

പോള്‍ തേലക്കാട്ട്
ഈ വാചകം രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ മറ്റു മതങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനത്തിന്റെ ഇസ്ലാം മതത്തെക്കുറിച്ച് പറയുന്ന മൂന്നാം ഖണ്ഡികയുടെ ആരംഭ വാക്യമാണ്. ഈ രേഖയുടെ അറുപതാം വാര്‍ഷികമാണ് കടന്നുപോകുന്നത്. ഈ പ്രബോധനത്തോട് നിഷേധപരമായി പ്രതികരിക്കുന്ന ഒരു ന്യൂനപക്ഷം കേരള കത്തോലിക്കരിലുണ്ട് എന്ന് ദുഃഖത്തോടെ മനസ്സിലാക്കുന്നു. 12 കൊല്ലത്തെ ഭരണത്തിനിടയില്‍ പതിനാല് അറബി രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ സുനഹദോസിന്റെ വഴിയെയാണ് നടന്നത്. അതേവഴിയിലാണ് 2025 നവംബര്‍ അവസാന ആഴ്ചയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ മുസ്ലീം ഭൂരിപക്ഷമുള്ള തുര്‍ക്കി, ലബനോന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. തുര്‍ക്കി സന്ദര്‍ശനം നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം പ്രമാണിച്ച് ആയിരുന്നു.
ആദിമ സഭയുടെ ശ്രദ്ധേയങ്ങളായ ഇടങ്ങള്‍ ഇന്നു തുര്‍ക്കിയിലാണ്. ക്രൈസ്തവസഭയുടെ പിള്ളത്തൊട്ടിലായിരുന്നു ഈ സ്ഥലങ്ങള്‍; ഇന്ന് വെറും 0.03% കത്തോലിക്കരാണ് തുര്‍ക്കിയിലുള്ളത്. ചെറിയ ഓര്‍ത്തഡോക്‌സ് സഭയും അര്‍മേനിയന്‍ സഭയും അവിടെയുണ്ട്.
ഈ നാട് സന്ദര്‍ശനത്തിനുശേഷം ലിയോ മാര്‍പാപ്പ പറഞ്ഞത് മുസ്ലീം ഭൂരിപക്ഷത്തിനിടയില്‍ വ്യത്യസ്ത മതങ്ങള്‍ സമാധാനത്തില്‍ ജീവിക്കുന്നു എന്നാണ്. മാത്രമല്ല, തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദോഗനുമായി നല്ല ചര്‍ച്ചകള്‍ നടന്നു എന്നും റഷ്യ-ഉക്രൈന്‍, ഇസ്രയേല്‍-പാലസ്തീന്‍ പ്രതിസന്ധികളില്‍ സമാധാന സ്ഥാപനത്തിന് തുര്‍ക്കിയുടെ സഹായം ലഭിക്കുമെന്നും മാര്‍പാപ്പ എടുത്തു പറഞ്ഞു.
''വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ്; അവര്‍ ക്രൈസ്തവര്‍ ആകില്ല.''
