വചനമനസ്‌കാരം: No.200

വചനമനസ്‌കാരം: No.200
Published on

അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും.

മത്തായി 1:21

പേരുള്ള ദൈവത്തിന്റെ തിരുനാളാണ് ക്രിസ്മസ്. അഥവാ ദൈവത്തിന് മനുഷ്യോന്മുഖമായ ഒരു പേര് ലഭിച്ച തിരുനാളാണ് ക്രിസ്മസ്. പണ്ട് ഒരാള്‍ ദൈവത്തിന്റെ പേര് ചോദിക്കുന്നുണ്ട്. 'ഞാന്‍ ഞാന്‍ തന്നെ', 'ഞാനാകുന്നവന്‍', 'അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം' എന്നൊക്കെ സമസ്യാപൂരണത്തിന് സമാനമായ ഉത്തരങ്ങളാണ് അയാള്‍ക്ക് ലഭിച്ചത്! എന്നാല്‍, ആ നാമങ്ങള്‍ക്ക് രൂപമുണ്ടായിരുന്നില്ല. കത്തിജ്വലിക്കുന്ന അഗ്‌നിയുണ്ടായിരുന്നു; ചാമ്പലാകാത്ത മുള്‍പ്പടര്‍പ്പുണ്ടായിരുന്നു. സ്ഥലം പരിശുദ്ധമാണെന്ന് അറിയിപ്പുണ്ടായിരുന്നു. അതു കാണ്‍കെ അയാള്‍ ഭയപ്പെടുകയും മുഖം മറയ്ക്കുകയും ചെയ്തു. ഇതാ, കാലിത്തൊഴുത്തില്‍ ആരും ഭയപ്പെടേണ്ടാത്ത ദൈവം! മുഖം മറയ്ക്കാതെ ആര്‍ക്കും നോക്കാവുന്ന ദൈവം! നാമവും രൂപവുമുള്ള ദൈവം! യേശു എന്ന് പേരുള്ള ദൈവം! എമ്മാനുവേല്‍ ആയ ദൈവം!

കെട്ടുകഥകള്‍ക്കും പഴമ്പുരാണങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും ഇനി ഇടമില്ല. ഇനിമേല്‍ ദൈവം സമസ്യയും പ്രഹേളികയുമല്ല. ജീവനുള്ള സ്‌നേഹത്തിന്റെ കഥകളുമായി ഇതാ ഒരു കാലിത്തൊഴുത്ത്! അവിടെ പരിശുദ്ധി അശുദ്ധരെ തേടി വന്നിരിക്കുകയാണ്; പരിപൂര്‍ണ്ണത അപൂര്‍ണ്ണരെ തേടി വന്നിരിക്കുകയാണ്. സ്‌നേഹം വെറുപ്പിനെയും വിദ്വേഷത്തെയും കീഴടക്കാന്‍ വന്നിരിക്കുകയാണ്. വെളിച്ചം ഇരുളിനെ ഗ്രസിക്കാന്‍ വന്നിരിക്കുകയാണ്. വചനം മാംസമായി മനുഷ്യരുടെ ഇടയില്‍ കൂടാരമടിക്കാന്‍ വന്നിരിക്കുകയാണ്. അതാണ് കാലിത്തൊഴുത്തിനെ കാലാതിവര്‍ത്തിയാക്കുന്നത്.

'കണ്ണ് തുറക്കാത്ത ദൈവങ്ങളേ' എന്ന് ഇനിയാര്‍ക്കും പാടാനാവില്ല. ഇതാ, കണ്ണ് തുറന്നു മനുഷ്യരുടെ കണ്ണില്‍ നോക്കുന്ന ദൈവം! 'കരയാനറിയാത്ത; ചിരിക്കാനറിയാത്ത കളിമണ്‍പ്രതിമകളേ' എന്ന് ഇനിയാര്‍ക്കും ദൈവത്തെ പരിഹസിക്കാനാകില്ല. ഇതാ, പുല്‍ത്തൊട്ടിയില്‍ കരയാനും ചിരിക്കാനും കഴിയുന്ന ജൈവദൈവം!

