്കൂട് വയ്ക്കുന്നതിനെ പറ്റിയുമൊക്കെ ഓര്‍ത്ത് പറയും. അമ്മാമ്മ വട്ടയപ്പം ചുടുന്നതും അവസാനം കലത്തിന്റെ ചുവടിലെ പച്ചമാവ് കഴിക്കുന്നതുമൊക്കെ അപ്പ ഓര്‍ത്തെടുക്കും. വീട്ടിലെ പുല്‍ക്കൂടിന്റെയും നക്ഷത്രത്തിന്റെയും പണികള്‍ നടക്കുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ മൈക്കിളേട്ടന്റെ മക്കള്‍ മുള കൊണ്ടു തീര്‍ത്ത നക്ഷത്രത്തിന്റെ ചട്ടക്കൂടിന്റെ മുകളില്‍ വെള്ളയും ചുവപ്പും നിറമുള്ള ബട്ടര്‍ പേപ്പര്‍ ഒട്ടിച്ച് മിനുക്കുന്ന തിരക്കിലാകും. അവസാനം രണ്ടു വീട്ടിലെയും നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍ മനസ്സ് പറയും ഉണ്ണിയേശു ഇതാ ഇവിടെ വീണ്ടും പിറന്നിരിക്കുന്നു എന്ന്, സ്‌നേഹത്തിന്റെ കരുണയുടെ പങ്കുവയ്ക്കലിന്റെ ഒക്കെ പ്രതീകമായി.

അതെ ക്രിസ്മസ് ഒരു ആഘോഷമാണ്, വീണ്ടെടുപ്പിന്റെ, നന്മയുടെ, ഒത്തുചേരലിന്റെ ഒക്കെ ഒരു ഓര്‍മ്മപ്പെടുത്തല്‍. ക്രിസ്മസ് ദിവസം പാതിരാക്കുര്‍ബാനയ്ക്ക് പുത്തന്‍ ഉടുപ്പിട്ട് പള്ളിയില്‍ പോകുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷമാണ്. ആ പുത്തനുടുപ്പിന്റെ മണവും, ജോസ് ബ്രദേഴ്‌സിന്റെ കടയും ഇന്നലെ കണ്ട് മറന്ന പോലെ. പാതിരാ കുര്‍ബാന കഴിഞ്ഞ് വരുമ്പോള്‍ അമ്മ ഒരു വട്ടയപ്പം പുഴുങ്ങി തരും. അതു കഴിച്ച് പള്ളിയിലെ വിശേഷമൊക്കെ പങ്കുവച്ച് പിന്നെ ക്രിസ്മസ് ആഘോഷങ്ങളിലേക്കാണ്. എങ്കിലും ഡിസംബര്‍ 25 കഴിയുമ്പോള്‍ ഒരു സങ്കടമാണ് ഇനിയൊരു വര്‍ഷം കാത്തിരിക്കണമല്ലോ ക്രിസ്മസിനായെന്ന്.

ഒരു കുഞ്ഞു കഥ കൂടെ പറഞ്ഞ് ഞാന്‍ എന്റെ ഈ കുറിപ്പ് ചുരുക്കട്ടെ ബൈബിളില്‍ ഉണ്ണിയേശുവിനെ കാണാന്‍ വന്ന മൂന്ന് ജ്ഞാനികളെ പറ്റി പറയുന്നുണ്ട്. ഇവര്‍ മൂവരെ കൂടാതെ നാലാമത്തെ ജ്ഞാനിയെപ്പറ്റി 'Henry Van Dyke' എഴുതിയ 'The Other wise man' എന്ന ഒരു കഥയുണ്ട്. ഈ നാലാമന്റെ പേര് അര്‍തബാന്‍ എന്നായിരുന്നു. ഉണ്ണിയേശുവിനെ കാണുന്നതിന് അദ്ദേഹവും മറ്റ് മൂന്ന് പേരുടെ കൂടെ കുതിരപ്പുറത്ത് യാത്ര തിരിക്കുക യാണ്, ഉണ്ണിയേശുവിന് സമര്‍പ്പിക്കാന്‍ വേണ്ടി അദ്ദേഹം അമൂല്യമായ മൂന്ന് രത്‌നങ്ങള്‍ കരുതിയിരുന്നു. യാത്രാമദ്ധ്യേ അര്‍തബാന്‍ വഴിയില്‍ മുറിവേറ്റു മരണാസന്നനായി കിടക്കുന്ന ഒരാളെ കാണുകയാണ്, അയാളെ വഴിയില്‍ ഉപക്ഷിച്ച് പോകാന്‍ മനസ്സുവരാത്തതു കൊണ്ട് അദ്ദേഹം അയാളെ പരിചരിച്ച് സുഖപ്പെടു ത്തിയതിനുശേഷം യാത്ര തുടരുക യാണ്. പക്ഷേ അദ്ദേഹത്തിന് തന്റെ കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് പേരെയും യാത്രാമദ്ധ്യേ കണ്ടെത്താന്‍ സാധിക്കുന്നില്ല.