സന്ദര്‍ശനത്തിനുശേഷം തിരിച്ചുപോരുമ്പോള്‍ വിമാനത്തില്‍ നടന്ന പ്രസ് മീറ്റില്‍ ക്രൈസ്തവ സമൂഹങ്ങളും മുസ്ലീം ഭൂരിപക്ഷവുമായി സൗഹൃദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിച്ചതില്‍ മാര്‍പാപ്പ സന്തുഷ്ടി പ്രകടിപ്പിച്ചു. ''എര്‍ദോഗനുമായി സംസാരിക്കാന്‍ കഴിഞ്ഞത് എന്റെ സന്ദര്‍ശനത്തിലെ വിലപ്പെട്ട ഘടകമാണ്'' എന്ന് വ്യക്തമാക്കി. തുര്‍ക്കിയെ തുടര്‍ന്നു മാര്‍പാപ്പ സന്ദര്‍ശിച്ചത് 54 ലക്ഷം ജനങ്ങളുള്ള ലബനോനാണ്. അവിടെ 61% മുസ്ലീങ്ങളും 34% ക്രൈസ്തവരും ആണ്. രാജ്യത്തിന്റെ പ്രസിഡന്റ് മാറോനൈറ്റു ക്രൈസ്തവനും പ്രധാനമന്ത്രി സുന്നി മുസ്ലീമും, പാര്‍ലമെന്റ് സ്പീക്കര്‍ ഷിയാ മുസ്ലീമുമാണ്. ''നിങ്ങള്‍ എല്ലാറ്റിനും ഉപരിയായി സമാധാനം ലക്ഷ്യം ആക്കിയിരിക്കുന്നു'' എന്ന് മാര്‍പാപ്പ ജനങ്ങളോട് പറഞ്ഞു. ആളുകള്‍ നാടുവിടുന്ന പ്രതിസന്ധിയെക്കുറിച്ചും പാപ്പ പ്രതിപാദിച്ചു. അസ്ഥിരതയും അക്രമവും ദാരിദ്ര്യവും ഭീഷണിപ്പെടുത്തുമ്പോള്‍ പുറപ്പാടുകള്‍ ഉണ്ടാകും. അതിനു മറുപടി സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നാഗരികതയാണ്.
മാര്‍പാപ്പയുടെ ഈ യാത്ര മുസ്ലീം ഭൂരിപക്ഷ നാടുകളിലെ ക്രൈസ്തവരെ കാണാനും അവരോട് കൂടുതല്‍ ഐക്യപ്പെടാനുമാണ്. മാത്രമല്ല, മുസ്ലീം ഭൂരിപക്ഷ നാടുകളില്‍ “ജീവിക്കുന്ന ക്രൈസ്തവര്‍ കൂടുതല്‍ മനുഷ്യ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹകരണത്തിന്റെയും സാത്വിക സന്ദേശവും ആഭിമുഖ്യവും പ്രകടിപ്പിക്കാനുമാകണം'' എന്നു പാപ്പ വ്യക്തമാക്കി.
ഇങ്ങനെ സംഭാഷണത്തിന്റെയും സൗഹൃദത്തിന്റെയും പാതയില്‍ സഞ്ചരിക്കുന്നതിന് എതിര്‍ക്കുകയും അതിന് ശ്രമിക്കുന്നവരെ അവഹേളിക്കുകയും ചെയ്യുന്ന ഒരു ഇസ്ലാം മതവിരോധത്തിന്റെ വസന്ത സഭയില്‍ കടന്നുകൂടിയിട്ടുണ്ട്. ക്രൈസ്തവ സുവിശേഷത്തിന്റെ തനിമ സ്‌നേഹമാണ്. അതുകൊണ്ട് അപരരോടും അന്യമതക്കാരോടും അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നല്ല; അതിന്റെ പേരില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നതും പ്രകടിപ്പിക്കുന്നതും സഭയുടെ നിലപാട് അല്ല. തെറ്റുകളും പ്രതിസന്ധികളും ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അതൊക്കെ കുത്തിപ്പൊക്കി യുദ്ധസന്നാഹത്തിന്റെ വെറുപ്പ് പ്രചരിപ്പിക്കുന്നതല്ല ക്രൈസ്തവികത. തെറ്റായ ചരിത്രം ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. ഇവരുടെ ലക്ഷ്യം രാഷ്ട്രീയമാണ്. ഏത് പ്രതിസന്ധിയെയും സംഭാഷണ വഴിയില്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. സംഭാഷണത്തിന്റെ ഭാഷണവഴി ഉപേക്ഷിക്കുന്നവര്‍ അടിമകളും അപരിഷ്‌കൃതരുമാണ് എന്നാണ് അരിസ്റ്റോട്ടില്‍ എഴുതിയത്. വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ്; അവര്‍ ക്രൈസ്തവര്‍ ആകില്ല.