സര്‍ക്കാരുകള്‍ക്കും മറ്റും പ്രോട്ടോക്കോളും പ്രോട്ടോക്കോള്‍ ഓഫീസര്‍മാരും ഉണ്ടാകാറുണ്ട്. ആചാരമര്യാദാസംഹിതോദ്യോഗസ്ഥര്‍! സ്വര്‍ഗത്തിന് ഏതായാലും ആ തസ്തികയില്ല. അതുകൊണ്ടാണല്ലോ പ്രോട്ടോക്കോള്‍ നോക്കാതെ ദൈവം മനുഷ്യനായി മണ്ണില്‍ അവതരിച്ചത്. ഇനിമേല്‍ ദൈവം അനന്തനും അജ്ഞാതനും അവര്‍ണ്ണനീയനുമല്ല. ഇതാ, നമ്മുടെ കണ്‍മുന്നില്‍ അനന്തതയുടെ മാംസപേശികള്‍! വരൂ, വന്ന് കണ്ണു തുറന്നു കാണൂ! ഇനിമേല്‍ ദൈവം അമൂര്‍ത്തനല്ല. ഇതാ, നമ്മുടെ കണ്‍മുന്നില്‍ അമൂര്‍ത്തതയുടെ ധമനികള്‍! വരൂ, ദൈവത്തിന്റെ ഹൃദയമിടിപ്പുകള്‍ കാതുചേര്‍ത്ത് കേള്‍ക്കൂ! ഇനിമേല്‍ ദൈവം അജ്ഞാതനല്ല; ഇതാ, നമ്മുടെ കണ്‍മുന്നില്‍ മനുഷ്യവംശം കാത്തിരുന്ന ആ 'അജ്ഞാതദൈവം' - യേശുക്രിസ്തു! വരൂ, വന്ന് ദൈവത്തെ ശ്വസിക്കൂ! ദൈവത്തിന്റെ ഗന്ധം മതിവരുവോളം ആസ്വദിക്കൂ.

ഒരു കനിയുടെ രൂപവും ഗന്ധവുമായിരുന്നു പണ്ട് ആദിമാതാപിതാക്കളെ വഞ്ചിച്ചത്. വശ്യമായ ആ കനിക്ക് വിനാശത്തിന്റയും മരണത്തിന്റെയും ഗന്ധമായിരുന്നു. ഇതാ, കാലിത്തൊഴുത്തില്‍ ദൈവം ഒരുക്കിയ ഒരു പുതിയ കനി! സ്‌നേഹത്തിന്റെ കനി! ആനന്ദത്തിന്റെ കനി! മോക്ഷത്തിന്റെ കനി! വന്ന് ഭക്ഷിക്കൂ; വിശപ്പും ദാഹവുമകറ്റൂ; യേശു എന്ന നാമരൂപം നല്‍കുന്ന രക്ഷയുടെ രുചിയും ഗന്ധവും ആവോളം ആസ്വദിക്കൂ. ഇനിമേല്‍ ഭൂമിയില്‍ വിശക്കുന്നവരും ദാഹിക്കുന്നവരും ഉണ്ടാകരുതെന്ന ദൈവത്തിന്റെ മോഹസാക്ഷാല്‍ക്കാരമാണ് ബെത്‌ലെഹെമിലെ കാലിത്തൊഴുത്ത്. വരൂ, വന്ന് നുകരൂ; തൃപ്തരാകൂ. മനുഷ്യവംശത്തിന് തൃപ്തി നല്‍കാനാണ് കാലിത്തൊഴുത്തിലെ കനി വിളഞ്ഞ് പാകമായി കാല്‍വരിയില്‍ വിഭജിക്കപ്പെട്ടത്. സര്‍വമനുഷ്യര്‍ക്കും ഇനി ദൈവത്തെ അനുഭവിക്കാം. കാലിത്തൊഴുത്തിലെയും കാല്‍വരിയിലെയും കനിയായി നുകരാം. 'നേതി, നേതി' - ഇതല്ല, ഇതല്ല എന്നാണത്രെ പണ്ട് വിലപിച്ചിരുന്നത്. കാലിത്തൊഴുത്തിനും കാല്‍വരിക്കും മുന്നില്‍ നിന്ന് ആര്‍ക്കും അപ്രകാരം ആവര്‍ത്തിക്കേണ്ടി വരില്ല. ഇത് തന്നെയാണ് തത്വം; ഇത് തന്നെ ബ്രഹ്മം; ഇത് തന്നെ വേദവും വേദാന്തവും; ഇത് തന്നെ മോക്ഷം; ഇതത്രെ സായുജ്യം.

യേശുജനനോത്സവത്തിന്റെ മംഗളങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org