കുതിരപ്പുറത്ത് മരുഭൂമിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ കൈയിലെ ഒരു രത്‌നം വിറ്റ്, യാത്ര ചെയ്യാന്‍ വേണ്ടിയുള്ള ഒട്ടകത്തെയും മറ്റു സാമഗ്രികളും മേടിച്ചു യാത്ര തുടരുകയാണ്. അവസാനം അര്‍തബാന്‍ ബേത്‌ലേഹെമില്‍ എത്തുമ്പോള്‍ അറിയുന്നത് ഉണ്ണിയേശുവും കുടുംബവും ഈജിപ്തിലേക്കു പലായനം ചെയ്തു എന്നാണ്. അവിടെ വച്ച് അദ്ദേഹം തന്റെ കൈയ്യിലെ രണ്ടാമത്തെ രത്‌നം ഹേറോദോസ് രാജാവ് മരണശിക്ഷയ്ക്ക് വിധിച്ച ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വില്‍ക്കുകയാണ്. അതിനു ശേഷം അദ്ദേഹം ഈജിപ്തിലും മറ്റു പല രാജ്യങ്ങളിലും ഉണ്ണിയേശുവിനെ കാണുന്നതിനുവേണ്ടി സഞ്ചരിക്കുക യാണ്. അങ്ങനെ നീണ്ട 33 വര്‍ഷങ്ങള്‍ക്കിപ്പുറം അര്‍തബാന്‍ യെരുശലേമില്‍ എത്തുകയാണ്. അര്‍തബാന്‍ എത്തുന്ന അന്നാണ് യേശുവിനെ ക്രൂശിക്കുന്ന ദിവസവും. അര്‍തബാന്‍ അന്ന് യെരുശലേമില്‍ അടിമയായി വില്‍ക്കാന്‍ വച്ച ഒരു പെണ്‍കുട്ടിയെ മോചിപ്പിക്കുന്നതി നുള്ള മോചനദ്രവ്യത്തിനായി അദ്ദേഹം തന്റെ കൈയിലുള്ള അവസാനത്തെ രത്‌നവും വില്‍ക്കുക യാണ്. പക്ഷേ അര്‍തബാന് യേശുവിനെ നേരില്‍ കാണാന്‍ സാധിക്കും മുന്‍പേ അദ്ദേഹത്തിന്റെ ശിരസ്സില്‍ ഒരു ഓടിന്റെ പാളി വീണ് ഗുരുതരമായി മുറിവേറ്റ് വീഴുക യാണ്. മരണത്തോട് അടുക്കുമ്പോള്‍ അര്‍തബാന്‍ ഒരു ശബ്ദം കേള്‍ക്കുക യാണ് 'എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തു കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണു ചെയ്തു തന്നത്.' തന്റെ കാഴ്ചദ്രവ്യങ്ങള്‍ എല്ലാം സ്വീകരിക്കപ്പെട്ടതിന്റെ നിര്‍വൃതിയില്‍ അര്‍തബാന്‍ ദൈവസന്നിധിയില്‍ ചേര്‍ക്കപ്പെടുക യാണ്. അതെ ചുറ്റുമുള്ള എളിയ വരില്‍ യേശുവിനെ കണ്ടെത്തിയ നാലാമത്തെ ജ്ഞാനിയുടെ കഥ അവിടെ അവസാനിക്കുകയാണ്.

ഉണ്ണിയേശുവിനെ നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സ്വീകരിക്കാന്‍ നമ്മള്‍ക്ക് നമ്മെ തന്നെ ഒരുക്കാം. Edna Faber പറഞ്ഞതുപോലെ 'Christmas is not a season, it's a feeling.' അതെ ഒന്നാകലിന്റെ, പങ്കുവയ്ക്കലിന്റെ, സ്‌നേഹത്തിന്റെ ഒക്കെ അനുഭവമാണ് ക്രിസ്മസ്. ഏറ്റവും മനോഹരവും അനുഗ്രഹപ്രദവുമായ ഒരു ക്രിസ്മസ് ഏവര്‍ക്കും ആശംസിച്ചു കൊണ്ട് നിര്‍ത്തട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org