ആര്യവര്‍ഗ തനിമയുടെ പേരു പറഞ്ഞാണ് ജര്‍മ്മന്‍കാര്‍ വര്‍ഗീയത ഊതി വീര്‍പ്പിച്ച് വംശഹത്യയുടെ രാഷ്ട്രീയത്തിലേക്ക് നീങ്ങിയത്. ഫാസിസവും രണ്ടാം ലോകമഹായുദ്ധവും വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം വിതച്ച ദുരന്തങ്ങള്‍ ആയിരുന്നു. ബൈബിളിന്റെ അടിസ്ഥാന കല്പന കൊല്ലരുതേ എന്നായിരുന്നു. കൊല്ലരുത് എന്ന പൊതുബോധമാണ് അട്ടിമറിച്ചത്. യഹൂദരെ കൊല്ലുന്നത് ശരിയാക്കി മാറ്റിയത് ഈ വിദ്വേഷ പ്രചാരണത്തിലാണ്. ക്രൈസ്തവന്റെ രാഷ്ട്രീയ വഴി ഹെഗേലിയന്‍ വൈരുധ്യങ്ങളുടെ വഴിയല്ല. ഓഷ്‌വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കൊല്ലാനിട്ടിരിക്കുന്ന യഹൂദരായ തടവുകാരെ വിളിച്ചിരുന്ന ഒരു പേരായിരുന്നു - മുസല്‍മാന്‍.
ലിയോ മാര്‍പാപ്പ രണ്ടു രാജ്യങ്ങളും സന്ദര്‍ശിച്ചു മടങ്ങിയപ്പോള്‍ ലോകം നേരിടുന്ന രണ്ട് യുദ്ധങ്ങള്‍, റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധവും പാലസ്തീന്‍ - ഇസ്രായേല്‍ യുദ്ധവും, സമാധാനപരമായി അവസാനിപ്പിക്കാനാണ് തുര്‍ക്കിയുടെ പ്രസിഡന്റിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്. മാര്‍പാപ്പ തന്റെ നിര്‍ദേശങ്ങളും സമര്‍പ്പിച്ചു; ഇസ്രായേല്‍ എന്ന രാജ്യവും പാലസ്തീന്‍ എന്ന രാജ്യവും ഭിന്നമായി അംഗീകരിക്കാതെ സമാധാനം സാധ്യമാകില്ല എന്നും മാര്‍പാപ്പ വ്യക്തമാക്കി. അത് ഇസ്രായേല്‍ ഇഷ്ടപ്പെടില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ മാര്‍പാപ്പ പറഞ്ഞു, ''നാം ഇസ്രായേലിന്റെയും സുഹൃത്താണ്.'' അത് വ്യക്തമായ നിലപാടാണ്. പാലസ്തീന്‍കാര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. സത്യവും നീതിയും നിറഞ്ഞ നിലപാടുകള്‍ സ്വീകരിക്കണം. മുസ്ലീങ്ങളെയും അംഗീകരിച്ചു ജീവിക്കുന്ന നിലപാട്. ''വിവിധ മതങ്ങള്‍ പരസ്പരം സമാധാനത്തില്‍ ജീവിക്കാന്‍'' മുസ്ലീം ഭൂരിപക്ഷ രാജ്യ ങ്ങള്‍ക്കും കഴിയുന്നതില്‍ മാര്‍പാപ്പ സന്തോഷം പ്രകടിപ്പിച്ചു. ക്രൈസ്തവര്‍ തങ്ങളുടെ രാജ്യത്തിന്റെ ഐക്യത്തിനു ക്രിയാത്മകമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇങ്ങനെ സംഭാഷണ സഹകരണ ഭാഷ വെടിയുന്നവര്‍ അപകടകരമായ വഴിയില്‍ ചരിക്കുന്നു. പ്രകൃതിയുടെ വര്‍ഗ്ഗജാതി ഗോത്രബലത്തില്‍ വിശ്വസിക്കുന്നവര്‍ മനുഷ്യരാകാന്‍ മടിക്കുന്നു.